ADVERTISEMENT

തിരക്കേറിയ എറണാകുളം-ബെംഗളൂരു റൂട്ടില്‍ ആശ്വാസമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിനു നഷ്ടമായേക്കും. മാസങ്ങളായി കൊല്ലം റെയില്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ സ്‌പെഷല്‍ ട്രെയിനായി ഓടിയതോടെയാണ് വന്ദേഭാരത് നഷ്ടമാവുമോ എന്ന ആശങ്ക ഉയരുന്നത്. ഈ റൂട്ടിലെ തിരക്കു കുറക്കാനാണ് വന്ദേ ഭാരത് സ്‌പെഷല്‍ ട്രെയിനായി ഓടിച്ചതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം. 

നേരത്തെയും എറണാകുളം- ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത് ചെന്നൈ-മൈസൂരു റൂട്ടിലേക്കു മാറ്റി. ഇതിനു ശേഷം കൊല്ലത്തേക്കു കൊണ്ടുവന്ന വന്ദേ ഭാരത് റാക്ക്(ട്രെയിന്‍) ആണ് ഇപ്പോള്‍ മംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഇപ്പോള്‍ വന്ദേ ഭാരത്‌ ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള സൗകര്യം എറണാകുളം മാര്‍ഷലിങ് യാഡിലുണ്ട്. അതുകൊണ്ടു നിലവില്‍ എറണാകുളത്തു നിന്നും വന്ദേഭാരത് സര്‍വീസുകള്‍ ആരംഭിക്കാനാവും. എന്നിട്ടും ലോക്കോ പൈലറ്റ് ക്ഷാമവും മറ്റു പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് വന്ദേഭാരത് സര്‍വീസ് ആരംഭിക്കാതിരിക്കുകയാണ് ദക്ഷിണ റെയില്‍വേ ചെയ്തത്. 

എറണാകുളം -ബെംഗളൂരു വന്ദേ ഭാരത് ഓടിക്കാനായി തയ്യാറാക്കിയ ടൈംടേബിളില്‍ ബെംഗളൂരു -എറണാകുളം സര്‍വീസ് രാത്രി 11.30ന് പുറപ്പെട്ട് രാവിലെ എട്ടിന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. വന്ദേഭാരത് ചെയര്‍കാര്‍ കോച്ചുകള്‍ രാത്രി സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വ്യക്തത വരുത്താതെ സര്‍വീസ് നടത്താനാവില്ലെന്നാണ് വന്ദേഭാരത് തുടങ്ങാന്‍ വൈകുന്നതിന്റെ കാരണമായി പറഞ്ഞിരുന്നത്. 

പ്ലാറ്റ്‌ഫോം ലഭ്യത പ്രശ്‌നം ഉണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് ദക്ഷിണ റെയില്‍വേ കേരളത്തിലേക്കുള്ള പുതിയ ട്രെയിനുകളുടെ ശുപാര്‍ശകള്‍ ബെംഗളൂരു ഡിവിഷന്‍ തള്ളിയത്. എന്നാല്‍, മധുര-ബെംഗളൂരു വന്ദേഭാരതിന് ഇതേ ബെംഗളൂരു ഡിവിഷന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതോടെ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്കുള്ള അവഗണനയാണിതിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. 

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നിരവധി റെയില്‍വേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിന് തടസമാവുന്നതെന്ന ആരോപണവുമുണ്ട്. ദക്ഷിണ റെയില്‍വേ അധികൃതരുടെ പിടിപ്പുകേടു മൂലം കേരളത്തിന് കുറഞ്ഞത് രണ്ട് വന്ദേഭാരത് ട്രെയിനുകളെങ്കിലും നഷ്ടമായെന്നാണ് യാത്രികരുടെ പരാതി. 

English Summary:

Ernakulam-Bengaluru Vandebharat: Delayed Dreams for Kerala Commuters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com