വ്യക്തിഗത ആദായ നികുതി: വരുമാനം 12 ലക്ഷം രൂപയിൽ കൂടിയാലും നേടാം റിബേറ്റ് ആനുകൂല്യം

Mail This Article
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റിൽ ഏറ്റവും ശ്രദ്ധ നേടിയയത് വ്യക്തിഗത നികുതി ഘടനയിലും റിബേറ്റിലും വരുത്തിയ മാറ്റങ്ങളാണ്. കഴിഞ്ഞ ബജറ്റിലെ പോലെ തന്നെ പുതിയ നികുതി സമ്പ്രദായത്തിലുള്ളവർക്കു മാത്രമാണ് നികുതിഘടനയിലെ മാറ്റവും ആനുകൂല്യവും പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 2 വർഷങ്ങളായി പഴയ നികുതി സമ്പ്രദായത്തിൽ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ആത്യന്തികമായി പഴയ നികുതി സമ്പ്രദായം നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയായിരിക്കണം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്തതെന്ന് അനുമാനിക്കാം.
12,70,588 വരെ റിബേറ്റിന്റെ ആനുകൂല്യം
കേന്ദ്ര ബജറ്റിൽ നിർദേശിച്ച ആനുകൂല്യത്തിൽ ഏറ്റവും ശ്രദ്ധനേടിയത് റിബേറ്റിൽ വരുത്തിയ മാറ്റമാണ്. 2025-26 സാമ്പത്തിക വർഷം മുതൽ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപവരെ ആണെങ്കിൽ നികുതിദായകന്, നികുതി ബാധ്യതയിൽ നിന്ന് പരമാവധി 60,000 രൂപ അഥവാ മുഴുവൻ നികുതി ബാധ്യതയും റിബേറ്റ് ആയി കിഴിവുനേടാം. ചുരുക്കത്തിൽ പ്രതിമാസം ഒരുലക്ഷം രൂപവരെ വരുമാനമുള്ളവർ അടുത്ത സാമ്പത്തിക വർഷം മുതൽ നികുതി അടക്കേണ്ടതില്ല. ഈ റിബേറ്റ് ആനുകൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം വരെ (പുതിയ നികുതി സമ്പ്രദായത്തിൽ) നികുതി വിധേയ വരുമാനം 7 ലക്ഷം രൂപയ്ക്കുവരെ ആയിരുന്നു.

ശമ്പള വരുമാനക്കാരുടെ 75,000 രൂപ വരെയുള്ള സ്റ്റാൻഡേഡ് ഡിഡക്‌ഷന്റെ ആനുകൂല്യം കൂടി പരിഗണിക്കുമ്പോൾ 12,75,000 രൂപ വരെ ശമ്പള വരുമാനമുള്ള ഒരു വ്യക്തിക്ക് ഇനിമുതൽ ആദായനികുതി അടയ്‌ക്കേണ്ടതില്ലെന്നത് ആശാവഹമാണ്.
എന്നാൽ, പഴയ നികുതി സമ്പ്രദായത്തിൽ റിബേറ്റ് വഴിയുള്ള കിഴിവ്, നികുതി വിധേയ വരുമാനം 5 ലക്ഷം രൂപവരെ ആണെങ്കിൽ മാത്രമാണ്. ചുരുക്കത്തിൽ 12,500 രൂപയാണ് പഴയ നികുതി സമ്പ്രദായത്തിൽ റിബേറ്റ് ആയി നികുതിദായകനു കിഴിവു ലഭിക്കുക.
എന്നാൽ, ഈ റിബേറ്റിന്റെ ആനുകൂല്യം ആദായനികുതി നിയമത്തിൽ പറയുന്ന പ്രത്യേക നിരക്കുകളുടെ കീഴിൽ വരുന്ന മൂലധന നേട്ട ലാഭം ഉൾപ്പെടെയുള്ള വരുമാനത്തിന് ബാധകമല്ല.
ആനുകൂല്യം തദ്ദേശ ഇന്ത്യക്കാർക്കു മാത്രം
റിബേറ്റിന്റെ ആനുകൂല്യം പുതിയ നികുതി സമ്പ്രദായത്തിൽ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും വ്യക്തികളുടെ കൂട്ടായ്മ അഥവാ അസോസിയേഷൻ ഓഫ് പഴ്സൻസ് (സഹകരണ സംഘങ്ങൾ ഒഴികെ), വ്യക്തികളുടെ സംഘങ്ങൾ തുടങ്ങിയവർക്കും അനുവദിച്ചിട്ടുണ്ട്. പഴയ നികുതി സമ്പ്രദായത്തിൽ റിബേറ്റിന്റെ ആനുകൂല്യം വ്യക്തികൾക്ക് മാത്രമാണു ലഭിക്കുക. എന്നാൽ 2 സമ്പ്രദായത്തിലും വ്യക്തികൾ തദ്ദേശ ഇന്ത്യക്കാർ (റെസിഡന്റ്) ആയിരിക്കണം.
നാമമാത്ര നികുതി ഇളവ്
നികുതിദായകന്റെ വരുമാനം റിബേറ്റ് കണക്കാക്കിയുള്ള വരുമാനത്തിൽ (12,00,000) നിന്ന് ചെറിയ തോതിൽ കൂടിയാൽ റിബേറ്റിന്റെ ആനുകൂല്യം പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ഈ അപാകത 2023 ധനകാര്യ നിയമം അംഗീകരിച്ചപ്പോൾ പരിഹരിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് 12,10,000 രൂപ നികുതി വിധേയ വരുമാനം വരുന്ന ഒരു വ്യക്തിയുടെ നികുതി ബാധ്യത 61,500 രൂപയാകാം.

എന്നാൽ, നാമമാത്ര ഇളവിന് ശേഷം (മാർജിനൽ റിലീഫ്) 10,000 രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വരൂ. അതായത്, 12,10,000 രൂപ വരുമാനമുള്ളവർക്ക് നികുതിയോ (61,500), 12 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനമോ (10,000) ഏതാണോ കുറവ്, ആ തുക മാത്രം അടച്ചാൽ മതി. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണത്തിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാണ് (എല്ലാം രൂപയിൽ).

ഈ ഉദാഹരണത്തിൽ 12,70,588 രൂപ വരെയുള്ള മൊത്തവരുമാനത്തിനു മാത്രമേ നാമമാത്ര നികുതി ആനുകൂല്യത്തിന്റെ പ്രയോജനമുള്ളു എന്നു കാണാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business