ഇനി എഐ സംവിധാനമുള്ള സ്മാര്‍ട്ട് മോതിര ജ്വരമോ? ഗ്യാലക്‌സി റിങ് 2 ഉടന്‍ പുറത്തിറക്കിയേക്കാം
Mail This Article
സ്മാര്‍ട്ട് വാച്ചുകളേക്കാള്‍ ആരോഗ്യ പരിപാലനത്തിന് ത്വക്കിനോട് പറ്റിക്കിടക്കുന്ന മോതിരങ്ങളായിരിക്കാം മികച്ചത് എന്ന ട്രെൻഡിനിടെ സാംസങ് തങ്ങളുടെ ഗ്യാലക്‌സി റിങ് 2 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് ശ്രുതി. തങ്ങളുടെ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ എസ്25 സീരിസ് പരിചയപ്പെടുത്താനായി ജനുവരി 22ന് സംഘടിപ്പിച്ചിരിക്കുന്ന ഗ്യാലക്‌സി അണ്‍പാക്ഡ് പരിപാടിയില്‍ റിങും പ്രതീക്ഷിക്കുന്നു.
11 സൈസ് മോതിരങ്ങള്‍
പുതിയ റിങ് ശ്രേണിയില്‍ 11 സൈസ് മോതിരങ്ങള്‍ ഉണ്ടായേക്കുമെന്നു കരുതുന്നു. ഗ്യാലക്‌സി റിങിന്റെ പ്രധാന എതിരാളിയായ ഓറ (Oura) 4 മുതല്‍ 15 വരെയുള്ള സൈസുകളില്‍ ലഭ്യമാണ്. ഗ്യാലക്‌സി റിങ് ഒന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതികരണശേഷിയുള്ള സെന്‍സറുകള്‍ റിങ് 2ല്‍ കണ്ടേക്കും. എഐ ശേഷിയും വന്നാലും അത്ഭുതപ്പെടേണ്ട. ഇവയ്ക്ക് 7 ദിവസം വരെ ബാറ്ററി ലൈഫ് കിട്ടിയേക്കുമെന്നാണ് പ്രവചനം. റിങിന് എന്‍എഫ്‌സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
എആര്‍ സ്മാര്‍ട്ട് ഗ്ലാസും?
ഡിജി ടൈംസിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഗ്യാലക്‌സി അണ്‍പാക്ഡ് ഇവന്റിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയേക്കാവുന്ന മറ്റൊരു ഉപകരണവും പരിചയപ്പെടുത്താന്‍ ഇടയുണ്ട്. ചിപ് നിര്‍മാതാവ് ക്വാല്‍കമിന്റയും സോഫ്റ്റ്‌വെയര്‍ ഭീമന്‍ ഗൂഗിളിന്റെയും സഹകരണത്തോടെ നിര്‍മ്മിക്കുന്നത് ആയതിനാല്‍ ഇത് ഒരു മികച്ച പ്രൊഡക്ട് ആയേക്കാമെന്നും കരുതുന്നു. എസ്25 സീരിസില്‍ എഐ കൂടുതല്‍ മകവോടെ പ്രവര്‍ത്തിച്ചേക്കും.
യുഎസ് ഗവണ്‍മെന്റിനെതിരെ ആപ്പിള്‍ ഗൂഗിളിനൊപ്പം നില്‍ക്കുന്നതെന്തിന്?
ടെക്‌നോളജി ഭീമന്‍ ഗൂഗിളിനെതിരെ (ആല്‍ഫബെറ്റ്) അമേരിക്ക നിയമനടപടി കൈക്കൊണ്ടേക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയായിരിക്കുകയാണ്. ഗൂഗിളിന്റെ പ്രവര്‍ത്തനത്തില്‍ 'സ്വേച്ഛാതിപത്യ പ്രവണതയുണ്ടെന്നും, അതു നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും' ജസ്റ്റിസ് അമിത് മേത്തയുടെ വിധിയെത്തുടര്‍ന്നാണ് അമേരിക്ക കമ്പനിക്കെതിരെ വാളെടുത്തിരിക്കുന്നത്. അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും (ഡോജ്) ഗൂഗിളിന്റെ പ്രവര്‍ത്തനരീതിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഗൂഗിളിന്റെ ഓഎസ് ആയ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് ഫോണുകളും മറ്റും നിര്‍മ്മിക്കുന്നവര്‍ അതില്‍ കമ്പനിയുടെ ക്രോം ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണമെന്ന് കമ്പനി പറയുന്നു. ഇതേരീതിയില്‍ ഇനിയിപ്പോള്‍ ഗൂഗിളിന്റെ എഐ ആയ ജെമിനൈയും പ്രീ ലോഡ് ചെയ്തിരിക്കണമെന്ന നിബന്ധനയും ഗൂഗിള്‍ ഇറക്കിയേക്കുമെന്ന് ഡോജ് സംശയിക്കുന്നു. സേര്‍ച്ച് മേഖലയിലും ഗൂഗിള്‍ ബ്രൗസറുകളിലെ ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിനാകാന്‍ എല്ലാ അടവും പയറ്റുന്നുണ്ട്.
ഉദാഹരണത്തിന് ആപ്പിളിന്റെ ബ്രൗസറായ സഫാരിയില്‍ ഡീഫോള്‍ട്ട് എഞ്ചിന്‍ ആകാന്‍ ഗൂഗിള്‍ പ്രതിവര്‍ഷം 20 ബില്ല്യന്‍ ഡോളര്‍ ചിലിവിടുന്നുണ്ടെന്നും കമ്പനിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് വേണ്ടന്നുവയ്ക്കാന്‍ ഗൂഗിളിന് മടിയില്ല. എന്നാല്‍, ഈ കേസില്‍ ആപ്പിള്‍ ഇക്കാര്യത്തില്‍ ഗുഗിളിന് പിന്തുണ നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഗൂഗിളിനെ പിന്തുണച്ച് കോടതിയിലെത്താനും ആപ്പിള്‍ ആഗ്രഹിക്കുന്നുവത്രെ. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലെ തങ്ങളുടെ എതിരാളിയോട് എന്തിനാണ് ആപ്പിളിന് ഇത്ര ഇഷ്ടം എന്നാണ് പലരും ചോദിക്കുന്നത്.
ആപ്പിള്‍ പറയുന്നത് സ്വന്തമായി ഒരു സേര്‍ച്ച് എൻജിൻ വികസിപ്പിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് ഗൂഗിളുമായുള്ള സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നത് എന്നാണ്. അതേസമയം, ആപ്പിളിന്റെ ലാഭവിഹിതത്തില്‍ 16 ശതമാനത്തോളം ഗൂഗിളുമായുള്ള ഇടപാടില്‍ നിന്ന് കമ്പനിക്ക് വെറുതെയിരുന്ന് ലഭിക്കുന്നുണ്ടെന്നുള്ള കാര്യവും വിശകലനവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചുമ്മാ ലഭിക്കുന്ന പൈസ കളയാന്‍ ആപ്പിളിനുള്ള വൈമുഖ്യവും ആപ്പിളിന്റെ തീരുമാനത്തിനു പിന്നിലുണ്ടാകാം.
ഗൂഗിള്‍ എഐ മെച്ചപ്പെടുത്താന്‍ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് പ്രയോജനപ്പെടുത്തുന്നോ?
ഓപ്പണ്‍എഐ ചാറ്റ്ജിപിറ്റിയുമായി അപ്രതീക്ഷിതമായി ചാടിവീണപ്പോള്‍ നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ പിന്തള്ളപ്പെട്ട ഗൂഗിളിന്റെ ശക്തമായ തിരിച്ചുവരവ് ഇതുവരെ നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്തായാലും, മറ്റൊരു പ്രശസ്ത എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എഐ മോഡല്‍, ഗൂഗിളിന്റെ എഐ മോഡലായ ജെമിനൈയുടെ പ്രകടനം വിലയിരുത്താന്‍ ഉപയോഗിക്കുന്നു എന്ന് ടെക്ക്രഞ്ച് അവകാശപ്പെടുന്നു.
ക്ലോഡിന്റെ ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സില്‍ തങ്ങളുടെ എഐ മോഡല്‍ എതിരാളികളുടെ മോഡലുകള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കരുത് എന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. ഇതിന്റെ ലംഘനമായിരിക്കാം ഗൂഗിള്‍ നടത്തുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
200എംപി ടെലി ക്യാമറയുമായി വരുന്നു ഷഓമി 15 അള്‍ട്രാ!
ഷഓമി 15 അള്‍ട്രാ ഫോണ്‍ ഫെബ്രുവരിയില്‍ ചൈനയില്‍ അവതരിപ്പിച്ചേക്കുമെന്ന് കേള്‍വി. ക്യാമറാ വിഭാഗത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്തേക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഇതെന്നും പ്രതീക്ഷിക്കുന്നു. പ്രധാന ക്യാമറയ്ക്ക് 50എംപി ടെപ്-1 സെന്‍സറായിരിക്കും എന്നതിനാല്‍ തന്നെ ഒട്ടു മിക്ക ഫോണ്‍ ക്യാമറകളെയും കവച്ചുവയ്ക്കുന്ന പ്രകടനം നടത്തിയേക്കുമെന്ന് കരുതുന്നു.
അള്‍ട്രാ വൈഡ് ക്യാമറയും 50എംപി തന്നെ ആയിരിക്കും. എന്നാല്‍, ടെലി ക്യാമറയ്ക്ക് 200എംപി സെന്‍സര്‍ ഉപയോഗിച്ചേക്കാമെന്ന ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ റിപ്പോര്‍ട്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളില്‍ കൂടുതല്‍ ഉദ്വേഗം വളര്‍ത്തിയിരിക്കുന്നത്. ഇതിന് 4.3 മടങ്ങ് സൂം ഉണ്ടായിരിക്കാം. ഇതിനു പുറമെ, ഒരു 3 മടങ്ങ് സൂം ലെന്‍സും അടങ്ങുന്നതായിരിക്കാം സമൃദ്ധമായ പിന്‍ക്യാമറാ സിസ്റ്റം. സ്‌നാപ്ഡ്രഗണ്‍ 8 എലൈറ്റ് പ്രൊസസറായിരിക്കും ഫോണിന്റെ കരുത്ത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന. വില 99,999 രൂപ പ്രതീക്ഷിക്കുന്നു.