ADVERTISEMENT

ആറാമത് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്‌സ് ഫോറത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് യുനെസ്‌കോ. ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ നാൽപ്പത്തിയാറാമത് സെഷന്റെ ഭാഗമായിട്ടാണ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്‌സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. 'പൈതൃകവും സമൂഹങ്ങളും: ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരവും ഫലപ്രദവുമായ നിയന്ത്രണം' എന്നതാണ് ഇക്കുറി വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ പ്രമേയം. 

ആഗോള തലത്തിലുള്ള വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ മാനേജര്‍മാര്‍ക്കും വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ക്കും ഈ വര്‍ഷത്തെ ഫോറത്തില്‍ പങ്കെടുക്കാനാവും. ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരമായ പരിപാലനമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. പരസ്പരം വിവരങ്ങളും അനുഭവങ്ങളും കൈമാറുന്നതും സഹകരണം വ്യാപിപ്പിക്കുന്നതും രാജ്യാന്തര തലത്തിലുള്ള ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്. 

കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും അഗ ഖാന്‍ ട്രസ്റ്റ് ഫോര്‍ കള്‍ച്ചറും ഐസിസിആര്‍ഒഎം-ഐയുസിഎന്‍ വേള്‍ഡ് ഹെറിറ്റേജ് ലീഡര്‍ഷിപ്പ് പ്രോഗ്രാമും ചേര്‍ന്നാണ് ഇത്തവണത്തെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്‌സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ജൂലൈ 18 മുതല്‍ 25 വരെയാണ് ഫോറം നടക്കുക. ഏപ്രില്‍ 25 വരെയാണ് യോഗ്യരായവര്‍ക്ക് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്‌സ് ഫോറത്തില്‍ പങ്കെടുക്കാനായി അപേക്ഷിക്കാനാവുക. 

നിലവില്‍ 168 രാജ്യങ്ങളിലായി 1,199 ലോക പൈതൃക കേന്ദ്രങ്ങളുണ്ട്. പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം വഴി പാരമ്പര്യവും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ മാത്രമല്ല പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടുതല്‍ മികച്ച ജീവിത സാഹചര്യം സൃഷ്ടിക്കുകയെന്നതും പ്രാദേശിക സമൂഹങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുകയെന്നതും ലക്ഷ്യങ്ങളാണ്. പൈതൃക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സമൂഹങ്ങളെ കൂടി ഉള്‍പ്പെടുത്തി അവരുടെ കൂടി വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികളായിരിക്കും ഇത്തവണത്തെ വേള്‍ഡ് ഹെറിറ്റേജ് കണ്‍വെന്‍ഷനില്‍ പ്രധാനമായും ചര്‍ച്ചയാവുക.

English Summary:

Call for Applications: 6th World Heritage Site Managers' Forum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com