ടെന്റുമായി ദുബായ് വിമാനത്താവളത്തിൽ; ‘കള്ളക്കടത്തുകാരി’യെ പോലെ പിടിക്കപ്പെട്ട അനുഭവം
Mail This Article
ആശിച്ചു വാങ്ങിയ ടെന്റ് ലഗേജിൽ വയ്ക്കാതെ കയ്യിൽ കരുതിയപ്പോൾ ദുബായ് വിമാനത്താവളത്തിൽ കിട്ടിയത് ‘എട്ടിന്റെ പണി’. നട്ടപ്പാതിര, പന്ത്രണ്ടു മണിക്ക് ഇനി നാട്ടിലോട്ടോ അതോ വേറെ എങ്ങോട്ടെങ്കിലുമോ എന്ന ആശങ്ക മനസ്സിൽ പരന്ന നിമിഷങ്ങൾ. വികാരങ്ങൾ ഇല്ലാതായി. വിനയം അതിന്റെ പരമാവധി താഴ്ചയിലേക്ക് എത്തി. വിമാനത്താവളത്തിലേക്കു പുറപ്പെടും മുൻപ് അനിയനും നാത്തൂനും ആവർത്തിച്ചു ചോദിച്ച് ഉറപ്പിച്ചതാണ്, ‘‘കത്തി, കമ്പി, ബ്ലേഡ്, ഒന്നും ഹാൻഡ് ലഗേജിലില്ലല്ലോ’’ എന്ന്. ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം ലഗേജിൽ വിട്ടതാണ്. എന്നിട്ടും ഒരു കള്ളക്കടത്തുകാരിയെപ്പോലെ ഞാൻ പിടിക്കപ്പെട്ടു.
അറബിയിൽ സെക്യൂരിറ്റി ഓഫിസർമാർ എന്തൊക്കെയോ പറയുന്നു. നിർവികാരയായി ഞാൻ നിന്നു. ‘എന്താണ് ഇതിനകത്ത്?’ അറബിയിൽ ചോദിച്ച ചോദ്യം അവർ ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി ഒന്നുകൂടി ചോദിച്ചു. ‘ടെന്റ് ആണ്’ കഴിവിന്റെ പരമാവധി വിനയം ആർജിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു. ആ സമയത്തെ ഈയുള്ളവളുടെ മുഖഭാവം കണ്ടാൽ പെറ്റ തള്ള സഹിക്കുകേല. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് തർക്കുത്തരം മാത്രം പറഞ്ഞ് ശീലമുള്ള എന്നോട് ഗൾഫിലേക്കു വിമാനം കയറാൻ ഒരു ദിവസം ബാക്കി നിൽക്കുമ്പോൾ കസിൻ അലക്സ് ചേട്ടൻ വിളിച്ചു പറഞ്ഞത് ശിരസ്സാ വഹിച്ചുള്ള നിൽപാണത്. ‘‘എയർപോർട്ടിൽ ചെക്ക് - ഇൻ സമയത്ത് അവർ പലതും ചോദിക്കും. ഇമിഗ്രേഷനിൽ എത്തുമ്പോൾ ചോദിച്ചതു തന്നെ തിരിച്ചും മറിച്ചും ചോദിക്കും. ക്ഷമ കൈവിടരുത്. അവരോടു ദേഷ്യപ്പെടരുത്. ചോദിക്കുന്നതിന് ശാന്തമായി മറുപടി പറയുക. ഇല്ലെങ്കിൽ ചിലപ്പോൾ ഫ്ലൈറ്റ് വരെ മിസ് ആകും.’’
ഓസ്ട്രേലിയയിലേക്കു പോകാൻ എത്തിയ അച്ചായന്റെ കഥ
ക്ഷമ ഇല്ലാതെ പോയാൽ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് വളരെ ലളിതമായി അലക്സ് ബ്രോ വിശദീകരിച്ചത് അദ്ദേഹത്തിന് അറിയാവുന്ന ഒരു സംഭവം പറഞ്ഞു കൊണ്ടായിരുന്നു. ഓസ്ട്രേലിയയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അച്ചായനും ഭാര്യയും. പൊതുവേ ദേഷ്യക്കാരനും മറ്റുള്ളവരെ പുച്ഛിച്ചു വിടുന്ന സ്വഭാവക്കാരനുമാണ് ഈ അച്ചായൻ. മകന്റെ അടുത്തേക്കു പോകുന്നതു കൊണ്ടു തന്നെ കാപ്പിപ്പൊടി, ചായപ്പൊടി, മല്ലിപ്പൊടി തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം പൊടികളും സാധനങ്ങളും സ്വാഭാവികമായും ലഗേജിൽ ഉണ്ടായിരുന്നു. പരിശോധനയുടെ സമയത്ത് ഇതിൽ ഒരു പൊടി ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കി. സംഭവം കാപ്പിപ്പൊടിയോ അങ്ങനെ എന്തോ ആണ്. പക്ഷേ, സംശയം തോന്നിയാൽ കൂടുതൽ ചോദ്യം ചെയ്യണമല്ലോ.
അച്ചായനെ വിളിച്ച് തിരിച്ചും മറിച്ചും ചോദിക്കാൻ തുടങ്ങി. ‘‘ആ... അത് ബ്രൗൺ ഷുഗറാ, അല്ല പിന്നെ, എന്നാന്ന് വച്ചാൽ ചെയ്യ്’’ - ക്ഷമ കെട്ട അച്ചായൻ അൽപം പുച്ഛത്തിലും ദേഷ്യത്തിലും പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർക്കു ദേഷ്യമൊന്നും വന്നില്ല. ‘‘സാറ് അൽപസമയം അവിടെ ഇരിക്കൂ. ഞങ്ങൾ ഇതൊന്ന് പരിശോധിക്കട്ടെ’’ - എന്നു പറഞ്ഞു. ഏതായാലും ആ പരിശോധന കഴിഞ്ഞുവന്നപ്പോഴേക്കും രണ്ടു മണിക്കൂർ കഴിഞ്ഞു. പരിശോധനയിൽ അത് കാപ്പിപ്പൊടിയാണെന്നു കണ്ടെത്തി. അച്ചായനോടും ഭാര്യയോടും പൊയ്ക്കൊള്ളാനും ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ അപ്പോഴേക്കും അച്ചായനും ഭാര്യയ്ക്കും പോകേണ്ട വിമാനം സ്ഥലം കാലിയാക്കിയിരുന്നു. കഥയുടെ ചുരുക്കം ഇത്രേയുള്ളൂ– വിമാനത്താവളത്തിൽ അത്രയേറെ വിവേകത്തോടെയും ആത്മസംയമനത്തോടെയും വേണം പെരുമാറാൻ.
ടെന്റ് കടത്താൻ ശ്രമിച്ച ഞാൻ
ഏതായാലും എന്റെ ടെന്റ് ഒരു വൻ വിഷയമായി മാറി. ഞാൻ മരം പോലെ ഹാൻഡ് ലഗേജ് പിടിച്ചു ചെക്ക് ഇന്നിൽ നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി. അതിനു ശേഷം നിരവധി ആളുകൾ ചെക്ക് ഇൻ കഴിഞ്ഞു ലഗേജുമായി എന്നെ കടന്നു പോയി. നിർവികാരയായി ഞാൻ നിൽക്കുകയാണ്. ടെന്റ് വെച്ചിരിക്കുന്ന ബോക്സ് അഴിച്ചു കാണിക്കാൻ നിർദേശം വന്നു. ഞാൻ പതിയെ അത് അഴിച്ചു. ജനുവരിയിലെ ആ തണുപ്പുള്ള രാത്രിയിൽ, എസി യുള്ള എയർപോർട്ടിൽ എന്റെ ദേഹത്ത് വിയർപ്പു പൊടിയാൻ തുടങ്ങി. ‘എന്തു കുറ്റമാണ് ഞാൻ ചെയ്തത്. യാത്ര ക്യാൻസൽ ആയാൽ ഇനി എന്തു ചെയ്യും. എന്നെ വല്ല കരിമ്പട്ടികയിലും പെടുത്തുമോ?’ - മനസ്സിൽ നൂറുനൂറ് ആശങ്കകൾ സുനാമി പോലെ അലയടിച്ച് ഉയർന്നു. ടെന്റ് കൊണ്ടു പോകുന്നത് ഇത്ര വലിയ കുറ്റകൃത്യമാണോ? വിദേശ രാജ്യങ്ങളിൽ പോയി വന്നിട്ടുള്ള പല ബന്ധുക്കളും ടെന്റ് ഒക്കെ കൊണ്ടു വന്നിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊരു സംഭവം ഇതുവരെ കേട്ടിട്ടില്ല.
അവസാനിക്കാത്ത ചോദ്യം ചെയ്യൽ
ഏതായാലും ടെന്റ് ഉൾക്കൊള്ളുന്ന കവർ അഴിച്ചു. പച്ച നിറത്തിലുള്ള എന്റെ ടെന്റ് മടങ്ങിക്കൂടി ഇരിക്കുന്നു. അറബിയിൽ അവർ എന്തൊക്കെയോ പറയുന്നു. ചിരിക്കുന്നുമുണ്ട്. ഇത്രയും സാധുവായ ഒരു യാത്രക്കാരിയെ അവർ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഒരു ഉദ്യോഗസ്ഥ എന്റെ അടുത്തു വന്നിട്ട് ചോദിച്ചു, ‘‘ഇത് എന്തിനാ ഹാൻഡ് ലഗേജ് ആയി എടുത്തത്? എന്തുകൊണ്ട് ലഗേജിൽ വിട്ടില്ല?’’ അവർ ടെന്റ് ബോക്സിലെ സ്റ്റീൽ റോഡ് എടുത്തു കാണിച്ചിട്ട് പറഞ്ഞു. ‘‘ഇതാണ് പ്രശ്നം. ഇത്തരം സാധനങ്ങളൊന്നും ഹാൻഡ് ലഗേജിൽ അനുവദിക്കില്ല.’’ ഇനി ആവർത്തിക്കില്ലെന്ന് ഞാൻ പറഞ്ഞു. മേലാൽ ആവർത്തിച്ചേക്കരുതെന്ന് അവരും. എന്റെ ‘അയ്യോ പാവം’ പോലുള്ള നിൽപ്പ് കണ്ടതുകൊണ്ടാകാം അവർ ‘‘ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു’’ എന്ന് പറഞ്ഞു വിട്ടു. ഏതായാലും അടുത്ത തവണ പോകുമ്പോൾ ഒരു കുട പോലും ഹാൻഡ് ലഗേജിൽ കരുതില്ലെന്ന് ഞാൻ ഉറപ്പിച്ചു.