അരക്കെട്ടിനു മുകളിൽ ഉയർന്നിരിക്കും; റെട്രോ മൂഡ്, ബൊഹീമിയൻ ലുക്ക്: ട്രെൻഡിങ്ങായി ഹൈ–റൈസ് പാന്റുകൾ
Mail This Article
അരക്കെട്ടിന് മുകളില്‍ ഉയർന്നിരിക്കുന്ന തരം പാന്റാണ് ഹൈ-റൈസ് പാന്റുകൾ. റെട്രോ മൂഡ് നൽകുന്ന ഹൈ-റൈസ് ക്യാഷ്വൽ വെയറായും ഓഫിസ് വെയറായും ഉപയോഗിക്കപ്പെടുന്നു. ഹൈ-റൈസ് പാന്റുകൾ ഹൈ വെയ്‌സ്റ്റഡ് പാന്റുകൾ എന്നും അറിയപ്പെടുന്നുണ്ട്. കാലങ്ങളായി ഫാഷൻ ലോകത്തെ മായാത്ത ഈ താരം ഇന്ന് കൂടുതൽ ട്രെൻഡിങായി കാണപ്പെടുന്നുണ്ട്. വ്യത്യസ്ത രീതിയിലുള്ള ഹൈ-റൈസ് പാന്റുകൾ സമകാലീന ഫാഷന്റെ പ്രധാന ഘടകമായി ഇന്ത്യയിലും മാറിയിരിക്കുന്നു.
കാലുകൾ നീളമേറിയതായി തോന്നിക്കാനും അരക്കെട്ടിന്റെ ഭംഗി എടുത്ത് കാട്ടാനും സഹായിക്കുന്നവയാണ് ഹൈ-റൈസ് പാന്റുകൾ. ഫാബ്രിക്കും ശൈലിയും അനുസരിച്ച് കാഷ്വലോ ഫോർമലോ ആയ രീതിയിൽ ഇത് ധരിക്കാനാകും. ദൈനംദിന വസ്ത്രമായി ഉപയോഗിക്കാവുന്ന ഇവ സുഖപ്രദമായ അനുഭവമാണ് നൽകുന്നത്. ടീ-ഷർട്ടുകളും ക്രോപ് ടോപ്പുകളും സ്‌നീക്കറുകളും ഹീലുകളും ഒക്കെ ഹൈ-റൈസ് പാന്റുകൾക്കൊപ്പം ചേരുമെന്നതും ഇതിനോടുള്ള പ്രിയം കൂട്ടുന്നു.
ഡെനിം, കോട്ടൺ, ലെതർ, വെൽവെറ്റ് തുടങ്ങിയ ഫാബ്രിക്കിൽ വരുന്ന ഹൈ-റൈസ് പാന്റുകൾ, ഒന്നിലധികം പോക്കറ്റുകളുള്ള കാർഗോ പാന്റുകളായിട്ടും ബൊഹീമിയൻ ലുക്ക് നൽകുന്ന പേപ്പർ ബാഗ് പാന്റുകളായിട്ടും ഊഷ്മളമായ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പലാസോ പാന്റുകളായിട്ടും ഇറങ്ങുന്നുണ്ട്. ഡെനിം, കോട്ടൺ ഹൈ-റൈസ് പാന്റുകൾക്കാണ് ഏറ്റവും ഡിമാന്റ്. 1940കളിൽ ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി ഡെനിം നിർമ്മാതാക്കളായ ലെവീയാണ് ആദ്യമായി ഹൈ വെയ്സ്റ്റഡ് ജീൻസ് നിർമ്മിച്ചത്.
വ്യത്യസ്ത ഹൈ-റൈസ് പാന്റുകൾ
സ്ട്രെയിറ്റ്-ലെഗ്: അരക്കെട്ടിന് മുകളില്‍ ഉയർന്നിരിക്കുന്ന, എന്നാൽ കണങ്കാൽ ഭാഗം ശരീരത്തോട് പറ്റി ചേർന്നതോ വളരെ വിടർന്നു കിടക്കുന്നതോ അല്ലാത്ത പാന്റുകളാണിവ. ഹൈ-റൈസ് ട്രൗസറുകളിലെ ക്ലാസിക് എന്ന് ഇതിനെ വിളിക്കാം. മിക്ക ശരീരഘടനയ്ക്കും ചേരുന്ന ഇത് ഇടുപ്പ് മുതൽ കണങ്കാൽ വരെ നീളമുള്ളതാണ്.
വൈഡ്-ലെഗ്: വൈഡ്-ലെഗ് ട്രൗസറുകൾ അവിശ്വസനീയമാംവിധം സുഖകരവും സ്റ്റൈലിഷുമാണ്. കണങ്കാൽ ഭാഗം വിടർന്നു കിടക്കുന്ന ഈ പാന്റുകൾക്ക് ഓവർ സൈസ് ടീ-ഷർട്ടുകള്‍, ടക്ക്-ഇൻ ചെയ്ത ഷർട്ടുകൾ, ഹീൽസ്, സ്‌നീക്കേഴ്‌സ് ഒക്കെ ജോടിയാക്കാം. യുവാക്കാളുടെ ഇഷ്ട വസ്ത്രം കൂടിയാണ് ഹൈ-റൈസ് വൈഡ്-ലെഗ് ട്രൗസറുകൾ.
സ്‌കിന്നി: ശരീരത്തോട് പറ്റി ചേർന്ന്, ശരീരഘടന എടുത്തു കാട്ടുന്ന സ്‌കിന്നി ട്രൗസറുകൾ അത്യാധുനികതയുടെ സ്പർശം ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമാണ്. ശരീരത്തിന് നീളം തോന്നിക്കുവാൻ സ്‌കിന്നി ട്രൗസറുകൾ മികച്ചതാണ്.
ക്രോപ്പ്ഡ്: വ്യത്യസ്ത ലുക്ക് നൽകുന്ന ഒന്നാണ് ഹൈ-റൈസ് ക്രോപ്പ്ഡ് പാന്റുകള്‍. കണങ്കാലിനു മുകളിൽ നിൽക്കുന്ന ഇവയ്ക്കൊപ്പം ക്രോപ് ടോപ്പുകളും സ്‌നീക്കറുകളും ചേർന്നുള്ള ലൂക്ക് ഇപ്പോൾ ട്രെൻഡിങ്ങാണ്. യാത്രയ്ക്കും ചൂടുള്ള കാലാവസ്ഥയ്ക്കും അനുയോജ്യമായ വേഷം കാഷ്വല്‍ വെയറാണ്.
സ്റ്റൈലിങ് ടിപ്പുകൾ
വാർഡ്രോബിലെ ഏറ്റവും സ്റ്റൈലിഷ് വസ്ത്രമായി മാറിയ ഹൈ-റൈസ് പാന്റുകള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം.
സ്വന്തം ശരീരഘടന അനുസരിച്ച് ഇവ തിരഞ്ഞെടുക്കാം. കാലുകളുടെ ഭംഗി എടുത്ത് കാട്ടാന്‍ സഹായിക്കുമെങ്കിലും ഇരിക്കുമ്പോഴോ കുനിയുമ്പോഴോ അരക്കെട്ടിന്റെ ഭാഗം വീർത്തിരിക്കാത്ത പാന്റ് നോക്കി തിരഞ്ഞെടുക്കണം.
ശരീരത്തോട് യോജിക്കുന്ന ടോപ്പുകള്‍ ഇടുവാൻ ശ്രദ്ധിക്കുക. ക്രോപ്പ് ചെയ്‌ത ടോപ്പുകള്‍ അരക്കെട്ടിന് അഴക് കൂട്ടും. ബെൽറ്റുകൾ, ആഭരണങ്ങൾ, ഷൂസ് അല്ലെങ്കിൽ സ്കാർഫുകൾ എന്നിവ ആക്‌സസറീസ് ആയിട്ട് ഉപയോഗിക്കുക. അവസരത്തിനും നിങ്ങളുടെ വ്യക്തിഗത ശൈലിക്കും അനുയോജ്യമായ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക.