ADVERTISEMENT

യാത്രകളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ട്രെയിൻ. രാത്രികാലങ്ങളിലും മറ്റും ട്രെയിൻ യാത്രയാണ് മിക്കവരും ആഗ്രഹിക്കുന്നത്. സുഖമായി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. അതുകൊണ്ടു വളരെ നേരത്തെ തന്നെ നമ്മൾ ട്രെയിൻ യാത്രയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. മാസങ്ങൾക്കു മുമ്പേ ഇത്തരത്തിൽ ട്രെയിൻ യാത്ര ബുക്ക് ചെയ്യുമ്പോഴുള്ള ഒരു പ്രശ്നം യാത്രയോട് അടുത്തുവരുന്ന ദിവസങ്ങളിൽ ആരെങ്കിലും അസൗകര്യം കൊണ്ടു യാത്രയിൽ നിന്ന് ഒഴിയും. എന്നാൽ, അങ്ങനെ ഒരാൾ യാത്രയിൽ നിന്ന് മാറുമ്പോൾ പകരം മറ്റൊരാളെ ആ സീറ്റിലേക്കു കൂട്ടിച്ചേർക്കാൻ കഴിയുമെങ്കിലോ. മാത്രമല്ല, നമ്മുടെ യാത്രയുടെ തീയതി മാറ്റാൻ കഴിയുമെങ്കിലോ? എങ്കിൽ അത്തരമൊരു സംവിധാനം ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്.

നമുക്ക് നേരത്തെ തീരുമാനിച്ച യാത്രയിലെ തീയതി മാറ്റാൻ കഴിയും. കൂട്ടത്തിൽ ഒരാൾ യാത്രയിൽ നിന്ന് മാറുകയാണെങ്കിൽ അയാൾക്ക് പകരം മറ്റൊരാളെ യാത്രയിലേക്ക് ചേർക്കാൻ കഴിയും. എന്നാൽ അതിന് ചില നിബന്ധനകളുണ്ട്. അത് പാലിച്ച് മാത്രമേ യാത്രകളിൽ മാറ്റം വരുത്താൻ കഴിയുകയുള്ളൂ.

INDIA-POLITICS-RAILWAYS-BUDGET

പേര് എങ്ങനെ മാറ്റാം 

ഒരാളുടെ പേരിലുള്ള ഉറപ്പായ ട്രെയിൻ ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് കൈമാറാൻ ഇന്ത്യൻ റെയിൽവേ അനുവദിക്കുന്നുണ്ട്. എന്നാൽ, റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിലൂടെ നടത്തുന്ന ഓഫ് ലൈൻ ടിക്കറ്റ് ബുക്കിങ്ങിനു മാത്രമേ ഇത് സാധ്യമാകൂ. ഐ ആർ സി ടി സിയുടെ ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. 

Image Credit: SUBHAJIT MONDAL/istockphoto
Image Credit: SUBHAJIT MONDAL/istockphoto

ടിക്കറ്റ് ആർക്കൊക്കെ നൽകാം

നമ്മുടെ പേരിൽ ബുക്ക് ചെയ്ത ടിക്കറ്റ് ആരുടെയൊക്കെ പേരിലേക്ക് മാറ്റാം എന്നതിനും വ്യവസ്ഥതയുണ്ട്. അടുത്ത കുടുംബാംഗങ്ങൾക്കു മാത്രമേ നിങ്ങളുടെ ടിക്കറ്റ് നൽകാൻ കഴിയുകയുള്ളൂ. അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിവരിൽ ആർക്കെങ്കിലുമേ ടിക്കറ്റ് കൈമാറ്റം ചെയ്യാൻ കഴിയുകയുള്ളൂ. ഗ്രൂപ്പ് ബുക്കിങ്ങിന്റെ കീഴിൽ സർക്കാർ ഉദ്യോഗസ്ഥരോ വിദ്യാർത്ഥികളോ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ അവരുടെ ഗ്രൂപ്പിനുള്ളിൽ തന്നെ ടിക്കറ്റ് കൈമാറ്റം ചെയ്യാവുന്നതാണ്. 

Image. Manoramanews
Image. Manoramanews

പേര് മാറ്റാൻ എന്ത് ചെയ്യണം

ബുക്ക് ചെയ്ത ടിക്കറ്റിലെ പേര് മാറ്റാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഏറ്റവും അടുത്തുള്ള റെയിൽവേ റിസർവേഷൻ ഓഫീസിലേക്ക് എത്തുക എന്നതാണ്. തീവണ്ടി യാത്ര തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ടിക്കറ്റ് മാറ്റുന്നതിനായി എത്തേണ്ടതാണ്. അതിനുശേഷം പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക. തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. നിലവിൽ ആരുടെ പേരിലാണോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് അവരുടെയും ആരുടെ പേരിലേക്കാണോ ടിക്കറ്റ് മാറ്റേണ്ടത് അവരുടെയും തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം. നടപടിക്രമങ്ങൾക്കായി ഇതെല്ലാം ഉദ്യോഗസ്ഥരുടെ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.

ഇക്കാര്യങ്ങൾ മറക്കരുത്

ഒരിക്കൽ മാത്രമാണ് ഒരാളുടെ പേരിൽ ബുക്ക് ചെയ്ത ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ കഴിയുക. റിസർവേഷൻ കൗണ്ടറുകളിലൂടെ ഓഫ് ലൈൻ ആയി എടുക്കുന്ന ടിക്കറ്റ് മാത്രമേ ഇത്തരത്തിൽ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാൻ കഴിയുകയുള്ളൂ. ഐആർസിടിസിയുടെ ഓൺലൈൻ ബുക്കിങ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കൈമാറ്റം ചെയ്യുക സാധ്യമല്ല. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടും.

train-ticket - 1

യാത്രാ തീയതി എങ്ങനെ മാറ്റാം

ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രാ തീയതി മാറ്റാൻ കഴിയും. ടിക്കറ്റ് എങ്ങനെയാണ് എടുത്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് തീയതി മാറ്റുന്നതും. ഓഫ് ലൈൻ ആയി എടുത്ത ടിക്കറ്റ് ആണെങ്കിൽ ബുക്ക് ചെയ്ത തീവണ്ടി യാത്ര ആരംഭിക്കുന്നതിന് 48 മണിക്കൂർ മുൻപ് എങ്കിലും റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തി തീയതി മാറ്റാവുന്നതാണ്. ഒറിജിനൽ ടിക്കറ്റ് നൽകി തീയതി മാറ്റുന്നതിന് അപേക്ഷിക്കാം. അതേസമയം, ഓൺലൈനിൽ ആണ് ടിക്കറ്റ് എടുത്തിരിക്കുന്നതെങ്കിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റ് റദ്ദു ചെയ്തു പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് നിലവിലുള്ളത്. ടിക്കറ്റ് റദ്ദു ചെയ്യുമ്പോൾ ക്യാൻസലേഷൻ ചാർജും ഈടാക്കുന്നതാണ്.

ഇക്കാര്യങ്ങൾ മറക്കരുത്

ഒരു ടിക്കറ്റിൽ ഒരിക്കൽ മാത്രമാണ് യാത്രാ തീയതി മാറ്റാൻ അനുമതിയുള്ളൂ. കൺഫേം ടിക്കറ്റുകൾ അതല്ലെങ്കിൽ ആർഎസി ടിക്കറ്റുകളിൽ മാത്രമാണ് യാത്രാ തീയതി മാറ്റാൻ കഴിയുകയുള്ളൂ. തൽക്കാൽ ടിക്കറ്റുകളിലോ, വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകളിലോ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയില്ല. പുതിയ തീയതിയിലെ സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും മാറ്റങ്ങൾ.

English Summary:

Learn how to change the name or travel date on your Indian Railways train ticket. Understand the rules, procedures, and key considerations for both online and offline tickets.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com