ഗുജറാത്തിലേക്ക് ഒരാഴ്ചത്തെ വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി
Mail This Article
ഗുജറാത്തിലേക്ക് വിമാനയാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി. ഏഴു രാത്രിയും എട്ട് പകലും നീളുന്ന വിമാനയാത്ര പാക്കേജ് നെടുമ്പാശ്ശേരിയിൽ നിന്നും 2024 ജൂൺ 13ന് ആരംഭിക്കും. ജൂൺ 20 വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ ഓരോ സ്ഥലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് ചരിത്രവും പുരാണവും ഒന്നിച്ചു ഒരു കുടക്കീഴിൽ എന്ന പോലെയാണ്.
പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കുന്ന സോമനാഥ് ക്ഷേത്രം, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ 600 അടിയോളം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പ്രതിമ (The Statue of Unity), കുരുക്ഷേത്രയുദ്ധത്തിനു ശേഷം പാണ്ഡവർ പണികഴിപ്പിച്ചു എന്നു വിശ്വസിക്കപ്പെടുന്ന, കടലിനാൽ അഭിഷേകം ചെയ്യപ്പെടുന്ന ശിവലിംഗ പ്രതിഷ്ഠയായ നിഷ്കളൻഗേശ്വർ ക്ഷേത്രം, കൂടാതെ കൃഷ്ണന്റെ വാസസ്ഥലമായ ദ്വാരക, പത്താമത്തെ ജ്യോതിർലിംഗമായ നാഗേശ്വര ക്ഷേത്രം എന്നിവയാണ് പട്ടികയിലെ ചില സ്ഥലങ്ങൾ. നാഗേശ്വര ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന ഒരാൾക്കു സർപ്പവിഷം ഉൾപ്പെടെ എല്ലാത്തരം വിഷങ്ങളിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
'ഗോപി താളവ്'
'ഗോപി ചന്ദൻ' എന്നറിയപ്പെടുന്ന ഗോപി താളവിന് ചുറ്റുമുള്ള മണ്ണ് വളരെ പവിത്രമായി കണക്കാക്കപ്പെടുകയും ഭക്തർ തിലകമായി ഇവിടുത്തെ മണ്ണ് ഉപയോഗിച്ചു പോരുകയും ചെയ്യുന്നു. കൃഷ്ണന്റെ വസതി എന്നറിയപ്പെടുന്ന ബേയ്റ്റ് ദ്വാരക, രുക്മിണി ദേവി ക്ഷേത്രം, പോർബന്തർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സ്മരണയ്ക്കായി നിർമിച്ച സ്മാരക ക്ഷേത്രമായ കീർത്തി മന്ദിരം, ശ്രീകൃഷ്ണനും അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തായ സുദാമയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മരണയ്ക്കായി നിർമിച്ചിരിക്കുന്ന സുദാമ ക്ഷേത്രം, കൃഷ്ണന്റെ ഭൗമിക യാത്രയുടെ അവസാനത്തെ അടയാളപ്പെടുത്തലായ ബാൽക്ക തീർഥ ക്ഷേത്രം, ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം എന്നിവയാണ് പ്രധാന സന്ദർശന കേന്ദ്രങ്ങൾ.
കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്കും തിരിച്ചു കൊച്ചിയിലേക്കും ഉള്ള വിമാനയാത്ര ടിക്കറ്റുകൾ, പ്രാദേശിക യാത്രയ്ക്കായുള്ള ശീതികരിച്ച വാഹനം, പ്രഭാത/രാത്രി ഭക്ഷണം ഉൾപ്പെടെ ശീതികരിച്ച നക്ഷത്ര ഹോട്ടലുകളിൽ താമസം, IRCTC ടൂർ മാനേജരുടെ സേവനം എന്നിവ ഉൾപ്പെടെ 34,090 രൂപ മുതൽ പരിമിതമായ സീറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക - 8287932082. സർക്കാൻ ജീവനക്കാർക്കുള്ള LTC സൗകര്യം ലഭ്യമാണ്.