ADVERTISEMENT

ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലുമായി പേജറുകള്‍ പൊട്ടിത്തെറിച്ച് ആളുകള്‍ മരിച്ചത് ലോകമെമ്പാടും പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പിന്നിൽ ഇസ്രയേലിന്റെ അഥവാ മൊസാദിന്റെ കൈകളാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. തങ്ങളുടെ ശത്രുക്കൾക്കെതിരെ ഇത്തരം അസാധാരണ ആക്രമണങ്ങള്‍ നടത്തിയ പൂര്‍വ ചരിത്രവും ഇസ്രയേലിന് ഉണ്ടെന്നതാണ് ആ രാജ്യത്തെ സംശയത്തിലാക്കാനുള്ള കാരണങ്ങളിലൊന്ന്. 

പേജര്‍ ആക്രമണത്തിന്റെ ഇരകളിലേറെയും ഇറാന്റെ പിന്തുണയുള്ള ഹിസ്​ബുല്ലയിലെ അംഗങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം. ജനത്തിരക്കുളള നഗരവീഥികളിലും, കടകളിലും, ബൈക്കിലും, കാറുകള്‍ക്കുള്ളിലും സ്വന്തം വീടുകള്‍ക്കുള്ളിലും പരുക്കേറ്റവർ കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

pager-explode - 1
Image Credit: Canva

ലെബനന്റെ ആരോഗ്യ മന്ത്രി ഫിറാസ് അബിയ പറയുന്നത് ഏകദേശം 2,750 ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ്. ഇരകളുടെ മുഖത്തും, കൈകളിലും, വയറിനുമൊക്കെ പരിക്കേറ്റു. അതുകൂടാതെ 8 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതെങ്ങനെ നിര്‍വ്വഹിച്ചു?

ഈ അസാധാരണ കൃത്യം എങ്ങനെ നിര്‍വ്വഹിച്ചിരിക്കാം എന്ന ചോദ്യമാണ് ലോകമെമ്പാടും ഉള്ള ആളുകള്‍ ചോദിക്കുന്നത്. ആദ്യ നിഗമനങ്ങള്‍ പ്രകാരം പേജര്‍ ബാറ്ററികളെ അമിതമായി ചൂടാക്കി പൊട്ടിത്തെറിപ്പിച്ചിരിക്കാം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പൊട്ടിത്തെറിയുടെ വിഡിയോകള്‍പുറത്തുവന്നതോടെ ബാറ്ററി പൊട്ടിത്തെറിച്ചതല്ല എന്ന വാദത്തിന് ബലം വര്‍ദ്ധിച്ചു. 

തായ്പെയ് ആസ്ഥാനമായുള്ള ഒരു കമ്പനി യൂറോപ്പിൽ നിർമിച്ചതാണ് ഈ പേജറുകളെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം.  5000 പേജറുകളായിരുന്നു ഈ കമ്പനിയിൽ നിന്നും വാങ്ങിയത്. പുതിയ പേജറുകളിൽ മൂന്ന് ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്നും മാസങ്ങളോളം ഹിസ്​ബുല്ലയ്ക്ക് "കണ്ടെത്താനായില്ല" എന്നും മറ്റൊരു സുരക്ഷാ സ്രോതസ്സ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതിലെ രഹസ്യകോഡ് ട്രാൻസ്മിഷനിൽ ആക്റ്റീവ് ആയപ്പോൾ ആയിരിക്കാം സ്ഫോടനം എന്നും വിശകലന വിദഗ്ദർ പറയുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം?

Image Credit: Canva AI
Image Credit: Canva AI

റഷ്യയില്‍ ജനിക്കുകയും, ഇപ്പോള്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുരക്ഷാ വിദഗ്ധന്‍ ദിമിട്രി അല്‍പെറോവിച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടത്തിയ നിഗമനം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും സ്വീകാര്യമാകുകയാണ്: അദ്ദേഹം പറയുന്നത് ഇന്നേവരെലോകം കണ്ടിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണത്തിനായിരിക്കാം ഇപ്പോള്‍ സാക്ഷിയായിരിക്കുന്നതെന്നാണ്. 

ഫോണുകളും, കംപ്യൂട്ടറുകളും, പേജറുകളും ഒക്കെ നിര്‍മ്മിച്ചെടുക്കാന്‍ ഘടകഭാഗങ്ങള്‍ പലരില്‍ നിന്നായി വാങ്ങുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഭാഗങ്ങള്‍ നിര്‍മ്മിച്ച് എത്തിച്ചു നല്‍കുന്ന മേഖലയെ ആണ് സപ്ലൈ ശ്രംഖല എന്നു വിളിക്കുന്നത്. ഇനിയും വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ലെങ്കിലും, സില്‍വറാഡോ പോളിസി അക്‌സലറേറ്റര്‍ എന്ന കമ്പനിയുടെ ചെയര്‍മാനും, ക്രൗഡ്‌സ്‌ട്രൈക് കമ്പനിയുടെ ടെക്‌നോളജി ഓഫിസറുമായ അല്‍പെറോവിച്ചിന്റെ വാദത്തിന് സ്വീകാര്യത ഏറിവരികയാണ്.

pager-fire - 1
Image Credit: Canva

ഗാസാ യുദ്ധം തുടങ്ങിയതിനു ശേഷം തങ്ങളുടെ മെംബര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഹിസ്​ബുല്ല മുന്നറിയിപ്പു നല്‍കിയിരുന്നു എന്ന് ഒരു അവകാശവാദം ഉണ്ട്. ഇസ്രയേലി രഹസ്യപൊലിസ് വിഭാഗം ഫോണുകളിലേക്ക് കടന്നുകയറാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ മുന്നറിയിപ്പ് എന്നു പറയപ്പെടുന്നു. ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങളില്‍ കയറിക്കൂടിയ പെഗാസസ് ഇറക്കിയത് ഇസ്രായേലി കമ്പനിയായ എന്‍എസ്ഓ ആണല്ലോ. അതിനാല്‍, ആശയക്കൈമാറ്റത്തിന് ഹെസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്നത് പേജറുകള്‍ ആയിരുന്നു എന്ന് ബിബിസി സെക്യുരിറ്റി കറസ്‌പോണ്‍ഡന്റ് ഫ്രാങ്ക് ഗാര്‍ഡ്‌നര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 

ഹിസ്​ബുല്ല അംഗങ്ങള്‍ക്കിടയില്‍ അടുത്തിടെയാണ് പുതിയ സെറ്റ് പേജറുകള്‍ വിതരണം ചെയ്തത്. ഇവയുടെ നിര്‍മ്മണത്തിന് സംഘടിപ്പിച്ച ഘടകഭാഗ വിതരണ ശ്രംഖലയിലേക്ക് നുഴഞ്ഞു കയറിയായിരിക്കാം കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് പുതിയ അനുമാനം. പേജറുകളില്‍ മിലിറ്ററി നിലവാരമുള്ള സ്‌ഫോടകവസ്തുക്കള്‍ഒളിപ്പിച്ചിരുന്നിരിക്കാം. ഇങ്ങനെ നിര്‍മ്മിച്ച പേജറുകളില്‍ ആല്‍ഫാന്യൂമെറിക് ടെക്സ്റ്റ് സന്ദേശങ്ങളായി ഇലക്ട്രിക് സിഗ്നല്‍ വച്ചിരുന്നിരിക്കാം എന്നാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടിഷ് സുരക്ഷാ വിദഗ്ധന്‍ പറയുന്നത്. 

ഇപ്പോഴും ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ലെങ്കിലും, ഒരു ഹിസ്​ബുല്ലഅംഗം ദി ന്യൂ യോര്‍ക് ടൈംസിനോടു പറഞ്ഞ കാര്യവും ഇവിടെ കൂട്ടിവായിക്കാം: സ്‌ഫോടനത്തിന് തൊട്ടുമുമ്പ് പേജറുകള്‍ പല സെക്കന്‍ഡ് നേരത്തേക്ക് ബീപ് ശബ്ദം പുറപ്പെടുവിച്ചുവത്രെ.

pager-explode1 - 1

ഹിസ്​ബുല്ലയ്‌ക്കെതിരെയുള്ള നിലാപാട് കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് തങ്ങള്‍ എന്ന് ചില ഇസ്രായേലി നേതാക്കള്‍ പറഞ്ഞതിനു ശേഷമാണ് പേജര്‍ പൊട്ടിത്തെറിക്കല്‍ അരങ്ങേറിയത്. ലെബനന്‍ പ്രധാനമന്ത്രി നജിബ് മികാറ്റിയും ആക്രമണം ഇസ്രയേലിന്റെ ചെയ്തിയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. 

മുന്‍ ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥനു നേരെ തങ്ങള്‍ നടത്തിയ വധശ്രമത്തിനു പകരം ചോദിക്കാനായിരിക്കാം പേജര്‍ ആക്രമണം എന്ന് ഒരു ഹിസ്​ബുല്ല പ്രവര്‍ത്തകന്‍ പറഞ്ഞു എന്ന് ദി ഗാര്‍ഡിയന്‍. ഈ ആക്രമണത്തിന് ഒരു മൊസാദ് ഓപറേഷന്റെ എല്ലാ ചുവയുമുള്ളതാണ് പേജര്‍ ആക്രമണം എന്നാണ് ഇസ്രായേലി ഇന്റലിജന്‍സിനെ പറ്റി പല പുസ്തകങ്ങളും രചിച്ച യൊസി മെല്‍മന്‍ ദി ഗാര്‍ഡിയനോടു പറഞ്ഞത്.അതേസമയം, ഈ സ്‌ഫോടനങ്ങളെല്ലാം ഇങ്ങനെ ഒരേ സമയത്തു നടത്തുക വഴി എന്തെങ്കിലും പ്രത്യേക കാര്യം നടത്താനുള്ള ശ്രമവും ഉണ്ടായിരുന്നോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

English Summary:

Were the recent pager explosions in Lebanon and Syria a form of unconventional warfare? Explore the theory of a massive supply chain attack and its potential implications for international security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com