പൊരുത്തം നോക്കിയപ്പോൾ വരന്റെ ‘സിബിൽ സ്കോർ’ മോശം; വിവാഹത്തിൽ നിന്ന് പിന്മാറി വധുവിന്റെ കുടുംബം

Mail This Article
കല്യാണാലോചനയുടെ ഭാഗമായി ജാതകപ്പൊരുത്തം നോക്കുന്നത് പതിവ്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ‘സിബിൽ സ്കോർ’ പൊരുത്തം നോക്കിയപ്പോൾ വരന്റെ അവസ്ഥ തീരെ മോശം. ഫലമോ, വിവാഹം വേണ്ടെന്നു വച്ച് വധുവിന്റെ കുടുംബം. ജാതക പൊരുത്തം നോക്കുന്നതിനിടെ, വധുവിന്റെ അമ്മാവനാണ് വരന്റെ സിബിൽ സ്കോർ കൂടി പരിശോധിക്കാമെന്ന് പറഞ്ഞത്. സാമ്പത്തികസ്ഥിതി മനസ്സിലാക്കാമല്ലോ എന്ന അമ്മാവന്റെ അഭിപ്രായത്തെ മറ്റുള്ളവർ പിന്താങ്ങി.

തുടർന്ന്, പരിശോധിച്ചപ്പോൾ സ്കോർ വളരെ കുറവ്. പുറമേ, കടക്കെണിയും. മഹാരാഷ്ട്രയിലെ മുർത്തിജാപൂരിൽ നടന്ന സംഭവം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ഒന്നിലേറെ വായ്പകൾ എടുത്തിട്ടുള്ള വരന്റെ സാമ്പത്തികസ്ഥിതി അത്ര ഭദ്രമല്ലെന്ന് മനസ്സിലായതോടെയാണ് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. നിലവിൽ തന്നെ വലിയ കടബാധ്യതയുള്ള ഒരാൾക്ക് എങ്ങനെ വിവാഹശേഷം കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റമെന്നും റിപ്പോർട്ടിലുണ്ട്.
എന്താണ് സിബിൽ സ്കോർ? വായ്പ തേടുന്നവരുടെ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണമെന്ന് ബാങ്കുകൾ പറയുന്നത് എന്തുകൊണ്ട്? വിശദാംശങ്ങൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം.
ക്രെഡിറ്റ് സ്‌കോർ: കടമെടുപ്പിന്റെ സ്കോർ ബോർഡ്
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business