ADVERTISEMENT

ഇവൻ കങ്കൽ, ശരാശരി ഉയരം 32 ഇഞ്ച്. അത് 36 ഇഞ്ച് വരെ എത്താം. അതായത് തോൾനിരപ്പിൽ മൂന്നടി പൊക്കം. തലപ്പൊക്കം കൂടി കണക്കാക്കിയാൽ നാലടി. രണ്ടുകാലിൽ നിവർത്തി നിർത്തിയാൽ ഉടമയെക്കാൾ ഉയരം. പ്രായപൂർത്തിയാകുമ്പോൾ 85 കിലോ വരെ തൂക്കം. ഇനി, ഒരു കടി തന്നാലോ? കങ്കലിന്റെ കടിയുടെ ശേഷി അതായത് ബൈറ്റ് ഫോഴ്സ് 743 പിഎസ്ഐ(psi-pounds per squre inch) എത്തും. പട്ടിയുടെ പല്ലുകൾ ഇരയിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശക്തിയാണ് പിഎസ്ഐ. നമ്മുടെ നാട്ടിൽ കടിയുടെ കാര്യത്തിൽ ‘കൊടുംഭീകര’നായി പലരും വിശേഷിപ്പിക്കുന്ന റോട്ട് വെയ്‌ലറിന്റെ പിഎസ്ഐ കങ്കലിന്റെ പകുതിയേ വരൂ; 328. കങ്കലിന്റെ കടിക്കു മുന്നിൽ റോട്ട് വെറും പയ്യൻ. കടിയുടെ കാര്യത്തിൽ കങ്കലിന്റെ മുന്നിലുള്ളത് ചെന്നായ ആണ്. 1200 പിഎസ്ഐ എത്തും ചെന്നായയുടെ കടിവീര്യം. (പാവം മനുഷ്യന്റെ കടിശേഷി 150–200 മാത്രം)

pet-dog-kangal-sq

റോട്ട് കടിച്ചാൽ തുന്നലിടാൻ പോലും ബുദ്ധിമുട്ടും എന്നു പറയാറുണ്ട്. കങ്കൽ കടിച്ചാൽ രക്തക്കുഴലുകളും എല്ലുകളുമൊക്കെ തകർന്നു തരിപ്പണമാകും. ഇങ്ങനെയൊക്കെ ആണെങ്കിലും നേരെ ചൊവ്വേ വളർത്താൻ അറിയുന്നവരുടെ കയ്യിൽ ഇണക്കത്തോടെയും സ്നേഹത്തോടെയും കഴിയുന്ന മര്യാദരാമന്മാരാണ് റോട്ടും കങ്കലുമെല്ലാം എന്നു പറയുന്നു ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കെന്നൽ നടത്തുന്ന കോലാനി പനയ്ക്കൽ വീട്ടിൽ അജിത് സുരേന്ദ്രൻ. നായവളർത്തലിൽ ഉടമയുടെ ഉത്തരവാദിത്തം വലുതാണ്. നായയോടുള്ള സ്നേഹംതന്നെയായിരിക്കണം വളർത്താനുള്ള പ്രധാന പ്രചോദനമെന്ന് അജിത്. ഒപ്പം നായമൂലം മറ്റു മനുഷ്യർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള കരുതലും പ്രധാനമാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറുള്ളവർക്കാണ് തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്ത കങ്കൽ ദമ്പതികളുടെ കുഞ്ഞുങ്ങളെ അജിത് കൈമാറുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി അമ്പതിലേറെ കങ്കൽകുഞ്ഞുങ്ങളെയാണ് അജിത് നായ്പ്രേമികൾക്കു വിറ്റത്. എല്ലായിടത്തും അങ്ങേയറ്റം ഇണക്കത്തോടെയും മര്യാദയോടെയും അവർ വളരുകയും ചെയ്യുന്നു. കേരളത്തിലെ ഒരേയൊരു കങ്കൽ ബ്രീഡർ താനായിരിക്കുമെന്ന് അജിത്. ഒരുപക്ഷേ ഇന്ത്യയിൽത്തന്നെ അപൂർവം പേർ മാത്രമെ കങ്കൽ ബ്രീഡർമാരായി കാണൂ എന്നും അജിത് പറയുന്നു. 

pet-dog-kangal-2

വമ്പൻമാർ മാത്രം

ബിഗ് ഡോഗ് കെന്നൽസ് എന്നാണ് അജിത്തിന്റെ സംരംഭത്തിന്റെ പേര്. പേരുപോലെ തന്നെ, ശരീരവലുപ്പംകൊണ്ട് അപരിചിതർക്ക് അൽപം ഉൾഭയം ഉണ്ടാക്കുന്ന നായ്ക്കളോടു തന്നെയാണ് അജിത്തിനു പ്രിയം. ആനയെ കാണുമ്പോൾ തോന്നുന്ന ഭയബഹുമാനം ആളുകൾക്കു നായയോടും തോന്നണം. സംസ്ഥാനത്തെ നായ്പ്രേമികൾക്കിടയിൽ ഇപ്പോഴത്തെ ട്രെൻഡും അതുതന്നെയെന്ന് അജിത്. വെറുതെ കുരച്ചു ബഹളം വയ്ക്കുന്നതിനു പകരം ആകാരഗാംഭീര്യംകൊണ്ട് മതിപ്പുളവാക്കുന്ന ബ്രീഡുകളോടാണ് ആളുകൾക്കും താൽപര്യം. അതുകൊണ്ടുതന്നെയാണ് കുഞ്ഞൊന്നിന് ഒന്നര ലക്ഷം രൂപ വരെ മുടക്കി വാങ്ങാൻ ആളുകളെത്തുന്നതെന്നും അജിത്. കോവിഡ് കാലത്ത് പെറ്റ്സുകൾക്ക് പൊതുവേ ഡിമാൻഡ് കുതിച്ചുയർന്ന നാളുകളിൽ 1,80,000 രൂപയ്ക്കു വരെ കങ്കൽകുഞ്ഞുങ്ങളെ വിറ്റെന്നും അജിത് പറയുന്നു. കോവിഡാനന്തരം ഒട്ടു മിക്ക ബ്രീഡുകൾക്കും വിലയിടിഞ്ഞപ്പോഴും ഇത്തരം എക്സോട്ടിക് ബ്രീ‍ഡുകൾ വിപണിയിൽ തല ഉയർത്തിനിന്നു. കങ്കലിനൊപ്പം വലുപ്പം കൂടിയ ബ്രീഡുകളായ ബുള്ളി കുത്താ, അലാബായ് ഇനങ്ങളും ബിഗ് ഡോഗ് കെന്നൽസിലുണ്ട്. 

pet-dog-bulli-kutta
ബുള്ളി കുത്ത ഇനം നായയ്‌ക്കൊപ്പം അജിത്

നാടൻതന്നെ കേമൻ

ചെന്നായ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽനിന്ന് ആട്ടിൻപറ്റങ്ങളെ സംരക്ഷിക്കാനായി പാരമ്പര്യമായി ആളുകൾ സംരക്ഷിച്ചു വരുന്ന തനത് ഇനങ്ങളിൽനിന്നുള്ള സെലക്ഷൻ ബ്രീഡുകളാണ് കങ്കലും അലബായിയും. അതുകൊണ്ടുതന്നെ നാടൻനായയുടെ സവിഷേഷതയായ രോഗപ്രതിരോധശേഷി ഇവയ്ക്കു രണ്ടിനുമുണ്ട്. മികച്ച കാവൽ നായകൂടിയായ ഇവ ഉടമയോടു നന്നായി ഇണങ്ങുകയും ചെയ്യും. എന്നാൽ നാടൻനായ്ക്കളുടെ കാര്യത്തിലെന്നപോലെ, പരിശീലിപ്പിക്കാനുള്ള ശ്രമങ്ങളോട് അത്ര താൽപര്യവുമില്ല. ഈ മൂന്നിനങ്ങളിലും നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയോട് ഏറ്റവും ഇണങ്ങുന്നത് മിതമായി മാത്രം രോമാവരണമുള്ള കങ്കൽ തന്നെ. പഞ്ചാബ്–ഹരിയാന, പാക്കിസ്ഥാൻ ഭൂപ്രദേശങ്ങളിൽനിന്നുള്ള ഇനമാണ് ബുള്ളി കുത്താ. റഷ്യ ഉൾപ്പെടുന്ന മധ്യേഷ്യൻ പ്രദേശത്തുനിന്നെത്തുന്ന അലാബായ് ഇനത്തിന് കട്ടിയേറിയ രോമാവരണമുണ്ട്. അൽപം തണുപ്പേറിയ കാലാവസ്ഥയോടാണ് അതിനു പ്രിയം. 

pet-dog-kangal-3
അലബായ് ഇനം നയയ്‌ക്കൊപ്പം അജിത് (ഇടത്ത്), കങ്കൽ ഇനം നായയ്‌ക്കൊപ്പം സുരേന്ദ്രൻ (വലത്ത്)

വീടിനോടു ചേർന്ന് നായ്ക്കൾക്കായി 2–3 സെന്റ് സ്ഥലം വേർതിരിച്ചാണ് അജിത് കൂടുകൾ ഒരുക്കിയിരിക്കുന്നത്. രണ്ടു നേരമാണ് കങ്കലിന് ഭക്ഷണം. രാവിലത്തെ മെനുവിൽ ചോറും പച്ചക്കറികളും ഇറച്ചിയുമൊക്കയുണ്ടാകും. വൈകിട്ട് മുട്ട അല്ലെങ്കിൽ ഡോഗ് ഫുഡ്. ഒന്നര വയസ്സാകുമ്പോൾ ഇണചേർക്കാം. ഒന്നിൽക്കൂടുതൽ ആകാമെങ്കിലും നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വർഷത്തിൽ ഒറ്റ പ്രസവമേ എടുക്കാറുള്ളു. ഒറ്റ പ്രസവത്തിൽ 16 വരെ കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ടെന്നും അജിത്. കങ്കൽ ഉൾപ്പെടെ മൂന്നിനത്തിനും ആവശ്യക്കാർ വർധിക്കുന്നതിനാൽ തൊടുപഴയ്ക്കടുത്തു മൂലമറ്റത്ത് മൂന്നേക്കർ സ്ഥലം സജ്ജീകരിച്ച് ‘ബിഗ് ഡോഗ്’ സംരംഭം വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് അജിത്.

ഫോൺ: 9074159127

English Summary:

The Kangal, a massive Turkish dog breed, boasts an unparalleled bite force. Kerala's only breeder, Ajith Surendran, emphasizes responsible ownership and the unique characteristics of this imposing canine.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com