ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഹൂബ്ലി- കോട്ടയം സ്‌പെഷല്‍ ട്രെയിന്
Mail This Article
ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്നും കോട്ടയത്തേക്ക്(ബെംഗളൂരു വഴി) പ്രതിവാര ട്രെയിനാണ് ഓടി തുടങ്ങിയത്. നവംബര്‍ 19 മുതല്‍ ജനുവരി 14 വരെ ചൊവ്വാഴ്ച്ചകളിലാണ് ഹുബ്ബള്ളി - കോട്ടയം ട്രെയിന്‍ സര്‍വീസ് നടത്തുക. ശബരിമല തീര്‍ഥാടകരുടെ തിരക്കു പരിഗണിച്ച് അനുവദിച്ച ഹുബ്ബള്ളി - കോട്ടയം സ്‌പെഷല്‍ ട്രെയിന്‍ ഒമ്പതു തവണ സര്‍വീസ് നടത്തും.
നവംബര്‍ 20 മുതല്‍ ജനുവരി 15 വരെയാണ് കോട്ടയം- ഹുബ്ബള്ളി(ട്രെയിന്‍ നമ്പര്‍ 07372) സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. കോട്ടയത്തു നിന്നും ബുധനാഴ്ച്ചകളില്‍ ഉച്ചയ്ക്കു ശേഷം 03:00ന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച്ച 12:50 നാണ് എസ്എസ്എസ് ഹുബ്ബള്ളിയില്‍ എത്തിച്ചേരുക. നവംബര്‍ 27, ഡിസംബര്‍ 4, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 എന്നീ ദിവസങ്ങളിലാണ് കോട്ടയം- ഹുബ്ബള്ളി ട്രെയിന്‍ സര്‍വീസ് നടത്തുക.
ചൊവ്വാഴ്ച്ചകളില്‍ സര്‍വീസ് നടത്തുന്ന ഹുബ്ബള്ളി - കോട്ടയം(ട്രെയിന്‍ നമ്പര്‍ 07371) ട്രെയിന്‍ ഉച്ചക്കു ശേഷം 3:15ന് ഹുബ്ബള്ളിയില്‍ നിന്നും യാത്ര പുറപ്പെട്ട് ബുധനാഴ്ച്ച ഉച്ചക്ക് 12:00നാണ് എത്തിച്ചേരുക. നവംബര്‍ 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി ഏഴ്, 14 എന്നീ ദിവസങ്ങളിലായിരിക്കും ഹുബ്ബള്ളിയില്‍ നന്നും കോട്ടയത്തേക്ക് സര്‍വീസുണ്ടാവുക.
യാത്രികരുടെ സൗകര്യം പരിഗണിച്ച വ്യത്യസ്ത ക്ലാസുകളിലായി 18 കോച്ചുകളാണ് സ്‌പെഷല്‍ ട്രെയിനിലുള്ളത്. 2 എസി ടു ടയര്‍ കോച്ചുകളും 2 എസി ത്രീ ടയര്‍ കോച്ചുകളും 6 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും 6 ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകളും 2 എസ്എല്‍ആര്‍ഡി കോച്ചുകളുമാണ് ട്രയിനിലുള്ളത്. ട്രെയിനിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു.
കേരളത്തില്‍ ഏറ്റുമാനൂര്‍, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണ് സ്‌പെഷല്‍ ട്രെയിന് സ്‌റ്റോപ്പുള്ളത്. കേരളത്തിനു പുറത്ത് പോടനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപ്പെട്ട്, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു, ചിക്കാബന്‍വാര്‍, തൂങ്കൂര്‍, അര്‍സികീരെ, ബിരൂര്‍, ദേവങ്കരേ, ഹരിഹര്‍, റാണിബെന്നൂര്‍, ഹവേരി എന്നീ റെയില്‍വേസ്റ്റേഷനുകളിലും ഈ ട്രെയിന് സ്റ്റോപ്പുകളുണ്ട്.