വരുന്നൂ, പുതിയ ‘മഹാത്മ ഗാന്ധി സീരീസ്’ 50 രൂപാ നോട്ട്; പഴയ നോട്ടിന് എന്തു സംഭവിക്കും?

Mail This Article
റിസർവ് ബാങ്ക് 50 രൂപയുടെ പുത്തൻ നോട്ട് ഉടൻ പുറത്തിറക്കും. മഹാത്മ ഗാന്ധി (ന്യൂ) സീരിസിലാണ് പുതിയ നോട്ടും എത്തുകയെന്നും ഇതിൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും ഉണ്ടാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഡിസംബറിൽ വിരമിച്ച ശക്തികാന്ത ദാസിനു പകരക്കാരനായാണ് റിസർവ് ബാങ്കിന്റെ 26-ാം ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റത്.

മൽഹോത്രയുടെ കൈയൊപ്പ് പതിയുന്ന ആദ്യ 50 രൂപാ നോട്ടുകളാണ് ഉടൻ പ്രചാരത്തിലേക്ക് എത്തുക. പുതിയ നോട്ടിന്റെ രൂപകൽപനയ്ക്ക് നിലവിലെ നോട്ടിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവിലുള്ള 50 രൂപാ നോട്ടുകളുടെ പ്രചാരം തുടരുകയും ചെയ്യും.

കറൻസി നോട്ടുകളുടെ പുതിയ പതിപ്പുകൾ ഇറക്കുകയെന്നത് റിസർവ് ബാങ്കിന്റെ സാധാരണ നടപടിക്രമം മാത്രമാണ്. സഞ്ജയ് മൽഹോത്രയുടെ കൈയൊപ്പുണ്ടാകുമെന്നാണ് ഇത്തവണത്തെ പ്രത്യേകത.

ഇനിയും വരാനുണ്ട് 2,000 രൂപാ നോട്ട്
2,000 രൂപാ നോട്ടുകൾ 2023 മേയ് 19ന് റിസർവ് ബാങ്ക് പിൻവലിച്ചിരുന്നു. ജനങ്ങൾക്ക് കൈവശമുള്ള നോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിച്ച് പകരം മറ്റു നോട്ടുകൾ വാങ്ങാനുള്ള സാവകാശം 2023 ഒക്ടോബർ 7 വരെയും അനുവദിച്ചിരുന്നു. നിലവിലും ഇവ റിസർവ് ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട റീജ്യണൽ ഓഫീസുകൾ വഴി മാറ്റിയെടുക്കാം.

പിൻവലിക്കുംമുമ്പ് 2,000ന്റെ മൊത്തം 3.56 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഇതിനകം 98.15% റിസർവ് ബാങ്കിൽ തിരിച്ചെത്തി. ഇനിയും വരാനുള്ളത് 6,577 കോടി രൂപ മതിക്കുന്ന നോട്ടുകൾ. അതേസമയം 2,000ന്റെ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുക മാത്രമാണ് റിസർവ് ബാങ്ക് ചെയ്തത്. അവ മറ്റു നോട്ടുകൾ പോലെതന്നെ പ്രചാരത്തിൽ ഉപയോഗിക്കുന്നതിന് ഇപ്പോഴും വിലക്കില്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business