ഇതാണ് ഏഷ്യയിലെ ഏറ്റവും വലിയ താമരത്തോട്ടം, പ്രവേശന ഫീസ് ഇല്ല!
Mail This Article
മഹത്തായ ഭൂതകാലത്തിന്‍റെ പ്രൗഢിക്കൊപ്പം ആധുനികതയുടെ തിളക്കം പേറുന്ന നാടാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍. മനോഹരമായ വാസ്തുവിദ്യയ്ക്കും ഭക്ഷണത്തിനും ശുചിത്വത്തിനും പേരുകേട്ട ഇന്‍ഡോറില്‍ കാണാന്‍ ഒട്ടേറെ സ്ഥലങ്ങളുണ്ട്. മറാത്ത സാമ്രാജ്യത്തിലെ ഹോൾക്കർമാർ നിർമിച്ച രാജ്‌വാഡ കൊട്ടാരവും മധുര മീനാക്ഷി ക്ഷേത്രത്തിന്‍റെ മാതൃകയില്‍ നിർമിച്ച അന്നപൂര്‍ണ ക്ഷേത്രവും ലാൽ ബാഗ് കൊട്ടാരവുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ, പ്രകൃതി ഒരുക്കിയ ഹരിതഭംഗിയാര്‍ന്ന വനങ്ങളും വെള്ളച്ചാട്ടങ്ങളും മലകളും തടാകങ്ങളുമെല്ലാമുണ്ട്.
ഇൻഡോറിലെ ഹതോഡ് പ്രവിശ്യയിലെ ഗുലാവത് ഗ്രാമത്തിനടുത്തുള്ള ഒരു താഴ്വരയാണ് ഗുലാവത് ലോട്ടസ് വാലി. പേരുപോലെ തന്നെ നിറയെ താമരപ്പൂക്കള്‍ നിറഞ്ഞ ഇടമാണ് ഇത്. ഏഷ്യയിലെ ഏറ്റവും വലിയ താമര താഴ്‌വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വനങ്ങള്‍ക്കിടയില്‍, യശ്വന്ത് സാഗർ അണക്കെട്ടില്‍ നിന്നും വരുന്ന വെള്ളം നിറഞ്ഞ ചെറിയ ചെറിയ കുളങ്ങളില്‍ നിറയെ താമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച വര്‍ഷംതോറും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.
അടുത്തുള്ള വിമാനത്താവളമായ ദേവി അഹല്യ ബായ് ഹോൾക്കർ എയർപോർട്ടിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക് ഉള്ളത്. ഇൻഡോർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് വഴി ഗുലാവത് ലോട്ടസ് വാലിയിലെത്താന്‍ ഏകദേശം 45 മിനിറ്റ് എടുക്കും. ഇൻഡോറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലുകളിൽ ഒന്നായ സർവതെ ബസ് സ്റ്റാൻഡിൽ നിന്നു റോഡ് മാർഗവും താഴ്വരയിലേക്ക് എത്തിച്ചേരാം.
ഗുലാവത് ലോട്ടസ് വാലിയില്‍ സഞ്ചാരികള്‍ക്ക് പ്രവേശന ഫീസ് ഇല്ല. എത്ര നേരം വേണമെങ്കിലും കാഴ്ചകള്‍ കണ്ടു നടക്കാം. തടാകത്തിന് മുകളിലൂടെയുള്ള മനോഹരമായ 100 മീറ്റർ പാലത്തിനു മുകളിലൂടെ നടക്കുമ്പോള്‍ താമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മനോഹര കാഴ്ച ആസ്വദിക്കാം. അല്‍പ്പം നേരത്തെ വന്നാല്‍ സൂര്യോദയം കാണാം. സൂര്യന്‍റെ ആദ്യ കിരണങ്ങള്‍ താമരപ്പൂക്കളില്‍ തട്ടി പ്രതിഫലിക്കുന്നത് അവിസ്മരണീയമായ അനുഭവമാണ്.
ബോട്ടിങ്, കുതിര സവാരി പോലുള്ള സാഹസിക പ്രവർത്തനങ്ങളും ഈ പരിസരത്തുണ്ട്. താഴ്‌വരയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രവും സന്ദർശിക്കാം. ഗുലാവത് താഴ്‌വരയ്ക്ക് സമീപമുള്ള യൂക്കാലിപ്റ്റസ് വനവും മുളങ്കാടുകളുമെല്ലാം സഞ്ചാരികള്‍ക്കു പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ച് സമയം ചെലവഴിക്കാൻ അവസരമൊരുക്കുന്നു. അടുത്തുള്ള ഗുലാവത് ഗ്രാമത്തിലൂടെ ചുറ്റിക്കറങ്ങാനും പ്രദേശവാസികളുടെ ജീവിതശൈലി നേരിട്ട് കണ്ടു മനസ്സിലാക്കാനും സാധിക്കും.
ഗ്രാമാന്തരീക്ഷത്തില്‍, അവിടെ തന്നെ ഉണ്ടാക്കുന്ന പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കാം. ചെറുകടികള്‍ വില്‍ക്കുന്ന ഒട്ടേറെ കച്ചവടക്കാര്‍ ഈ പരിസരത്തുണ്ട്. മഴക്കാലത്ത് ഇവിടെ വറുത്ത ചോളം കിട്ടും. വിനോദസഞ്ചാരികൾക്ക് താഴ്‌വരയിൽ പാചകം ചെയ്യാൻ അനുവാദമുണ്ട്, അതിനാല്‍ കുടുംബത്തോടൊപ്പം ഇവിടെ വിനോദ സഞ്ചാരത്തിനെത്താം.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാവുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇൻഡോറിലെ ഗുലാവത് ലോട്ടസ് വാലി. എന്നാല്‍ മൺസൂണിലും ശൈത്യകാലത്തുമാണ് ഇവിടം ഏറ്റവും മനോഹരമാകുന്നത്. സെപ്റ്റംബർ മുതൽ ജനുവരി വരെ താമര പൂക്കുന്ന കാലമാണ്.