‘ജസ്റ്റ് ബോധം പോയിരിക്കാണ് ഗയ്സ്’, ആ സിനിമ പേടിയോടെ ചെയ്തത്: പുരസ്കാര നിറവിൽ ഫെമിന പറയുന്നു
Mail This Article
‘ജസ്റ്റ് ബോധം പോയിരിക്കാണ് ഗയ്സ്, ബോധം വന്നിട്ടു ഫോണെടുക്കാം.’– എന്നാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഡിസൈനർ ഫെമിന ജബ്ബാർ സമൂഹമാധ്യമത്തിൽ ആദ്യം കുറിച്ച വാക്കുകൾ. ശരിയാണ്. അത്രയേറെ ക്ലേശകരമായ വഴിയിലൂടെ നടന്ന് കഷ്ടപ്പെട്ട് ചെയ്ത ഒരു ജോലിക്ക് തികച്ചും അപ്രതീക്ഷീതമായി സ്വപ്നതുല്യമായ ഒരു അംഗീകാരം ലഭിക്കുമ്പാൾ ഏതൊരു സാധാരണ മനുഷ്യനും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകും. ‘ഓ ബേബി’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഫെമിനയ്ക്ക് ലഭിച്ചത്. ഹൈറേഞ്ചിലെ തോട്ടംതൊഴിലാളികളുടെ വസ്ത്രധാരണ രീതി തന്മയിത്വത്തോടെ അവതരിപ്പിക്കാൻ ഫെമിനയ്ക്ക് സാധിച്ചെന്നാണ് ചലച്ചിത്ര പുരസ്കാര നിർണയ ജൂറിയുടെ വിലയിരുത്തൽ. വലിയ സന്തോഷം പങ്കുവയ്ക്കുന്നതോടൊപ്പം ഈ കോസ്റ്റ്യൂം തയാറാക്കുമ്പോൾ നേരിട്ട വെല്ലുവിളികളെ കുറിച്ചും സിനിമയിലേക്ക് വന്നതിനെ കുറിച്ചും പുരസ്കാര നിറവിൽ ഫെമിന മനസ്സുതുറക്കുകയാണ്. മനോരമ ഓൺലൈനിലൂടെ.
അവരുടെത് ഇന്നുവരെ കാണാത്ത വസ്ത്രധാരണ രീതി
‘‘കരിയർ തുടങ്ങി അഞ്ചുവർഷമായെങ്കിലും അതിൽ ഏറ്റവും എഫേർട്ട് എടുത്ത് ചെയ്ത ഒരു സിനിമയായിരുന്നു ‘ഓ ബേബി’. ഒരുപാട് പരിമിതികളുണ്ടായിരുന്നു. ലൊക്കേഷൻ പരിമിതി അടക്കം പലകാരണങ്ങളുണ്ടായിരുന്നു. ഏകദേശം 90 ദിവസമെടുത്തു പൂർത്തിയാക്കിയ ചെറിയൊരു സിനിമയാണ് അത്. അടുത്ത ദിവസം എന്തായിരിക്കും എന്ന പേടിയോടെയാണ് ആ സിനിമയിലെ ഓരോദിവസവും കടന്നുപോയത്. അതിനു തന്നെ അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷം തോന്നുന്നുണ്ട്. ഓ ബേബിയുടെ കോസ്റ്റ്യൂം തയാറാക്കുന്നതിനായി മൂന്നാഴ്ചയോളം ആ പ്രദേശത്ത് ഞങ്ങൾ ചെലവഴിച്ചിട്ടുണ്ട്. സാധാരണ ഒരു ക്രിസ്ത്യൻ സംസ്കാരത്തിലെ വസ്ത്രധാരണ രീതിയല്ല അവരുടേത്. ക്രിസ്ത്യൻ കമ്യൂണിറ്റി എന്നു പറയുമ്പോൾ സാധാരണ ചട്ടയും മുണ്ടും എന്നാണ് നമ്മൾ എഴുതി വയ്ക്കാറുള്ളത്. ചിത്രത്തിന്റെ സംവിധായകൻ അവരെ പോയി കാണാൻ പറഞ്ഞു. അവരുടെ വസ്ത്രധാരണവും ജീവിതരീതിയും എല്ലാം വ്യത്യസ്തമാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഞങ്ങളാരും ഇന്നുവരെ കാണാത്ത ഒരു രീതിയാണ് അവരുടേത്. അവരോടൊപ്പം ഇടപഴകി അവരുടെ സഹായമൊക്കെ സ്വീകരിച്ചാണ് ഈ കോസ്റ്റ്യൂം തയാറാക്കിയത്. അല്ലെങ്കിൽ ഒരിക്കലും അത് സാധ്യമാകില്ലായിരുന്നു. ആ നാട്ടുകാരോട് വലിയ നന്ദിയുണ്ട്.
മാറുന്ന കാലാവസ്ഥ, മാറ്റേണ്ടി വന്ന കോസ്റ്റ്യൂം
‘‘ഞങ്ങൾ വിചാരിച്ചതുപോലെയുള്ള പ്ലാനൊന്നുമല്ല നടന്നത്. സിനിമ തുടങ്ങിയപ്പോള്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള കാലാവസ്ഥയായിരുന്നു. ആദ്യം ഞങ്ങൾ പോകുമ്പോൾ വെയിലുള്ള കാലാവസ്ഥയായിരുന്നു. പിന്നീട് ഒരു സെപ്റ്റംബറൊക്കെയായപ്പോൾ രണ്ടുമിനിറ്റിന്റെ ഇടവേളയിൽ വരെ കാലാവസ്ഥാ മാറ്റമുണ്ടായി. വെളിച്ചവും മൂടൽമഞ്ഞും, ചാറ്റൽമഴയും എല്ലാം പ്രശ്നമായിരുന്നു. കാലവസ്ഥയിൽ ഇത്രയും പെട്ടെന്നു മാറ്റങ്ങളുണ്ടാകുമെന്ന് ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്ന ആർക്കും അറിയില്ലായിരുന്നു. അതിനനുസരിച്ചെല്ലാം ആർട്ടിലും കോസ്റ്റ്യൂമിലും മാറ്റങ്ങൾ വരുത്തേണ്ടതായി വന്നു. ആ ലൊക്കേഷനിൽ നിന്ന് പുറത്തെത്തി കോസ്റ്റ്യൂം എടുക്കുന്നതും അവിടെ എത്തിക്കുന്നതുമെല്ലാം ഒരുപാട് ബുദ്ധിമുട്ടായിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വെല്ലുവിളികളിലൂടെയാണ് ഓരോദിവസവും കടന്നു പോയത്. ആർട്ടിസ്റ്റുകള്‍ അടക്കം എല്ലാവരും നന്നായി സഹകരിച്ചതിനാലാണ് സിനിമ നന്നായി പൂർത്തീകരിക്കാൻ സാധിച്ചത്.
എഴുത്തുകാരിയായി വരാൻ ആഗ്രഹിച്ചു, പക്ഷേ വന്നത് കോസ്റ്റ്യൂം ഡിസൈനറായി
കോസ്റ്റ്യൂം ഡിസൈനിലേക്കുള്ള എന്റെ വരവിനെ കുറിച്ചു പറയുകയാണെങ്കിൽ ഫാഷനോടുള്ള ഇഷ്ടം തന്നെയാണ്. ആദ്യം ഞാനൊരു ബ്രൈഡല്‍ ബുട്ടിക് നടത്തിയിരുന്നു. സിനിമ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, എഴുത്തുകാരിയായി വരണമെന്നായിരുന്നു കരുതിയിരുന്നത്. സിനിമാ നിര്‍മാതാവായ ഷബിൻ ബക്കർ എന്റെ സുഹൃത്താണ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ പ്ലാൻ ചെയ്യുമ്പോൾ സ്ക്രിപ്റ്റൊക്കെ ഞാൻ നോക്കുമായിരുന്നു. ഫാഷൻ ഡിസൈനിങ് അറിയാവുന്നതു കൊണ്ടും സിനിമയോടുള്ള താത്പര്യം കൊണ്ടും ഇത് ചെയ്തു നോക്കാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ആദ്യമായി സിനിമയില്‍ കോസ്റ്റ്യൂ ഡിസൈനിങ് ചെയ്യുന്നത്.
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലേക്ക് വന്നതോടെ എഴുത്ത് ഇല്ല. മുൻപ് എഴുതിയിരുന്നു. ഒരു പുസ്തകമൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ചിലരോടൊക്കെ സംസാരിച്ച് ചെറിയ രീതിയിൽ സ്ക്രിപ്റ്റെഴുതാൻ ശ്രമിച്ചു നോക്കുന്നുണ്ട്. ഇപ്പോൾ സിനിമയ്ക്കകത്തു നിൽകുന്നതിനാൽ എഴുതുമ്പോൾ കൂടുതൽ ശ്രദ്ധകൊടുക്കും. കാരണം, നമ്മള്‍ വിചാരിക്കുന്നതു പോലെ അതെ ചെയ്തെടുക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കും.
ഹിന്ദി സിനിമ കണ്ടു, ഫാഷൻ ഡിസൈനറായി!
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ഫാഷനാണ്. അതുകൊണ്ടു തന്നെയാണ് ഫാഷൻ ഡിസൈനിങ് പഠിച്ച് അതൊരു പ്രൊഫഷനായി തിരഞ്ഞെടുത്തതും. ചെറുപ്പം മുതലേ ഒരുപാട് ഹിന്ദി സിനിമകൾ കാണുമായിരുന്നു. അതിലെ കോസ്റ്റ്യൂംസ് എല്ലാം വളരെ സ്വാധീനിച്ചിട്ടുണ്ട്. ചാവക്കാട് പോലെ ചെറിയൊരു ടൗണിൽ വളർന്ന ആളാണ് ഞാൻ. അവിടെയൊന്നും അത്തരത്തിലുള്ള വസ്ത്രങ്ങൾ അക്കാലത്ത് കിട്ടില്ല. ഹിന്ദി സിനിമകൾ കാണുന്നതു തന്നെ അവരുടെ ഡ്രസിങ് സ്റ്റൈൽ കാണാൻ വേണ്ടിയായിരുന്നു. ഏറ്റവും നല്ല വസ്ത്രം എവിടെ കിട്ടും എന്നതായിരുന്നു ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം. അത് ജോലിയുടെ ഭാഗമായി മാത്രമല്ല. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാര്യവും അതാണ്.
സിനിമയിലേക്ക് വരുമ്പോൾ അതിൽ നിന്ന് ഒരുപാട് വ്യത്യാസം ഉണ്ടാകും. അവിടെ നമ്മൾ അടിസ്ഥാനപരമായി ഒരു ടെക്നീഷ്യനാണ്. ഒരു ഗ്രൂപ്പിനൊപ്പമാണല്ലോ ജോലി ചെയ്യുന്നത്. ബജറ്റിലൊതുങ്ങുന്ന സിനിമയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. സിനിമ വേറൊരു രീതിയിലുള്ള വെല്ലുവിളിയാണ്. നമ്മൾ നല്ലൊരു പ്രൊജക്ട് മാനേജരായിരിക്കുകയും വേണം. അവിടെ ഒരുകാര്യവും വ്യക്തിപരമായി എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇനി ചെയ്യണം, ഫാന്റസി കോസ്റ്റ്യൂസ്
ഫാന്റസി കോസ്റ്റ്യൂംസ് ചെയ്യാനാണ് വലിയ ആഗ്രഹം. ഗെയിം ഓഫ് ത്രോൺസ്, ചില ചൈനീസ് സീരീസുകളെല്ലാം വലിയ രീതിയിലുള്ള ഫാന്റസിയാണല്ലോ. അത്തരം കോസ്റ്റ്യൂംസ് ചെയ്യാൻ വലിയ ഇഷ്ടമാണ്. പെരുങ്കളിയാട്ടമാണ് ഇനി വരാനിരിക്കുന്ന ഒരു സിനിമ.
ഉപ്പയുടെ ഫെമിന, ചെറുപ്പം മുതലേ ‘ധിക്കാരി’
‘ഫെമിന’ എന്ന പേര് ഉപ്പയിട്ടതാണ്. അത് അന്വർഥമാക്കുംവിധം ചെറുപ്പം മുതൽ തന്നെ എനിക്ക് സ്ത്രീപക്ഷ നിലപാടുകൾ ഉണ്ട്. അതുകൊണ്ടു തന്നെ ‘ധിക്കാരി’ എന്നു പേരുകേൾപ്പിച്ച ഫെമിനിസ്റ്റാണ്. ഒരു മിഡിൽക്ലാസ് മുസ്‌ലിം കുടുംബത്തിൽ നിന്നു വന്ന ഒരാളാണ്. അവിടെ എന്റെ നിലപാടുകൾ വലിയ പ്രശ്നം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ നിലപാടുകൾ കൊണ്ട് പ്രത്യേകിച്ച് ആർക്കും വലിയ ഇഷ്ടമൊന്നും തോന്നാത്ത സ്വഭാവമുള്ള ഒരാളായാണ് വളർന്നത്.
സിനിമയിൽ ഞാനെപ്പോഴും ഒരു ഹെഡ് ഓഫ് ദ് ഡിപ്പാർട്ട്മെന്റ് പൊസിഷനിലാണ് നിൽക്കുന്നത്. ഏറ്റെടുക്കുന്ന ജോലി ഒരു ദിവസം വൈകിയാൽ തന്നെ വലിയ പ്രശ്നങ്ങൾ വരും. അതിനാൽ ജോലിയിൽ മാത്രമാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. മറ്റൊന്നും ബാധിക്കാറില്ല.