ഡിസംബറിന്റെ ഭംഗി ആസ്വദിക്കാൻ യാത്ര ചെയ്യാം ഈ മനോഹര രാജ്യങ്ങളിലേക്ക്
Mail This Article
‘‘അങ്ങനെ 2024 ഉം അവസാനിക്കാറായി..’’. ഇക്കൊല്ലവും പ്ലാന്‍ ചെയ്ത യാത്രകളൊന്നും വിചാരിച്ച പോലെ നടന്നില്ല എന്ന വിഷമത്തിലാണോ? എങ്കില്‍ ഇനിയും സമയമുണ്ട്. ഡിസംബര്‍ മാസം യാത്രകള്‍ക്കായി മാറ്റിവയ്ക്കാം. ക്രിസ്മസ് അവധിയും ന്യൂ ഇയറുമെല്ലാം അടിച്ചു പൊളിക്കാന്‍ എളുപ്പത്തില്‍ പോയി വരാവുന്ന ഈ രാജ്യങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്തോളൂ!
ശ്രീലങ്ക
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രാ കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഈ ദ്വീപ് രാഷ്ട്രത്തിന്‍റെ ഈന്തപ്പനകൾ നിറഞ്ഞ അതിമനോഹരമായ ബീച്ചുകളും ആയിരം വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ്. തിമിംഗല നിരീക്ഷണവും ഡൈവിങ്ങും സ്നോർക്കലിങ്ങും പോലുള്ള വിനോദങ്ങള്‍ ആസ്വദിക്കാം. ശ്രീലങ്കയുടെ ആത്മീയ തലസ്ഥാനമായ കാൻഡി, യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ലോകത്തിലെ ഏറ്റവും പവിത്രമായ ബുദ്ധമത സ്ഥലങ്ങളിൽ ഒന്നായ ടൂത്ത് റെലിക് ക്ഷേത്രത്തിനു പേരുകേട്ടതാണ്. പുരാതന നഗരങ്ങളായ അനുരാധപുര, പൊളന്നരുവ, സിഗിരിയ എന്നിവ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളാണ്. കൂടാതെ, യാല നാഷണൽ പാർക്ക്, വിൽപട്ട് നാഷണൽ പാർക്ക്, ഉദവാലവെ നാഷണൽ പാർക്ക് എന്നിവയുൾപ്പെടെ നിരവധി ദേശീയ ഉദ്യാനങ്ങളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ശ്രീലങ്ക ഇ വീസ നല്‍കിവരുന്നുണ്ട്. മുപ്പതു ദിവസം വരെയാണ് കാലാവധി.
വിയറ്റ്നാം
ഇന്ത്യയിൽ നിന്നുംഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. അതിമനോഹരമായ തീരപ്രദേശങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും മുതൽ, സമൃദ്ധമായ ഡെൽറ്റകളും ഊർജ്ജസ്വലമായ നഗരങ്ങളും വരെ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള വിയറ്റ്നാം എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ്. ഹാ ലോംഗ് ബേയിലെ ക്രൂയിസ് യാത്രയും ദ്വീപ് ടൂറുകളുമെല്ലാം ഇവിടുത്തെ മികച്ച അനുഭവങ്ങളാണ്. ഹനോയ്, സാപ്പ, ഹോ ചി മിൻ സിറ്റി, ഹാ ലോംഗ് ബേ, ൻഹാ ട്രാങ്, മെകോംഗ് ഡെൽറ്റ തുടങ്ങിയ സ്ഥലങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം. ഡൈവിങ്, സ്‌നോർക്കലിങ്, കയാക്കിങ് തുടങ്ങിയ ജല കായിക വിനോദങ്ങളും തീരപ്രദേശങ്ങളിലെ ജനപ്രിയ വിനോദങ്ങളാണ്. ഹ്യൂ സ്മാരകങ്ങളുടെ സമുച്ചയം, ഹോയി ആൻ ആൻഷ്യന്റ് ടൗൺ, മൈ സൺ സാങ്ചറി, ഹോ രാജവംശത്തിന്റെ കോട്ട തുടങ്ങി, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുമുണ്ട്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം.
ഭൂട്ടാന്‍
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാന്‍ വീസ വേണ്ടാത്ത രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. സന്തോഷത്തിന്‍റെ ദേശം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഭൂട്ടാന്‍ കാണാന്‍ ഇന്ത്യക്കാര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡും മതി. ലോകത്തില്‍ ഇന്ന് നിലവിലുള്ള അവസാനത്തെ പൂര്‍ണ ബുദ്ധമത രാജ്യമായ ഭൂട്ടാനില്‍ മഞ്ഞുകാലത്ത് മാത്രമല്ല, വര്‍ഷം മുഴുവനും യാത്ര ചെയ്യാം. ട്രാഫിക് ലൈറ്റുകളില്ലാത്തതും ലോകത്തിലെ ഏറ്റവും സമാധാനപരമായ തലസ്ഥാനങ്ങളിലൊന്നുമായ തിമ്പു എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ്. മനോഹര നഗരമായ പാറോയിലും ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു. ടൈഗർസ് നെസ്റ്റ് മൊണാസ്ട്രിയും പുനഖ സോങ്ങുമെല്ലാം അദ്ഭുതക്കാഴ്ച്ചകളായി നിലകൊള്ളുന്നു. ട്രെക്കിങ്, ഹൈക്കിങ്, റാഫ്റ്റിങ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും അമ്പെയ്ത്ത് മത്സരങ്ങളുമെല്ലാം ആസ്വദിക്കാം. ഭൂട്ടാനിലെ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലം മനോഹരമാണ്.
ദുബായ്
ആധുനികതയുടെയും ആഡംബരത്തിന്റെയും അവസാനവാക്കായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്, ഇന്ത്യയിലെ മധ്യവർഗക്കാരായ വിനോദസഞ്ചാരികളുടെ പറുദീസയായ ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ഒട്ടേറെ അദ്ഭുത നിർമിതികളും ഷോപ്പിങ് മാളുകളുമെല്ലാം ദുബായ്ക്ക് മാറ്റുകൂട്ടുന്നു. ഡെസേർട്ട് സഫാരികൾ, ക്യാംപിങ്, സ്കൈ ഡൈവിങ്, ഇൻഡോർ സ്കീയിങ്, പാം ജുമൈറ ദ്വീപുകൾ സന്ദർശിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ദുബായില്‍ ചെയ്യാനുണ്ട്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.
ഈജിപ്ത്
പിരമിഡുകളുടെ നാടായ ഈജിപ്ത് ആണ് ഡിസംബറില്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു ഇടം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങൾ, കർണാക്ക് ക്ഷേത്രം, നൈല്‍ നദി, രാജാക്കന്മാരുടെ താഴ്‌വര തുടങ്ങിയവയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അയ്യായിരം വർഷത്തോളം പഴക്കമുള്ള സംസ്കാര സമ്പന്നതയാണ് ഈജിപ്തിനെ വ്യത്യസ്തമാക്കുന്നത്. ഫറവോന്മാരുടെ മഹത്തായ സ്മാരകങ്ങൾ മുതൽ കെയ്‌റോയിലെ തിരക്കേറിയ മാർക്കറ്റുകൾ വരെ, ഈ പുരാതന ഭൂമിയുടെ ഓരോ കോണും അതിന്റെ സമ്പന്നമായ ഭൂതകാലത്തിന്റെ കഥ പറയുന്നു. ഈജിപ്തിന്റെ ജീവരക്തം എന്നു വിളിക്കപ്പെടുന്ന നൈൽ നദി, രാജ്യത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്നു. ഹുർഗദ, ഷാം എൽ ഷെയ്ഖ് തുടങ്ങിയ പ്രശസ്തമായ റിസോർട്ട് പട്ടണങ്ങൾ സ്‌നോർക്കെലിങ്, ഡൈവിങ് തുടങ്ങിയ സമുദ്രസാഹസിക വിനോദങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലം ഈജിപ്ത് യാത്രയ്ക്ക് ഏറ്റവും മികച്ചതാണ്.
നേപ്പാൾ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് മാത്രമല്ല നേപ്പാളിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. നേപ്പാളിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വ്യവസായങ്ങളിലൊന്നാണ് ടൂറിസം. അന്നപൂർണ, എവറസ്റ്റ്, മനസ്‌ലു, കാഞ്ചൻജംഗ തുടങ്ങിയ മഞ്ഞുമൂടിയ പർവ്വതനിരകൾ ലോകമെമ്പാടുമുള്ള പർവതാരോഹകരെയും ട്രെക്കർമാരെയും ആകർഷിക്കുന്നു. പോഖാറ, യുനെസ്കോയുടെ നാല് ലോക പൈതൃക സൈറ്റുകളായ ബുദ്ധൻ്റെ ജന്മസ്ഥലമായ ലുംബിനി, സാഗർമാതാ നാഷണൽ പാർക്ക് (എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനം), കാഠ്മണ്ഡു താഴ്‌വരയിലെ ഏഴ് സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിവയാണ് മറ്റു ചില പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും അനുയായികൾക്കായി പശുപതിനാഥ് ക്ഷേത്രം, ബൗധനനാഥ് സ്തൂപം തുടങ്ങിയ നിരവധി തീർഥാടന കേന്ദ്രങ്ങളുമുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ശരത്കാലമാണ് നേപ്പാള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചതായി പറയുന്നത്.