പിള്ളേർ സെറ്റിനൊപ്പം ഹിമാലയം കയറി ഈ 'അമ്മ', മൂന്നാമതും ആ സ്വപ്നം സാക്ഷാത്കരിച്ചു
Mail This Article
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിമാലയൻ ട്രെക്കിങ് കശ്മീർ ഗ്രേറ്റ് ലേക്സ് തന്റെ 58 -ാംമത്തെ വയസ്സിൽ പൂർത്തിയാക്കി തൊടുപുഴക്കാരി മിനി അഗസ്റ്റിൻ. 4,200 മീറ്റർ വരെ ഉയരത്തിലുള്ള ട്രെക്കിങ്ങാണ്. പ്രായം കൂടുന്തോറും സഞ്ചാരത്തിന്റെ ദൂരം കുറയുന്നവർക്കിടയിൽ മിനി അഗസ്റ്റിൻ വ്യത്യസ്തയാകുന്നത് അവർ തിരഞ്ഞെടുക്കുന്ന യാത്രകളിലൂടെയാണ്. 50 പിന്നിട്ടാൽ വീടിനകത്തേക്ക് ഒതുങ്ങി കൂടുന്നവർ മിനി അഗസ്റ്റിനു കണ്ടുപഠിക്കണം. കാരണം 50 കഴിഞ്ഞതിനുശേഷമാണ് മിനി നടത്തിയിട്ടുള്ള ഏറ്റവും വലിയ യാത്രകൾ അധികവും സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചന്ദർകാനി പാസ്, സർ പാസ് എന്നീ ട്രെക്കുകളും ഇപ്പോൾ കശ്മീർ ഗ്രേറ്റ് ലേയ്ക്സും പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ് തൊടുപുഴ സ്വദേശിനിയും മുൻ കാനറ ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന മിനി അഗസ്റ്റിൻ, യാത്രാ വിശേഷങ്ങളിലേക്ക്...
∙ പിള്ളേർ സെറ്റിനൊപ്പം മലകയറാൻ പോയ 'അമ്മ'
മിനി കേരളത്തിൽ നിന്നും യാത്ര ആരംഭിച്ചത് തന്റെ മക്കളുടെ പ്രായമുള്ള ചെറുപ്പക്കാർക്കൊപ്പമായിരുന്നു. കോട്ടയത്തു നിന്നും കശ്മീരിലേക്കു യാത്ര പുറപ്പെട്ട സംഘത്തിൽ മിനിയൊഴിച്ചു ബാക്കി എല്ലാവരും മുപ്പതിൽ താഴെ പ്രായമുള്ളവർ. പ്രായത്തിൽ അല്ലല്ലോ നമ്മൾ വെട്ടിപ്പിടിക്കാൻ പോകുന്ന ലക്ഷ്യത്തിൽ അല്ലേ കാര്യം എന്നു ഒറ്റ വരിയിൽ മിനി ഇതിന് ഉത്തരം തരും. വയസ്സ് വെറും സംഖ്യയിൽ ഒതുങ്ങുകയും തന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും വാനോളം ഉയരുകയും ചെയ്യുന്ന സമയമാണ് ഇപ്പോൾ തനിക്കെന്നു മിനി പറയുന്നു. കുട്ടികൾക്കൊപ്പം കൂടിയാൽ നമ്മളും കുട്ടികളായി തീരുമെന്ന് പറയുന്നതുപോലെയാണ് യാത്രയിൽ ഉടനീളം ആ ചെറുപ്പക്കാരെക്കാൾ ചുറുചുറുക്കോടെ അത് പൂർത്തിയാക്കാൻ പരിശ്രമിച്ചതത്രയും മിനി തന്നെയായിരുന്നു. പലപ്പോഴും സംഘത്തിലുള്ള മറ്റുള്ളവർ ട്രെക്കിങ് പൂർത്തിയാക്കാൻ പാടുപെട്ടപ്പോഴും അവർക്കൊക്കെ കരുത്തു പകർന്ന് ഒപ്പം നടന്നത് മിനിയെന്ന അമ്മയുടെ മനോധൈര്യം കൂടിയാണ്.
9 പേരുള്ള ടീമിനൊപ്പമാണ് ഞാൻ കേരളത്തിൽ നിന്നും യാത്ര തിരിക്കുന്നത്. കൊച്ചിയിൽ നിന്നും ഡൽഹി വരെ വിമാനത്തിലും ഡൽഹിയിൽ നിന്നും ഉദംപൂർ എന്ന സ്ഥലത്ത് വരെ ട്രെയിനിലുമായിരുന്നു ആദ്യത്തെ യാത്ര. അവിടെ നിന്നും ടെമ്പോ ട്രാവലിൽ കയറി ബൻഹാല്‍ എന്ന സ്ഥലത്തിറങ്ങി. അവിടെനിന്നും ശ്രീനഗറിലേക്കു വീണ്ടും ട്രെയിൻ യാത്ര. രണ്ടുദിവസം ശ്രീനഗർ ചുറ്റിക്കറങ്ങി നേരെ സോൻ മാർഗിലേക്ക്. സോൻമാർഗായിരുന്നു ഞങ്ങളുടെ ബേസ് ക്യാംപ്. സോൻമാർഗിൽ എത്തിയ ഞങ്ങൾ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി അവിടെയുള്ള ഒരു ലോക്കൽ മാർക്കറ്റിലേക്ക് ചെറിയ ഒരു ട്രെക്കിങ് നടത്തി. നമ്മൾ ട്രെക്ക് ആരംഭിക്കുന്നതിനു മുൻപ് ആ സ്ഥലത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതിന് ഒരു ദിവസമെങ്കിലും മുമ്പേ എത്തി അവിടം ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.
സോന്മാർഗിൽ എത്തിയതിന്റെ രണ്ടാം ദിവസമാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ആദ്യത്തെ ക്യാംപിലേക്ക് എത്താൻ 11 കിലോമീറ്ററുള്ള ട്രെക്കിങ്ങാണെന്നാണു പറഞ്ഞിരുന്നതെങ്കിലും 12 കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു നടന്നു കയറിയപ്പോൾ. മാത്രമല്ല കുറെയധികം ദൂരം കുത്തനെ കയറേണ്ടതായും വന്നു. പലയിടത്തും എനിക്ക് ശ്വാസം കിട്ടാതെ വന്ന അവസ്ഥയുണ്ടായി. ഹൈ ആൾട്ടിട്ടുഡ് കാരണം ശ്വാസംമുട്ടലും തലവേദനയും മറ്റ് ബുദ്ധിമുട്ടുകളേറെയും ഞങ്ങൾ അനുഭവിച്ചു. കൂടെയുള്ളവരൊക്കെ പ്രായത്തിൽ ചെറുതായതിനാൽ അവരുടെ അത്ര ആരോഗ്യവും ലങ്ക്സ് കപ്പാസിറ്റിയും എനിക്ക് ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ യാത്ര തിരഞ്ഞെടുത്തത്. പക്ഷേ ട്രെക്കിങ് പൂർത്തിയാക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് ഞാൻ മുന്നോട്ടു പോയത്.
∙ ഏഴു തടാകങ്ങളും കണ്ടൊരു സ്വർഗീയ വിരുന്ന്
ആദ്യദിനം പ്രത്യേകിച്ച് ഒന്നും കാണാനില്ല. ആൾട്ടിറ്റ്യൂഡ് മാറുന്നതിന് അനുസരിച്ചുള്ള പ്രകൃതിയിലെ മാറ്റങ്ങളും നീരൊഴുക്കുകളും ഒക്കെയായിരുന്നു ഉണ്ടായിരുന്നത്. ഇടയ്ക്കിടയ്ക്ക് നദികളിൽ നിന്നും വെള്ളം നിറച്ചാണ് ഞങ്ങൾ യാത്ര തുടർന്നത്. രാവിലെ ആറുമണിക്ക് ആരംഭിച്ച ട്രെക്കിങ് വൈകുന്നേരം ആറര ഏഴോടുകൂടി പൂർത്തിയാക്കി നിഷ്നായ് എന്ന രണ്ടാമത്തെ ക്യാംപിലെത്തി.
നിഷ്നായിൽ നിന്ന് നിച്‌നായി പാസ് വഴി വിഷ്ണുസാറിലേക്കുള്ള ട്രെക്കാണ് അടുത്തദിവസം. ഈ ട്രെക്കിന്റെ ദൂരം ഏകദേശം 14 കിലോമീറ്റർ വരും. 7 മണിക്കൂറിൽ കൂടുതൽ എടുത്തു ഞങ്ങൾ ഇത് പൂർത്തിയാക്കാൻ. ഏകദേശം 11,607 അടി മുതൽ 13,229 അടി വരെ കയറി പിന്നെ 12,011 അടിയിലേക്ക് ഇറങ്ങുന്നതാണിത്. നടത്തമാണ് കൂടുതൽ എങ്കിലും പല സ്ഥലത്തും കുത്തനെയുള്ള കയറ്റങ്ങളും അതിന്റെ എതിർ ഇറക്കങ്ങളും ഉണ്ടായിരുന്നു. ടീമിലെ മറ്റ് അംഗങ്ങൾ ആൾട്ടിറ്റ്യൂഡിന്റെ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ മുൻപ് ട്രെക്കിങ് നടത്തി പരിചയമുള്ള ആളായതിനാൽ അവർക്കു വേണ്ട സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാൻ എനിക്ക് സാധിച്ചു. അങ്ങനെ ഞങ്ങൾ ഏഴുദിവസം നീണ്ടുനിൽക്കുന്ന ആ യാത്രയുടെ രണ്ടാം നാൾ പിന്നിട്ടു.
ഈ ട്രെക്കിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത യാത്രക്കിടെ 7 തടാകങ്ങൾ കാണാം എന്നതാണ്. പോകുന്ന വഴികളിൽ ചെറിയ തടാകങ്ങളും നീരുറവകളും കാണാമെങ്കിലും മൂന്നാമത്തെ ദിവസത്തെ ട്രെക്കിങ് ആരംഭിക്കുമ്പോഴാണ് രണ്ട് വലിയ തടാകങ്ങൾ യാത്രികരെ കാത്തിരിക്കുന്നത്. കിഷൻസർ, വിഷൻസർ, ഗദ്‌സർ, സത്‌സർ, നൂദ്‌കുൽ, ഗംഗ്‌ബാൽ എന്നിവിടങ്ങളിലാണ് ഈ ട്രെക്കിങ്ങിലെ ഏറ്റവും പരമപ്രധാന കാഴ്ചകളായ ഏഴു തടാകങ്ങളും സ്ഥിതിചെയ്യുന്നത്. 3,500 മുതൽ 3,800 മീറ്റർ വരെ ഉയരത്തിലുള്ള ഈ തടാകങ്ങളും പരിസരങ്ങളും അപൂർവ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രകൃതിയെ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ആസ്വദിക്കണമെങ്കിൽ കശ്മീർ ഗ്രേറ്റ് ലേക്ക്സ് ട്രെക്ക് നടത്തണമെന്നാണ് എന്റെ അഭിപ്രായം.
ഈ യാത്രയിൽ ഉടനീളം അത് പൂർത്തിയാക്കാൻ എനിക്കു പ്രചോദനവും ശക്തിയും ഊർജ്ജവും തന്നത് മഞ്ഞുമൂടി കിടക്കുന്ന ഹിമാലയൻ കാഴ്ചകളായിരുന്നു. നമ്മൾ മുന്നോട്ടു നടക്കുന്തോറും കൺമുമ്പിൽ വെള്ളപുതച്ചണിഞ്ഞുകിടക്കുന്ന ആ മലനിരകളാണ്. കാര്യം ട്രെക്കിങ് കുറച്ചു ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും ഈ കാഴ്ചകളും പ്രകൃതിയുടെ സൗന്ദര്യവും നമ്മളെ ആ വിഷമങ്ങളൊക്കെ മറക്കാൻ പ്രേരിപ്പിക്കും. അത്രയ്ക്കും സ്വർഗീയമായ കാഴ്ചകളാണ് ഈ ട്രെക്കിങ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്. കശ്മീർ ഭൂമിയിലെ സ്വർഗം എന്നു പറയുന്നതു വെറുതെയല്ല. ഒരിക്കലെങ്കിലും നിങ്ങൾ അവിടെ ചെല്ലണം ആ താഴ്വരകളിലൂടെ ഒന്ന് നടക്കണം, പച്ച പുതച്ചു കിടക്കുന്ന താഴ്വരകളും തലയുയർത്തി നിൽക്കുന്ന ഹിമവാനും വാക്കുകൾ കൊണ്ട് ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല ആ സൗന്ദര്യം. ആ ഭംഗിയുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മൾ പ്രായവും ക്ഷീണവുമൊക്കെ മറക്കും. വീണ്ടും അങ്ങോട്ടേക്കു കയറി ചെല്ലാൻ മനസ്സിനെ പാകപ്പെടുത്തും. ഈ താഴ്വരകളിലൊക്കെ നിറയെ പൂക്കളുടെ വസന്തമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് ഇവിടെ പ്രകൃതി സമ്മാനിച്ചത്.
∙ ഞാൻ അവർക്ക് ഒരു ഗൈഡ് കൂടി ആയിരുന്നു
ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടുമോ ഇല്ലയോ എന്ന് നമുക്കറിയില്ല പക്ഷേ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്. കൂടെ വന്ന ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കോടെയാണ് ട്രെക്കിങ് മിനി പൂർത്തിയാക്കിയത് എന്നു പറയുമ്പോൾ അതിന് അനുഭവ സമ്പത്തിന്റെ കരുത്തുകൂടിയുണ്ട്. മിനിയുടെ കൂടെ യാത്ര ചെയ്ത ബാക്കി എട്ടുപേരും ചെറുപ്പക്കാരായിരുന്നു എന്നു പറഞ്ഞുവല്ലോ. അതിൽ തന്നെ ഭൂരിഭാഗവും മുൻപ് ട്രെക്കിങ് ചെയ്തു പരിചയമില്ലാത്തവർ. ആ കുട്ടികൾക്ക് ഒരു ഗൈഡ് ആയിട്ടു കൂടിയാണ് മിനി യാത്ര ചെയ്തത് എന്നു പറയേണ്ടിവരും. നേരത്തെ ട്രെക്കിങ് നടത്തി പരിചയമുള്ളതിനാലും ഹിമാലയൻ മലനിരകളിൽ കയറിയ അനുഭവവും മിനിക്ക് ഇവിടെ കൂട്ടായി. ഹൈ ആൾട്ടിറ്റ്യൂഡിലേക്ക് എത്തുന്തോറും നമുക്കു പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങും.
തലവേദന, മൂക്കിൽ നിന്നും രക്തം, ശർദി ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉയരങ്ങളിലേക്കു കയറും തോറും നമുക്കു വരും. എനിക്കും ശക്തമായ തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു ഈ യാത്രയിൽ. 4,200 മീറ്റർ ഉയരത്തിലേക്കാണ് നമ്മൾ കയറി പോകുന്നത്. മൂന്നാമത്തെ ദിവസത്തെ ട്രെക്കിങ്ങാണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. ഏകദേശം 14 കിലോമീറ്റർ ദൂരമുണ്ടായിരുന്നു അടുത്ത ക്യാംപിലേക്ക്. 6 കിലോമീറ്ററോളം കയറ്റവും ഇറക്കവും. പിന്നെ നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. ആ ട്രെക്കിങ്ങിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ക്ഷീണിതരായി. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ വെള്ളം കിട്ടാനും ബുദ്ധിമുട്ടായിരുന്നു. മൗണ്ടൻ സിക്നസ് തരണം ചെയ്യാൻ ഏറ്റവും നല്ല മരുന്ന് ഇടയ്ക്കിടയ്ക്കു വെള്ളം കുടിക്കുക എന്നതാണ്. അന്തരീക്ഷത്തിൽ ഓക്സിജൻ കുറവായതിനാൽ തന്നെ വെള്ളത്തിൽ നിന്നും നമ്മൾ അത് കണ്ടെത്തണം. വെള്ളം കുറഞ്ഞു പോയതും ആ യാത്രക്കു ബുദ്ധിമുട്ട് കൂട്ടി.
∙ 50 കഴിഞ്ഞപ്പോൾ മലകയറ്റം തുടങ്ങിയ മിനി
മിനി ട്രെക്കിങ് ആരംഭിക്കുന്നത് 50 പിന്നിട്ടതിനു ശേഷമാണ്. ജീവിതത്തിലെ പരമാവധി ഓട്ടം ഒക്കെ അവസാനിപ്പിച്ചു പ്രായമാകുന്നതിനനുസരിച്ച് നാല് ചുവരുകളിലേക്ക് ഒതുങ്ങുന്നവരോട് മിനിക്കു പറയാനുള്ളത് യാത്രകൾ അവസാനിപ്പിക്കുകയല്ല ആരംഭിക്കുകയാണ് ഈ പ്രായത്തിൽ വേണ്ടത് എന്നാണ്. ഇരുപതിന്റെ തുടക്കത്തിൽ ബുള്ളറ്റ് ഓടിച്ചു കൊണ്ടാണ് മിനി തന്റെ യാത്ര ആരംഭിക്കുന്നത്. ബുള്ളറ്റിന്റെ ഹാൻഡിൽ പിടിക്കാൻ ഭർത്താവ് പറയുമ്പോൾ ആദ്യം മടിച്ചുവെങ്കിലും പിന്നീട് തന്റെ സന്തത സഹചാരിയായി ആ വാഹനം മാറുമെന്നു മിനി പോലും കരുതിയിരുന്നില്ല. മുന്നോട്ടുള്ള ജീവിത യാത്രകളിൽ കൂട്ടായി ബുള്ളറ്റ് ഉണ്ടായിരുന്നു മിനിക്ക്. ഹിമാലയൻ ഒഡീസി വരെ ബുള്ളറ്റിൽ നടത്തി അതും 55 –ാം വയസ്സിൽ. യാത്രകളോട് അടങ്ങാത്ത അഭിനിവേശമുള്ള മിനി അഗസ്റ്റിൽ തിരഞ്ഞെടുക്കുന്നതു വ്യത്യസ്തമായ പാതകളാണ് എപ്പോഴും.
താൻ ആദ്യം നടത്തിയ ട്രെക്കിങ് ചന്ദർകാനി എന്ന പ്രശസ്തമായ ട്രെക്ക് ആയിരുന്നുവെന്നും മലകയറ്റത്തോടുള്ള അടങ്ങാത്ത ഇഷ്ടം കൂടി വന്നപ്പോൾ ബുള്ളറ്റ് ഓടിച്ചും അല്ലാതെയും വീണ്ടും ട്രെക്കിങ്ങുകൾ നടത്തിയെന്നും മിനി.
"എനിക്ക് എന്നോടു തന്നെ പ്രായമായിട്ടില്ല എന്നു പറയണം എന്നതുകൊണ്ടാണ് കാശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്കിങ് തിരഞ്ഞെടുക്കാൻ കാരണം. ആദ്യദിവസം മാത്രം 11 കിലോമീറ്റർ എന്നാണ് അറിയാൻ കഴിഞ്ഞത്. ബാക്കി നമ്മൾ അതിനോടു പരിചയപ്പെട്ടു കൊള്ളുമല്ലോ എന്നു കരുതി. മുൻപ് ട്രെക്കിങ് നടത്തിയിട്ടുള്ളതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ട് നേരിടില്ല എന്നു കരുതിയാണ് ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്. പിന്നെ എന്റെ ആരോഗ്യവും പ്രായവും ഒക്കെ എനിക്ക് ഒപ്പം നിൽക്കും എന്നുള്ള വിശ്വാസവും ഉണ്ടായിരുന്നു. ആരോഗ്യവും ജോലിയും യാത്രകളും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ കുറച്ചുനാൾ മുമ്പ് ഞാൻ ജോലി വേണ്ടെന്നുവച്ചു. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാം എന്നു കരുതിയാണ് ട്രെക്കിങ് തിരഞ്ഞെടുത്തത്. കാരണം മലകയറ്റം എന്നു പറയുമ്പോൾ നമ്മൾ അതിനു മുന്നേ തയാറാകണം. ഭാരക്കൂടുതൽ ഉണ്ടെങ്കിൽ അതു കുറയ്ക്കുക, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ശരിയാക്കുക തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഇതിനു മുന്നോടിയായി ചെയ്യും. നമ്മളെ തന്നെ സജ്ജരാക്കും. അത് നമ്മുടെ ജീവിതശൈലിൽ തന്നെ ഏറെ മാറ്റം വരുത്തുകയും ചെയ്യും. ട്രെക്കിങ് തിരഞ്ഞെടുത്തതിൽ നിന്നും എനിക്കു കിട്ടിയ ഏറ്റവും വലിയ ഗുണവും ഇതുതന്നെയാണ്.
∙ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്ക്
കശ്മീർ ഗ്രേറ്റ് ലേക്ക്സ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിൽ ഒന്നാണ്. കാശ്മീരിലെ പടിഞ്ഞാറൻ ഹിമാലയത്തിൽ 75 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന സാഹസിക യാത്രയാണ് ഗ്രേറ്റ് ലേക്സ് ട്രെക്ക്. സോൻമാർഗിൽ നിന്ന് ആരംഭിച്ച് നാരാനാഗിൽ സമാപിക്കുന്ന ഈ ട്രെക്ക് സഞ്ചാരികളെ മനോഹരമായ താഴ്‌വരകളിലൂടെയും ഗംഭീരമായ ഹിമാലയൻ കൊടുമുടികളിലൂടെയും കൊണ്ടുപോകുന്നു, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഈ ട്രെക്കിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഓരോ വർഷവും എത്തുന്നത്. അതിമനോഹരമായ ആകാശനീല തടാകങ്ങൾ മുതൽ പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, മഞ്ഞുമൂടിയ കൊടുമുടികൾ അങ്ങനെ ജീവിതത്തേക്കാൾ വലിയൊരു ക്യാൻവാസിലാണ് ഈ ട്രെക്കിങ്.
മിനിയുടെ ജീവിതം പറയുന്നു യാത്ര ചെയ്യാൻ പ്രായം ഒരിക്കലും തടസ്സമാകരുത്. കാണാനും അറിയാനും അനുഭവിക്കാനും ഏറെയുള്ള ഈ ഭൂമിയെ ഒരു ഭാഗത്തേക്കു നീക്കിയിരുത്തി നമ്മൾ എതിർഭാഗത്തേക്ക് നീങ്ങിയിരിക്കുകയല്ല വേണ്ടത്, ഇറങ്ങി പുറപ്പെടണം ഇതുപോലെ കീഴടക്കാൻ തലയുയർത്തി നിൽക്കുന്ന മലകളും കാഴ്ചകളും മുന്നിലുള്ളപ്പോൾ എന്തിനു മടിക്കണം.