അവർ നേരിട്ടത് കൊടുംപീഡനങ്ങൾ; സിറിയയിൽ നിന്ന് അപ്രത്യക്ഷരായത് ആയിരക്കണക്കിനു സ്ത്രീകൾ
Mail This Article
സിറിയയിൽ ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനൊടുവിൽ വിമതവിഭാഗം അധികാരം പിടിച്ചെടുത്തെങ്കിലും രാജ്യത്ത് അസ്ഥിരത തുടരുകയാണ്. നിയമങ്ങളോ നിയന്ത്രണങ്ങളോ നിലനിൽക്കാത്ത ഇത്തരം ഒരു അന്തരീക്ഷം ഏറ്റവും അധികം ആശങ്കപ്പെടുത്തുന്നത് സിറിയയിലെ സ്ത്രീകളെയാണ്. ലിംഗാധിഷ്ഠിതമായ ആക്രമങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്നതിനു പുറമേ സംരക്ഷണമോ ആശ്രയിക്കാൻ നിയമ സംവിധാനമോ ഇല്ലാത്ത അവസ്ഥ ഇവരുടെ ഭാവി തുലാസിലാക്കുന്നുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള രാജ്യാന്തര ദിനത്തോട് അനുബന്ധിച്ച് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് സംഘർഷം നിലനിൽക്കുന്ന 13 വർഷങ്ങളായി ഇവിടുത്തെ സ്ത്രീകൾ അനുഭവിക്കുന്ന വ്യാപക അക്രമങ്ങളുടെ വ്യാപ്തി എടുത്തു കാണിക്കുന്നതാണ്. സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള കൊലപാതകങ്ങളുടെ ഭീകരമായ പാറ്റേൺ നിലനിൽക്കുന്നുണ്ടെന്നും അതിന് ഇരകളായി ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ഏകപക്ഷീയമായ അറസ്റ്റുകളും നിർബന്ധിതമായ തിരോധാനങ്ങളും എല്ലാം വ്യാപകമാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് എന്തെന്നോ എവിടെയെന്നോ കണ്ടെത്താനാവാത്ത വിധത്തിൽ അപ്രത്യക്ഷരായത്. ഇതിന്റെ വേദനയിൽ നിന്നും കരകയറാതെ ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബാംഗങ്ങളെയും കാണാം.
കസ്റ്റഡിയിൽ ഇരിക്കുന്ന കാലത്ത് അതിഭീകരമായ പീഡനങ്ങൾക്ക് വിധേയരായ സ്ത്രീകളുടെ കണക്കുകളും ഏറെയാണ്. ലൈംഗിക പീഡനം നേരിടാനുള്ള സാധ്യത സിറിയയിലെ ഭൂരിഭാഗം സ്ത്രീകളും ദിനംപ്രതി അനുഭവിക്കുന്നു എന്നത് എത്രത്തോളം അപകടകരമാണ് ഇവരുടെ ജീവിതമെന്ന് വെളിവാക്കുന്നു. ഈ സാഹചര്യങ്ങളിൽ ജീവൻ പിടിച്ചുനിർത്തി അതിജീവിക്കാനായാലും ഇരകൾക്കും കുടുംബാംഗങ്ങൾക്കും ആയുഷ്ക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
2011ൽ സംഘർഷം ആരംഭിച്ചതിന് ശേഷം 11,268 സ്ത്രീകൾ തടവിലാവുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. പീഡനം മൂലം ജീവൻ നഷ്ടപ്പെട്ടത് 117 സ്ത്രീകൾക്കാണ്. സ്ത്രീകൾക്കെതിരായ ആയിരക്കണക്കിന് ലൈംഗികാതിക്രമങ്ങളുടെ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ലാണ് പ്രതിസന്ധി രൂക്ഷമായത്. ഈ കാലത്ത് കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക സംഘട്ടനങ്ങളും ധനസഹായം ലഭിക്കുന്നതിലെ തടസ്സങ്ങളും ഇതിനോടകം ദുർബലരായ ജനവിഭാഗത്തിന്റെ ദുരവസ്ഥ കൂടുതൽ മോശമാക്കുന്നു. ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ഇവർക്ക് സാധിക്കുന്നില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നവരിലും ഏറിയപങ്കും സ്ത്രീകൾ തന്നെയാണ്. ലോകത്ത് നടക്കുന്ന മറ്റ് സംഘർഷങ്ങളിലേയ്ക്ക് രാജ്യാന്തര തരത്തിലുള്ള ശ്രദ്ധ വഴിമാറി പോയതോടെ സിറിയയിലെ സ്ത്രീകളുടെ ജീവിതം ഏതുനിമിഷവും അക്രമമോ പീഡനമോ നേരിട്ടേക്കാം എന്ന അവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടു
ബാഷർ അസദ് രാജ്യം വിട്ടതോടെ അധികാരത്തിനായി മത്സരിക്കുന്ന വിഭാഗങ്ങൾക്കിടയിൽ അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും സംഘർഷങ്ങളും ദിനംപ്രതി ശക്തമായേക്കും. അക്രമങ്ങളും കുടിയൊഴിപ്പിക്കലുകളും വർധിക്കുന്ന സാഹചര്യമാണ് ഇനി ഇവിടുത്തെ ജനങ്ങളെ കാത്തിരിക്കുന്നത്. രാജ്യാന്തരതലത്തിൽ നിന്നുള്ള ഇടപെടലുകളോ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താനുള്ള നടപടികളോ ഉണ്ടാകാത്തപക്ഷം ആശ്രയിക്കാൻ യാതൊരു സംവിധാനങ്ങളും മുന്നിലില്ലാതെ അടുത്ത നിമിഷം അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് കഴിയുകയല്ലാതെ ഇവർക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല.