മലയാളിയുമായി കൈകോർത്ത് അദാനി; വരുന്നൂ ഇന്ത്യയിലെമ്പാടും ലോകോത്തര സ്കൂളുകൾ, മകന്റെ ‘വിവാഹ സമ്മാനം’

Mail This Article
മലയാളിക്കൊപ്പം കൈകോർത്ത് ഇന്ത്യയിലെമ്പാടും ലോകോത്തര നിലവാരമുള്ള സ്കൂളുകൾ തുറക്കാൻ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് (Adani Group) ചെയർമാനുമായ ഗൗതം അദാനി (Gautam Adani).
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂളുമായ ജെംസ് എജ്യുക്കേഷനുമായി (GEMS Education) കൈകോർത്ത് അദാനി ഫൗണ്ടേഷനാണ് (Adani Foundation) സ്കൂളുകൾ നിർമിക്കുക. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്ക് (CSR) നേതൃത്വം വഹിക്കുന്നത് അദാനി ഫൗണ്ടേഷനാണ്.
മലയാളി വ്യവസായിയും ശതകോടീശ്വരനുമായ സണ്ണി വർക്കിയുടെ (Sunny Varkey) ഉടമസ്ഥതയിലുള്ളതാണ് 60 വർഷത്തിലേറെ പാരമ്പര്യമുള്ള ജെംസ് എജ്യുക്കേഷൻ. ഗൾഫിലും ആഫ്രിക്കയിലുമായി 60ലേറെ സ്കൂളുകൾ ജെംസിനുണ്ട്. 1.3 ലക്ഷത്തിലധികം വിദ്യാർഥികളുമുണ്ട്.
നിക്ഷേപം 2,000 കോടി; മകന്റെ വിവാഹ സമ്മാനം
ഇളയ മകൻ ജീത് അദാനിയുടെ (Jeet Adani) വിവാഹത്തോട് അനുബന്ധിച്ച് അദാനി പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ സിഎസ്ആർ പദ്ധതികളുടെ ഭാഗമാണ് ജെംസ് എജ്യുക്കേഷനുമായി ചേർന്ന് സ്കൂളുകൾ നിർമിക്കുന്ന പദ്ധതി.

2,000 കോടി രൂപയാണ് ഇതിനായി അദാനി ഫൗണ്ടേഷൻ നൽകുക. കുറഞ്ഞത് 20 സ്കൂളുകളെങ്കിലും നിർമിക്കും. 10,000 കോടി രൂപയിൽ 6,000 കോടി രൂപ ആശുപത്രികൾ സ്ഥാപിക്കാനും 2,000 കോടി രൂപ നൈപുണ്യ വികസന (Skill Development) പദ്ധതികൾക്കായുമാണ് അദാനി ഫൗണ്ടേഷൻ ചെലവിടുന്നത്.
പിന്നാക്ക വിഭാഗക്കാർക്ക് ലോകോത്തര വിദ്യാഭ്യാസം
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ജെംസ് എജ്യുക്കേഷനുമായി കൈകോർത്ത് അദാനി ഒരുക്കുന്ന അദാനി ജെംസ് സ്കൂൾ ഓഫ് എക്‌സലൻസിന്റെ ലക്ഷ്യം (Adani GEMS School of Excellence). ആദ്യ സ്കൂൾ 2025-26 അക്കാദമിക വർഷത്തിൽ ഉത്തർപ്രദേശിലെ ലക്നൗവിൽ ആരംഭിച്ചേക്കും.

അടുത്ത 3 വർഷത്തിനകം ഇന്ത്യയിലെമ്പാടുമായി കിൻഡർഗാർട്ടൻ (KG) മുതൽ 12-ാം ക്ളാസ് വരെയുള്ള 20 സ്കൂളുകളെങ്കിലും (K-12 Schools) സ്ഥാപിക്കാനാണ് ശ്രമം. പ്രധാന നഗരങ്ങൾക്ക് പുറമേ ചെറു പട്ടണങ്ങളിലും സ്കൂൾ തുറക്കും. സിബിഎസ്ഇ സിലബസുള്ള സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ചെയ്യും. ഇവർക്ക് ഫീസുണ്ടാകില്ല.
സമൂഹത്തിലെ എല്ലാവർക്കും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന പ്രതിബദ്ധതയാണ് ജെംസുമായി സഹകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൗതം അദാനി എക്സിൽ കുറിച്ചു. സാമൂഹിക ഉത്തരവാദിത്തമുള്ള വരുംതലമുറയെ വാർത്തെടുക്കുകയാണ് അദാനിയുമായി സഹകരിച്ച് സ്കൂളുകൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെംസ് എജ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി പറഞ്ഞു.
യുഎഇ, ഖത്തർ, ഈജിപ്റ്റ് എന്നിവിടങ്ങളിലായി 60ഓളം സ്കൂളുകൾ ജെംഎസ് എജ്യുക്കേഷനുണ്ട്. ഇന്ത്യൻ കരിക്കുലത്തിന് പുറമേ ബ്രിട്ടീഷ്, അമേരിക്കൻ, ഐബി, ഈജിപ്ഷ്യൻ കരിക്കുലങ്ങളുമുണ്ട്. സണ്ണി വർക്കിയുടെ പിതാവ് കെ.എസ്. വർക്കിയാണ് 1959ൽ സ്കൂളുകൾക്ക് തുടക്കമിട്ടത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business