എസ്. ജാനകി എന്ന പേരിൽ പ്രശസ്തയായ ഇന്ത്യൻ ചലച്ചിത്രപിന്നണി ഗായികയാണ് സിസ്റ്റ്ല ജാനകി. "ജാനകിയമ്മ" എന്നു ബഹുമാനത്തോടെ വിളിക്കപ്പെടുന്ന അവർ, ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ് തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം, യുഗ്മഗാനം, കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ഇംഗ്ലിഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. 1957 ൽ ‘വിധിയിൻ വിളൈയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ സംഗീതജീവിതം 6 പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.