അതൊന്നും ഒരിക്കലും സംഭവിക്കില്ലെന്നു കരുതി; തരംഗമായി പ്രജക്ത കോലിയുടെ ‘ടൂ ഗുഡ് ടു ബി ട്രൂ’

Mail This Article
വായനക്കാർക്കിടയിൽ പുതിയ തരംഗമായി പ്രജക്ത കോലിയുടെ നോവൽ 'ടൂ ഗുഡ് ടു ബി ട്രൂ'. അഭിനേത്രിയും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും സാമൂഹിക പ്രവർത്തകയുമായ പ്രജക്ത കോലി 2025 ജനുവരി 13നാണ് തന്റെ ആദ്യ നോവലായ 'ടൂ ഗുഡ് ടു ബി ട്രൂ' പുറത്തിറക്കിയത്. ഹാർപ്പർ ഫിക്ഷൻ ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകം, പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ ഒന്നര ലക്ഷം കോപ്പികൾ വിറ്റു കഴിഞ്ഞു.
താൻ വായിക്കുന്ന പ്രണയകഥകൾ യഥാർഥ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന അവ്നിയാണ് നോവലിലെ നായിക. പുസ്തകശാല ജീവനക്കാരിയും പ്രണയ നോവൽ പ്രേമിയുമായ അവളുടെ ജീവിതത്തിൽ അമൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുമ്പോൾ എല്ലാം മാറിമറിയുന്നു.

അവ്നിയുടെ ആന്തരിക പോരാട്ടത്തിലേക്കാണ് കഥ ആഴ്ന്നിറങ്ങുന്നത്. ഉറ്റസുഹൃത്തുക്കളുടെ ഉപദേശം അവഗണിച്ച് അമനോട് തോന്നുന്ന അടുപ്പവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്ന അവ്നി, അവളുടെ ഫാന്റസികളും യഥാർഥ ജീവിത സങ്കീർണ്ണതകളും തമ്മിൽ പോരടിക്കുന്നതിനു സാക്ഷിയാകുന്നു. 320 പേജുകളുള്ള ഈ പ്രണയകഥ രാജ്യത്തുടനീളമുള്ള വായനക്കാരുടെ ഹൃദയം കീഴടക്കി.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലുടനീളം 17 ദശലക്ഷത്തിലധികം ആരാധകരുള്ള പ്രജക്ത കോലി അറിയപ്പെടുന്നത് മോസ്റ്റ്ലിസെയ്ൻ എന്ന് പേരിലാണ്. സാമൂഹിക മാധ്യമങ്ങളിൽ നർമ്മം നിറഞ്ഞ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ നിന്ന് അഭിനയിക്കുന്നതിലേക്കുള്ള പ്രജക്തയുടെ മാറ്റം ശ്രദ്ധേയമായിരുന്നു.
നെറ്റ്ഫ്ലിക്സിന്റെ 'മിസ്മാച്ച്ഡ്', 'ജഗ്ജഗ്ഗ് ജീയോ', 'നീയത്' തുടങ്ങിയ പോജക്റ്റുകളിൽ അഭിനയിച്ച പ്രജക്ത ഇപ്പോൾ സാഹിത്യരംഗത്തും നിലയുറപ്പിച്ചിരിക്കുന്നു. പ്രണയത്തിന്റെയും സ്വയം കണ്ടെത്തലിന്റെയും ഉയർച്ച താഴ്ചകളിലൂടെയുള്ള ഒരു യാത്രയാണ് 'ടൂ ഗുഡ് ടു ബി ട്രൂ'. പ്രണയ ആരാധകർക്ക് ഈ പുസ്തകത്തെ ആനന്ദകരമായ വായനയാകും.