ഇരട്ടഗോളോടെ നിയാനെ, അബലാഡോ; മുഖ്യപരിശീലകനെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ഗോകുലത്തിന് തകർപ്പൻ ജയം (6–3)

Mail This Article
കോഴിക്കോട്∙ അറബിക്കടലിലെ തിരമാലകൾ പോലെ ഗോളുകൾ ഇരുകരകളിലേക്കും വീശിയടിച്ച മത്സരം. ഐ ലീഗിൽ ഗോളുകളുടെ വേലിയേറ്റമുണ്ടായ ഈ രാത്രിയെ ഓർത്ത് ഗോകുലത്തിന് അഭിമാനിക്കാം. 6–3ന് ഡൽഹി എഫ്സിയെ തോൽപ്പിച്ച് ഐ ലീഗിൽ ഗംഭീര തിരിച്ചുവരവാണ് സ്വന്തം മൈതാനത്ത് ഗോകുലം നടത്തിയത്. ഗോകുലത്തിനായി അഡാമ നിയാനെ (21, 54), നാച്ചോ അബലാഡോ (57, 75) എന്നിവർ ഇരട്ടഗോൾ നേടി. മാർട്ടിൻ ഷാവെസ് (13), രഞ്ജിത് സിങ് (90+9) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഡൽഹിക്കായി ജി.ഗയാരി (മൂന്ന്), ഹൃദയ ജയിൻ (64), സ്റ്റീഫൻ ബിനോങ് (81) എന്നിവരും ലക്ഷ്യം കണ്ടു.
ഐ ലീഗിലെ മോശം പ്രകടനത്തെതുടർന്ന് സ്പാനിഷ് മുഖ്യപരിശീലകൻ അന്റോണിയോ റുവേദയെ ഗോകുലം കേരള കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സഹപരിശീലകനായിരുന്ന ടി.എ.രഞ്ജിത്തിന്റെ പരിശീലനത്തിലാണ് ഗോകുലം കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാംമിനിറ്റിൽ ആദ്യഗോളടിച്ച് ഡൽഹി എഫ്സി ചെറുതായൊന്നു ഞെട്ടിച്ചു. കുതിച്ചുകയറിവന്ന സ്ട്രൈക്കർ സ്റ്റീഫൻ ബിനോങ്ങിന്റെ പാസ് ഗോകുലം ഗോളി ഷിബിൻരാജിനെ മറികടന്ന് ഡൽഹിയുടെ മുന്നേറ്റനിരതാരം ജി.ഗയാരി ഗോളാക്കി മാറ്റി. പക്ഷേ പത്തുമിനിറ്റ് തികയുംമുൻപ് ഗോകുലം തിരിച്ചടിച്ചു. വീണുപോയിടത്തുനിന്ന് ഉയിർത്തെഴുന്നേറ്റു വന്ന ഗോളായിരുന്നു അത്.
എൽ. അബെലാഡോ നൽകിയ പാസുമായി ബോക്സിന്റെ ഇടതുകോർണറിലേക്ക് ഓടിക്കയറിയ വി.പി.സുഹൈർ വെട്ടിത്തിരിഞ്ഞ് മാർട്ടിൻ ഷാവേസിനു പന്തുകൈമാറി. പന്തു കാലിൽ കിട്ടിയെങ്കിലും നാലു പ്രതിരോധതാരങ്ങൾക്കിടയിൽ തലയ്ക്കു തട്ടേറ്റ് ഷാവേസ് വീണു. കൃത്യമായ ഫൗൾ ആയതിനാൽ ഷാവേസിന് ഒരു പെനാൽറ്റിക്കായി അപേക്ഷിക്കാവുന്ന അവസരമായിരുന്നു. പക്ഷേ വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റ ഷാവേസ് പന്ത് വലയിലേക്ക് തൊടുത്തു. പന്ത് പോസ്റ്റിൽതട്ടി വലയ്ക്കകത്തേക്ക്. ഗോകുലം 1–1ന് സമനില പിടിച്ചു.
21–ാം മിനിറ്റിൽ അഡാമാ നിയാനേയുടെ കിടിലൻ ഹെഡ്ഡറിലൂടെ ഗോകുലത്തിന്റെ രണ്ടാംഗോൾ പിറന്നു. പന്തുമായെത്തിയ കെ.അഭിജിത്ത് വലതുവിങ്ങിലൂടെ കയറിവന്ന നാചേ അബലാഡോയ്ക്ക് പാസ് നൽകി. അബലാഡോ പോസ്റ്റിനുമുന്നിലേക്കു നീട്ടിയടിച്ച പന്ത് അഡാമാ നിയാനേ തലകൊണ്ട് തട്ടി വലയിലാക്കി (2–1).
45–ാം മിനിറ്റിൽ ഗോകുലത്തിനുമുന്നിലുണ്ടായ കൂട്ടിയിടിയിൽ മൂന്നുകളിക്കാരാണ് താഴെവീണത്. പരുക്കേറ്റ് ഗോകുലത്തിന്റെ സെബാസ്റ്റ്യൻ സോ സ്ട്രെച്ചറിൽ പുറത്തേക്ക് പോയി. പകരക്കാരനായി ബിബിൻ അജയൻ ഇറങ്ങി. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ നാലാംമിനിറ്റിൽ പോസ്റ്റിനുമുന്നിലേക്ക് ലഭിച്ച പന്ത് വലയിലാക്കാൻ അഡാമാ നിയാനേയ്ക്ക് കഴിഞ്ഞില്ല.
54–ാം മിനിറ്റിൽ അഡാമാ നിയാനേയുടെ രണ്ടാംഗോൾ പിറന്നു. ബോക്സിന്റെ വലതുവശത്തുകൂടി ഷാവേസ് നൽകിയ പാസ് നാലു പ്രതിരോധ താരങ്ങൾക്കിടയിലൂടെ അഡാമാ നിയാനേ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഇതോടെ ഗാലറിയിൽ മലബാർ ബറ്റാലിയ ആഘോഷം തുടങ്ങി (3–1).
രണ്ടു മിനിറ്റ് തികയുംമുൻബേ എൽ.അബെലാഡോയുടെ കിടിലൻ ഗോൾ പിറന്നു. അഡാമാ നിയാനേ നൽകിയപാസുമായി ഇടതുവശത്തുകൂടി അബെലാഡോ കയറിവന്നു. 57ാം മിനിറ്റിൽ അബെലാഡോയെ തടുക്കാൻ മുന്നോട്ടുകയറിവന്ന ഗോളി മുവൻസംഗ വീണുപോയി. അബെലാഡോയുടെ കിക്ക് പോസ്റ്റിനകത്തേക്ക് തുളഞ്ഞുകയറുകയും ചെയ്തു. ഇതോടെ ഗാലറിയിൽ ‘‘ഇന്ത നടൈ പോതുമാ.. ഇന്ന കൊഞ്ചം വേണമാ...’’ പാടി ആരാധകർ ആഘോഷത്തിനു മുറുക്കംകൂട്ടി. സീസണിൽ അബെലാഡോയുടെ ഏഴാംഗോളാണിത് (4–1).
പകരക്കാരാനായി ഇറങ്ങിയ പത്തൊൻപതുവയസ്സുകാരൻ ഹൃദയ ജെയിൻ നിമിഷങ്ങൾക്കകം ഡൽഹിക്കുവേണ്ടി ഗോൾ നേടി. 62ാം മിനിറ്റിൽ ബോക്സിലേക്ക് വന്ന പന്ത് വലതുകാലുകൊണ്ട് പോസ്റ്റിലേക്ക് തിരിച്ചുവിട്ട ഹൃദയ സീസണിൽ രണ്ടാംഗോളാണ് നേടിയത് (4–2). 64–ാം മിനിറ്റിൽ അഡാമാ നിയാനേയ്ക്കുപകരം സിനിസ സ്റ്റാനിസാവിച്ച് കളത്തിലെത്തി. 75–ാം മിനിറ്റിൽ അബെലാഡോയുടെ രണ്ടാംഗോൾ പിറന്നു. അകലങ്ങളിൽനിന്ന് വി.പി.സുഹൈർ നീട്ടിയടിച്ചു നൽകിയ പന്ത് അബെലാഡോ ബോക്സിനകത്തുനിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. സീസണിൽ അബെലാഡോയുടെ എട്ടാംഗോളാണിത് (5–2).
80–ാം മിനിറ്റിൽ ബോക്സിലേക്ക് കുതിച്ചുവന്ന സ്റ്റീഫൻ ബിനോങ്ങിനെ തടയാൻ ഗോകുലത്തിന്റെ പ്രതിരോധതാരങ്ങൾക്കായില്ല. മൈതാനത്ത് കുത്തിപ്പൊന്തിയ പന്ത് രണ്ടു ഗോകുലം താരങ്ങൾക്കിടയിൽനിന്ന് കാലുകൊണ്ട് കുത്തി ബിനോങ് ഗോളാക്കി മാറ്റി (5–3). അവസാനനിമിഷം പകരക്കാരനായി ഇറങ്ങിയ രഞ്ജിത്ത് സിങിന്റെ ലോങ് റേഞ്ചർ ഗോളോടുകൂടിയാണ് കളി അവസാനിച്ചത്. പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് രഞ്ജിത്ത് സിങ് നീട്ടിയടിച്ച ഗോൾ വലയ്ക്കകത്തേക്ക് കയറിയത് ഇൻജറി ടൈമിന്റെ ഒൻപതാം മിനിറ്റിലാണ് (6-3).
റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ‘‘അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്’’ എന്നു പാടിയാർത്ത് ഗാലറിയിൽ ആരാധകരുടെ ആവേശം അലതല്ലി.