അഗസ്ത്യാർകൂടം ട്രെക്കിങ് 2025: ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം
Mail This Article
ട്രെക്കിങ് ഇഷ്ടപ്പെടുന്നവർ ഓരോ വർഷവും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അഗസ്ത്യാർകൂടം ട്രെക്കിങ്. ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ജനുവരി 20ന് തുടങ്ങി ഫെബ്രുവരി 22ന് അവസാനിക്കുന്നതാണ്. അഗസ്ത്യാർകൂടം ട്രെക്കിങ്ങിനുള്ള ആദ്യഘട്ട ബുക്കിങ് ഓൺലൈനിൽ ജനുവരി 8 ന് ആരംഭിക്കും. സ്വന്തമായി ഇൻ്റർനെറ്റ് കണക്ഷനും നെറ്റ ബാങ്കിങ് / ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് സൗകര്യമുള്ളവർക്ക് ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 20 മുതൽ 31 വരെയാണ് ആദ്യഘട്ട ട്രെക്കിങ്. ആദ്യഘട്ട ട്രെക്കിങ്ങിനുള്ള ബുക്കിങ് ജനുവരി 8 ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ഫെബ്രുവരി ഒന്നു മുതൽ 10 വരെയാണ് രണ്ടാം ഘട്ട ട്രെക്കിങ്. ജനുവരി 21ന് രാവിലെ 11 മണിക്കാണ് രണ്ടാംഘട്ട ട്രെക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് ആരംഭിക്കുക. ഫെബ്രുവരി 11 മുതൽ 22 വരെയാണ് മൂന്നാം ഘട്ട ട്രെക്കിങ്. ഫെബ്രുവരി മൂന്നാം തീയതി രാവിലെ 11 മണിക്കാണ് മൂന്നാംഘട്ട ട്രെക്കിങ്ങിനുള്ള ബുക്കിങ് ആരംഭിക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ വഴി പരമാവധി 70 പേർക്ക് മാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. ഓൺലൈൻ റജിസ്ട്രേഷനിൽ ഉണ്ടാകുന്ന കാൻസലേഷൻ ഉൾപ്പെടെ ഓഫ് ലൈൻ വഴി ഒരു ദിവസം പരമാവധി 30 പേർക്ക് അനുമതി നൽകും. ട്രെക്കിങ്ങിന്റെ തലേദിവസം ആയിരിക്കും ഓഫ് ലൈൻ ആയി അനുമതി നൽകുക.
∙അക്ഷയ വഴി ബുക്ക് ചെയ്യാൻ
അഗസ്ത്യാർകൂടം ട്രെക്കിങ്ങിനുള്ള പ്രവേശന ടിക്കറ്റ് അക്ഷയ കേന്ദ്രങ്ങൾ വഴി ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്.
∙ ടിക്കറ്റ് നിരക്ക്
ഭക്ഷണം ഇല്ലാതെ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 2,500 രൂപയാണ്. ഒരു ടിക്കറ്റിൽ പരമാവധി അഞ്ചു പേരുകൾ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അക്ഷയകേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവരിൽ നിന്നും ടിക്കറ്റ് നിരക്കിന് പുറമേ പേയ്മെൻ്റ് ഗേറ്റ് വേ ചാർജും സേവന നിരക്കും ചേർത്തു തുക ഈടാക്കുന്നതായിരിക്കും. ബുക്ക് ചെയ്ത 18 വയസ്സു മുതൽ പ്രായമുള്ളവർക്ക് ഏഴു ദിവസത്തിനുള്ളിൽ റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കിൽ മാത്രമേ ട്രെക്കിങ് അനുവദിക്കുകയുള്ളൂ. 14 മുതൽ 18 വയസ് വരെ പ്രായമുള്ളവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഒപ്പം രക്ഷകർത്താവിന്റെ അനുമതിപത്രവും ഹാജരാക്കണം. ട്രെക്കിങ് ആരംഭിക്കുന്നതിനായി മുമ്പായാണ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.