ദീപാവലി - ദസറ അവധിക്കാല വിമാനയാത്രാ പാക്കേജുകളൊരുക്കി ഐആർസിടിസി
Mail This Article
ഭാരത സർക്കാറിന്റെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസി ടിസി). റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആതിഥ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒപ്പം തന്നെ ആഭ്യന്തര, അന്തർദേശീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ട് കൂടിയാണ് ഇത് രൂപീകൃതമായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഭ്യന്തര, വിദേശ ടൂറുകൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഐആർസിടിസി ദീപാവലി - ദസറ അവധിക്കാലം പ്രമാണിച്ച് അത്യാകർഷകമായ പുതിയ ടൂർ പാക്കേജുകളുമായി എത്തിയിരിക്കുകയാണ്.
∙ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനയാത്രാ പാക്കേജുകൾ
ഭുവനേശ്വർ, കൊണാർക്ക്, പുരി: ഒഡീഷ സംസ്ഥാനത്തിലെ പൈതൃക കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും കോർത്തിണക്കി ഭുവനേശ്വർ, ചിൽക്ക തടാകം, കൊണാർക്ക്, പുരി എന്നിവിടങ്ങൾ സന്ദർശിക്കുന്ന 6 ദിവസത്തെ ടൂർ പാക്കേജ് 2024 ഡിസംബർ 01 ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 48100 രൂപ മുതൽ.
ഹിമാലയത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ സിക്കിം - ഡാർജിലിങ് യാത്ര. ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സ്ഥിതിചെയ്യുന്ന പശ്ചിമ ബംഗാളിലെ മനോഹര ഭൂമികയായ ഡാർജിലിങ്, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നും ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയ ദൃശ്യങ്ങളാൽ സമ്പന്നവുമായ സിക്കിം എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഈ ടൂർ പാക്കേജ് നവംബർ 19 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു. 6 ദിവസത്തെ ഈ പാക്കേജിലൂടെ കാലിംപോങ്, ഗ്യാങ്ടോക്ക്, ഡാർജിലിങ് തുടങ്ങിയ സ്ഥലങ്ങളിലെ അത്ഭുതാവഹമായ കാഴ്ച്ചകൾ ആസ്വദിക്കാവുന്നതാണ്. ടിക്കറ്റ് നിരക്ക് 55650 രൂപ മുതൽ. (ഫോൺ – 8287932082)
∙ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനയാത്രാ പാക്കേജുകൾ
ആൻഡമാൻ: വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും ഒരു പോലെ പ്രിയപ്പെട്ട ദ്വീപുസമൂഹമായ ആൻഡമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോർട്ട് ബ്ലെയർ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ് ലോക്ക് ഐലൻഡ്, നീൽ ഐലൻഡ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്ന 6 ദിവസത്തെ വിമാന യാത്രാ പാക്കേജ് 2024 ഒക്ടോബർ 20 ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 53400 രൂപ മുതൽ.
അമൃത്‌സർ - ധരംശാല - വൈഷ്ണോദേവി: പഞ്ചാബിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അമൃത്‌സർ (ഗോൾഡൻ ടെംപിൾ, ജാലിയൻ വാലാബാഗ്, വാഗാ അതിർത്തി) ഹിമാചൽ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനമായ ധരംശാല, ജമ്മുവിലെ പ്രശസ്‌ത തീർഥാടന കേന്ദ്രമായ വൈഷ്ണോദേവി ക്ഷേത്രം തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 7 ദിവസത്തെ വിമാനയാത്രാ പാക്കേജ് നവംബർ 25 ന് പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 54600 രൂപ മുതൽ.
∙ കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനയാത്രാ പാക്കേജുകൾ
കോഴിക്കോട് നിന്നും പുറപ്പെടുന്ന ചണ്ഡീഗഢ് - ഷിംല മണാലി വിമാനയാത്രയാണ് മറ്റൊരു യാത്ര. ഇന്ത്യയുടെ ഹണിമൂൺ തലസ്ഥാനമെന്ന നിലയിൽ പ്രശസ്തമായ മണാലി, പിർപഞ്ചൽ, ധൗലാധർ പർവതനിരകളുടെ മഞ്ഞുമൂടിയ ചരിവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന, പച്ചപ്പ് നിറഞ്ഞ വനങ്ങളുടെയും പച്ച പുൽമേടുകളുടെയും വളഞ്ഞ നീല അരുവികളുടെയും അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. മണാലിക്കും ലാർജിക്കും ഇടയിൽ ബിയാസ് നദി രൂപംകൊണ്ട വിശാലമായ തുറന്ന താഴ്‌വരകളും പൈൻ, ദേവദാരു വനങ്ങൾ, വിശാലമായ ആപ്പിൾ തോട്ടങ്ങൾ എന്നിവ സന്ദർശിച്ചു മടങ്ങിയെത്താം. നിരക്ക് 53,700 രൂപ മുതൽ
ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, ഭക്ഷണത്തോടൊപ്പം ഹോട്ടലുകളിൽ താമസം, യാത്രകൾക്ക് വാഹനം, ടൂർ എസ്കോർട്ടിന്റെ സേവനം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ ആഭ്യന്തര വിമാന യാത്രാ പാക്കേജുകളിൽ ഉൾപ്പെടുന്നു. കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആഭ്യന്തര പാക്കേജുകൾക്ക് LTC സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുകയോ IRCTC വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
എറണാകുളം – 8287932082 /8287932064, തിരുവനന്തപുരം – 8287932095, കോഴിക്കോട് – 8287932098, കോയമ്പത്തൂർ – 9003140655. വെബ്സൈറ്റ് – www.irctctourism.com