മഴയും വെള്ളച്ചാട്ടങ്ങളും കാണാം; മഴക്കാലത്തെ മൂന്നാർ യാത്ര
Mail This Article
മൂന്നാറെന്നു കേൾക്കുമ്പോൾ മഞ്ഞും തണുപ്പും തേയില തോട്ടങ്ങളുമെല്ലാമല്ലെ ഓർമ വരുന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മൂന്നാർ കാണണമെങ്കിൽ നിങ്ങൾ മഴക്കാലത്ത് ഒരു യാത്ര നടത്തണം. സാധാരണ ഹൈറേഞ്ച് യാത്രകളിൽ നിന്നെല്ലാം മികച്ച ഒരനുഭവമായിരുന്നു ഇത്തവണത്തെ മൺസൂൺ മൂന്നാർ യാത്ര.
കൊച്ചിയിൽ നിന്നും ചിന്നക്കനാലിലേക്കായിരുന്നു ഇത്തവണത്തെ ഡ്രൈവ്. യാത്രയുടെ തുടക്കം മുതലേ മാനം കറുത്തു നിന്നതിനാൽ കാഴ്ചകൾ കണാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലയിരുന്നെന്നു വേണം പറയാൻ. ഹൈറേഞ്ചിന്റെ കവാടമായ നേരിയ മംഗലം പാലമെത്തിയപ്പോൾ മഴ ഒപ്പം കൂടി. ഇരുണ്ടു കൂടിയ മാനവും ചോലകളാൽ തിങ്ങി നിറഞ്ഞ വഴികളിലൂടെയും മുന്നോട്ടു പോകുമ്പോൾ സ്ഥിരം മൂന്നാർ യാത്രകളിൽ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരുന്നു.
മൂന്നാറിലെ കാഴ്ചയുടെ തുടക്കം അത് ചീയാപ്പാറയിലാണ് ആരംഭിക്കുന്നത്. അടിമാലി എത്തുന്നതിനു തൊട്ടു മുൻപായി കാണുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിനു മുന്നിൽ ഇറങ്ങാതെ ഒരു സഞ്ചാരിയും ചുരം കയറാറില്ല. മഴക്കാലമായിട്ടും ചീയാപ്പാറയിലെ കാഴ്ച്ചക്കാർക്കു യാതൊരു കുറവും വന്നിട്ടില്ല. അടിമാലിയിൽ നിന്നും മൂന്നാറിലേക്കു പോകുന്ന വഴിയിൽ ഇരു വശത്തുമായി ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ കാണാം പേരറിയുന്നതു പേരറിയാത്തുമായ ചെറുതും വലുതുമായ ഒരുപാട് ജലധാരകൾ. ഒരു വശത്ത് വെള്ള നിറത്തിൽ കുത്തിയൊലിക്കുന്ന പാലരുവികൾ പോലെയാണെങ്കിൽ മറു വശത്തു പച്ച മലകൾക്കു മുകളിൽ വെള്ളി വരകൾ പോലെ ഒഴുകുന്നവ.
മഴക്കാലത്തെ ഹൈറേഞ്ചു യാത്രകൾ തികച്ചും സാഹസികമാണ്. നനഞ്ഞു തെന്നി കിടക്കുന്ന റോഡുകൾ, വഴിയും കാഴ്ചകളും മറയ്ക്കുന്ന കോട, റോഡിനിരു വശത്തുമായി ചാഞ്ഞു നിൽക്കുന്ന ചോലകൾ, ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന മരങ്ങളും മണ്ണിടിയുമെന്നു തോന്നിപ്പിക്കുന്ന വഴികളും, ഇങ്ങനെ സാഹസികവും അപ്രതിക്ഷിതവുമായ കാര്യങ്ങളിലൂടെ സഞ്ചരിച്ചു വേണം മുന്നോട്ട് പോകാൻ. യാത്ര കാറിലായിരുന്നത് കൊണ്ട് സാഹസികതയ്ക്കൊരു ഇളവുണ്ടായിരുന്നു. ഈ സമയത്ത് മൺസൂൺ യാത്രകൾക്കു ഇരു ചക്ര വാഹനങ്ങൾ ഒഴിവാക്കുന്നതാകും ഉചിതം
മൂന്നാറിന്റെ തണുപ്പും സാഹസികതകളും നിറഞ്ഞ യാത്ര ചെന്നു നിന്നതു ചിന്നക്കനാലിലെ മൗണ്ടൻ ക്ലബ് റിസോർട്ടിലായിരുന്നു പഴയ ബ്രിട്ടീഷ് കെട്ടിടങ്ങൾ പോലെയുള്ള, കരിങ്കല്ലുകൾ കൊണ്ടു നിർമിച്ച കോട്ടേജുകള്‍ അതിനു ചുറ്റുമായി പലതരം ചെടികളും ഫലവൃക്ഷങ്ങളും. മൂന്നാറിലെ തണുപ്പിനെ തലോടി വരുന്ന കാറ്റ് ആ മരങ്ങളെയും ചെടികളെയും ആടി ഉലയ്ക്കുകയാണ്. റിസോർട്ടിനു തൊട്ടടുത്തായുള്ള മലഞ്ചെരുവിലേക്കിറങ്ങിയാൽ ആ കാറ്റിനെ നമുക്ക് പൂർണ്ണമായും ആസ്വദിക്കാം. മലഞ്ചെരുവിൽ നിറഞ്ഞു നിൽക്കുന്ന പുൽക്കൊടികള്‍ക്കു മേൽ ചാഞ്ഞു വീശുന്ന ആ കാറ്റിൽ അവിടെ നില്‍ക്കുന്നവരും ആടി ഉലയും. കാറ്റു മാത്രമല്ല ആ ചെരുവിൽ നിന്നുള്ള കാഴ്ചകളും അതി മനോഹരമാണ്. ഒരു വശത്തായി ചിന്നക്കനാലിലെ കടകളും വീടുകളുംമെല്ലാം നിറഞ്ഞു നിൽക്കുമ്പോൾ ആകാശം മുട്ടി നിൽക്കുന്ന ഭീമാകാരമായ പാറക്കെട്ടുകളും കാറ്റാടി മരങ്ങളും അവയെ പൊതിഞ്ഞു നിൽക്കുന്ന കോടമഞ്ഞുമെല്ലാം ആ മലഞ്ചെരുവിലെ മാത്രം അദ്ഭുതമാണ്.