എട്ട് ദിവസം തുടർന്ന തകർച്ച, പിന്നെ ആശ്വാസമുന്നേറ്റം, ഒമ്പതാം ദിനത്തിൽ പച്ച തൊട്ട് ഇന്ത്യൻ വിപണി
.jpg?w=1120&h=583)
Mail This Article
കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയെന്നോണം വീണ്ടും കനത്ത നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് ആശ്വാസ മുന്നേറ്റം നേടി നേട്ടത്തിൽ ക്ളോസ് ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി എട്ട് ദിവസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി തുടർന്നും ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.
ആദ്യ മണിക്കൂറിൽ 22725 പോയിന്റ് വരെ വീണ നിഫ്റ്റി അവസാന മണിക്കൂറിൽ 22974 പോയിന്റ് വരെ മുന്നേറിയ ശേഷം 30 പോയിന്റ് നേട്ടത്തിൽ 22959 ലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 57 പോയിന്റ് നേട്ടത്തിൽ 75996 ലും ക്ളോസ് ചെയ്തു.
ഫാർമയ്ക്കൊപ്പം, ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകൾ നേട്ടം കുറിച്ചപ്പോൾ ഒരു വർഷത്തെ ഏറ്റവും മോശം നിരക്കിനടുത്ത് വരെയെത്തിയ റിയൽറ്റി സെക്ടർ ഇന്ന് നഷ്ടമൊഴിവാക്കി. ഐടി, ഓട്ടോ, എഫ്എംസിജി സെക്ടറുകൾക്കൊപ്പം നിഫ്റ്റി നെക്സ്റ്റ്-50യും, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും 0.2% നഷ്ടം കുറിച്ചു.
ഇനി എങ്ങോട്ട് ?
പ്രതീക്ഷിച്ചത് പോലെ നേട്ടത്തിൽ വ്യാപാരം ആരംഭിക്കാനായില്ലെങ്കിലും 22700-22800 മേഖലയിൽ മികച്ച പിന്തുണ നേടാനായത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. എങ്കിലും 23000 പോയിന്റിലെയും, 23280 പോയിന്റിലെയും തുടർ കടമ്പകളും പിന്നിട്ട് 200ഡിഎംഎ ആയ 23584 പോയിന്റും പിന്നിട്ടാലെ ഇന്ത്യൻ വിപണി 'കരടിപ്പിടി'യിൽ നിന്നും രക്ഷപ്പെടൂ.
സൂചിക ഫ്യൂച്ചറുകളിൽ 80%ൽ കൂടുതൽ ഷോർട്ട് പൊസിഷനുകൾ സൂക്ഷിക്കുന്നതും കൃത്യമായ വില്പന തുടരുന്നതും വഴി മാസങ്ങളായി ഇന്ത്യൻ വിപണിയെ സമ്മർദ്ദത്തിൽ നിർത്താൻ കഴിഞ്ഞ വിദേശ ഫണ്ടുകൾ വീണ്ടും വില്പന തുടർന്നേക്കാമെന്നതാണ് വിപണിയുടെ ആശങ്കയും.

അദാനിക്കെതിരായ ഹിൻഡൻബെർഗ് ആരോപണങ്ങൾ മുതലാണ് ഇന്ത്യൻ വിപണിയുടെ കടിഞ്ഞാൺ റീറ്റെയ്ൽ നിക്ഷേപകരുടെ പക്കൽ നിന്നും വിദേശഫണ്ടുകൾ കൈക്കലാക്കിയത്. കോവിഡ് കാലഘട്ടത്തിലാണ് ഇന്ത്യൻ റീറ്റെയ്ൽ നിക്ഷേപകർ വിപണിയുടെ നേതൃത്വം കൈയടക്കിയത്.
തുടക്കമിട്ടത് ഫാർമ
വെള്ളിയാഴ്ച വലിയ തിരുത്തൽ നേരിട്ട ഫാർമ സെക്ടറാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് തുടക്കമിട്ടത്. ഫാർമ സെക്ടർ 1.27% മുന്നേറി 21, 076 പോയിന്റിൽ ക്ളോസ് ചെയ്തു.
ട്രംപിന്റെ താരിഫ് കെണിക്ക് പുറമെ ഫാർമ, ചിപ്പ് മേഖലകളെ അമേരിക്കയിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമം നടത്തുമെന്നും ഡോണൾഡ് ട്രംപ് സൂചിപ്പിച്ചതും ഫാർമ സെക്ടറിന് ആശങ്കയാണ്. എങ്കിലും പുതിയ സാഹചര്യങ്ങളെ നേരിടാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതികളൊരുക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
ഓട്ടോ വീഴ്ച
മഹീന്ദ്ര & മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന് ആദ്യ ദിനത്തിൽ തന്നെ 30,000 ബുക്കിങ് ലഭിച്ചത് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഓഹരി ഇന്ന് 4% വരെ നഷ്ടത്തിലേക്ക് വീണത് ഓട്ടോ സെക്ടറിനും തിരുത്തൽ നൽകി.
അമേരിക്കൻ കാറുകളുടെ ഇറക്കുമതിക്ക് മേലുള്ള 70% താരിഫ് ഇളവ് നേടി ടെസ്‌ല അടക്കമുള്ള വിദേശ വാഹനങ്ങൾ ഇന്ത്യയിലേക്കെത്തുമെന്ന ഭയവും ഇന്ത്യൻ ഇലക്ട്രിക് വാഹന ഓഹരികൾക്ക് സമ്മർദ്ദം നൽകിയേക്കും. ഒലേക്ട്രാ ഗ്രീൻ ടെക്ക്, ജെബിഎം ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ് മുതലായ ഓട്ടോ ഓഹരികളും ഇന്ന് നഷ്ടം കുറിച്ചു.
അമേരിക്കയ്ക്ക് അവധി
ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തന്നെയാണ് തുടരുന്നത്.
.jpg)
ജോർജ് വാഷിങ്ടണിന്റെ ജന്മദിനത്തിൽ അമേരിക്കൻ വിപണിക്ക് ഇന്ന് അവധിയാണ്. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഈയാഴ്ച അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
സ്വർണം
അമേരിക്കൻ ഡോളറും ബോണ്ട് യീൽഡും ക്രമപ്പെടുന്നത് സ്വർണ വിലയെ സ്വാധീനിക്കും. രാജ്യാന്തര സ്വർണവില 2910 ഡോളറിലാണ് വ്യാപാരം തുടരുന്നത്. യൂബിഎസ് സ്വർണത്തിന് 3200 ഡോളർ ലക്ഷ്യം കുറിച്ചു.
ക്രൂഡ് ഓയിൽ
ഇന്ന് ഏഷ്യൻ വിപണി സമയത്ത് ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 75 ഡോളറിലേക്ക് കയറി. ട്രംപ് താരിഫുകളും, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയും ക്രൂഡ് ഓയിൽ വിലയെ ക്രമമായി നിർത്തുമെന്നുമാണ് വിപണിയുടെ അനുമാനം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക