ADVERTISEMENT

കര്‍ണാടകയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിന്‍ 'ഗോള്‍ഡന്‍ ചാരിയറ്റ്' വീണ്ടും യാത്രകള്‍ക്കൊരുങ്ങുന്നു. ഡിസംബര്‍ 14 മുതലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റ് യാത്രകള്‍ പുനരാരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ സാംസ്‌ക്കാരിക പ്രാധാന്യമുള്ളതും പ്രകൃതി സുന്ദരവുമായ സ്ഥലങ്ങളിലൂടെയാണ് ഗോള്‍ഡന്‍ ചാരിയോട്ട് സഞ്ചരിക്കുക. ഗോള്‍ഡന്‍ ചാരിയോട്ടിന്റെ ആഡംബര യാത്രകളെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷനാണ് (IRCTC). 

പ്രധാനമായും പ്രൈഡ് ഓഫ് കര്‍ണാടക, ജ്വല്‍ ഓഫ് സൗത്ത്, ഗ്ലിംസസ് ഓഫ് സൗത്ത് എന്നിങ്ങനെ മൂന്നു യാത്രകളാണ് ഗോണ്‍ഡന്‍ ചാരിയറ്റിൽ നടത്താനാവുക. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രകളില്‍ പകല്‍ സമയത്ത് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും രാത്രികളില്‍ അടുത്ത കേന്ദ്രത്തിലേക്ക് ആഡംബര ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്യുന്ന രീതികളിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. താമസത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ യാത്രയെക്കുറിച്ചോ യാതൊരു ആശങ്കയുമില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഗോള്‍ഡന്‍ ചാരിയോട്ട് യാത്രകള്‍.

ഭക്ഷണവും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ലക്ഷ്യ സ്ഥലങ്ങളിലേക്കുള്ള വാഹന - ഗൈഡ് സൗകര്യങ്ങളും വിവിധ സ്ഥലങ്ങളിലെ പ്രവേശന ഫീസുകളുമെല്ലാം പാക്കേജിന്റെ ഭാഗമായിരിക്കും. 8 എസി കോച്ചുകളുള്ള ട്രെയിനിൽ 80 പേർക്ക് യാത്ര ചെയ്യാം. 13 ഡബിൾ ബെഡ് കാബിനുകൾ, 26 ത്രീ ബെഡ് കാബിനുകൾ എന്നിവയ്ക്കു പുറമേ ഭിന്നശേഷിക്കാർക്കായി ഒരു കാബിനുമാണ് ഒരുക്കിയിരിക്കുന്നത്. വൈഫൈ, സ്മാർട്ട് ടിവി, സ്പാ,ജിംനേഷ്യം, 2 റസ്റ്ററന്റുകൾ, ബാർ എന്നിവ ഒരുക്കിയിട്ടുണ്ട്. രുചി, നാലാപക് എന്നിങ്ങനെയുള്ള രണ്ട് റസ്റ്ററന്റുകള്‍ ട്രെയിനിലുണ്ടായിരിക്കും. പ്രാദേശികവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും. 

മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്കായി സ്പാ, തെറാപ്പി സൗകര്യങ്ങളും ട്രെയിനില്‍ തന്നെയുണ്ട്. വൈഫൈ, സ്മാര്‍ട്ട് ടിവി, സിസിടിവി സുരക്ഷ, അത്യാധുനിക അഗ്നിശമന സൗകര്യങ്ങള്‍ എന്നിവയും ഗോള്‍ഡന്‍ ചാരിയറ്റിലുണ്ട്. ബെംഗളൂരുവില്‍ നിന്നും ആരംഭിച്ച് ബെംഗളൂരുവില്‍ തന്നെ തീരുന്ന വിധത്തിലാണ് എല്ലാ യാത്രകളും ക്രമീകരിച്ചിരിക്കുന്നത്. 

പ്രൈഡ് ഓഫ് കര്‍ണാടക

റൂട്ട്: ബെംഗളൂരു- ബന്ദിപ്പൂര്‍-മൈസൂര്‍- ഹലേബിദു-ചിക്ക്മംഗ്ലൂര്‍-ഹംപി-ഗോവ-ബെംഗളൂരു

അഞ്ച് രാത്രിയും ആറ് പകലും എടുക്കുന്ന ഈ യാത്ര ഡിസംബര്‍ 14 നാണ് ആരംഭിക്കുക. 2025 തുടക്കത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലും മാര്‍ച്ചിലും ഓരോ യാത്രകളും ഗോള്‍ഡന്‍ ചാരിയറ്റ് നടത്തും. പ്രൈഡ് ഓഫ് കര്‍ണാടക ടൂറിന്റെ 2027 മാര്‍ച്ച് വരെയുള്ള യാത്രകള്‍ ഇപ്പോള്‍ തന്നെ ഗോള്‍ഡന്‍ ചാരിയറ്റ് വെബ് സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിലക്‌സ് കാബിനില്‍ 3,98,160 രൂപയും സിംഗിള്‍ സപ്ലിമെന്റില്‍ 2,99,040 രൂപയുമാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നത്. 

ജ്വല്‍സ് ഓഫ് സൗത്ത്

റൂട്ട്: ബെംഗളൂരു-മൈസൂര്‍-കാഞ്ചിപുരം-മഹാബലിപുരം-തഞ്ചാവൂര്‍-ചെട്ടിനാട്-കൊച്ചി-ചേര്‍ത്തല-ബെംഗളൂരു 

അഞ്ചു രാത്രികളും ആറ് പകലുകളും നീളുന്നതാണ് ജ്വല്‍സ് ഓഫ് സൗത്ത് യാത്ര. ഡിസംബര്‍ 21നാണ് ഈ യാത്ര നടക്കുക. 2025ല്‍ ഫെബ്രുവരി, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ജ്വല്‍സ് ഓഫ് സൗത്ത് യാത്രകള്‍ ഗോല്‍ഡന്‍ ചാരിയറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഡിലക്‌സ് കാബിനില്‍ 3,98,160 രൂപയും സിംഗിള്‍ സപ്ലിമെന്റില്‍ 2,99,040 രൂപയുമാണ് ഒരു ടിക്കറ്റിന് ഈടാക്കുന്നത്. 

ഗ്ലിംസസ് ഓഫ് കര്‍ണാടക

റൂട്ട്: ബെംഗളൂരു- നഞ്ചന്‍ഗുണ്ട്- മൈസൂര്‍- ഹോസ്‌പെട്ട്- ബെംഗളൂരു

മൂന്നു രാത്രികളും നാലു പകലും നീളുന്നതാണ് ഗ്ലിംസസ് ഓഫ് കര്‍ണാട യാത്ര. ഒരാള്‍ക്ക് ഡിലക്‌സ് കാബിന് 2,65,440 രൂപയും സിംഗിള്‍ സപ്ലിമെന്റിന് 1,99,080 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

English Summary:

Embark on a regal journey aboard the Golden Chariot, South India's premier luxury train. Explore cultural wonders, indulge in opulence, and create unforgettable memories. Book your journey today!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com