സത്യം പറ...! നീയൊരു സഞ്ചാരി ആണോ? അതോ വിനോദസഞ്ചാരിയോ?
Mail This Article
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ഉലകിൽ. എന്നാൽ യാത്രകൾ പലവിധമുണ്ട്. ജോലിത്തിരക്കിൽ നിന്ന് രണ്ടു ദിവസം ഇടവേളയെടുത്ത് കൃത്യമായ ആസൂത്രണത്തോടു കൂടി വിനോദയാത്രകൾ പോകുന്നവരാണ് ഭൂരിഭാഗവും. യാത്ര ആരംഭിക്കുമ്പോൾ തന്നെ സെൽഫി സ്റ്റിക്കും കൈയിൽ എത്തും. പോകേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കും. ഒരു നാട്ടിൽ ചെന്ന് അതിലേ നടക്കുമ്പോൾ തന്നെ അയാൾ ആ നാട്ടിൽപ്പെട്ടയാൾ അല്ലെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അതുകൊണ്ടാണ് യാത്ര ചെയ്യുന്നവർ രണ്ടു വിധമുണ്ടെന്ന് പറയുന്നത്. ഒന്ന് ടൂറിസ്റ്റും (വിനോദസഞ്ചാരി), രണ്ടാമത്തേത് ട്രാവലറും (സഞ്ചാരി). രണ്ടും ഒന്നല്ലേയെന്ന് ചോദിച്ചാൽ അല്ലേയല്ല. രണ്ടും തമ്മിൽ കാതലായ വ്യത്യാസമുണ്ട്.
∙ വിനോദസഞ്ചാരി വേറിട്ടു നിൽക്കുമ്പോൾ സഞ്ചാരി ഇഴുകിച്ചേരുന്നു
ഒരു ടൂറിസ്റ്റ് അഥവാ വിനോദസഞ്ചാരി രൂപം കൊണ്ടും സ്വഭാവം കൊണ്ടും എപ്പോഴും വേറിട്ടു നിൽക്കുകയാണ് ചെയ്യുന്നത്. ആൾക്കൂട്ടത്തിൽ നിന്ന് എളുപ്പത്തിൽ ഒരു ടൂറിസ്റ്റിനെ തിരിച്ചറിയാൻ കഴിയും. എന്നാൽ, ഒരു ട്രാവലർ അഥവാ സഞ്ചാരി ആ സമൂഹവുമായി ഇഴുകിച്ചേരാനാണ് ശ്രമിക്കുക. സഞ്ചാരി എപ്പോഴും തനിക്ക് അറിയാവുന്ന ഒരു സ്ഥലത്തേക്ക് പോകുന്ന ലാഘവത്തോടെയാണ് പുതിയ സ്ഥലങ്ങളിലേക്ക് പോകുക. ഏത് സ്ഥലത്താണോ അവർ എത്തിപ്പെടുന്നത് ആ നാട്ടിലെ സാമൂഹ്യ മര്യാദകൾ പാലിച്ചുകൊണ്ടായിരിക്കും ഒരു സഞ്ചാരി യാത്ര ചെയ്യുക.
∙ ഭക്ഷണം കഴിക്കുന്നതിലും വ്യത്യസ്തത ഉണ്ട്
ഒരു വിനോദസഞ്ചാരി എപ്പോഴും തനിക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം ആയിരിക്കും കഴിക്കാൻ തിരഞ്ഞെടുക്കുക. എന്നാൽ, ഒരു സഞ്ചാരി ആ നാട്ടിലെ ഭക്ഷണങ്ങൾ രുചിച്ചു നോക്കാൻ തയ്യാറാകുന്ന വ്യക്തിയായിരിക്കും. കാരണം, ഏതൊരു നാട്ടിൽ ചെന്നാലും ആ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും. അതുകൊണ്ടു തന്നെ ഒരു നാടിന്റെ രുചിയറിയാൻ പതിവ് രുചികളിൽ നിന്ന് മാറി ചിന്തിക്കാൻ ഒരു സഞ്ചാരി തയ്യാറാകും.
∙ വ്യത്യസ്തമായ കാഴ്ചകൾ
ഒരു വിനോദസഞ്ചാരി പുതിയതായി ഒരു സ്ഥലത്തേക്ക് എത്തിയാൽ ആ സ്ഥലത്തെ കാഴ്ചകൾ കാണാനാണ് പ്രാധാന്യം കൊടുക്കുക. പ്രശസ്തമായ, ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവർ പോകുന്നു. ഒപ്പം യാത്ര ചെയ്യുന്ന ആളുകൾക്കൊപ്പം തന്നെ ആയിരിക്കും അവർ എല്ലാ സ്ഥലത്തേക്കും പോകുന്നതും. എന്നാൽ, ഒരു സഞ്ചാരി ഈ രീതിയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്. മിക്കപ്പോഴും ഒരു സഞ്ചാരി തനിച്ചായിരിക്കും യാത്ര പോകുക. യാത്രയ്ക്കിടയിൽ പ്രദേശവാസികളുമായി സംവദിക്കാനും സംസാരിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ഒരു സഞ്ചാരി സമയം കണ്ടെത്തുന്നു. ചിലപ്പോൾ ആ പ്രദേശത്തെ ആരുമറിയാത്ത ഒരു സ്ഥലത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചേക്കാം. ഇത് പുതിയ ഒരു ഇടത്തേക്ക് സഞ്ചാരിയെ നയിക്കുകയും ചെയ്യുന്നു.
∙ ഭാഷ കൈകാര്യം ചെയ്യുന്ന രീതി
വിനോദസഞ്ചാരികൾ എപ്പോഴും അവരുടെ ഭാഷ തന്നെ സംസാരിക്കാൻ ആഗ്രഹിക്കുന്ന ആളായിരിക്കും. പ്രാദേശിക ഭാഷകളിലെ ഒരു ചെറിയ വാക്ക് പോലും പഠിക്കാൻ അവർ മിനക്കെടില്ല. എന്നാൽ, സഞ്ചാരി എപ്പോഴും ആ പ്രദേശത്തെ ഭാഷ കുറച്ചെങ്കിലും പഠിക്കാനും അതിൽ സംസാരിക്കാൻ ഒരു ചെറിയ ശ്രമം നടത്തുകയും ചെയ്യും. പ്ലീസ്, താങ്ക് യു, ഹലോ പോലെയുള്ള വാക്കുകളുടെ പ്രാദേശിക വകഭേദം പഠിച്ച് പ്രദേശവാസികളുമായി ഇടപഴകാൻ സഞ്ചാരികൾ ഒരു ശ്രമം നടത്തും.
∙ എന്തെങ്കിലും വാങ്ങുമ്പോൾ
യാത്ര പോയതിന്റെ ഓർമയ്ക്കായി വിനോദസഞ്ചാരികൾ ഏതെങ്കിലും സുവനീർ ഷോപ്പിൽ കയറി വിലകൂടിയ ഒരു സുവനീർ സ്വന്തമാക്കും. എന്നാൽ, സഞ്ചാരികൾ അങ്ങനെയല്ല. അവർ മൊത്തത്തിൽ ഒന്ന് കറങ്ങിനടക്കും. ഈ നാടിന്റെ ഓർമയ്ക്കായി എന്താണ് കൊണ്ടു പോകേണ്ടതെന്ന് അവർ വിശദമായി പഠിക്കും. പ്രാദേശിക കച്ചവടക്കാരുമായി വിലപേശൽ നടത്തും. അതിനുശേഷം മാത്രമേ അവർ ഉചിതമായ ഒരു സുവനീർ വാങ്ങുകയുള്ളൂ.
∙ വഴി കണ്ടുപിടിക്കുന്ന രീതി
ഒരു വിനോദസഞ്ചാരി എപ്പോഴും ഭൂപടത്തെ ആശ്രയിച്ചായിരിക്കും യാത്ര ചെയ്യുക. കാരണം വഴി തെറ്റുന്നതും പുതിയ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുന്നതും അവർ ഇഷ്ടപ്പെടുന്നില്ല. എന്നാൽ, സഞ്ചാരി അങ്ങനെയല്ല. യാത്ര ചെയ്യാനുള്ള ഒരു ജന്മവാസന അവർക്കുണ്ട്. പുതിയ സ്ഥലങ്ങളിലേക്കും എത്തിപ്പെടുന്നതും ആളുകളെ കാണുന്നതും അവർ ഇഷ്ടമാണ്. യാത്ര സാഹസികമായി മാറുന്നത് അവർ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായ അനുഭവങ്ങൾ ആയിരിക്കും ഒരു സഞ്ചാരി ആഗ്രഹിക്കുന്നതും അത്തരത്തിൽ ആയിരിക്കും അവർ യാത്ര ചെയ്യുന്നതും.