റീപ്പോ കുറച്ച് റിസർവ് ബാങ്ക്; ബാങ്ക് എഫ്ഡിയുടെ പലിശയും കുറയും, നിക്ഷേപകർ എന്തു ചെയ്യണം?
Mail This Article
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചത് ബാങ്ക് വായ്പാ ഇടപാടുകാർക്ക് നേട്ടമാണെങ്കിലും സ്ഥിരനിക്ഷേപം (എഫ്ഡി) വഴി നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. പ്രധാനമായും വിശ്രമജീവിതം നയിക്കുന്ന, മുതിർന്ന പൗരന്മാരാണ് എഫ്ഡിയെ വൻതോതിൽ ആശ്രയിക്കുന്നത്. റീപ്പോ കുറഞ്ഞതിനാൽ എഫ്ഡിയുടെ പലിശനിരക്കും വൈകാതെ ബാങ്കുകൾ കുറയ്ക്കും. അവർ ഇനി എന്താണ് ചെയ്യേണ്ടത്?
എത്ര കുറയും എഫ്ഡി പലിശ?
ഓരോ ബാങ്കും എഫ്ഡിക്ക് നിക്ഷേപ കാലയളവിന് (tenure of deposit) അനുസരിച്ച് വ്യത്യസ്ത പലിശനിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് ഇത് നിലവിൽ ശരാശരി 7-8.8 ശതമാനമാണ്. ചില ചെറു ബാങ്കുകൾ (small finance banks) 9 ശതമാനത്തിലധികം പലിശയും നൽകുന്നുണ്ട്.
നിലവിൽ 10 ലക്ഷം രൂപയുടെ എഫ്ഡി നിങ്ങൾക്കുണ്ടെന്ന് കരുതുക, വാർഷിക പലിശനിരക്ക് 7.5 ശതമാനമെങ്കിൽ വാർഷിക നേട്ടം 75,000 രൂപയായിരിക്കും. നിലവിൽ റീപ്പോനിരക്ക് 0.25% കുറച്ചതിന് ആനുപാതികമായി വാർഷിക പലിശനിരക്കും താഴും. അതോടെ, വാർഷിക നേട്ടത്തിൽ 2,500 രൂപ കുറയും.
എങ്ങനെ മറികടക്കാം?
എഫ്ഡിയുടെ പലിശനിരക്ക് കുറയുന്നത് മൂലമുള്ള വരുമാനനഷ്ടം ഒഴിവാക്കാൻ മാർഗങ്ങളുണ്ട്. ഒന്ന്, നിങ്ങളുടെ നിലവിലെ എഫ്ഡി മെച്യൂരിറ്റി കാലയളവിന് മുമ്പ് പിഴയില്ലാതെ പിൻവലിക്കാനാകുന്നതാണോ (premature withdrawals) എന്ന് പരിശോധിക്കുക. അതു സാധ്യമെങ്കിൽ, ആ എഫ്ഡി അവസാനിപ്പിച്ചശേഷം കൂടുതൽ പലിശകിട്ടുന്ന എഫ്ഡിയിലേക്ക് തുക മാറ്റുക. ഒപ്പം, പലിശനിരക്ക് ‘ലോക്ക്’ ചെയ്യാനും ശ്രദ്ധിക്കണം. ഇങ്ങനെ ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ലോക്ക് ചെയ്താൽ, പിന്നീട് റീപ്പോനിരക്കിലുണ്ടാകുന്ന വ്യത്യാസം പലിശയെ ബാധിക്കില്ല. നിക്ഷേപ കാലത്തുടനീളം ഒരേ പലിശനിരക്ക് തന്നെ തുടരും. അതേസമയം, ഒന്നോർക്കുക, പിന്നീട് റീപ്പോ കൂട്ടിയാലും നിങ്ങളുടെ പലിശ മാറില്ല. അതായത്, റീപ്പോ കൂടുന്നതു വഴിയുള്ള ഉയർന്ന പലിശ നിങ്ങൾക്ക് കിട്ടില്ല. എന്നാൽ, 2025ൽ റീപ്പോ ഇനിയും കുറയാനാണ് സാധ്യത എന്നിരിക്കെ, ലോക്ക് ചെയ്യുന്നതാണ് ഗുണകരം.
രണ്ടാമത്തെ മാർഗം, നിലവിലെ എഫ്ഡി പിൻവലിച്ച് കൂടുതൽ പലിശ (റിട്ടേൺ) കിട്ടുന്ന മറ്റ് പദ്ധതികളിലേക്ക് മാറുകയാണ്. ഡെറ്റ് മ്യൂച്വൽഫണ്ട്, കോർപ്പറേറ്റ് കടപ്പത്രങ്ങൾ (ബോണ്ടുകൾ), ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ELSS), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നിവ പ്രയോജനപ്പെടുത്താം.
ഉപയോഗിക്കാം മൾട്ടിപ്പിൾ എഫ്ഡി
വൻതുക ഒറ്റ എഫ്ഡിയായി ഇടുന്നതിനു പകരം, വിവിധ ബാങ്കുകളിലായി ഒന്നിലധികം എഫ്ഡിയിൽ ചേരുന്നത് ഗുണം ചെയ്യും. ഇവിടെ രണ്ടു നേട്ടങ്ങൾ കൂടിയുണ്ട്. ഒന്ന്, എഫ്ഡി പലിശവരുമാനത്തിനുമേൽ ഈടാക്കുന്ന സ്രോതസ്സിൽ നിന്നുള്ള നികുതിഭാരം (TDS) ഒഴിവാക്കാം. നിലവിൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 50,000 രൂപയ്ക്കുമേലുള്ള പലിശ വരുമാനത്തിനാണ് ടിഡിഎസ് പിടിക്കുന്നത്. 60ന് താഴെ പ്രായക്കാർക്ക് പരിധി 40,000 രൂപയും. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പരിധി മുതിർന്ന പൗരന്മാർക്ക് ഒരുലക്ഷം രൂപയും മറ്റുള്ളവർക്ക് 50,000 രൂപയുമാക്കിയിട്ടുണ്ട്.
മറ്റൊരു നേട്ടം എഫ്ഡിക്കുമേലുള്ള ഇൻഷുറൻസ് പരിരക്ഷയാണ്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ (DICGC) പരമാവധി 5 ലക്ഷം രൂപവരെയാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വിവിധ ബാങ്കുകളിലായി നിങ്ങളുടെ നിക്ഷേപം, ഈ പരിധിക്കുള്ളിൽ നിലനിർത്തിയാൽ ഇൻഷുറൻസ് പരിരക്ഷയും നേടാം. ഒരു ബാങ്കിൽ പരമാവധി 5 ലക്ഷം രൂപയെന്നതാണ് പരിധി; ഓരോ എഫ്ഡിക്കും 5 ലക്ഷം രൂപ എന്നല്ല.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
