ഹമാസ് നേതാവിന്റെ ഭാര്യ രക്ഷപ്പെട്ടത് 27 ലക്ഷത്തിന്റെ ആഡംബര ബാഗുമായി; വിഡിയോ പങ്കുവച്ച് ഇസ്രയേൽ സേന
Mail This Article
ഹമാസ് നേതാവ് യഹ്യ സിൻവാറും കുടുംബവും രക്ഷപ്പെടുന്ന വിഡിയോയിൽ ശ്രദ്ധനേടി യഹ്യ സിന്‍വാറിന്റെ ഭാര്യയുടെ ഹാൻഡ് ബാഗ്. ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ട വിഡിയോയിലാണ് ആഡംബര ബാഗുമായി സിൻവാറിന്റെ ഭാര്യ രക്ഷപ്പെടുന്ന ദൃശ്യങ്ങളുള്ളത്. ബാഗിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനു നേർക്ക് ആക്രമണം നടത്തുന്നതിനു മുന്‍പായിരുന്നു സംഭവം. ആക്രമണത്തിനു മണിക്കൂറുകൾക്കു മുൻപ് സിൽവാറും ഭാര്യയും മക്കളും ഖാൻ യൂനിസിലെ വീടിനു താഴെയുള്ള തുരങ്കത്തിലേക്കു രക്ഷപ്പെടുന്നതാണു വിഡിയോ. ഹെർമിസ് ബിർക്കിന്റെ ഹാൻഡ് ബാഗുമായാണ് യഹ്യ സിൻവാറിന്റെ ഭാര്യ സമർ രക്ഷപ്പെടുന്നതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കുന്നു. ഇതിന് 32,000 ഡോളർ (26.60 ലക്ഷം രൂപ) വിലവരും.
ടെലിവിഷൻ, കിടക്ക, തലയിണ, വെള്ളം എന്നിവയുമായി യഹ്യ സിൻവാർ ടണലിലേക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. തുരങ്കത്തിൽ ശുചിമുറി, അടുക്കള സൗകര്യങ്ങളുള്ളതായി ഇസ്രയേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാസയിലെ ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് മതിയായ പണമില്ലെങ്കിലും യഹ്യ സിൻവാറിന്റെയും ഭാര്യയുടെയും പണത്തോടുള്ള പ്രത്യേക സ്നേഹത്തിന്റെ ഉദാഹരണമാണിതെന്ന രീതിയിലുള്ള പരിഹാസങ്ങളും എത്തി. ക്രൂരമായ കൂട്ടക്കൊലയുടെ തലേദിവസവും സിൻവാർ തന്റെ അതിജീവനത്തിനും കുടുംബത്തിന്റെ നിലനിൽപ്പിനുമുള്ള തിരക്കിലായിരുന്നു. മറ്റുള്ളവരെ മരണത്തിനു വിട്ടുകൊടുക്കുമ്പോഴും ലജ്ജയില്ലാതെ ആഡംബര ജീവിതം നയിക്കുകയായിരുന്നു സിൽവാറെന്ന രീതിയിലുള്ള വിമർശനങ്ങളും ഉയർന്നു.
2011 ലാണ് ഹമാസ് തലവൻ സമറിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ഇവരുവരും തമ്മിൽ 18 വയസ് വ്യത്യാസമുണ്ടെന്നാണ് വിവരം. മരിക്കുമ്പോൾ 61 വയസായിരുന്നു യഹ്യ സിൻവാറിന്റെ പ്രായം. ഹമാസിന്റെ മുൻ തലവൻ ഇസ്മായിൽ ഹനിയയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് യഹ്യ ഹമാസിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം യഹ്യ സിൻവാറെന്നാണ് ഇസ്രയേലിന്റെ വാദം.