ട്രംപിന്റെ താരിഫ് പിടിവാശി! 8-ാം നാളിലും വീണു വിപണി; അദാനി, ഫാർമ ഓഹരികൾക്ക് വീഴ്ച, നിഫ്റ്റി 23,000ന് താഴെ

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘താരിഫ് പിടിവാശി’ (Tariff war) സൃഷ്ടിക്കുന്ന ആഗോള വ്യാപാരയുദ്ധപ്പേടി (trade war), ഇന്ത്യൻ ഓഹരികളെ തുടർച്ചയായി പിടിച്ചുലയ്ക്കുന്നു. എട്ടാംനാളിലും നഷ്ടത്തിലേക്കു വീണ സെൻസെക്സിന്റെ (sensex) ഇന്നത്തെ വീഴ്ച വ്യാപാരാന്ത്യത്തിൽ 199 പോയിന്റ് (-0.26%).
ഒരുഘട്ടത്തിൽ സെൻസെക്സ് 949 പോയിന്റ് ഇടിഞ്ഞിരുന്നു. സെൻസെക്സിനേക്കാൾ നഷ്ടമാണ് ഇന്നു നിഫ്റ്റി (nifty) നുണഞ്ഞത്; 0.44 ശതമാനം. സെൻസെക്സ് 76,388ൽ വ്യാപാരം ആരംഭിച്ച് തുടക്കത്തിൽ 76,483 വരെ കയറിയെങ്കിലും പൊടുന്നനെ റിവേഴ്സ് ഗിയറിലായി. 75,439 വരെ താഴ്ന്നശേഷമാണ് വൈകിട്ടോടെ നഷ്ടം കുറച്ച് 75,939ൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 23,096ൽ ആരംഭിച്ച് 23,133 വരെ കയറിയശേഷം 22,774 വരെ താഴ്ന്നു. വ്യാപാരം നിർത്തിയത് 102 പോയിന്റിടിഞ്ഞ് 22,774ൽ.
ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക്, പ്രസിഡന്റായി ചുമതലയേറ്റയുടൻ ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിൽ മെക്സിക്കോയ്ക്കും കാനഡയ്ക്കും ഒരുമാസത്തെ സവകാശം നൽകിയ ട്രംപ്, ചൈനയ്ക്ക് ഈ ആനുകൂല്യം അനുവദിച്ചില്ല. അതോടെ, ചൈന യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധത്തിന് അതോടെ തിരശീല ഉയർന്നു. അടങ്ങാതെയിരുന്ന ട്രംപ്, പിന്നീട് യുഎസിലേക്കുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കും 25% തീരുവ പ്രഖ്യാപിച്ചു. ഇതു ചൈനയ്ക്കു മാത്രമല്ല, കാനഡ, യൂറോപ്യൻ യൂണിയൻ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയവയ്ക്കും തിരിച്ചടിയാണ്.

എന്നിട്ടും കലി തീരാഞ്ഞ്, ട്രംപ് ഇപ്പോൾ ‘തിരിച്ചടി താരിഫ് ഭീഷണി’യുമായി (reciprocal tariff) രംഗത്തെത്തിയതുമാണ് ആഗോതലത്തിൽ ഓഹരി വിപണികളെ വലയ്ക്കുന്നത്. യുഎസ് ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്കുമേൽ അതേ നികുതി തിരിച്ച് ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത്, ഇന്ത്യക്ക് കനത്ത ആഘാതമാകും.
യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലെ കൂടിക്കാഴ്ചയിൽ, ഇന്ത്യയുമായുള്ള തീരുവ ഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തിരിച്ചടി താരിഫ് ഏപ്രിലോടെ മാത്രമേ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന സൂചന നൽകിയതും ഓഹരി വിപണികളിൽ പിന്നീട് നഷ്ടത്തിന്റെ ആക്കംകുറയ്ക്കാൻ വഴിയൊരുക്കി.
വീണുടഞ്ഞ് ഫാർമ, അദാനി ഓഹരികൾ
ഇന്ത്യൻ മരുന്നു നിർമാണക്കമ്പനികളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് അമേരിക്ക. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ തിരിച്ചടി താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ഫാർമ കമ്പനികൾക്കാണ് കൂടുതൽ പ്രതിസന്ധിയാകുക. ഇതോടെ, ഫാർമ കമ്പനികളുടെ ഓഹരികൾ (pharma stocks) ഇന്നു വിൽപനസമ്മർദ്ദത്തിൽ മുങ്ങുകയായിരുന്നു. വിശാല വിപണിയിലും നിഫ്റ്റി ഫാർമ സൂചിക 2.87% താഴെപ്പോയി. സൺഫാർമ ഓഹരികൾ ഇന്നു 2.40% ഇടിഞ്ഞു.

അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം (Adani Group Shares) ചുവന്ന കാഴ്ചയും ഇന്നു കണ്ടു. ശ്രീലങ്കയിലെ കാറ്റാടിപ്പാടം, ഊർജ പദ്ധതികളിൽ നിന്നുള്ള പിന്മാറ്റം, ഗുജറാത്തിൽ കാറ്റാടിപ്പാടത്തിനുള്ള അനുമതി സംബന്ധിച്ചുയർന്ന വിവാദം, ബംഗാളിൽ അദാനിക്കു കരാർ ലഭിച്ച താജ്പുർ ആഴക്കടൽ തുറമുഖം സംബന്ധിച്ച് നിയമോപദേശം തേടുമെന്ന മുഖ്യമന്ത്രി മമ്താ ബാനർജിയുടെ അഭിപ്രായം എന്നിവയുടെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ വീഴ്ച.
നിഫ്റ്റി50ൽ 4.63% താഴ്ന്ന് അദാനി പോർട്സാണ് (Adani Ports) നഷ്ടത്തിൽ ഒന്നാമത്. ബെൽ (BEL) 4.42%, അദാനി എന്റർപ്രൈസസ് 4.26% എന്നിങ്ങനെ ഇടിഞ്ഞ് തൊട്ടടുത്തുണ്ട്. സെൻസെക്സിലും അദാനി പോർട്സ് 4.20% താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തി. അൾട്രാടെക് 2.47 ശതമാനവും സൺഫാർമ 2.40 ശതമാനവും ഇൻഡസ്ഇൻഡ് ബാങ്ക് 2.40 ശതമാനവും നഷ്ടത്തോടെ തൊട്ടുപിന്നാലെയുണ്ട്.
നേട്ടത്തിലേറിയവർ
ബ്രിട്ടാനിയയാണ് 0.95 ശതമാനം ഉയർന്ന് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ. ഐസിഐസിഐ ബാങ്ക് (+0.81%), നെസ്‍ലെ ഇന്ത്യ (+0.76%), ഇൻഫോസിസ് (0.53%), എച്ച്സിഎൽ ടെക് (+0.50%) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. സെൻസെക്സിൽ 0.90% നേട്ടവുമായി നെസ്‍ലെ ഒന്നാമതെത്തി. ഐസിഐസിഐ ബാങ്കാണ് 0.80% ഉയർന്ന് രണ്ടാമത്.
നഷ്ടം രുചിച്ച് ഇവരും
ആഗോള, ആഭ്യന്തര പ്രതികൂലാന്തരീക്ഷം മാത്രമല്ല, മോശം ഡിസംബർപാദ പ്രവർത്തനഫലവും പല കമ്പനികളുടെയും ഓഹരികളിൽ നിന്ന് വിറ്റൊഴിഞ്ഞ് പിന്മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. സെൻകോ ഗോൾഡ് ഓഹരി ഇന്ന് 20% വരെ ഇടിഞ്ഞു. ഡിസംബർപാദ ലാഭം 69.3% ഇടിഞ്ഞതാണ് മുഖ്യതിരിച്ചടി. ദീപക് നൈട്രേറ്റ് ഓഹരി ഇന്ന് 15% ഇടിഞ്ഞതും ഡിസംബർപാദ ലാഭം 50% കുറഞ്ഞ പശ്ചാത്തലത്തിൽ.
കേരളം ആസ്ഥാനമായ ഫാക്ടിന്റെ (FACT Share price) ഓഹരിവിലയും ഇന്നു 8% താഴ്ന്നു. കമ്പനി മൂന്നാംപാദത്തിൽ കുറിച്ചത് 8 കോടി രൂപ ലാഭം. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 74% കുറവ്. കോൺകോർഡ് ബയോടെക് ഓഹരിയും ഇന്ന് 20% ഇടിഞ്ഞത്, ഡിസംബർപാദ ലാഭം 2.19% കുറഞ്ഞ പശ്ചാത്തലത്തിലാണ്.

വോഫോൺ-ഐഡിയ ഓഹരിവില ഇന്ന് 5.32% ഇടിഞ്ഞ് 8.18 രൂപയായി. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കുടിശിക തയാറാക്കിയതിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്പനികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതും സ്പെക്ട്രം ഫീസിനത്തിൽ 6,090 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മാർച്ച് 10നകം കെട്ടിവയ്ക്കണമെന്ന ടെലികോം മന്ത്രാലയത്തിന്റെ നിർദേശവും തിരിച്ചടിയാവുകയായിരുന്നു.
ചുവപ്പണിഞ്ഞ് വിശാല വിപണി
വിശാല വിപണിയിൽ ഇന്ന് എല്ലാ ഓഹരി വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി മീഡിയ 3.40% ഇടിഞ്ഞ് നഷ്ടത്തിൽ നമ്പർ വൺ ആയി. നിഫ്റ്റി ഫാർമ 2.87%, ഹെൽത്ത്കെയർ 2.46%, മെറ്റൽ 1.79%, റിയൽറ്റി 1.74%, ഓട്ടോ 1.23%, ഓയിൽ ആൻഡ് ഗ്യാസ് 1.45% എന്നിങ്ങനെ ഇടിഞ്ഞു. നിഫ്റ്റി മിഡ്ക്യപ് 2.41 ശതമാനവും സ്മോൾക്യപ് 3.55 ശതമാനവും താഴ്ന്നു.

തുടർച്ചയായ 8-ാം നാളിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 2 വർഷത്തിനിടെ തുടർച്ചയായി ഇത്രയും ദിവസം നഷ്ടത്തിലാകുന്നത് ആദ്യം. നിഫ്റ്റിയുള്ളത് നിലവിൽ സർവകാല റെക്കോർഡിൽ നിന്ന് 13% താഴ്ന്നാണ്.
വിപണിമൂല്യം 5 ട്രില്യനു താഴെ
സെൻസെക്സിലെ നിക്ഷേപക സമ്പത്ത് അഥവാ കമ്പനികളുടെ സംയോജിത വിപണിമൂല്യം 2024 ജൂണിനുശേഷം ആദ്യമായി 5 ലക്ഷം കോടി (5 ട്രില്യൻ) ഡോളറിനു താഴെയായി. ഇന്നു വ്യാപാരം അവസാനിച്ചപ്പോൾ 7.07 ലക്ഷം കോടി രൂപ കൊഴിഞ്ഞ് 400.19 ലക്ഷം കോടി രൂപയാണ് (4.61 ട്രില്യൻ ഡോളർ) മൂല്യം.

ഫെബ്രുവരി 5നുശേഷം ഇതുവരെ നഷ്ടം 27 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ മൂല്യം 475 ലക്ഷം കോടി രൂപയ്ക്കടുത്തായിരുന്നു. വിദേശനിക്ഷേപം വൻതോതിൽ കൊഴിയുന്നതും വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ജനുവരിയിൽ 87,374 കോടി രൂപയും ഈമാസം ഇതുവരെ 24,888 കോടി രൂപയുമാണ് ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് പിൻവലിച്ചത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business