കൊച്ചി കായലിൽ കറങ്ങാം 40 രൂപയ്ക്ക്, വാട്ട് എ മെട്രോ; വിഡിയോ
Mail This Article
കൊച്ചി വാട്ടർമെട്രോ, ഒരു വർഷം മുമ്പ് ആരംഭിച്ച കൊച്ചിയിലെ വാട്ടർ മെട്രോയെക്കുറിച്ച് കേൾക്കുമ്പോൾ കൊച്ചിക്കാർക്ക് വലിയ പുതുമയൊന്നും തോന്നില്ല. പക്ഷേ പറഞ്ഞു വരുന്നത് കഴിഞ്ഞ മാസം ആരംഭിച്ച പുതിയ സർവീസിനെക്കുറിച്ചാണ്. ഫോർട്ട് കൊച്ചി മുതൽ ഹൈകോർട്ട് ജംഗ്ഷൻ വരെ വെറും 40 രൂപയ്ക്ക് കൺനിറയെ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ പറ്റുന്ന കിടിലൻ സർവീസ്. കൊച്ചിയിലെ ചില പ്രധാന സ്പോട്ടുകളിലൂടെ കാഴ്ചകൾ കണ്ട് കടന്നു പോകാൻ കഴിയുമെന്നതാണ് ഫോർട്ട് കൊച്ചി–ഹൈകോർട്ട് ജംഗ്ഷൻ ജലപാതയുടെ പ്രധാന പ്രത്യേകത. വൈപ്പിൻ, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലന്റ്, തേവര ഷിപ്പ് യാർഡ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, ബോൾഗാട്ടി പാലസ്, ഇവയെല്ലാം കടന്നു വേണം ഹൈകോർട്ട് ജംഗ്ഷനിലെത്താൻ.. ഇതിനിടയിൽ തലങ്ങും വിലങ്ങും പായുന്ന ടൂറിസ്റ്റ് ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ,ചരക്കു കപ്പലുകൾ അങ്ങനെ കഴ്ചകൾ നീളുന്നു. കൊച്ചു കൂട്ടികൾ മുതൽ പ്രായമായവർ വരെ വാട്ടർമെട്രോ യാത്ര ആസ്വദിക്കാൻ എത്താറുണ്ട്. എല്ലാ ദിവസവും രാവിലെ 7.45 മുതൽ രാത്രി 8.00 വരെയുമാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്
സേഫ്റ്റി മുഖ്യം ബിഗിലെ..
കാറ്റമരൻ സംവിധാനം അഥവാ രണ്ട് എഞ്ചിനും സുരക്ഷയുമാണ് വാട്ടർ മെട്രോയുടെ പ്രത്യേകത. രണ്ടു വഞ്ചികൾ കൂട്ടി കെട്ടിയ തരത്തിലാണ് ഇതിന്റെ രൂപകൽപന. ബാറ്ററിയിലാണ് മെട്രോകൾ പ്രവർത്തിക്കുന്നത്. 100 പേർക്ക് ഒരേ സമയം ഇതിൽ യാത്ര ചെയ്യാം. അതിൽ 4 പേർ ക്യ്രൂ മെമ്പഴ്സും 96 പേർ യാത്രക്കാരും ആയിരിക്കും. സെൻട്രലൈസ്ഡ് എ സി പൊരിവെയിലത്ത് യാത്രക്കാർക്ക് ആശ്വാസമാണ്.
അതീവ സുരക്ഷയുള്ള 3 എമർജൻസി ഡോറുകളാണ് വാട്ടർ മെട്രോയിലുള്ളത്. ഇതിൽ ഒരെണ്ണം യാത്രക്കാർക്ക് പ്രവേശിക്കാനുള്ള പ്രധാന പ്രവേശന കവാടവും മറ്റ് രണ്ടെണ്ണം എമർജൻസി എക്സിറ്റുകളുമാണ്. യാത്രക്കാർ കയറി കഴിഞ്ഞാൽ പ്രധാന പ്രവേശന കവാടം അടയും. പിന്നെ അടുത്ത സ്ഥലത്തെത്തിയാൽ മാത്രമേ തുറക്കൂ. അത്യാഹിത സാഹചര്യങ്ങളിലോ ക്രൂവിൻറെ അനുവാദത്തോടു കൂടിയോ പ്രധാന പ്രവേശന കവാടം തുറക്കാം. ലൈഫ് ജാക്കറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ്, യാത്രക്കാർക്കുള്ള എമർജൻസി കോളിംഗ് സംവിധാനം, തീയണയ്ക്കാനുള്ള ഫോം ഫയർ എക്സ്റ്റിഗ്യൂഷർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. ഓരോന്നും എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് കാണിച്ചു തരുന്ന വിഡിയോ മുഴുവൻ സമയവും ഇതിൽ പ്ലേ ചെയ്തിട്ടുണ്ട്. 24 സിസിടിവി ക്യാമറകൾ ഇതിനുള്ളിലുണ്ടത്രേ. അതിൽ നാലെണ്ണം യാത്രക്കാരെ നിരീക്ഷിക്കാനാണ്.
യാത്രയും നടപടിക്രമങ്ങളും
സാധാരണ മെട്രോയിൽ കയറുമ്പോഴുള്ള നടപടിക്രമങ്ങൾ തന്നെയാണ് വാട്ടർ മെട്രോയിലും. ടിക്കറ്റ് സ്കാൻ ചെയ്ത് വേണം അകത്തു പ്രവേശിക്കാൻ. ടിക്കറ്റ് കൗണ്ടറിൽ തിരക്കാണങ്കിൽ കൊച്ചി 1 ആപ്പിലൂടെ ഓൺലൈനായി ടിക്കറ്റെടുക്കാനുള്ള സൗകര്യമുണ്ട്. ഒാൺലൈനെടുക്കുന്നവർക്ക് മൊബൈലിൽ ലഭിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അകത്ത് കടക്കാം. പക്ഷെ ഒരു സമയം ഓരാൾക്കുള്ള ടിക്കറ്റ് മാത്രമേ ഓൺലൈനിൽ എടുക്കാൻ സാധിക്കൂ. കയറും മുമ്പും ടിക്കറ്റ് പരിശോധനയുണ്ട്.
ബോട്ടിറങ്ങിക്കഴിഞ്ഞാൽ വീണ്ടും കയ്യിലെ ടിക്കറ്റ് സ്കാൻ ചെയ്തു വേണം പുറത്തിറങ്ങാൻ...
വാട്ടർ മെട്രോയിലെ യാത്ര ഒരു കിടിലൻ അനുഭവമാണ്. വാട്ടർ മെട്രോയിൽ കയറാത്ത ആരെങ്കിലും ഉണ്ടെങ്കിൽ നേരെ കൊച്ചിക്ക് വിട്ടോ.. സംഭവം പൊളിയാണ്.