അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് ആപ്പിള്‍! പാത്രവും തുണിയും കഴുകാന്‍ റോബട്ട്?
Mail This Article
ആപ്പിള്‍ കമ്പനിയുടെ അടുത്ത ലക്ഷ്യം റോബട് നിര്‍മാണം ആയിരിക്കാമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഭക്ഷണം കഴിച്ച പാത്രങ്ങളും, മുഷിഞ്ഞ തുണിയും വരെ വൃത്തിയാക്കാന്‍ കെല്‍പ്പുള്ള തരം റോബട്ടുകളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ നടപടികള്‍ ആപ്പിള്‍ ആരംഭിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇനി എന്ത് ഉല്‍പ്പന്നമാണ് ഉണ്ടാക്കേണ്ടത് എന്ന ചിന്തയാണ് പുതിയ പാതയില്‍ സഞ്ചരിക്കുന്ന കാര്യം കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, എയര്‍പോഡ്‌സ്, ബീറ്റ്‌സ് ഹെഡ്‌ഫോണ്‍സ് തുടങ്ങിയ ഉപകരണങ്ങളുമായി അരങ്ങില്‍ നിറഞ്ഞാടിയിരുന്ന ആപ്പിള്‍ ഇനി അടുക്കളയിലേക്കും കടന്നേക്കും എന്നാണ് ഗുര്‍മാന്‍ പറയുന്നത്.
നിലവിലുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആപ്പിളിന് ശ്രമിച്ചുകൊണ്ടേ ഇരിക്കാം. അവയുടെ വലുപ്പം കുറയ്ക്കാനോ, ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാനോ, പ്രൊസസറുകളുടെ കരുത്തു വര്‍ദ്ധിപ്പിക്കാനോ ഒക്കെ ശ്രമിക്കാം. അത്തരം വെല്ലുവിളികളല്ല പുതിയൊരു ഉല്‍പ്പന്നവുമായി മാര്‍ക്കറ്റിലെത്തണമെങ്കില്‍ നേരിടേണ്ടിവരുന്നത്.
പരാജയം വഴികാട്ടുമോ?
വര്‍ഷങ്ങള്‍ യത്‌നിച്ചെങ്കിലും സ്വയം ഓടുന്ന കാറുണ്ടാക്കാനുളള ആപ്പിളിന്റെ ശ്രമം പാളിപ്പോയത് ലോകം കണ്ടു. എന്നാല്‍, ഈ കാര്‍ നിര്‍മാണത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ് റോബട്ടിക്‌സ് എന്ന പുതിയ മേഖലയിലേക്ക് ആപ്പിളിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. സ്വന്തമായി ചലിക്കാന്‍ ശേഷിയുള്ള ഉല്‍പ്പന്നം എന്ന ഗണത്തിലായിരിക്കും ആപ്പിള്‍ ഇതിനെ പെടുത്തുക.
ആപ്പിള്‍ കാറിനു പിന്നിലുള്ള സങ്കല്‍പ്പം ഉരുളുന്ന കൂറ്റന്‍ റോബട്ട് എന്നതായിരുന്നു. ഇതേ ടെക്‌നോളജി മറ്റു മേഖലകളില്‍ പ്രയോജനപ്പെടുത്താനാകുമോ എന്നാണ് പുതിയ അന്വേഷണം. റോബട്ടിക്‌സ് കേന്ദ്രമാക്കി സ്വയം നീങ്ങാന്‍ കെല്‍പ്പുള്ള ഉല്‍പ്പന്നം എന്ന ആശയത്തെക്കുറിച്ച് ആപ്പിള്‍ ആദ്യമായി ആരായുന്നത് 2020ല്‍ ആയിരുന്നു. ഇത് ഇപ്പോഴും തുടരുന്നു എന്ന് ഗുര്‍മന്‍.
ഇതൊക്കെയാണെങ്കിലും റോബട്ടിക്‌സ് ടെക്‌നോളജി എങ്ങനെ ഉത്തമമായി പ്രയോജനപ്പെടുത്താം എന്ന ചര്‍ച്ചയും ആദ്യ ഘട്ട പരീക്ഷണങ്ങളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങനെ പരീക്ഷിക്കുന്ന ഒരു ഉപകരണം കമ്പനിക്കുളളില്‍ അറിയപ്പെടുന്നത് ജെ595 എന്നാണ്. ഇതാകട്ടെ മേശപ്പുറത്തു പിടിപ്പിക്കാവുന്നതും ആണ്. ഇതില്‍ ഐപാഡിനു സമാനമായ ഒരു വലിയ ഡിസ്‌പ്ലെ ഉണ്ട്. ക്യാമറകളും. ഇതിനെ ഉറപ്പിച്ചു നിർത്തുന്ന ഭാഗത്ത് ഒരു റോബട്ടിക് ആക്ചുവേറ്ററും ഉണ്ട്. ഈ ഉല്‍പ്പന്നം 2026-27 കാലഘട്ടത്തില്‍ പുറത്തിറക്കുമെന്ന് ഗുര്‍മന്‍. ഇതിനു പുറമെ മൊബൈല്‍ റോബട്ടുകളും, അടുത്ത പതിറ്റാണ്ടില്‍ ഹ്യൂമനോയിഡ് (മനുഷ്യാകാരമുള്ള) റോബട്ടുകളും പുറത്തിറക്കിയേക്കും എന്നാണ് ഗുര്‍മന്റെ പ്രവചനം.
2026-27ല്‍ എത്തും എന്നു കരുതുന്ന റോബട്ടിന്റെ സാധ്യതകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇങ്ങനെ:
ഇത് കാശുകാരെ ലക്ഷ്യമിട്ടുള്ള ഒരു ഉല്‍പ്പന്നം ആയിരിക്കും. റോബട്ടിന് ഫോട്ടോ എടുക്കാനും, വീട്ടില്‍ ഓരോ സാധനങ്ങള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് റിമോട്ടായി കണ്ടെത്താനും, ഉടമ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് അയാളുടെ മുന്നിലേക്ക് ഒരു സ്‌ക്രീന്‍ നീട്ടിപ്പിടിക്കാനും, പാത്രം കഴുകാനും, തുണി അലക്കാനുമെല്ലാം ഉള്ള ശേഷി ഉണ്ടായിരിക്കും. എന്നാല്‍, ഈ സങ്കല്‍പ്പങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയെടുത്തിട്ടില്ലെന്നും ഗുര്‍മന്‍ പറയുന്നു.
ഐഓഎസ് 18 സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ ഏതെല്ലാം?
ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ഐഓഎസ് 18 ലഭിക്കുന്ന ഫോണുകള്‍ ഏതെല്ലാം. ഐഫോണ്‍ എസ്ഇ 2-ാം തലമുറ, ഐഫോണ്‍ എക്‌സ് (ടെന്‍) ആര്‍, എക്‌സ്എസ് സീരിസ് മുതല്‍ പുതിയ ഫോണുകളെല്ലാം സപ്പോര്‍ട്ട് ചെയ്യും.
ഇവ എല്ലാം ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യുമോ?
ഇല്ല. ഇതിനോടകം അറിയാവുന്നതു പോലെ, ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നീ രണ്ടു മോഡലുകളൊഴികെ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒരു മോഡലിലും ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നാണ് നിലവില്‍ ലഭ്യമായ വിവരം.
ആപ്പിള്‍ വിഷന്‍ പ്രോയ്‌ക്കെതിരെ നിര്‍മിച്ചുവന്ന ഹെഡ്‌സെറ്റിന്റെ നിര്‍മാണം മെറ്റാ നിറുത്തി
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാ പ്ലാറ്റ്‌ഫോം ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റിന് വെല്ലുവിളി ഉയര്‍ത്താനായി നിര്‍മ്മിച്ചുവന്ന ഉപകരണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു. 2027ല്‍ പുറത്തിറക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നുഇത് നിര്‍മ്മിച്ചുവന്നത്.
ഉന്നത റസലൂഷനുള്ള മൈക്രോ ഓലെഡ് സ്‌ക്രീന്‍, കരുത്തുറ്റ പ്രൊസര്‍ തുടങ്ങി, കൊട്ടും ഘോഷവുമായി നിര്‍മ്മിച്ചുവന്ന ഹെഡ്‌സെറ്റിന്റെ പണിയാണ് ഇപ്പോള്‍ നിറുത്തിയിരിക്കുന്നതെന്ന് ദി ഇന്‍ഫര്‍മേഷന്‍. മെറ്റാ ക്വെസ്റ്റ്, ക്വെസ്റ്റ് പ്രോ തുടങ്ങിയ പേരുകളില്‍ താരതമ്യേന വിലകുറഞ്ഞ ഹെഡ്‌സെറ്റുകള്‍ കമ്പനി പുറത്തിറക്കി വന്നിരുന്നു.
മെറ്റാവേഴ്‌സ് ഉണ്ടാക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സക്കര്‍ബര്‍ഗിന്, ആ വഴിയില്‍ ബില്ല്യന്‍ കണക്കിന് ഡോളറാണ് നഷ്ടമായത്. റിയാലിറ്റി ലാബ്‌സ് എന്ന വിഭാഗമാണ് ഹെഡ്‌സെറ്റ് നിര്‍മ്മാണം നടത്തുന്നത്. ക്വെസ്റ്റ് പ്രോ മോഡലിനെതിരെ മോശം റിവ്യു വന്നതോടെ അതിന്റെ നിര്‍മ്മാണവും കഴിഞ്ഞവര്‍ഷം നിറുത്തിയിരുന്നു.
ഇതിലൊന്നും അത്ഭുതപ്പെടാനില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. വിഷന്‍ പ്രോ 2ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആപ്പിളും താത്കാലികമായി എങ്കിലും നിറുത്തിയിരിക്കുകയാണ്. അതിനു പകരം, വല്ല വിലകുറഞ്ഞ ഹെഡ്‌സെറ്റും ഉണ്ടാക്കി വിറ്റാലോ എന്നാണ് കമ്പനി ഇപ്പോള്‍ ആലോചിക്കുന്നതെന്നുംറിപ്പോര്‍ട്ടുകള്‍ പറയുന്നു.