ഹിറ്റായ നിർമിതബുദ്ധി, ഫ്ലോപ്പായ വിഷൻ പ്രോ; 2024ലെ ടെക് ലോകം
Mail This Article
ലോക ജനത ടെക്‌നോളജിയെ കൂടുതൽ, കൂടുതൽ ആശ്രയിക്കുന്ന കാഴ്ചയാണ് 2024ല്‍ നാം കണ്ടത്. ഇവയില്‍ ചിലത് ശൈശവാവസ്ഥയിലുമാണ്. പ്രധാനപ്പെട്ട മാറ്റങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം. കണ്‍സ്യൂമര്‍ ടെക്‌നോളജി മേഖലയിലേക്ക് നിര്‍മിത ബുദ്ധിയുടെ (എഐ) കടന്നുകയറ്റമാണ് 2024 കണ്ട ഏറ്റവും ശ്രദ്ധേയമായ മാറ്റമെന്ന് നിസംശയം പറയാം.
വിദ്യാര്‍ഥികൾ അടക്കം ഇന്റര്‍നെറ്റിലെ അന്വേഷണങ്ങള്‍ക്ക് ഗൂഗിള്‍ പോലെയുള്ള പഴയ സംവിധാനങ്ങള്‍ക്ക് പകരം ചാറ്റ്ജിപിറ്റി, പെര്‍പ്ലെക്‌സിറ്റി എഐ പോലെയുള്ള ടൂളുകളെ ആശ്രയിക്കാന്‍ തുടങ്ങി. ഫോണുകളിലും കംപ്യൂട്ടറുകളിലും ചാറ്റ്ജിപിറ്റി കയറിക്കൂടി.
സേര്‍ച്ചിനു പകരം സന്തതസഹചാരി
കേവലം ഇന്റര്‍നെറ്റ് സേര്‍ച്ചിനപ്പുറത്ത് ഏതു തരത്തിലുമുള്ള ഉപദേശത്തിന് ചാറ്റ്ജിപിറ്റിയെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. സേര്‍ച്ച് എഞ്ചിന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് സന്തതസഹചാരി എന്ന സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നതില്‍ ചാറ്റ്ജിപിറ്റി വലിയൊരളവില്‍ വിജയിച്ചു. സാധാരണക്കാര്‍ വരെ പഠിക്കാനും പഠിപ്പിക്കാനും ഈ ആപ്പിനെ ആശ്രയിക്കുന്നു. റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ഭാഷാ പഠനത്തിനും എന്തിനും ഏതിനും, ചാറ്റ്ജിപിറ്റി എല്ലാത്തരം ഉപയോക്താക്കള്‍ക്കും സഹായമാകുന്ന കാഴ്ചയാണ് 2024 കാണാനായിരിക്കുന്നത്.
ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു
എഐ മേഖലയിലെത്താന്‍ പാടുപെട്ട ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിള്‍, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുടെ സഹായത്തോടെ തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങളില്‍ നിര്‍മ്മിത ബുദ്ധി പ്രവേശിപ്പിച്ചു. ഐഓഎസ്/ഐപാഡ് ഓഎസ് 18.2ലാണ് ആപ്പിള്‍ ഇന്റലിജന്‍സ് ആപ്പിള്‍ മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓഎസില്‍ എത്തുന്നത്.
അതേസമയം, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിരവധി മാസങ്ങളായി ലഭിച്ചുവന്ന ഫീച്ചറുകളാണ് ആപ്പിള്‍ ഇന്റലിജന്‍സ് വഴി ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നത്. ഇതാകട്ടെ, ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡിസംബര്‍ 2024ല്‍ പോലും വലിയ ആവേശമൊന്നും പകര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അസൂയാവഹമായ വളര്‍ച്ചയുമായി എന്‍വിഡിയ
എഐ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചിപ്പ് നിര്‍മ്മാതാവായ എന്‍വിഡിയയുടെ ഓഹരി ഈ വര്‍ഷം 174 ശതമാനം വളര്‍ന്നു. തലേ വര്‍ഷം ഇത് 239 ശതമാനമായിരുന്നു. ജിപിയു മാര്‍ക്കറ്റിന്റെ 98 ശതമാനമാണ് ഈ കമ്പനി കൈയ്യടക്കിയിരിക്കുന്നത്. കമ്പനിയുടെ മൂല്ല്യം 2024ല്‍ 3.43 ട്രില്ല്യന്‍ ഡോളര്‍ വരെയായി ഉയര്‍ന്നിരുന്നു. അതേസമയം, 2025ല്‍ എഐയുടെ കുതിപ്പ് നിലച്ചേക്കാമെന്നും പ്രവചനമുണ്ട്. ഇക്കാര്യം പരിഗണിക്കാതെ എഐ മേഖലയില്‍ കണ്ണുംപൂട്ടി നിക്ഷേപമിറക്കുന്നവര്‍ വെട്ടിലായേക്കാമെന്നാണ് ഒരു വാദം.
ക്വാണ്ടം കംപ്യൂട്ടിങില്‍ വന്‍ മുന്നേറ്റം
ക്വാണ്ടം കംപ്യൂട്ടിങ് മുമ്പു കണ്ടിട്ടില്ലാത്ത ചില ശേഷികള്‍ ആര്‍ജ്ജിച്ചു. അസാധാരണ പ്രൊസസിങ് ശക്തിയാണ് കൈവരിച്ചിരിക്കുന്നത്. ഫാര്‍മസി, ക്രിപ്‌റ്റോകറന്‍സി തുടങ്ങിയ മേഖലകളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.
ഫോള്‍ഡബ്ള്‍, റോളബ്ള്‍ സ്‌ക്രീനുകള്‍
ഒരേസമയം ഫോണായും ടാബ്‌ലറ്റ് ആയും പ്രവര്‍ത്തിപ്പിക്കാവുന്ന ഫോള്‍ഡബ്ള്‍, റോളബ്ള്‍ സ്‌ക്രീനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യ ലഭിച്ച വര്‍ഷം.
സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികള്‍
ഇലക്ട്രിക് വാഹനങ്ങളിലേക്ക് സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികള്‍ എത്തിത്തുടങ്ങിയത് പ്രതീക്ഷ പകരുന്നു. താരതമ്യേന കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കാമെന്നതും, കുറച്ചു സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്യാമെന്നുള്ളതുമാണ് ഇവയുടെ മെച്ചം.
വെയറബ്ള്‍ സാങ്കേതികവിദ്യ
തലേ വര്‍ഷത്തെ അപേക്ഷിച്ച് അണിയാവുന്ന സാങ്കേതികവിദ്യ വന്‍ കുതിപ്പാണ് കാണിച്ചിരിക്കുന്നത്. ഇത് വരും വര്‍ഷത്തില്‍ പുതിയ തലത്തിലെത്തുമെന്നാണ് പ്രവചനം. ഇതില്‍ പ്രധാനപ്പെട്ടത് റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസസ് ആണ്. പാട്ടു കേള്‍ക്കാനും, കണ്ടെന്റ് ക്യാപ്ചര്‍ ചെയ്യാനും മെറ്റാ എഐ പ്രവര്‍ത്തിപ്പിക്കാനും ഇത് ഗുണകരമാണ്.
ഇതിന്റെ അടുത്ത തലമായിരിക്കും മെറ്റാ ഓറിയൊണ്‍ എന്ന് അറിയപ്പെടുന്ന കണ്‍സെപ്റ്റ് എആര്‍ ഗ്ലാസ്. ഇത് കമ്പനി പ്രദര്‍ശിപ്പിച്ചത് മെറ്റാ കണക്ട് 2024ല്‍ ആണ്. ഗൂഗിള്‍ പ്രൊജക്ട് അസ്ട്രാ ആണ് ഇത്തരത്തിലുള്ള മറ്റൊരു സ്മാര്‍ട്ട് കണ്ണട. അപാര സാധ്യതയാണ് ഇരു ഗ്ലാസുകളെയും വിലയിരുത്തിയ ടോംസ് ഗൈഡ് പറയുന്നത്.
സ്മാര്‍ട്ട് മോതിരങ്ങള്‍
നേരത്തെ വിപണി പിടിച്ച ഓറാ റിങ് സ്മാര്‍ട്ട് റിങുകളുടെ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് തുറന്നു കാണിച്ച ഉപകരണമാണ്. സാംസങ് ഗ്യാലക്‌സി റിങിന്റെ വരവോടെ പ്രീമിയം റിങുകളുടെ മാര്‍ക്കറ്റ് ഉഷാറായി. ആരോഗ്യ പരിപാലന ഡേറ്റാ ശേഖരണത്തിന് റിങുകളാകാം സ്മാര്‍ട്ട് വാച്ചുകളെക്കാള്‍ കൃത്യതയാര്‍ന്നത് എന്നും അവകാശവാദമുണ്ട്. റിങുകള്‍ വിലക്കുറവില്‍ കൂടുതല്‍ കമ്പനികള്‍ പുറത്തിറക്കിയേക്കാം.
സ്മാര്‍ട്ട് വാച്ചുകളും ആകര്‍ഷകം
രക്തത്തിലെ പഞ്ചസാരയുടെ അളവ് അടക്കം ഒട്ടനവധി മെട്രിക്‌സ് നല്‍കാന്‍ കെല്‍പ്പുള്ളതാണ് പല മികച്ച സ്മാര്‍ട്ട് വാച്ചുകളും. ശരീരത്തിലെ വെള്ളത്തിന്റെ അളവ് അറിയാനുള്ള ഹൈഡ്രേഷന്‍ സെന്‍സറുകളും ഉള്‍പ്പെടുത്തി തുടങ്ങിയതോടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ഉപകരണമായി മാറുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍. റിങുകള്‍ക്ക് കൂടുതല്‍ കൃത്യതയുള്ള ഡേറ്റാ ശേഖരിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇത് എത്രയാണ് എന്നറിയണമെങ്കില്‍ പോലും വിവരങ്ങള്‍ സ്മാര്‍ട്ട് വാച്ച് ആപ്പുകളിലേക്ക് പകര്‍ന്നെടുക്കേണ്ടി വരും എന്നിടത്താണ് സ്മാര്‍ട്ട് വാച്ചുകള്‍ ഇപ്പോള്‍ അധിക ശേഷി പ്രദര്‍ശിപ്പിക്കുന്നത്.
വിഷന്‍ പ്രോ ഒരു ആപ്പിള്‍ പരാജയ ഗാഥ
2024 ഫെബ്രുവരിയിലാണ് ആപ്പിളിന്റെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ വില്‍പ്പനയ്ക്ക് എത്തിയത്. ഇതിനെ ഈ വര്‍ഷത്തെ പരാജയപ്പെട്ട ഉപകരണങ്ങളുടെ പട്ടികയിലാണ് ടോംസ് ഗൈഡ് പെടുത്തിയിരിക്കുന്നത്. പുതിയ ടെക്‌നോളജി എന്ന നിലയില്‍ ഇത് തുടക്കത്തില്‍ ഏവരെയും വിസ്മയിപ്പിച്ചു എങ്കിലും കാലക്രമേണ അതിനോടുള്ള ജ്വരം അടങ്ങി.
ഒന്നിലേറെ കോണ്‍ഫിഗറേഷനില്‍ ലഭ്യമായ വിഷന്‍ പ്രോയ്ക്ക് ഭാരം 600 - 650 ഗ്രാം വരെയാണ്. ഇത്രയും ഭാരമുള്ള ഒരു ഹെഡ്‌സെറ്റ് ദീര്‍ഘകാലം ഉപയോഗിച്ചാല്‍ കഴുത്തിന് പ്രശ്‌നമുണ്ടാകുമോ എന്ന ഭീതിയും കടന്നു കൂടിയതോടെ പലരും 3500 ഡോളര്‍ വിലയ്ക്ക് വില്‍പ്പന ആരംഭിച്ച ഉപകരണത്തോടുള്ള പ്രണയം അവസാനിപ്പിച്ച മട്ടാണ്. ഇതിന്റെ എക്‌സ്റ്റേണല്‍ ബാറ്ററിക്കുമുണ്ട് 353 ഗ്രാം ഭാരം.റാബിറ്റ് ആര്‍1, ഹ്യുമെയ്ന്‍ എഐ പിന്‍ തുടങ്ങിയ ഉപകരണങ്ങളെ ടെക്‌നോളജി ദുരന്തങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
2024ല്‍ കണ്ട മറ്റു ടെക് പുരോഗതികള്‍
ജനറേറ്റിവ് എഐ ആര്‍ട്ട് ടൂളുകള്‍, 5ജി ടെക്‌നോളജിയുടെ പുരോഗതി, ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സുകളുടെ മുന്നേറ്റം, കാര്‍ബണ്‍ റിമൂവല്‍ സാങ്കേതികവിദ്യ ആര്‍ജ്ജിച്ച മികവ്, റീട്ടെയില്‍ വില്‍പ്പന മേഖലയിലേക്ക് ഹ്യൂമനോയിഡ് റോബട്ടുകള്‍ എത്തിത്തുടങ്ങിയത്, ഡിജിറ്റല്‍ ട്വിന്‍ ടെക്‌നോളജി, സ്മാര്‍ട്ട് നഗരങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയത്, കൂടുതല്‍ ശേഷിയുള്ള വോയിസ് അസിസ്റ്റന്റുകള്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ പുരോഗതി കൈവന്നിട്ടുണ്ട്.