വൈബ് ആകണമെങ്കിൽ ജോക്കർ മാത്രം മതിയോ? ; എല്ലാ യാത്രാസംഘത്തിലും ഈ 4 തരക്കാർ മസ്റ്റ്
Mail This Article
'ബാ, നമുക്ക് ചോയിച്ച് ചോയിച്ച് പോകാം' എന്ന മൈൻഡ് സെറ്റുള്ള ഒറ്റ ഒരാള് മതി യാത്ര കളറാകാൻ. പുതിയ സ്ഥലങ്ങളും പുതിയ ആളുകളെയും ഒക്കെ കാണുമ്പോൾ പ്രത്യേകമായി ഒരു എനർജി കിട്ടുന്നയാൾ. അത്യാവശ്യം അഡ്വൈഞ്ചർ ടൈപ്പ് മനസ് ആയിരിക്കും ആൾക്ക്. കൂടെ കുറച്ച് കൂട്ടുകാർ ഉള്ളതു കൊണ്ട് എന്ത് സാഹസികതയിലേക്കും എടുത്ത് ചാടാനും ഒരു പേടിയും ഉണ്ടാകില്ല. ചുരുക്കത്തിൽ ഇത്തരത്തിലുള്ള ആൾക്കാർ ഇല്ലെങ്കിൽ ആ ഗ്രൂപ്പ് ടൂറിന് ഒരു എനർജി ഉണ്ടാകില്ല.
സംഘമായി യാത്ര പോകുന്നവരെ ശ്രദ്ധിച്ചാൽ അറിയാം. അഞ്ചു പേരുണ്ടെങ്കിൽ അഞ്ചെണ്ണത്തിനും അഞ്ച് സ്വഭാവം ആയിരിക്കും. ഒരാൾക്ക് യാത്ര പ്ലാൻ ചെയ്തു തുടങ്ങുമ്പോൾ മുതൽ അടിമുടി ആവേശം ആയിരിക്കും. അവരുടെ ആ ആവേശം തന്നെ ആയിരിക്കും യാത്ര സംഭവിക്കാനുള്ള പ്രധാന കാരണവും. ഓരോ യാത്രസംഘത്തിലും എപ്പോഴും കാണാൻ കഴിയുന്ന വ്യത്യസ്തരായ ആൾക്കാരാണ് ആ യാത്രയുടെ ആത്മാവ്.
∙ടീമിലെ ഉത്സാഹി
യാത്രയെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങുമ്പോൾ തന്നെ ഇത്തരക്കാർ ഭയങ്കര ഉത്സാഹത്തിൽ ആയിരിക്കും. പ്ലാൻ തുടങ്ങുമ്പോൾ മുതൽ ഇത്തരക്കാർ ഭയങ്കര ആവേശത്തിൽ ആയിരിക്കും. ഒരു സ്ഥലത്തേക്ക് പോകാനുള്ള പദ്ധതി മാറ്റി വേറൊരു സ്ഥലമാക്കിയാലും ഇവരെ അത് കാര്യമായി ബാധിക്കില്ല. കാരണം, ഇവർക്ക് യാത്ര പോയേ പറ്റുകയുള്ളൂ. എല്ലാ യാത്രാഗ്രൂപ്പിലും ഇത്തരത്തിൽ ഒരാൾ നിർബന്ധമായും വേണം. അങ്ങനെയാണെങ്കിൽ പ്ലാൻ ചെയ്തിട്ടുള്ള ഒരു യാത്രകളും നടക്കാതെ പോകുകില്ല.
∙ടീമിലെ അച്ചടക്കമുള്ളയാൾ
ഒരു കൂട്ടമായി യാത്ര പോകുമ്പോൾ എല്ലാവരും ഒരു അലസത മൂഡിൽ ആയിരിക്കും. രാവിലെ എഴുന്നേൽക്കാനും പോകേണ്ട സ്ഥലങ്ങളിലേക്ക് കൃത്യമായി എത്രയും നേരത്തെ എത്താനും ഇവരുണ്ടെങ്കിലേ നടക്കൂ. കാരണം, കൂട്ടത്തിലെ അച്ചടക്കമുള്ള ആളായതിനാൽ ഏത് സമയത്ത് എവിടെ പോകണം, അടുത്ത സ്ഥലത്ത് എത്ര മണിക്ക് എത്തണം എന്നതിനെക്കുറിച്ചെല്ലാം ഇവർക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കും. ഒപ്പമുള്ളവർ ഇവർ പറയുന്നതിന് ഒപ്പം നിന്നു കൊടുത്താൽ യാത്ര മനോഹരമായി അവസാനിക്കുകയും ചെയ്യും.
∙തമാശക്കാരൻ
എല്ലാ കൂട്ടത്തിലും ഒരു തമാശക്കാരനോ തമാശക്കാരിയോ ഉണ്ടാകും. പ്രത്യേകിച്ച് റോഡ് ട്രിപ്പ് ഒക്കെയാണെങ്കിൽ ഇവരില്ലെങ്കിൽ ചത്തതിന് തുല്യമായിരിക്കും ആ ഗ്രൂപ്പ്. എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കാനും. ട്രിപ്പ് രസകരമാകുന്നത് തന്നെ ഇവരുടെ തമാശകളും കളിചിരികളും കൊണ്ടായിരിക്കും. കഥകൾ പറയാനും പാട്ട് പാടാനും തുടങ്ങി യാത്രയുടെ രസച്ചരട് പൊട്ടാതെ കൊണ്ടുപോകാൻ ഇവർ നിർബന്ധമായും വേണം.
∙ഡ്രാമ ക്വീൻ അല്ലെങ്കിൽ കിങ്
യാത്ര എപ്പോഴും തമാശയും കളിചിരിയും മാത്രം നിറഞ്ഞത് ആയിരിക്കരുത്. കുറച്ച് എരിവും പുളിയും ഒക്കെ വേണം. അതിന് പറ്റിയ കുറച്ച് ആൾക്കാരും ഉണ്ട്. എപ്പോഴും പ്രശ്നങ്ങളെക്കുറിച്ചും കുഴപ്പങ്ങളെക്കുറിച്ചും മാത്രമായിരിക്കും. അത്യാവശ്യം ഒരു അടിയൊക്കെ ഉണ്ടാക്കാൻ ഇവരെ കൊണ്ട് സാധിക്കും. ഇവർ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ കാരണം മാത്രം ബാക്കിയുള്ളവർ എല്ലാം ഒരുമിച്ച് ഒരു ടീം ആയി മാറുകയും ചെയ്യും. അവർക്കിടയിൽ ഇവരെക്കുറിച്ച് ചില തമാശകളും ഉണ്ടാകും. അതുകൊണ്ടു തന്നെ ഈ ഒരാൾ എത്ര വിചാരിച്ചാലും യാത്രയുടെ രസം അത്രയ്ക്കങ്ങ് കെടുത്താൻ കഴിയുകയുമില്ല.
ഇത് മാത്രമല്ല വേറെയും കുറേ ആളുകൾ ഉണ്ടാകും ഓരോ യാത്രയിലും. ഒരു ഫിനാൻഷ്യൽ മാനേജർ, ഫൊട്ടോഗ്രാഫർ, എല്ലാവരെയും വെയിറ്റ് ചെയ്യിപ്പിക്കുന്ന ഒരാൾ, അവസാന നിമിഷം യാത്രയിൽ നിന്ന് ഒഴിവാകുന്ന ഒരാൾ, കൂട്ടുകാർക്ക് വേണ്ടി ഇഷ്ടം പോലെ സ്നാക്സ് കരുതുന്ന മറ്റൊരാൾ, മുഴുവൻ സമയവും ഫോണിൽ തന്നെ സംസാരിച്ചിരിക്കുന്ന ഒരാൾ അങ്ങനെ ഓരോ യാത്രാകൂട്ടത്തിലും വ്യത്യസ്തരായ നിരവധി വ്യക്തിത്വങ്ങളെ കാണാം. അപ്പോൾ ഗൈസ് പറയൂ... യാത്രയിൽ നിങ്ങൾ ഇതിൽ ഏതു കൂട്ടത്തിലാണ്?