സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് ഉത്സാഹം, കാരണം മറ്റൊന്നുമല്ല
.jpg?w=1120&h=583)
Mail This Article
നമ്മുടെ നാട്ടിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്തുകൊണ്ടാണിത്രയും പ്രസക്തമാകുന്നത്? അതറിയാൻ ചില കണക്കുകൾ നോക്കാം. ഇന്ത്യയിലാകെ 5.93 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് 30 ശതമാനമാണ്. 25 കോടി ആളുകൾ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നു. 75 കോടിയോളം ആളുകൾ ഏർപ്പെട്ടിരിക്കുന്ന കൃഷി മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 19 ശതമാനം മാത്രം പങ്കു വഹിക്കുമ്പോൾ 25 കോടി ആളുകൾ പണിയെടുക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 30 ശതമാനം പങ്ക് വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതിനാൽ ഗ്രാമങ്ങളിൽ വളർച്ചയുടെ കുളമ്പടികൾ കേൾപ്പിക്കുവാൻ കൂടുതലായി സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങുവാനും അവയെ പരിപോഷിപ്പിച്ച് നിർത്തുവാനും വേണ്ട രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളും സർക്കാർ നയങ്ങളും ഇടപെടലുകളും വേണം എന്ന് പറയുന്നത് ഇതിനാലാണ്.
കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ എങ്ങനെ സഹായകരമാകും?
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് 2025 - 26 ലെ കേന്ദ്ര ബജറ്റിൽ ചില സവിശേഷ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് ഇപ്പോൾ നൽകുന്ന ക്രെഡിറ്റ് ഗാരന്റി 5 കോടിയിൽ നിന്ന് 10 കോടിയാക്കി ഉയർത്തി. പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കാണെങ്കിൽ ഇത് 20 കോടി ആണ്. ബാങ്ക് വായ്പയ്ക്ക് ഈട് നൽകാൻ കഴിയാത്ത സംരംഭകർക്ക് ഇത് വലിയ സഹായമാകും. കയറ്റുമതിക്ക് ഊന്നൽ നൽകുന്ന സംരംഭകർക്ക് ഉള്ള വായ്പ തുക 20 കോടിയാക്കി. ഉദ്യം പോർട്ടലിൽ (Udhyam Portal) റജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ സംരംഭകർക്ക് 5 ലക്ഷം രൂപ വരെ വായ്പ നൽകുന്ന ക്രെഡിറ്റ് കാർഡ് നൽകും. സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ മാത്രം 10,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്നും വരുന്ന പുതിയ സംരംഭകർക്ക് രണ്ടു കോടി രൂപ വരെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നൽകും. ചെരുപ്പ്, തുകൽ തുടങ്ങിയ കൂടുതൽ ആളുകൾക്കു തൊഴിൽ നൽകുന്ന സംരംഭങ്ങളെ സപ്പോർട്ട് ചെയ്യുന്ന സവിശേഷമായ പാക്കേജുകൾ ഉണ്ടാകും. ഇത്തരം സംരംഭങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനും തൊഴിൽ അവസരങ്ങൾ ഉയർത്തുവാനും ഉള്ള സഹായങ്ങൾ ചെയ്യും. ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കും വിധം പദ്ധതികൾ കൊണ്ടുവരും. ഇന്ത്യയെ ആഗോള കളിപ്പാട്ട ഹബ് ആക്കി മാറ്റും. സോളാർ സെല്ലുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകും. 2.5 കോടി തുക വരെ നിക്ഷേപമുള്ള, 10 കോടി വരെ വിറ്റുവരവുള്ള സംരംഭങ്ങൾ ഇനി മുതൽ സൂക്ഷ്മ സംരംഭങ്ങളായും, 25 കോടി വരെ നിക്ഷേപവും 100 കോടി വരെ വിറ്റുവരവുമുള്ള സംരംഭങ്ങൾ ചെറുകിട സംരംഭങ്ങളായും 125 വരെ നിക്ഷേപവും 500 കോടി വരെ വിറ്റുവരവുള്ള സംരംഭങ്ങൾ ഇടത്തരം സംരംഭങ്ങളായും കണക്കാക്കും.
ബാങ്കുകൾ എങ്ങനെ കാണുന്നു?

ബാങ്ക് വായ്പകൾ നൽകാൻ ഏറ്റവും അനുയോജ്യമായ മേഖലയാണ് ഇത്. വായ്പ തുക ചെറുതായിരിക്കുകയും കൂടുതൽ ആളുകളിലേക്ക് വായ്പ നൽകാനും കഴിയുമ്പോൾ ബാങ്കുകളുടെ വായ്പയുടെ റിസ്ക് (credit risk) കുറഞ്ഞിരിക്കും. അതുപോലെ ധാരാളം വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് വായ്പ നൽകാൻ കഴിയുന്നതുവഴി കൂടുതൽ തുക ഒരേ തരം വ്യവസായത്തിന് മാത്രം നൽകുന്നത് വഴിയുള്ള റിസ്കും (concentration risk) കുറയും. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകുന്നത് വലിയ കമ്പനികൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കിനേക്കാൾ ഉയർന്ന നിരക്കിലാണ്. ഇത് വഴി ബാങ്കുകളുടെ പലിശ വരുമാനവും (interest income) അറ്റ പലിശ മാർജിനും (Net interest margin) കൂടും. ഈ സ്ഥാപനങ്ങളുടെ കറന്റ് അക്കൗണ്ട് അടക്കമുള്ള ബാങ്ക് അക്കൗണ്ടുകൾ നിക്ഷേപ സമാഹരണത്തിന് സഹായിക്കും. വായ്പ നൽകുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പള അക്കൗണ്ടുകൾ വായ്പ നൽകുന്ന ബാങ്കിൽ വയ്ക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ തൊഴിലാളികളുടെ ശമ്പള അക്കൗണ്ടുകൾ തുറക്കുന്നത് വഴി ബാങ്കുകൾക്ക് ധാരാളം പുതിയ ഇടപാടുകാരെയും കുറഞ്ഞ പലിശ നിരക്കിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും ലഭിക്കും. ഈ ഇടപാടുകാർക്ക് ഭവന - വാഹന - വ്യക്തിഗത വായ്പകൾ നൽകാൻ കഴിയും. അവരുടെ ഇൻഷുറൻസ് ആവശ്യങ്ങൾ, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ബാങ്ക് വഴി നിറവേറ്റുമ്പോൾ ഫീസ് ഇനത്തിൽ ബാങ്കുകൾക്ക് വരുമാനം ലഭിക്കും. അതിനാൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരെ ഏറ്റവും പ്രിയപ്പെട്ട, പ്രധാനപ്പെട്ട വിഭാഗമായിട്ടാണ് ബാങ്കുകൾ കാണുന്നത്.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ് kallarakkalbabu@gmail.com
അഭിപ്രായങ്ങൾ വ്യക്തിപരം