ലോകത്തിലെ ഏറ്റവും കുത്തനെയുള്ള കേബിൾ കാർ വേയുമായി സ്വിറ്റ്സർലൻഡ്
Mail This Article
ലോകത്തിലെ ഏറ്റവും കുത്തനെയുള്ള കേബിൾ കാർ എന്നവകാശപ്പെടുന്ന പുതിയ കേബിള്‍ വേ സ്വിറ്റ്‌സർലൻഡിലെ ബെർണീസ് ആൽപ്‌സിൽ. അയൽ ഗ്രാമങ്ങളായ സ്റ്റെച്ചൽബർഗിനെയും മുറെനെയും ബന്ധിപ്പിക്കുന്ന ഈ കേബിള്‍ വേ ഷിൽത്തോൺ എന്നറിയപ്പെടുന്നു. ജെയിംസ് ബോണ്ടിന്‍റെ "ഓൺ ഹെർ മജസ്റ്റിയുടെ സീക്രട്ട് സർവീസ്" എന്ന ചിത്രത്തിലൂടെ പ്രശസ്തമായ മൗണ്ടൻ ടോപ്പ് റിവോൾവിങ് റസ്റ്ററന്റ് പിസ് ഗ്ലോറിയയിലേക്കു ഷിൽത്തോൺ കേബിൾവേ റൈഡർമാരെ കൊണ്ടുപോകുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,650 മീറ്റർ (5,413 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേബിള്‍ വേ, 159.4% ഗ്രേഡിയന്റിൽ വെറും നാല് മിനിറ്റിനുള്ളിൽ 775 മീറ്റർ (2,543 അടി) കയറുന്നു. ഇത്തരം കേബിള്‍വേകള്‍ ഒരുപാടുള്ള നാടാണ് സ്വിറ്റ്സർലൻഡ്. ലോകത്തിലെ ഏറ്റവും കുത്തനെയുള്ള ഫ്യൂണിക്കുലാർ റെയിൽവേ 2017 ൽ ആൽപൈൻ ഗ്രാമമായ സ്റ്റൂസിൽ തുറന്നു, 743 മീറ്റർ (2,438 അടി) ഉയരത്തിൽ 110% വരെ ഗ്രേഡിയന്‍റ് ഇതിനുണ്ട്. മേൽക്കൂരയില്ലാത്ത അപ്പർ ഡെക്കുള്ള ലോകത്തിലെ ആദ്യത്തെ കേബിൾ കാറായ സ്റ്റാൻസെർഹോൺ കാബ്രിയോ ലൂസേണിലാണ് സ്ഥിതിചെയ്യുന്നത്. ഇത് സ്റ്റാൻസ് ഗ്രാമത്തിൽ നിന്നു സ്റ്റാൻസെർഹോൺ പർവതത്തിന്റെ മുകളിലേക്കു 2,320 മീറ്റർ ഉയരത്തില്‍ യാത്രക്കാരെ വഹിക്കുന്നു.
ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കേബിൾ കാറും സ്വിറ്റ്സർലൻഡിലാണ്. ടിറ്റ്‌ലിസ് റോട്ടയർ എന്ന് പേരുള്ള ഈ കേബിള്‍ വേ, സമുദ്രനിരപ്പിൽ നിന്ന് 3,020 മീറ്റർ (9,908 അടി) ഉയരമുള്ള ടിറ്റ്‌ലിസ് പർവ്വതത്തിന്റെ മുകളിൽ, ഏംഗൽബെർഗില്‍ നിന്നും വെറും അഞ്ച് മിനിറ്റിനുള്ളിൽ യാത്രക്കാരെ എത്തിക്കുന്നു. ഒബ്വാൾഡന്റെയും ബേണിന്റെയും കൻ റോണുകൾക്കിടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഉറി ആൽപ്സിന്റെ ഒരു ഭാഗമാണ് ടിറ്റ്ലിസ്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള തൂക്കുപാലമായ ടിറ്റ്‌ലിസ് ക്ലിഫ് വാക്ക് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മുകളിൽ, സന്ദർശകർക്കു ഐസ് ഗുഹ പര്യവേക്ഷണം ചെയ്യാനും കഴിയും.
മാറ്റർഹോൺ പര്‍വ്വതത്തില്‍, 3821 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർവ്വത സ്റ്റേഷനുമായി സെർമാറ്റ് ഗ്രാമത്തെ ബന്ധിപ്പിക്കുന്ന കേബിള്‍വേയും ജനപ്രിയമാണ്. വെറും 15 മിനിറ്റിനുള്ളിൽ 1400 മീറ്റർ ഉയരത്തിൽ എത്തുന്ന ഗ്ലേസിയർ 3000 ഗൊണ്ടോള റൈഡും ഡ്രാഗൺ റൈഡ് എന്നു വിളിക്കുന്ന പീലാറ്റസ് ഗൊണ്ടോള റൈഡുമെല്ലാം പ്രശസ്തമാണ്.