ADVERTISEMENT

ഓഹരി വിപണിയുടെ സമീപകാല തകർച്ചകൾ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്. ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻ‌ഡിൽ നിന്ന് മലക്കംമറിഞ്ഞ് ജനുവരിയിൽ മ്യൂച്വൽഫണ്ടിലെ മലയാളിപ്പണം വൻതോതിൽ ചോർന്നു.

Image : iStock/solidcolours and iStock/Ekaterina Grebeshkova
Image : iStock/solidcolours and iStock/Ekaterina Grebeshkova

കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം (AUM) ഡിസംബറിലെ 87,894.26 കോടി രൂപയിൽ നിന്ന് 85,901.54 കോടി രൂപയായാണ് കുറഞ്ഞത്. നഷ്ടം 1,992.72 കോടി രൂപ. നവംബറിൽ 85,595 കോടി രൂപയായിരുന്ന മൊത്തനിക്ഷേപമായിരുന്നു ഡിസംബറിൽ 87,000 കോടി രൂപയ്ക്കു മുകളിലെത്തിയത്. കോവിഡനന്തരം ഓരോ മാസവും റെക്കോർഡ് തകർത്തുയരുകയായിരുന്ന മലയാളി നിക്ഷേപമാണ് 2025ൽ റിവേഴ്സ് ഗിയറിലായത്.

കൂടുതൽ തിരിച്ചടി ഇക്വിറ്റിയിൽ

ഓഹരി വിപണിയിലെ ആശങ്കകളാണ് മലയാളികളെയും പിൻവലിയാൻ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. മ്യൂച്വൽഫണ്ടിൽ ഏറ്റവുമധികം മലയാളി നിക്ഷേപമുള്ള വിഭാഗമായ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലാണ് (Equity Oriented) ജനുവരിയിൽ കൂടുതൽ നഷ്ടമുണ്ടായത്. ഡിസംബറിലെ 66,268.91 കോടി രൂപയിൽ നിന്ന് 64,440 കോടി രൂപയായി ഇടിഞ്ഞു.  ഡിസംബറിൽ 3,000 കോടിയോളം രൂപയുടെ വർധന നേടിയശേഷമാണ് ജനുവരിയിലെ ഇടിവെന്നതും ശ്രദ്ധേയം.

mf-14-

യു.എസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവും തുടർന്ന് അദ്ദേഹം സ്വീകരിച്ച വ്യാപാരനയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ വിതച്ച ആശങ്കകളും ഓഹരി വിപണികൾക്കും തിരിച്ചടിയായിരുന്നു. മ്യൂച്വൽഫണ്ടിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (SIP) നിർത്തലാക്കുന്ന അനുപാതം (SIP toppage ratio) ജനുവരിയിൽ 109 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരുന്നു.

ഡിസംബറിൽ ഇത് 82.73% മാത്രമായിരുന്നു; കഴിഞ്ഞ സെപ്റ്റംബറിൽ 60.72 ശതമാനവും. അതായത്, നിക്ഷേപകർക്കിടയിൽ ആശങ്ക ശക്തമെന്നും സ്ഥിതിഗതികൾ അനുകൂലമാുംവരെ വിട്ടുനിൽക്കാമെന്നും അവർ ചിന്തിക്കുന്നതായി ഇതു വ്യക്തമാക്കുന്നു. സമാന മനോഭാവം മലയാളികൾക്കുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞമാസം കേരളത്തിൽ നിന്നുള്ള മ്യൂച്വൽഫണ്ട് എയുഎമ്മിലെ ഇടിവും.

മറ്റു ഫണ്ടുകളുടെ സ്ഥിതി

കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (liquid schemes) നിക്ഷേപം ഡിസംബറിലെ 5,442 കോടി രൂപയിൽ നിന്നുയർന്ന് 6,306 കോടി രൂപയായി. വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് ഓവർസീസ് നിക്ഷേപം 414.36 കോടി രൂപയിൽ നിന്ന് 416.7 കോടി രൂപയായി മെച്ചപ്പെട്ടു.

Representational Image. Image credit: Andrii Yalanskyi/iStockPhoto
Representational Image. Image credit: Andrii Yalanskyi/iStockPhoto

ഗോൾഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (gold etf) നിക്ഷേപം 238.99 കോടി രൂപയായിരുന്നത് 253.11 കോടി രൂപയിലെത്തി. മറ്റ് ഇടിഎഫ് നിക്ഷേപം 1,141.15 കോടി രൂപയിൽ നിന്ന് 1,158.11 കോടി രൂപയായി. ഫണ്ട് ഓഫ് ഫണ്ട്സ് ഡൊമസ്റ്റിക് നിക്ഷേപവും 1,081 കോടി രൂപയിൽ നിന്നുയർന്ന് 1,104 കോടി രൂപയായി. അതേസമയം, മറ്റ് ഇടിഎഫ് സ്കീമുകളിലെ നിക്ഷേപം 7,413 കോടി രൂപയിൽ നിന്ന് 6,543.54 കോടി രൂപയായി ഇടിഞ്ഞു. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലേത് (balanced schemes) 6,975 കോടി രൂപയിൽ നിന്ന് 6,823 കോടി രൂപയിലേക്കും കുറഞ്ഞു.

സമ്പത്ത് സൃഷ്ടിക്കാൻ മലയാളി

ചിട്ടി, സ്വർണം, എഫ്ഡി, ഭൂമി എന്നിങ്ങനെ പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്ന് ഓഹരി, മ്യൂച്വൽഫണ്ട് എന്നിങ്ങനെ പുത്തൻകാല നിക്ഷേപങ്ങളിലേക്ക് കേരളീയർ ചുവടുവച്ചത് കോവിഡനന്തരമാണ്. മ്യൂച്വൽഫണ്ട്, എസ്ഐപി, സമ്പത്ത് സൃഷ്ടിക്കൽ (wealth creation) എന്നിവ സംബന്ധിച്ച അവബോധവും വർധിച്ചതു കോവിഡ്, ലോക്ക്ഡൗൺ കാലഘട്ടത്തിലായിരുന്നു.

Photo:istockphoto/lakshmiprasad s
Photo:istockphoto/lakshmiprasad s

ഒരു ദശാബ്ദം മുമ്പ് 8,400 കോടി രൂപയായിരുന്നു മ്യൂച്വൽഫണ്ടിലെ കേരള എയുഎം. 2019ൽ ഇത് 25,000 കോടി രൂപ കടന്നു. കോവിഡിനുശേഷമായിരുന്നു നിക്ഷേപവളർച്ചയുടെ സുവർണകാലം. 2023ൽ നിക്ഷേപമൂല്യം 60,000 കോടി രൂപയും കഴിഞ്ഞവർഷം 85,000 കോടി രൂപയും ഭേദിച്ചു. 2025ൽ ഇതു ഒരുലക്ഷം കോടി രൂപയെന്ന നിർണായക നാഴികക്കല്ല് തകർക്കുമെന്ന് കരുതിയിരിക്കേയാണ്, വർഷത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടിയായി നിക്ഷേപമൂല്യത്തിലെ വീഴ്ച.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com