താജ്മഹൽ ഫ്രീ ആയി കാണണോ; സൗജന്യ പ്രവേശനം
Mail This Article
ഈ വർഷത്തെ ലോക പൈതൃകവാരം നവംബർ 19 മുതൽ ആരംഭിച്ചു. ആഗ്രയ്ക്ക് പോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴാണ് പറ്റിയ സമയം. ആഗ്രയിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള എല്ലാ സ്മാരകങ്ങൾ കാണാനും ഈ സമയത്ത് പ്രവേശനം സൗജന്യമാണ്. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായ താജ് മഹലും സൗജന്യമായി സന്ദർശിക്കാം. സാധാരണ 200 രൂപയാണ് താജ്മഹലിലെ പ്രവേശന ഫീസ്. എന്നാൽ, ലോക പൈതൃകവാരത്തിനോട് അനുബന്ധിച്ച് നവംബർ 19 മുതൽ 25 വരെ പ്രവേശനം സൗജന്യമായിരിക്കും.
∙സൗജന്യപ്രവേശനം നവംബർ 25 വരെ
നവംബർ 19 – 25 വരെയാണ് സൗജന്യപ്രവേശനം. ആഗ്രയിലെ പ്രശസ്തമായ സ്മാരകങ്ങൾക്കൊപ്പം അത്ര പ്രസിദ്ധമല്ലാത്ത പൈതൃകസ്ഥലങ്ങൾ കൂടി ഉയർത്തി കാണിക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രശസ്ത പുരാവസ്തു ഗവേഷകനായ ഡോ. രാജ് കുമാർ പട്ടേൽ ആണ് പൈതൃകവാരം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്.
ഗുപ്ത കാലഘട്ടം മുതൽ ഇന്നു വരെയുള്ള രാമായണത്തിന്റെ യാത്ര വിവരിക്കുന്ന ഫൊട്ടോഗ്രഫി പ്രദർശനവും നടക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പ്രദർശനം ഒന്നിലധികം സ്ഥലങ്ങളിൽ നടക്കും. ഇത് ആദ്യമായാണ് സോറോൻജിയിലെ സീതാറാം ക്ഷേത്രത്തിൽ ലോക പൈതൃക വാരം ആരംഭിക്കുന്നത്. വിനോദസഞ്ചാരികളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ഇവിടെ കൂടുതൽ സൗകര്യങ്ങൾ തയാറാക്കി കഴിഞ്ഞു.
∙ലോക പൈതൃക വാരം
നവംബർ 19 മുതൽ 25 വരെയാണ് ലോക പൈതൃകവാരം ആഘോഷിക്കുന്നത്. സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ഭാഗമായിട്ടാണ് ഇത്. ഇതിന്റെ ഭാഗമായി ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടികൾ പൈതൃക സംരക്ഷണത്തിനായുള്ള യുനെസ്കോയുടെ പ്രവർത്തനങ്ങളുമായി ചേർന്നാണ്.
'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക വാരത്തിന്റെ തീം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ കണ്ടെത്താനും അത് അനുഭവിക്കാനും ഇത് ആളുകളെ പ്രേരിപ്പിക്കുന്നു.