കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ട്രെക്കിങ്; മരണം പതിയിരിക്കുന്ന വഴികൾ, യാത്രാനുഭവം
Mail This Article
കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ട്രക്കിങ്ങ് റൂട്ട് ആണ് അഗസ്ത്യാർ മലയിലേക്ക്. വളരെ ചുരുക്കം പേർക്ക് മാത്രം കിട്ടുന്ന അസുലഭാവസരം. ദിവസം നൂറ് പേർക്ക്, എല്ലാവർഷവും ജനുവരിയിലെ സംക്രമ കാലത്തുതുടങ്ങി ശിവരാത്രി വരെ മാത്രം അനുവദനീയമായ യാത്ര. ഒരു പാട് തവണ ശ്രമിച്ചതിന് ശേഷം മാത്രമാണ് ഓൺലൈനായി എൻട്രി പാസ്സ് കിട്ടിയത്. അന്നുമുതൽ തന്നെ ഈ യാത്രയ്ക്ക് വേണ്ടി മാനസ്സികമായി തയാറെടുപ്പ് തുടങ്ങി. കയറ്റവും അത്രയധികം തന്നെ ഇറക്കവും ഉള്ള കഠിന യാത്ര. മൂന്നു ദിവസം നീളുന്ന യാത്രയ്ക്ക് തുടക്കമായത് 2024 ഫെബ്രുവരി 7 നാണ്.
അന്നേ ദിവസം ബോണക്കാട് ചെക്ക് പോസ്റ്റിൽ എത്തിച്ചേരാനായിരുന്നു നിർദ്ദേശം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ–വെഞ്ഞാറമൂട്–നെടുമങ്ങാട്–വിതുര വഴി ബോണക്കാട് ചെക്ക് പോസ്റ്റ്. ഓൺലൈനായി എടുത്ത പാസ്സിന്റെ കൂടെ ഒറിജിനൽ ഐഡി കാർഡും ഒരാഴ്ചയ്ക്കകം എടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റുമായി കൗണ്ടറിൽ ഹാജരാകണം. നനുത്ത പ്രഭാതത്തിൽ വിതുര വഴി ബോണക്കാട് ടീ എസ്റ്റേറ്റിന്റെ പഴയ തകർന്നു വീഴാറായ കെട്ടിടത്തിന് സമീപം എത്തിയപ്പോൾ സമയം രാവിലെ 9 കഴിഞ്ഞു. ആ കെട്ടിടം ബ്രിട്ടീഷ് കാലത്തെ പ്രൗഢി വിളിച്ചു പറയുന്നുണ്ടായിരുന്നു. പിന്നീട് എപ്പോഴോ അതു സർക്കാർ കണ്ടുകെട്ടി, ഇപ്പോൾ കാലഹരണപ്പെട്ട അവസ്‌ഥയിലാണ്. യന്ത്രോപകരണങ്ങൾ നശിച്ചു പോയി, എങ്കിലും കെട്ടിടം വീഴുന്ന പരുവത്തിൽ ആയില്ല.135 വർഷങ്ങൾക്ക് മുന്നേ ബ്രിട്ടിഷുകാർ സ്ഥാപിച്ചതായിരുന്നു ആ കെട്ടിടവും അന്നത്തെ മനോഹരമായ തേയില തോട്ടവും. പക്ഷേ ഇന്നവിടെ തേയിലത്തോട്ടം ഇല്ല. എങ്കിലും പച്ച പുതച്ചു കിടക്കുന്ന പ്രദേശം തന്നെ. ആ കാലഘട്ടത്തിൽ ഇത്രയും പ്രൗഢ ഗംഭീരമായ ഫാക്ടറി നിർമിച്ചിട്ടുണ്ടെങ്കിൽ അവരുടെ അന്നത്തെ ദീർഘവീക്ഷണവും പ്രായോഗിക അറിവും കഴിവും എത്രയോ മുന്നിലാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. അനന്തപുരി നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരത്തിൽ ആണ് അപ്പോൾ നിൽക്കുന്നതെന്ന കാര്യം പോലും വിസ്മരിച്ചു പോകും. യാത്ര സൗകര്യം തുലോം പരിമിതമായ ആ കാലത്ത് ഇത്രയും മനോഹരമായ സ്ഥാനം കണ്ടെത്തിയവരെ അഭിനന്ദിക്കാതെ വയ്യ. ആ കെട്ടിടത്തിന്റെ ഒരരിക് പറ്റി മുന്നോട്ടു നീങ്ങി വലത്തോട്ടാണ് നമുക്ക് പോകേണ്ടത്. വളവ് തിരിഞ്ഞു വീതികുറഞ്ഞ റോഡിലേക്ക് വണ്ടി തിരിഞ്ഞു. ടാർ റോഡ് അവസാനിച്ചിരിക്കുന്നു. അവിടെ ക്വാർട്ടേഴ്സുകൾ പോലെ പഴയ കെട്ടിടങ്ങളും താമസക്കാരും ഉണ്ട്. അതാണ് അതിർത്തി പ്രദേശം.
വളരെ കുറച്ചു കുടുംബങ്ങൾ മാത്രമേ അവിടെ താമസിക്കുന്നുള്ളു എന്നുള്ളത് ഒറ്റ നോട്ടത്തിൽ മനസ്സിലായി. നഗരത്തിൽ നിന്നും രാവിലെ 5 മണിക്ക് ഒരു കെഎസ്ആർടിസി ബസ്സ് സർവീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്കും അത് കഴിഞ്ഞു വൈകിട്ടും ഓരോ ട്രിപ്പ് അതിലാണ് ട്രക്കിങ്ങിനു വരുന്ന യാത്രികരുടെ സഞ്ചാരം. ഇന്നിപ്പോൾ കുറേപ്പേർ സ്വന്തമായി വാഹനം ഓടിച്ചു വരാറുണ്ട്. ചെറിയ റോഡിൽ ഒരു വളവ് തിരിഞ്ഞു കഴിഞ്ഞപ്പോൾ അങ്ങു ദൂരെ മല നിരകൾ കാണാം. ഏതൊക്കെ മലകളും കുന്നുകളും ആണെന്ന് അറിയാൻ സാധിച്ചില്ല. അപ്പോഴേക്കും വാഹനത്തിനു അരികിലായി കുറച്ചു ആട്ടിൻകുട്ടികൾ, പശുക്കൾ എന്നിവയെ മേയ്‌ച്ചുകൊണ്ട് നാട്ടുകാരിൽ ചിലർ. തൊട്ടടുത്ത് മൂന്നോ നാലോ യുവാക്കൾ. അവർ കൈചൂണ്ടിയ വഴിയേ വണ്ടി മുന്നോട്ടു പോയി. എതിരെ വരുന്ന വാഹനങ്ങൾക്കു വഴികൊടുക്കാൻ സാധിക്കാത്തത്രയും വീതി കുറഞ്ഞ മൺപാത, ഒരുവശം ചെറിയ കുന്നുകൾ. പുലർകാല വെയിൽ വിട്ടുണരുന്നതിന്റെ ആലസ്യത്തിൽ കാടുകൾ. വളവും തിരിവും കഴിഞ്ഞു മുന്നോട്ടു പോയപ്പോൾ വീതി അൽപ്പം കൂടിയ വഴിയരികിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാനായി. ഒന്നോ രണ്ടോ ദിവസമായി അവ പാർക്ക് ചെയ്തിട്ട് എന്നത് കണ്ടാൽ അറിയാൻ പറ്റും. വീണ്ടും അൽപ്പം കൂടി മുന്നോട്ട് പോയപ്പോൾ, കുറച്ചധികം കാറുകൾ, വലിയൊരു കമാനത്തിനു മുന്നിൽ ഇരു വശത്തുമായി പാർക്ക് ചെയ്തത് ശ്രദ്ധയിൽ പെട്ടു. എനിക്ക് മുന്നേ എത്തിയവരുടേതും കഴിഞ്ഞ ദിവസങ്ങളിൽ ട്രക്കിങ്ങിനു പോയ ആൾക്കാരുടെ വരവും കാത്തിരിക്കുന്ന കാറുകളും ബൈക്കുകളും ആയിരുന്നു അവയൊക്കെ. ഇരുപതിനടുത്ത് കാറുകൾ ഉണ്ടായിരുന്നു. ഹരിത നിറമാർന്ന കമാനത്തിൽ വലിയ വെള്ള അക്ഷരങ്ങളാൽ "അഗസ്ത്യ മല ഔഷധ സംരക്ഷണ മേഖല" കേരള വനം വന്യജീവി വകുപ്പ്, പേപ്പാറ വന്യജീവി സങ്കേതം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു....
എന്റെ വാഹനം ഒതുക്കി പാർക്ക് ചെയ്യാൻ നോക്കിയെങ്കിലും സാധിച്ചില്ല. ബാഗ് ഇറക്കിവച്ചതിനുശേഷം അവിടെ നിന്ന "കാനി" എന്നു പേരുള്ള സെക്യൂരിറ്റി സ്റ്റാഫ് എന്റെ കൂടെ വന്നു. വന്ന വഴിയെ വീണ്ടും വണ്ടി അൽപ്പ ദൂരം ഓടി. ചെറിയൊരു വളവിൽ, അൽപം സ്ഥലം കിട്ടിയപ്പോൾ അവിടെ പാർക്ക് ചെയ്തു, കാരണം ഇനി രണ്ടു ദിവസത്തേക്ക് അവിടെ തന്നെ വയ്ക്കണമല്ലോ. ഈ പരിസരത്ത് എവിടെ പാർക്ക് ചെയ്താലും അത് സുരക്ഷിതമായി ഇരിക്കും. ആരും ഒന്നും പേടിക്കേണ്ട എന്ന് സെക്യൂരിറ്റിക്കാരൻ ഉറപ്പ് തന്നു. വീണ്ടും തിരിച്ചു നടന്നു വലിയ ഗേറ്റ് കടന്ന് റിസപ്ഷനിൽ ചെന്നു, കയ്യിലുള്ള പാസ്സ് കൈമാറി. അവിടെ ഫോറസ്റ്റ് ഓഫീസർ മി. ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രജിത, അഞ്ജന പിന്നെ ഒരാളും കൂടി ഉണ്ടായിരുന്നു. അവരാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തുന്നത്. ഓരോരുത്തരെയും ക്രമമനുസരിച്ചു പേര് വിളിക്കുന്നുണ്ടായിരുന്നു. പാസ്സ് ചെക്കിങിന് വേണ്ടി കൊടുത്തു കഴിഞ്ഞു. ആ സമയത്തിനുള്ളിൽ കാപ്പിയോ ലഘു ഭക്ഷണമോ കഴിക്കാൻ അവിടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഉച്ചഭക്ഷണം പൊതിഞ്ഞു തരുന്നുമുണ്ട്. വാഴയിലയിലല്ല. പകരം കാട്ടു മഞ്ഞളിന്റെ നീണ്ട ഇലയിലാണ് ചൂടോടെ ഭക്ഷണം വിളമ്പി പൊതിഞ്ഞ് തരുന്നത്. ഒഴിച്ചു കറി എന്ന സാമ്പാർ ഒരു കുഞ്ഞു കുപ്പിയിലാക്കിയാണ് തരുന്നത്. ആ കുപ്പി തിരികെ വരുമ്പോൾ തിരിച്ചേല്‍പിക്കണം. അച്ചാറും, ഉപ്പേരിയും കൂടെ ഉണ്ട്. പൊതി കയ്യിൽ എടുത്തപ്പോഴേ കനം കൂടുതൽ ആയി തോന്നി. ചോറിന്റെ അളവ് കൂടുതൽ ആണ്. അവിടെ തന്നെ നടക്കാൻ കൂടെ സഹായിയായി ചെത്തിമിനുക്കിയ വടിയും കൊടുക്കുന്നുണ്ട്. അതിന് ഇരുപതു രൂപ. അപ്പോഴേക്കും എൻട്രി പാസ്സ് ചെക്ക് ചെയ്തു തിരികെ തന്നു. ഇനി ബാഗ്ഗേജ് ചെക്കിങ് ഉണ്ട്. അഞ്ചുപേർ അതിനു വേണ്ടി മാത്രം. യാതൊരു കാരണവശാലും പ്ലാസ്റ്റിക് ബാഗുകളോ മറ്റോ കാടിനകത്ത് കൊണ്ടുപോകൽ അനുവദനീയമല്ല. അതുകൊണ്ട് ബാഗ് തുറന്ന് കാണിച്ചു കൊടുക്കണം. അലക്ഷ്യമായി അവ വലിച്ചെറിഞ്ഞാൽ വന്യ മൃഗങ്ങൾ അത് തിന്നാൻ സാധ്യത കൂടുതലാണ്. അങ്ങിനെ അവയുടെ മരണം സംഭവിക്കാം. ഇനി കയ്യിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടെങ്കിൽ അവയുടെ എണ്ണം നോക്കി 100 രൂപ മുതൽ ഡെപ്പോസിറ്റ് കൊടുക്കണം. അവ പാസ്സിൽ രേഖപ്പെടുത്തി തിരിച്ചു വരുമ്പോൾ ചെക്ക് പോസ്റ്റിൽ കാണിച്ചു കൊടുത്ത പൈസ തിരികെ വാങ്ങിക്കണം. അപ്പോൾ യാത്ര ആരംഭിക്കാം.
പാർട്ട് 2 : ഇനി യാത്ര തുടങ്ങാം
പത്തുപേർ അടങ്ങുന്നതാണ് ഒരു ഗ്രൂപ്പ്, പിന്നെ ഒരു ഗൈഡും. വിഷ്ണു, മാരിമുത്തു, ശെന്തിൽ എന്നിങ്ങനെ കുറച്ച് തമിഴ് നാട്ടുകാർ ഞാനുൾപ്പെടെയുള്ള പത്തു പേരിൽ ഉണ്ട്. ഞങ്ങളുടെ ഗൈഡ്, 'വിൻസന്റ്' എന്ന പേരുള്ള വിതുരക്കാരൻ. "ഇനി യാത്ര തുടങ്ങാം" എല്ലാവരും കേൾക്കെ വിൻസന്റ് പറഞ്ഞു. യാത്രയിൽ പാലിക്കേണ്ട നിർദേശങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നിൻ ചരിവിലൂടെ ചെറിയൊരു ഇറക്കമിറങ്ങിക്കൊണ്ടായിരുന്നു യാത്രയുടെ തുടക്കം. പതുക്കെ വളവ് തിരിഞ്ഞ് മുന്നോട്ട് നീങ്ങി സമതലം എന്ന് തോന്നിപ്പിക്കുമെങ്കിലും കയറ്റിറക്കങ്ങളുടെ വഴികൾ ആരംഭിക്കുകയായിരുന്നു. ഓരോരുത്തരുടെയും നടത്തത്തിന്റെ വേഗതയും മറ്റും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ബേസ് ക്യാംപ് ആയ അതിരുമലയിൽ എപ്പോഴെത്താൻ പറ്റും എന്ന് പ്രവചിക്കാൻ പറ്റില്ല. അടുത്ത രണ്ട് കിലോമീറ്ററോളം അദ്ദേഹം നമ്മുടെ കൂടെ ഉണ്ടാവും എന്ന് സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യിലും ഉച്ചഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു. കടും പച്ച നിറത്തിലുള്ള പാന്റും ഷർട്ടും തൊപ്പിയും ആയിരുന്നു അദ്ദേഹത്തിൻറെ യൂണിഫോം. ഷൂ ധരിച്ചിരുന്നില്ല. പകരം സാദാ ഒരു ഹവായ് ചെരിപ്പ് മാത്രമാണ് അദ്ദേഹം ധരിച്ചത്. കുറച്ചുപേർ വളരെ സ്പീഡിൽ മുന്നിൽ നടക്കുകയും, കുറച്ചുപേർ എന്റെ പുറകിലും നടക്കുന്നുണ്ടായിരുന്നു. വാചാലനായ അദ്ദേഹം ഓരോ കാര്യങ്ങളും സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ നടത്തം പതുക്കെ വലിയ വലിയ മരങ്ങളുടെ ചുവട്ടിലൂടെ ആയി. മുകളിലോട്ട് നോക്കി കഴിഞ്ഞാൽ കഴുത്തു വേദനിക്കുന്ന വിധം തലയെടുപ്പുള്ള മരങ്ങളുടെ ചുവട്ടിൽ കൂടിയാണ് ഞങ്ങളുടെ നടത്തം. ഇലകൾ പൊഴിഞ്ഞുകിടക്കുന്ന വൃഷ്ടിപ്രദേശം, കാടിന്റെ ഗന്ധം പതുക്കെ പതുക്കെ ഘ്രാണേന്ദ്രിയത്തിലേക്ക് തുളച്ചു കയറാൻ തുടങ്ങി. വ്യത്യസ്ത പക്ഷികളുടെ ചിലപ്പുകൾ ദൂരെ നിന്നും കേൾക്കാം. യാത്രയുടെ തുടക്കത്തിൽ സംഘർഷഭരിതമായിരുന്ന മനസ്സ് പതുക്കെ സമാധാനത്തിന്റെയും ശാന്തതയുടെയും വഴിയിലൂടെ ഒഴുകുന്ന പ്രതീതിയുണ്ടായി. ചില്ലകൾക്കിടയിലൂടെ സൂര്യ വെളിച്ചം ദേഹത്ത് തട്ടി തുടങ്ങി, കയ്യിൽ കരുതിയ തൊപ്പി എടുത്തണിഞ്ഞ് കവചം തീർക്കാൻ തീരുമാനിച്ചു. കുത്തനെയുള്ള ഒരു ഇറക്കമായിരുന്നു അടുത്തത്. അങ്ങ് ദൂരെ; കൈയിലുള്ള വടി ഉയർത്തി, ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം വാചാലനായി. 'ആ മലയും കൂടി കഴിഞ്ഞാൽ പുൽമേട് ഉണ്ട്, പക്ഷേ ഉച്ച കഴിയും അവിടെ എത്തുമ്പോൾ, ധൃതി വേണ്ട നടത്തത്തിന് പ്രയാസം തോന്നുന്നുണ്ടെങ്കിൽ കുറച്ചു പതുക്കെ ആവാം. ദിശയറിയാതെ വഴിതെറ്റിപ്പോകും എന്ന പേടി വേണ്ട അഥവാ വഴിതെറ്റി എന്ന് തോന്നുകയാണെങ്കിൽ അവിടെ നിന്നാൽ മതി ഞങ്ങളിൽ ആരെങ്കിലും സഹായത്തിന് കാണും". ഓരോ രണ്ടു കിലോമീറ്ററിലും വാച്ചർമാരുടെ ക്യാംപ് ഷെഡുകൾ ഉണ്ട്. അതാ, ആ കാണുന്ന മലയും കയറിയിറങ്ങി അപ്പുറമെത്തണം, ദൂരെ പൊട്ടുപോലെ കാണുന്നതാണ് നമ്മുടെ അഗസ്ത്യമല.." അദ്ദേഹം പറഞ്ഞു നിർത്തി...ഇളം വെയിലിലും തലയെടുപ്പോടെ ആ മല കണ്ടപ്പോൾ സന്തോഷം തോന്നി. "ഇനി ബേസ് ക്യാംപിൽ എത്തിയാൽ മാത്രമേ നമുക്ക് അത് വ്യക്തമായി കാണാൻ പറ്റൂ.."
പടർന്നുപന്തലിച്ചതും മുളച്ചുപൊങ്ങിയതുമായ വൃക്ഷങ്ങളുടെ അരിക് പറ്റി വലിയ വലിയ വേരുകൾ ചവിട്ടി ഞങ്ങൾ യാത്ര തുടർന്നു. ചിലയിടത്ത് വലിയ വൃക്ഷങ്ങൾ കടപുഴകി വഴിയിൽ തന്നെ വീണു കിടക്കുന്നുണ്ടായിരുന്നു. അതിനെ വെട്ടി മാറ്റാൻ ആരും മുതിരാറില്ല. അതവിടെ തന്നെ കിടക്കും. സംസാരിച്ചു കൊണ്ടുള്ള ആ നടത്തത്തിൽ അദ്ദേഹത്തിന് കുറഞ്ഞു കൂടിയിരിക്കുന്ന ഊർജത്തിന്റെ അളവ് ചെറുതല്ല എന്ന് മനസ്സിലായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്ക് മുകളിലായി ഈ യാത്രയും ജോലിയും ചെയ്യാൻ തുടങ്ങിയിട്ട് അതുകൊണ്ടുതന്നെ കാട് പകർന്നു കൊടുത്ത ഊർജം നമുക്ക് അദ്ദേഹത്തിൽ ദർശിക്കാം. അനുഭവജ്ഞാനത്തിന്റെ പിൻബലത്തിൽ അദ്ദേഹം കൂടുതൽ കാര്യങ്ങളുമായി വാചാലനായി.
കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ കാട്ടാക്കടക്കാരനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ ഒരു വേള മൗനം ഞങ്ങളുടെ ഇടയിൽ പടർന്നു പന്തലിച്ചു. അഗസ്ത്യമല കയറിയതിനുശേഷം തിരിച്ചുവരികയായിരുന്നു രണ്ടു സുഹൃത്തുക്കൾ കാടിറങ്ങി വരുമ്പോൾ വഴിയിൽ ഒരൊറ്റയാൻ മനുഷ്യരെ കണ്ടെന്ന രീതിയിൽ ചിഹ്നം വിളിച്ചു നിന്ന്കൊണ്ട് അവരുടെ യാത്രയിൽ വിഘ്നം സൃഷ്ടിച്ചു. ആ ആന രണ്ടുപേരെയും പിന്തുടരുകയും, ഭയപ്പാടിന് ഇടയിൽ ഒരാൾ താഴെ വീഴുകയും ചെയ്തു. വീണു കിടന്ന ആളിനെ കാലുകൊണ്ട് ചവിട്ടി തുമ്പിക്കൈ കൊണ്ട് വലിച്ചുകീറുകയായിരുന്നു. അത്രത്തോളം ഭീകരവും ഭയാനകമായിരുന്നു ആ ദൃശ്യം എന്ന് പറയേണ്ടതില്ലല്ലോ? പ്രകോപിപ്പിക്കുന്ന രീതിയിൽ ഏതോ പെരുമാറ്റം അവരിൽ നിന്നും ഉണ്ടായതാണ് അത്തരം അപകടത്തിന് കാരണം ഉണ്ടായത്. ഫ്ലാഷ് പ്രവർത്തിപ്പിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കരുതെന്നും വിൻസന്റ് ഞങ്ങളോടായി പറഞ്ഞു. വഴിയിൽ അപകടത്തിൽ പെട്ടവരെ സഹായിക്കാൻ വനപാലകർ തന്നെയായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. അവർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴി പൊലീസിൽ അറിയിക്കുകയും ചെയ്തെങ്കിലും അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് പൊലീസ് എത്തിച്ചേർന്നത്. തുടർന്ന് മഹസർ തയ്യാറാക്കുകയും പോസ്റ്റുമോർട്ടത്തിനുള്ള നടപടികൾക്ക് വേണ്ടി നഗരത്തിൽ ഉള്ള ആശുപത്രിയിലേക്ക് ശരീരം ചുമന്നു കൊണ്ടുപോവുകയും ചെയ്തു. അക്രമത്തിൽ മരണപ്പെട്ട ആൾക്ക് രണ്ടു പെൺകുട്ടികൾ ആയിരുന്നു എന്നും അവരിൽ ഒരാൾ സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നുവെന്നും ആ കുട്ടിക്ക് സംസാരശേഷി വീണ്ടെടുക്കാൻ അഗസ്ത്യമല കേറി പൂജയും പ്രാർഥനയും നടത്തിയാൽ സാധിക്കുമെന്നും ഉള്ള വിശ്വാസത്തിലാണ് അദ്ദേഹം മല കയറിയത്. മകൾക്ക് വേണ്ടി പ്രാർഥന നടത്തി തിരിച്ചിറങ്ങും വഴിയാണ് അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പിന്നീട് അദ്ദേഹത്തിൻറെ വിധവയായ ഭാര്യക്ക് വനം വകുപ്പിൽ തന്നെ ജോലി ലഭിക്കുകയും ഉണ്ടായി. കൊട്ടൂർ വനമേഖലയിൽ ജോലി നോക്കുകയാണ് അവരിപ്പോൾ. ഒറ്റയാനെയാണ് നമ്മൾ യാത്രക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നും കൂട്ടത്തോടെയുള്ള ആനകളെ അത്രയധികം പേടിക്കേണ്ട എന്നുള്ളതും അദ്ദേഹം പറഞ്ഞു. വന്യജീവിക്ക് അവരുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകും എന്നു തോന്നിയത് കൊണ്ടാകാം അപ്രകാരം സംഭവിച്ചത് ഫലത്തിൽ ഈശ്വരൻ തുണച്ചില്ല, ജീവൻ നഷ്ടമായി. എന്റെ യുക്തിചിന്ത, വളർന്നു പന്തലിച്ച മരങ്ങളോളം ഉയർന്നു. അങ്ങനെ നോക്കി നടക്കുമ്പോഴാണ് മറ്റൊരു മനോഹരമായ കാഴ്ച കണ്ടത്. രണ്ടു വൃക്ഷങ്ങൾ ഒട്ടിച്ചേർന്ന് അതിന്റെ തായ്ത്തടി മണ്ണിൽ ചേരുന്ന ഭാഗത്ത് അസാമാന്യമായ വിസ്താരം ഉള്ളതായിരുന്നു. മൂന്നോ നാലോ ആൾക്കാർ ചേർന്ന് കൈകോർത്തു പിടിച്ചാൽ പോലും കൂട്ടിമുട്ടിക്കാൻ കഴിയാത്തത്ര വലിപ്പമുള്ള അടിഭാഗം അതായിരുന്നു ആ വൃക്ഷരാജാവ്. എല്ലാ കാഴ്ചകളും കണ്ട് തലയെടുപ്പോടെ ആ മരം അഗസ്ത്യമലയിലെ പ്രതിഷ്ഠയായ അഗസ്ത്യ മുനിയെ നോക്കി നിൽക്കുകയാണെന്ന് തോന്നിപ്പോകും. 2,500 ഓളം അപൂർവങ്ങളായ വൃക്ഷലതാദികൾ ആ വനമേഖലയിൽ ഉണ്ടെന്നുള്ളത് അദ്ഭുതകരമാണ്. അതൊക്കെ ഞങ്ങളുടെ അറിവിലും അപ്പുറമായിരുന്നു. സൂര്യ വെളിച്ചം ഇലകളിൽ തട്ടി പ്രതിഫലിച്ചു കൊണ്ടേയിരുന്നു. കാട്ടിലെ ഓരോ വൃക്ഷത്തിന്റെ ശിഖരത്തിനു മാത്രം, നമ്മൾ എന്നും കാണുന്ന നാട്ടിലെ വൃക്ഷത്തിന്റെ ചേല്. പതിയെ മുന്നോട്ടുപോകുന്തോറും വനാന്തര ഭീകരത കുറേശ്ശെ തെളിഞ്ഞു വരികയാണ്.
കുറച്ചു വർഷങ്ങൾക്കു മുന്നേ നടന്ന മറ്റൊരു സംഭവത്തിന്റെ ചുരുൾ കൂടി അദ്ദേഹം അഴിച്ചു. ഒരു കാട്ടുപോത്തിന്റെ വരവ്, അതുവഴി ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതുമായ കാര്യമാണ് അദ്ദേഹത്തിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത്. ആ ദിവസം കാലാവസ്ഥ അല്‍പം മോശമായിരുന്നു. മഴയും കോട മഞ്ഞും മാറിമാറി പ്രകൃതിയുടെ പരീക്ഷണം ആയിരുന്നു. ഒരു ചെറിയ കയറ്റം ആയിരുന്നു മുന്നിൽ. ഉരുളൻ കല്ലുകളും പാറകളും നിറഞ്ഞു കിടക്കുന്ന ഇടം. മുന്നിൽ നിന്ന് കൊമ്പുകുലുക്കി കൊണ്ട് കാട്ടുപോത്ത് ഇറങ്ങി വരികയായിരുന്നു. ആദ്യത്തെയാൾ കാട്ടുപോത്തിനെ കണ്ട മാത്രയിൽ പെട്ടെന്ന് വഴി മാറി നിന്നു. രണ്ടാമത്തെയാൾക്ക് മാറി നിൽക്കാനോ ഒതുങ്ങാനോ കഴിഞ്ഞില്ല. നല്ല വേഗതയിൽ കുന്നിറങ്ങി വരികയായിരുന്ന കാട്ടുപോത്തിന്റെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറുകയും തെറിച്ചു വീഴുകയും ചെയ്തയാൾ ചോര വാർന്ന് മരിക്കുകയായിരുന്നു. മഴക്കോട്ട് തലയിലൂടെ അണിഞ്ഞിരുന്നതിനാൽ മുന്നിലുള്ള കാഴ്ചയ്ക്ക് വിഘാതം സംഭവിക്കുകയും പെട്ടെന്ന് ഒതുങ്ങി നിൽക്കാൻ പറ്റാതിരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കാട് ഇറങ്ങിവരുന്ന കാട്ടു പോത്തിന്റെ കൊമ്പ് ദേഹത്ത് ഉടക്കുകയും ചെയ്തു. അപകട വിവരമറിഞ്ഞ് വാച്ചർമാർ എത്തിച്ചേരുകയും മൃതശരീരം ചുമന്ന് ക്യാംപിൽ എത്തിക്കുകയും ചെയ്തു. കാലാവസ്ഥ തടസ്സമായതിനാൽ പിറ്റേ ദിവസം മാത്രമാണ് നഗരത്തിൽ എത്താൻ ആയത് ഭീതിദമായ വിവരണം നിങ്ങളെ പേടിപ്പിക്കാൻ അല്ല കുറച്ചുകൂടി ജാഗരൂകരായിരിക്കാനാണ് എന്ന് വിൻസന്റ് സൂചിപ്പിക്കുകയുണ്ടായി കാട്ടുപോത്തുകളുടെയും കരടികളുടെയും ആവാസ കേന്ദ്രത്തിൽ നിന്ന് അത്ര അകലെയല്ല നമ്മുടെ നടത്തം എന്നത് കാലുകളുടെ വേഗത കൂട്ടി. ചുമലിൽ തൂക്കിയിട്ടിരിക്കുന്ന ബാഗിന് ഓരോ ചുവട് വയ്ക്കുമ്പോഴും കനം കൂടി വരുന്നതായി ഓരോരുത്തർക്കും അനുഭവപ്പെട്ടു. ഒരു വളവു കൂടി കഴിഞ്ഞപ്പോൾ ഇരിക്കാൻ പറ്റുന്ന കൂറ്റൻ പാറകളുടെ മുകളിൽ ഭാരം ഇറക്കി വച്ച് ഞങ്ങൾ ദീർഘ നിശ്വാസമെടുത്തു. കയ്യിൽ കരുതിയ ഓറഞ്ചുകൾ പൊളിച്ചെടുത്ത് ഓരോ അല്ലികളായി ചുണ്ടിൽ വച്ചപ്പോൾ ക്ഷീണത്തിന് ആശ്വാസമായി. തമിഴ് സുഹൃത്തുക്കൾ കയ്യിൽ കരുതിയ പൈനാപ്പിൾ കഷണങ്ങൾ കൂടി പങ്കുവച്ചപ്പോൾ മധുരതരമായി. വീണ്ടും ഞങ്ങൾ നടത്തം തുടർന്നു.
മനുഷ്യജന്മം തുടങ്ങിയതു മുതൽ വൃക്ഷങ്ങളുമായി ആത്മബന്ധം ഉണ്ടായിരുന്നു എന്ന കാരണത്താൽ ആയിരിക്കും ഇന്നും അവ തരുന്ന തണൽ വഴികളിലൂടെ നാം മുന്നോട്ട് പോകുന്നത്. കാടിന്റെ കഥകൾ നമ്മൾ അറിയാതെ നമ്മിലേക്ക് സന്നിവേശിപ്പിക്കാൻ വിൻസന്റ് എന്ന പേരിലുള്ള ഗൈഡ് എന്റെ കൂടെ തന്നെ യാത്ര തുടർന്നു. ഒരുവേള പാറയുടെ മുകളിൽ ഫോട്ടോയെടുക്കാൻ കയറിപ്പോയ ഒരാൾ കാൽ തെന്നി വീണതും ആ വീഴ്ചയിൽ വെട്ടിമാറ്റിയ മുളകളുടെ മൂർച്ചയേറിയ ഭാഗം കണ്ണിലൂടെ തറച്ച് തലയോട്ടി തുളച്ച് പുറത്തുവരികയും, അതുവഴി രക്തം വാർന്നു മരിക്കുകയും ചെയ്ത മറ്റൊരു സംഭവം കൂടി കേട്ടപ്പോൾ മനസ്സിൽ വിങ്ങൽ തോന്നി. അപ്പോഴേക്കും ആദ്യത്തെ രണ്ട് കിലോമീറ്റർ പിന്നിട്ടിരുന്നു. യാത്രയിൽ ചിന്തകൾ മാറി മറിഞ്ഞു തുടങ്ങി.. അങ്ങ് ദൂരെ വെളിച്ചത്തിന്റെ തുണ്ട് പോലും ഭൂമിയിൽ വീഴാതെ നിൽക്കുന്ന സ്ഥലങ്ങളെ കുറിച്ചും ഒരുവേള ചിന്തിച്ചു പോയി. ഭൂമിയിലേക്ക് ചുറ്റി പിണഞ്ഞു നിൽക്കുന്ന വേരുകൾ പൊട്ടിച്ചെറിയാനുള്ള വ്യഗ്രതയോടെ ചില മരങ്ങളെങ്കിലും ഉണ്ടോ എന്നു സംശയം തോന്നി. കുറച്ചുകൂടി നടന്നപ്പോൾ കാട്ടാറിന്റെ ശബ്ദം അടുത്തടുത്ത് വരുന്നതായി അറിഞ്ഞു. മനസ്സിൽ കുളിർമയുള്ള കാറ്റുവീശി. ഏതാനും മിനിറ്റുകൾക്കകം ഞങ്ങൾ കാട്ടരുവിയുടെ സമീപത്ത് എത്തിച്ചേർന്നു. നമുക്ക് മുന്നേ സഞ്ചരിച്ചവർ അവിടെ കുളിക്കാൻ തയാറെടുക്കുന്നുണ്ടായിരുന്നു. കുറച്ചുപേർ പാറപ്പുറത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു. ഓരോരോ പാറയുടെ മുകളിൽ ഞങ്ങളും ഇരിപ്പുറപ്പിച്ചു. ബാഗ് ഇറക്കി വച്ചതിനുശേഷം കൈയും മുഖവും കാലും ഒന്ന് കഴുകി. അതുവരെ ഉണ്ടായിരുന്ന ക്ഷീണം മാറി പുതിയൊരു അനുഭൂതി തോന്നി. അത്രയ്ക്ക് സുഖകരമായിരുന്നു തെളിനീർ മുഖത്ത് തളിച്ചപ്പോൾ. കയ്യിൽ കരുതിയ ഉച്ച ഭക്ഷണം പതുക്കെ കഴിക്കാൻ തുടങ്ങി. പത്തു പതിനഞ്ചു മിനിറ്റിനകം ഭക്ഷണവും കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പാർട്ട് 3
ഇറക്കിവച്ച ഭാരം വീണ്ടും ചുമലിൽ കയറ്റി ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ നടത്തം തുടങ്ങി. രണ്ടാം നമ്പർ ക്യാംപ് ആയ ലാത്തി മൊട്ട എന്ന സ്ഥലത്തിന് തൊട്ടടുത്തായിരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്ന സ്ഥലം. കാടിനകത്തെ കാലാവസ്ഥയിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. ചൂടു കാറ്റാണെങ്കിലും നല്ല ശക്തിയായി വീശുന്നുണ്ടായിരുന്നു നടത്തത്തിൽ ശരീരം വിയർക്കുന്നുണ്ട് എങ്കിലും കാറ്റു കാരണം വിയർപ്പ് പെട്ടെന്നു തന്നെ ആവിയായി പോകുന്നുമുണ്ട്. ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി, കാരണം പുൽമേട് അധികം വൈകാതെ കടന്നുപോകണം, എങ്കിൽ മാത്രമേ പിന്നീടുള്ള മലമേടുകൾ ആയാസരഹിതമായി കയറാൻ പറ്റുള്ളൂ. ഇതൊക്കെയായിരുന്നു ചിന്തകൾ. കൂടാതെ അടുത്ത ദിവസം രാവിലെ കയറാൻ പോകുന്ന മലകളെ കുറിച്ച് കേട്ടറിവ് മാത്രമേ ഇത്രയും കാലം ഉണ്ടായിരുന്നുള്ളൂ. അത് നേരിട്ട് കാണുമ്പോഴും അനുഭവിക്കുമ്പോഴുള്ള ഒരു ത്രില്ലിനായി മനസ്സ് ആക്കാൻ കൂട്ടുകയും ചെയ്യുന്നു. മണിക്കൂറിനുള്ളിൽ അടുത്ത ക്യാംപ് ആയ കരമനയാർ എന്ന പേര് വെച്ചിരിക്കുന്ന ഷെഡ്‌ഡിന് മുന്നിൽ എത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ അഗസ്ത്യാർകൂടം 14.5 കിലോമീറ്റർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ചെറിയ ഓലമേഞ്ഞ ഷെഡ്ഡ് മാത്രമാണ് വനപാലകർക്ക് താമസിക്കാൻ ഏർപ്പാടാക്കിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമം ഉണ്ടാകില്ല എന്നൊരു ഉറപ്പുമില്ല. എങ്കിലും അവിടെ വനപാലകർ സുരക്ഷിതമായി ജോലി നോക്കുന്നു. ഇലകളും മരച്ചില്ലകളും കത്തിച്ച അവശിഷ്ടം കാണാനുണ്ട്. രാത്രിയിൽ മൃഗങ്ങളിൽ നിന്ന് രക്ഷനേടാനായി ചെറുതായി തീ ഇടുന്നതായിരിക്കും. തുടർന്ന് അങ്ങോട്ട് മലഞ്ചെരുവിൽ കൂടി നടക്കുമ്പോൾ ചൂടുകാറ്റ് വീശുന്നതായി അനുഭവപ്പെട്ടു. രണ്ടുമണിക്ക് മുന്നേ 'വാഴപ്പൈന്ത്യാർ' എന്ന പേരിലുള്ള നാലാമത്തെ ക്യാംപിന് സമീപം എത്തിച്ചേർന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ സമുദ്രനിരപ്പിൽ 565 മീറ്റർ ഉയരത്തിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത് എന്ന് മനസ്സിലായി. ഗൈഡുകൾക്ക് പരസ്പരം കമ്മ്യൂണിക്കേഷൻ ചെയ്യുന്നതിനായി അവരുടെ കയ്യിൽ യാത്രക്കാരുടെ ലിസ്റ്റ് ഉണ്ടായിരുന്നു. കൂടാതെ എത്രപേർ മുന്നേ പോയിട്ടുണ്ട് എന്നും അവർ ശ്രദ്ധിക്കുന്നതായി മനസ്സിലായി. എങ്കിലും ആദ്യ രണ്ടു കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ അനുഗമിച്ച മിസ്റ്റർ വിൻസന്റിനെ പോലെ വേറെ ഒരാളെ കിട്ടിയില്ല. ചില ഗൈഡുകൾ സംസാരം തീരെയില്ല. മുന്നിലായി നടക്കുന്നുണ്ട് അത്രമാത്രം. ചിലപ്പോൾ അവരുടെ പൊടി പോലും കാണാനില്ല. അത്ര ദൂരേക്ക് കാഴ്ചയിൽ നിന്നും മറഞ്ഞിട്ടുണ്ടാവും. വീണ്ടും ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ നടത്തം തുടർന്നു. താഴെ സൂര്യ വെളിച്ചം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. തുടർന്ന് കണ്‍മുന്നിൽ കണ്ടത്, ഒരു വലിയ ക്യാൻവാസിൽ വിരിഞ്ഞ ഭംഗിയുള്ള ഒരു ദൃശ്യം പ്രകൃതി നമുക്കായി ഒരുക്കി വെച്ചതുപോലെ തോന്നി. കയ്യും മുഖവും കഴുകി വെള്ളം കുടിച്ച് സമയം പാഴാക്കാതെ വീണ്ടും നടന്നു തുടങ്ങിയ ഞങ്ങൾ സാമാന്യം വലിപ്പമുള്ള ഒരു വെള്ളച്ചാട്ടത്തിന് അരികിലെത്തി. അതിന്റെ ഭംഗിയും ഒഴുക്കും ശബ്ദവും കുളിർ പകർന്നു. തെളിനീരൊഴുകുന്ന പാറകൾക്ക് പ്രത്യേക ചേല് തോന്നി. കുറെ ചിത്രങ്ങൾ മനസ്സിലും ക്യാമറയിലും കൂടി പകർത്തിയാണ് വീണ്ടും യാത്ര തുടർന്നത്. മൂന്ന് മണിയോടുകൂടി അട്ടയാർ എന്ന അഞ്ചാമത്തെ ക്യാംപിന് സമീപം എത്തിച്ചേർന്നു. പൂർണമായും പാറകൾക്കു മുകളിലാണ് ഷെഡ് പണിതിരിക്കുന്നത്. ടാർപോളിൻ ഉപയോഗിച്ച് മേൽക്കൂര പൊതിഞ്ഞു കെട്ടിയിരിക്കുന്നു. വീണ്ടും ഒരു ചെറിയ കയറ്റം. ഏകദേശം ഇരുപതു മിനിറ്റുകൾക്ക് ശേഷം ആന്റി പോച്ചിങ് ക്യാംപിന് മുന്നിൽ എത്തി. അവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പാസ്സുകൾ ഒരിക്കൽ കൂടി പരിശോധിച്ചു. കാടിനകത്ത് ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള കെട്ടുറപ്പുള്ള കെട്ടിടം. മേൽക്കൂരയും ഉറപ്പോടുകൂടി പണിതിരിക്കുന്നു. യൂണിഫോമിലാണ് ജീവനക്കാരൻ ഉണ്ടായിരുന്നത്. നല്ല ഉറപ്പുള്ള മേൽക്കൂര. ഇരുമ്പ് തൂണുകളിൽ മുനയുള്ള കമ്പിവേലി ചുറ്റിയിരിക്കുന്നു. മൃഗങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചാൽ അവർക്ക് തീർച്ചയായും മുറിവ് പറ്റും. അതുകൊണ്ടുതന്നെ ആ കെട്ടിടത്തിന് കേടുപാടുകൾ ഒന്നുതന്നെ സംഭവിച്ചിട്ടില്ല. പത്തുമിനിറ്റ് അവിടെ ചെലവഴിച്ച ശേഷം വീണ്ടും ഭാരം മുതുകിൽ. ഇനി അങ്ങോട്ട് തുറസ്സായ സ്ഥലത്തുകൂടെ പോകാം. നിരപ്പായ പരന്ന പ്രദേശം പോലെ തോന്നിപ്പിക്കുമെങ്കിലും ചെറിയ കയറ്റിറക്കങ്ങളുണ്ട്. മൂന്നുമണിക്ക് ശേഷമുള്ള വെയിലിന് ഒരു സുഖമുണ്ട്. നടക്കുമ്പോൾ ക്ഷീണം ഒന്നും കാര്യമായി അനുഭവപ്പെട്ടില്ല എങ്കിലും ഇടയ്ക്കിടെ ഓരോ കവിൾ വെള്ളം അകത്താക്കാൻ മടി കാണിച്ചില്ല. കയ്യിൽ കരുതിയ ചോക്ലേറ്റ് ഇടവേളകളിൽ നുണച്ചിറക്കുന്നത് കൊണ്ടും നടത്തത്തിനുള്ള ഊർജം കിട്ടിക്കൊണ്ടിരുന്നു. ഒരു മണിക്കൂറിലധികം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. തുറസ്സായ മലഞ്ചെരുവുകളും പിന്നിട്ട് പതുക്കെ വീണ്ടും കയറ്റം തുടങ്ങി. അപ്പോഴേക്കും അടുത്ത ക്യാംപ് ആയ "ഏഴുമടക്കം തെരി" എന്ന വിചിത്രമായ നാമധേയം ബോർഡിൽ കണ്ടു. അതീവ പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയ്ക്ക് കോട്ടം പറ്റാതെ കാത്തുസൂക്ഷിക്കുക എന്ന് എഴുതിപ്പിടിപ്പിച്ച ബാനർ വലിച്ചു കെട്ടിയിരിക്കുന്നു. സഞ്ചാരികളെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാനും ബോധവൽക്കരിക്കാനും ആണ് അവയെന്നത് വ്യക്തമാണ്. ഈ യാത്രയിൽ മിക്കവാറും എല്ലാവരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കും എന്നുള്ളത് സംശയമന്യേ പറയണം. കാരണം ഉപേക്ഷിച്ച രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളോ മറ്റോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കാടിനെ സ്നേഹിക്കുന്നവർ കൂടിയാവും ട്രെക്കിങ്ങിനു കൂടുതലും എത്തുന്നത് എന്നൂഹിക്കാം. ഏകദേശം 5 മണിയോടുകൂടി പാറക്കെട്ടുകൾക്ക് മുകളിലൂടെയുള്ള കയറ്റം വീണ്ടും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി അധികം ദൂരമില്ല എന്നു മനസ്സ് പറയുമ്പോഴും, കണ്ണെത്താ ദൂരത്തോളം കാടും മലയും മാത്രമേ കാണാനുള്ളൂ എന്ന സത്യം മുന്നിലുണ്ട്. അരമണിക്കൂറോളം ഇടുങ്ങിയ പാറകൾ തിങ്ങിനിറഞ്ഞ കയറ്റങ്ങളിലൂടെ മുന്നോട്ടുനീങ്ങി. വെയിൽ മങ്ങിയതിന്റെ ലക്ഷണങ്ങൾ വനത്തിനകത്ത് വ്യക്തമായി തുടങ്ങി. മുന്നിലും പിറകിലും വിരലിലെണ്ണാവുന്നവർ മാത്രം. കുറെ പേർ കണ്മുന്നിൽ നിന്ന് മറഞ്ഞിരിക്കുന്നു.
എന്റെ നടത്തത്തിന് വേഗത കുറഞ്ഞോ എന്നൊരു സംശയം. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് കാടിനെ കീറിമുറിച്ച് കൊണ്ടു തണുത്ത കാറ്റ് ചെവിയിലേക്ക് എത്താൻ തുടങ്ങി. കാലാവസ്ഥ മാറി മറിയുന്നുണ്ട്. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടോ എന്നു തോന്നി. ഇനി വലിയൊരു കയറ്റം മുന്നിലുണ്ട്. ഇടുങ്ങിയതും വഴുക്കുള്ളതും കുത്തനെയുള്ളതുമായ പാറക്കെട്ടുകൾ. പാതയിൽ ഇടിഞ്ഞുവീഴാറായ കല്ലുകൾ, ഒക്കെ ഇനിയും തരണം ചെയ്യാനുണ്ട്. കാടിന്റെ വന്യത കൂടുന്നുവോ എന്ന സംശയം. ചീവീടുകൾ ഒച്ചയിട്ടു തുടങ്ങി. പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ ദൂരെ നിന്നും മുഴങ്ങുന്നു. ഇടയ്ക്കിടെ ചുറ്റിലും നോക്കിക്കൊണ്ട് കയറ്റം തുടർന്നു. സമയം നോക്കിക്കൊണ്ടിരുന്നു. പക്ഷേ സമയ സൂചികകൾ പതുക്കെയാണ് മുന്നോട്ടു നീങ്ങുന്നത്. അല്‍പം കൂടി കുത്തനെ നടന്നു കയറിയപ്പോൾ കുറച്ചകലെ ഒരു ബാനർ കെട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ബേസ് ക്യാംപിനടുത്ത് എത്തിയിരിക്കുന്നു. ഹാവൂ..സമാധാനമായി. ഇനി അധികം ദൂരമില്ല. മുന്നിൽ പരന്നു കിടക്കുന്ന കട്ട് റോഡ്. ഏകദേശം പതിനഞ്ചു മിനിട്ടോളം വീണ്ടും നടന്നു. അതാ ദൂരെ നിന്ന് ക്യാംപ് ദൃശ്യമായി. ഇടത്തോട്ട് തിരിയുന്നിടത്ത് 'അഗസ്ത്യാർ കൂടം 6 കിലോമീറ്റർ എന്ന ബാനർ കൂടി കണ്ടു. അതോടൊപ്പം 'അതിരുമല' ബേസ് ക്യാംപ് 7 എന്നും. തൊട്ടടുത്തായി കുറച്ചു ഭാഗം ഭംഗിയായി വെടുപ്പോടെ ഒതുക്കി വൃത്തിയാക്കി വച്ചിരിക്കുന്നു. കുറെ പൂജാദ്രവ്യങ്ങൾ, വിഗ്രഹങ്ങൾ, വിളക്ക്, ചുവന്ന പട്ടുകൾ എല്ലാം കാണാം. ഒറ്റ നോട്ടത്തിൽ ആരാധിക്കാനുള്ള സ്ഥലമാണെന്നു മനസ്സിലാകും. അൽപം അകലെയായി നമ്മുടെ ബേസ് ക്യാംപ്. ഒരു ചെറിയ ഗേറ്റ്, ചെറിയൊരു പാലം. കിടങ്ങിന് കുറുകെ. അതു കടന്നാലെ ക്യാംപിൽ പ്രവേശിക്കാൻ പറ്റൂ..
അങ്ങിനെ ആ കടമ്പയും കടന്ന് ക്യാംപിൽ എത്തിച്ചേർന്നു. ചുറ്റുമുള്ള കിടങ്ങ് നേരിട്ടുള്ള വന്യജീവി ശല്യം ഒഴിവാക്കാൻ ആണ് ആഴത്തിൽ തന്നെയാണ് കിടങ്ങ് നിർമിച്ചിരിക്കുന്നത്. ക്യാംപിൽ ആദ്യം കാണുന്നത് മെസ്സ് ആണ്. അടുത്തത് വയർലെസ്സ് സ്റ്റേഷനും. അവിടെ ഉദ്യോഗസ്ഥർ രജിസ്റ്ററുമായി ഇരിക്കുന്നുണ്ട്. എത്തിയ ഉടനെ കയ്യിലുള്ള പാസ്സ് അവരെ ഏൽപ്പിച്ചു. രജിസ്റ്ററിൽ എൻട്രി ചെയ്തു. അടുത്തടുത്ത രണ്ടു കെട്ടിടങ്ങൾ താമസത്തിനുള്ളതാണ്. അവർ ചൂണ്ടിക്കാട്ടിയ കെട്ടിടത്തിലേക്ക് കയറി ഒരു മൂലയിൽ ചുമലിൽ നിന്ന് ഭാരം ഇറക്കി...
പാർട്ട് 4
ആ ഹാളിൽ ഏകദേശം അമ്പതോളം പേരുടെ ലഗ്ഗേജ് അത് കൂടാതെ പായയും പിന്നെ ഒരു 6 x 3 സിംഗിൾ സൈസിലുള്ള ബെഡ്ഡും അവിടെയുണ്ട്. ഓരോരുത്തർ പോകുന്നതിനനുസരിച്ചു അടുത്തയാൾക്ക് ഒഴിവു വരുന്ന സ്ഥലം ഉപയോഗിക്കാം. അല്ലെങ്കിൽ കാലിയായ ബെഡ്ഡ് ഉണ്ടോന്നു തപ്പി നടക്കേണ്ടി വരും. അവിടെ വലിപ്പ ചെറുപ്പമില്ല ജൂനിയർ സീനിയർ ഭാവമില്ല എല്ലാരും സമന്മാർ. വീണേടം വിഷ്ണുലോകമാക്കുന്നവരാണ് മിക്കവാറും ഇത്തരം യാത്രകൾ തിരഞ്ഞെടുക്കുന്നത്. നാലോളം ഹാളുകൾ , ഏകദേശം ഇരുന്നൂറോളം യാത്രികർ ഓരോ ദിവസവും രാത്രി അവിടെ കാണും. അവരെ കൂടാതെ ഉദ്യോഗസ്ഥരും കാന്റീൻ ജോലിക്കാരും എല്ലാം കൂടെ ഒരു ഇരുന്നൂറ്റി മുപ്പതോളം പേർ ഉണ്ടാകും. ഹാളിൽ ജനാലകൾ ഉണ്ടെകിലും തുറന്നിടാറില്ല കാരണം നല്ല പോലെ കാറ്റടിക്കുന്ന സ്ഥലമാണ്. ആ കെട്ടിടത്തിന്റെ തറയും സാമാന്യം നല്ല ഉയരത്തിലാണ് പണിതിരിക്കുന്നത്. വന്യ മൃഗങ്ങൾ അഥവാ എത്തിപ്പെട്ടാൽ തന്നെ നേരിട്ടുള്ള അപകടം ഉണ്ടാവാതിരിക്കാനാണ് എന്ന് തോന്നുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ടാണ് വാതിലുകൾ പണിതിരിക്കുന്നത്. കുറച്ചു പേര് ആ സമയത്തും അവിടെ കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു. അന്ന് രാവിലെ മല കയറിയിറങ്ങി വന്നവരാണ്. ഒറ്റ നോട്ടത്തിൽ ആ ഹാളിലെ ചിത്രം മനസ്സിൽ പതിപ്പിച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി. നേരെ കാന്റീനിൽ കയറി ചുക്കുകാപ്പി വാങ്ങി പുറത്തിറങ്ങി. കുറെ പേർ ഓരോ മേശയ്ക്ക് ചുറ്റും ഇരുന്നു സൊറ പറയുന്നു, വിശേഷണങ്ങളും പങ്കുവയ്ക്കുന്നു. കുറേപ്പേർ വിശാലമായ മുറ്റത്ത് കൂട്ടം കൂടിയിരിക്കുന്നു. ചിലർ കുളി കഴിഞ്ഞു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ദൂരെ കൈ ചൂണ്ടി അരുവിയൊഴുകുന്ന സ്ഥലം കാണിച്ചു തന്നു. ചുക്കുകാപ്പിയിൽ ക്ഷീണം പൂർണമായി അലിഞ്ഞു ചേർന്നിട്ടില്ല. അതിനാൽ അരുവിയിലെ കുളി അത്യാവശ്യമായിരുന്നു. എനിക്ക് മുന്നേ പല തവണ യാത്ര പോയവർ അരുവിയിൽ മുങ്ങി കുളിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. അത് കൂടിയായാൽ മാത്രമേ ക്ഷീണം മാറ്റാൻ സാധിക്കൂ എന്നുള്ള മൊഴിയിൽ ഞാൻ അരുവിയിലേക്ക് നടന്നു. ചെറിയ കിടങ്ങ് കടന്നിട്ടു വേണം പോകാൻ. അപ്പോൾ കുട്ടിക്കാലത്ത് നാട്ടിൻ പുറങ്ങളിലും വയലേലകളിലും കവുങ്ങു തടികളും തെങ്ങു തടികളൂം കുറുകെയിട്ടു കെട്ടിയ പാലം കടന്ന ഓർമകൾ തിരിച്ചു വന്നു. ബാലൻസു ചെയ്തു വേണം അക്കരെ കടക്കാൻ. അത് പോലെ തന്നെ പെട്ടന്ന് മറുകര പൂകി. ഇടതൂർന്ന കാട്ടുപുല്ലുകളുടെ ഇടയിൽ കൂടി മുന്നോട്ടു പോയി. അവിടവിടെ പാറക്കൂട്ടങ്ങൾ, നേരെ മുകളിലോട്ടു നോക്കിയാൽ കാണാൻ പറ്റുന്നത് നാളെ രാവിലെ കയറിയെത്തുന്ന മലയാണ്. ഇത്രയും തലയെടുപ്പോടെ നമ്മുടെ മുന്നിൽ നിൽക്കുന്ന മലയുടെ മുകളറ്റം വൈകീട്ടത്തെ ഇളം വെളിച്ചത്തിലും തിളങ്ങി നിൽക്കുന്നു. തെളിഞ്ഞ ആകാശം, തണുത്ത കാറ്റ്, തലയെടുപ്പുള്ള മല.... ആലോചിച്ചു നടന്നപ്പോഴേക്കും തൊട്ടടുത്തുള്ള കാട്ടാറിൽ എത്തി. കുറച്ചു പേര് കുളിച്ചുകൊണ്ടിരിക്കുന്നു. വെള്ളത്തെ തടുത്ത് നിർത്തുന്ന പാറപ്പുറത്ത് വസ്ത്രങ്ങളും ചെരുപ്പും അഴിച്ചുവച്ചു. വെറും കാലോടെ ഒരു പാറയിൽ നിന്ന് അടുത്ത പാറയിലേക്ക് ചാടി. "ഇവിടെ വരൂ" എന്ന് കുറച്ചു തമിഴ് സുഹൃത്തുക്കൾ. അൽപം ആഴമുള്ളയിടം. രണ്ടുപേർ മുങ്ങി നിവരുന്നു. "തണുപ്പുണ്ടോ" എന്നു ചോദിച്ചു. അരുവി ശാന്തവും തെളിഞ്ഞതുമായിരുന്നു. പതിയെ കാലെടുത്തു വച്ചു. ആ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. കാരണം കിലോമീറ്ററുകൾ നടന്നു വന്നു ക്ഷീണത്തോടെ കാട്ടരുവിയിൽ ഇറങ്ങുമ്പോളുണ്ടാകുന്ന സുഖം വേറെ ലെവലാണ്. പെട്ടന്ന് തന്നെ ഒന്ന് മുങ്ങി നിവർന്നു. ഹോ, എന്തൊരു ഉന്മേഷവും അതിലേറെ സന്തോഷവും. തണുപ്പ് ഇരച്ചു കയറുകയാണ്. കൂടുതൽ നേരം വെള്ളത്തിൽ കിടക്കുന്നത് ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നു തോന്നി. കാട്ടരുവിയിലെ മുങ്ങിക്കുളി പകർന്നു തന്ന ഊർജം ഒന്നു വേറെ തന്നെ. യാതൊരു സംശയവുമില്ല. അത്രയേറെ ഉന്മേഷദായകം. നേരം ഇരുട്ടാൻ തുടങ്ങുന്നു. വനപാലകർ മുന്നറിയിപ്പ് തന്നു. ഞങ്ങൾ തിരിച്ചു കയറി. ഹാളിലെത്തി വസ്ത്രം മാറി. കൂടെ ഒരു ചെറിയ ജാക്കറ്റും ധരിച്ചു. കാറ്റ് നല്ലപോലെ വീശിയടിക്കുന്നുണ്ട്. നേരെ കാന്റീനിലക്ക്. തിരക്ക് അൽപ്പം കുറഞ്ഞു എങ്കിലും തീൻ മേശകളിൽ ആവി പറക്കുന്ന കഞ്ഞിയും പയറും അച്ചാറും പപ്പടവും മുളക് കൊണ്ടാട്ടവും നിരത്തിക്കൊണ്ടിരിക്കുന്നു. 125 രൂപയുടെ ടോക്കൺ ആണ് കഞ്ഞിക്കുവേണ്ടി എടുക്കേണ്ടത്. കാരണമുണ്ട്, തലച്ചുമടായി കിലോമീറ്ററുകൾ അകലെ നിന്ന് കൊണ്ടുവരുന്നതാണ് ഓരോ സാധനവും ഗ്യാസ് ഉൾപ്പെടെ. അതുകൊണ്ടു തന്നെ വില കൂടുതൽ കൊടുക്കേണ്ടി വരുന്നു. പക്ഷേ ഒരാളിൽ നിന്ന് എൻട്രി ഫീ ആയി വാങ്ങിക്കുന്നത് 2,500 രൂപയാണ് എന്നതും കാണേണ്ടിയിരിക്കുന്നു. ഓരോ വർഷവും ഫീസ് കുത്തനെ കൂടിക്കൊണ്ടിരിക്കുന്നു. വിശപ്പ് അതിന്റെ മൂർധന്യത്തിൽ എത്തിയതിനാൽ അവിടെ അന്ന് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയും ഒന്ന് വേറെ തന്നെ ആയിരുന്നു. വയർ നിറയെ കഞ്ഞിയും കുടിച്ചു മുറ്റത്തെക്കിറങ്ങി. തണുത്ത കാറ്റ് വീശിയടിക്കുന്ന അന്തരീക്ഷം. മൊബൈലിൽ ഒട്ടും സിഗ്നൽ ഇല്ല. അപ്പോഴാണ് ഒരു മൂലയിൽ കുറേപ്പേർ കൂടിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
അവിടെ ഒരു സൗരോർജ പാനൽ സ്ഥാപിച്ച ഇരുമ്പ് തൂണിനു ചുറ്റും മാത്രം സിഗ്നൽ ലഭിക്കുന്നു. കാറ്റടിച്ചാൽ ചിലപ്പോൾ സിഗ്നൽ നഷ്ടമാകും. ശ്രദ്ധയോടെ ആ പരിസരത്ത് നിന്ന് സിഗ്നൽ കൈ വീശി എടുത്തു. പെട്ടന്ന് തന്നെ കോൾ ചെയ്തു അടുത്ത ആൾക്ക് വേണ്ടി സ്ഥലം കാലിയാക്കി കൊടുത്തു. സമയം കൊല്ലാൻ ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. മലകയറി തിരിച്ചിറങ്ങി വന്നവരുടെ വിശേഷങ്ങളും കേട്ട് ഹാളിനകത്തു കയറി. സ്ലീപ്പിങ് ബാഗ് കയ്യിൽ കരുതിയതിനാൽ തണുപ്പ് പ്രതിരോധിക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ട്. ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി ഒൻപത് മണിക്ക് തന്നെ ഓഫ് ചെയ്യുമെന്ന് നേരത്തെ അറിയിപ്പുണ്ട്. രാവിലെ അഞ്ചരയ്ക്ക് വീണ്ടും വെളിച്ചം കിട്ടും. അതനുസരിച്ചു എല്ലാവരും ഹാളിൽ അവരവരുടെ വിരികളിലേക്ക് ചേക്കേറി. കുറച്ചു പേർ കൂർക്കം വലി ഉടനെ തുടങ്ങി. ബാക്കിയുള്ളവർ ഓരോ കാര്യങ്ങൾ സംസാരിക്കുന്നു. ചിലർ തമാശകൾ വിളമ്പുന്നു. പാതി ചാരിയ ഇരുമ്പു വാതിലിലൂടെ തണുത്ത കാറ്റ് ഹാളിനകത്തേയ്ക്കും ഞങ്ങൾ ഉറക്കത്തിലേക്കും വഴുതിവീണു...
പാർട്ട് 5
അഗസ്ത്യനിൽ: മൂടിപ്പുതച്ചുറങ്ങിയ രാത്രിയിൽ എപ്പോഴോ കണ്ണ് തുറന്നു. ഹാളിൽ മങ്ങിയ വെളിച്ചം മാത്രം. പുറത്തു കുറച്ചു പേരുടെ സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഒന്നെഴുന്നേൽക്കണമെന്നു തോന്നി. ഫ്ലാസ്ക് തുറന്നു, കരുതിവച്ചിരുന്ന ചൂടുവെള്ളം കുറേശ്ശേ കുടിച്ചു. ആരെയും ശല്യപ്പെടുത്താതെ പുറത്തിറങ്ങി നോക്കി. സമയം അർധരാത്രി പന്ത്രണ്ടര കഴിഞ്ഞതേയുള്ളൂ. നേരത്തെ കിടന്നതിനാൽ ഒരുപാടു നേരം ഉറങ്ങിയപോലെ തോന്നി. പുറത്തെ വാഷ് റൂമിൽ പോകുന്ന വഴിയിൽ ട്രൈപോഡ് ഒക്കെ ഫിറ്റ് ചെയ്തു ഒരു യാത്രികൻ മൊബൈലിൽ നക്ഷത്രങ്ങളുടെ ചിത്രം ഓരോന്നായി സൂം ചെയ്തു പകർത്തിക്കൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ പിക്സൽ ഫോണിലാണ് ആശാൻ വിരുത് കാണിക്കുന്നത്. നഗ്ന നേത്രങ്ങൾക്ക് അപ്രാപ്യമായിരിക്കുന്ന വിദൂര നക്ഷത്രങ്ങളെ ഒപ്പിയെടുക്കാനുള്ള ശ്രമമാണ്. ഒരു കൗതുകത്തോടെ ഞാനും അൽപനേരം നോക്കി നിന്നു. ആകാശം പൂർണമായും തെളിഞ്ഞിരിക്കുന്നു. അന്തരീക്ഷത്തിൽ ഒട്ടും പൊടിപടലങ്ങൾ ഇല്ലാത്തതിനാൽ കാഴ്ച ഭംഗിയേറിയതും കൃത്യത ഉള്ളതും ആയിരുന്നു. അതുകൊണ്ടു തന്നെ വാനനിരീക്ഷകർ അത്തരം അവസരങ്ങൾ കളയാറില്ല. തിരിച്ചു വന്ന് സ്ലീപ്പിങ് ബാഗിനുള്ളിൽ വീണ്ടും കയറിക്കിടന്നു. മലകയറ്റത്തിന്റെ ചിന്തകളിലൂടെ വീണ്ടും കണ്ണുകളടച്ചു മനസ്സുറങ്ങി. പുലർച്ചെ അഞ്ചരമണിയോടെ ഹാളിനകത്ത് വെളിച്ചവും ഒച്ചയനക്കങ്ങളും കാരണം കണ്ണുതുറന്നു. കുറേപ്പേർ അപ്പോഴേക്കും എഴുന്നേറ്റ് തയ്യാറായി കഴിഞ്ഞിരിക്കുന്നു. പ്രഭാത കർമങ്ങൾക്കായി ബാത്ത് റൂമുകളും ടോയ്‌ലെറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ യാത്രികർക്കായി പ്രത്യേകം ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്. അവർക്കുള്ള താമസത്തിനായി ഹാളിന്റെ ഒരുവശം ഒരുക്കിയിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. വനിതാ യാത്രികർ പൊതുവെ കുറവായിരുന്നു.
വലിയ തിരക്കൊന്നും അനുഭവപ്പെടാത്തതിനാൽ പ്രഭാത കർമങ്ങൾ പെട്ടന്ന് തന്നെ നിർവഹിച്ചു. കാന്റീനിൽ നിന്ന് ചൂടോടെ ചുക്ക് കാപ്പിയിൽ ഉന്മേഷം വീണ്ടും കൈവന്നതായി തോന്നി. സമയം ആറരയോടടുക്കുന്നു. പ്രഭാത ഭക്ഷണം പുട്ടും കടലയും തയാറായിരിക്കുകയാണ്. തലേദിവസം തന്നെ രണ്ടു ടോക്കൺ എടുത്തു വച്ചിട്ടുണ്ടായിരുന്നു. ഒരെണ്ണം അവിടെ നിന്നും പുറപ്പെടും മുമ്പ് കഴിക്കാനും മറ്റൊന്ന് കയ്യിൽ കരുതാനും. യാത്രയിൽ തിരിച്ചുവരാൻ വൈകിയാൽ വിശപ്പും ക്ഷീണവും മാറ്റാം. കയ്യിൽ കരുതിയ പഴങ്ങൾ തലേ ദിവസം തന്നെ തീർന്നിരുന്നു. ഇലയിൽ പൊതിഞ്ഞ പുട്ടിനും രുചിക്കുറവില്ല. ഏഴുമണിയോടെ പുറത്തേയ്ക്കുള്ള ഗേറ്റ് തുറക്കും. വഴിയിൽ വന്യ മൃഗങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ വനപാലകർ യാത്രയ്ക്കുള്ള പച്ചക്കൊടി കാണിക്കൂ. യാത്രികർ തയാറായിക്കഴിഞ്ഞു. സമയം ഏഴോടെടുക്കുന്നു. ഗേറ്റ് തുറക്കപ്പെട്ടു. ട്രെക്കിങ്ങ് ഷൂസും ട്രക്കിങ്ങ് സ്റ്റിക്കും ചെറിയ ബാക്ക് പാക്കും മാത്രമേ എല്ലാവരും കരുതിയിട്ടുള്ളൂ. ഇനിയങ്ങോട്ട് നല്ല കയറ്റമാണ്. ആറോ ഏഴോ കിലോമീറ്റർ മാത്രം. ദുർഘടമായ വഴികൾ. കുത്തനെയുള്ള കയറ്റം... ഓരോരുത്തരും തയാറായി.
കുളിരുള്ള പ്രഭാതത്തിൽ ഇളം കാറ്റിന്റെ അകമ്പടിയോടെ ഞങ്ങൾ യാത്ര തുടങ്ങി. പരന്ന പ്രദേശത്തുനിന്ന് വളരെപ്പെട്ടന്ന് തന്നെ കുന്നിൻ ചരിവുകൾ കയറിത്തുടങ്ങി. മഞ്ഞിന്റെ മണം മാറിത്തുടങ്ങിയില്ല. വലിയ കല്ലുകളുള്ള വഴിയിലൂടെ പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് നടന്നു കയറുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ദുർഘടമായ പാത തന്നെ. തലയെടുപ്പുള്ള കൊച്ചു കൊച്ചു മലനിരകൾ ഓരോന്നായി കയറിക്കൊണ്ടിരിക്കുകയാണ്. ഇടതൂർന്ന ചോലക്കാടുകൾ. മനോഹരമായ കാട്ടു പൂക്കൾ, തഴച്ചു വളർന്നു കിടക്കുന്ന മുളംകാടുകൾ. കയറ്റത്തിൽ വഴി ചെറുതായി. ഇടുങ്ങിയ പാറക്കല്ലുകൾക്ക് മീതെ ചവിട്ടി കാൽ തെന്നാതെ മുന്നോട്ട് ചുവടുവെക്കുകയാണ് ഓരോരുത്തരും. തൊട്ടു മുന്നിൽ വലിയൊരു കരിമ്പാറ. ദൂരക്കാഴ്ചകൾ ഒന്ന് കൂടി വ്യക്തമായി കാണാൻ ചിലരൊക്കെ അതിൽ ബുദ്ധിമുട്ടി കയറുകയാണ്. കയറാൻ എളുപ്പമെങ്കിലും, സൂക്ഷിച്ചു നിരങ്ങിയിറങ്ങണം. അൽപനേരം അവിടെ ചെലവഴിച്ചു. നല്ലൊരു കാൻവാസ് മനസ്സിലും കാമറയിലും പകർത്തിക്കൊണ്ട് ഞങ്ങൾ വീണ്ടും മുന്നോട്ട് കയറി. കണ്ണെത്താ ദൂരം വരെ കയറ്റമാണ്. മല മടക്കുകളിലൂടെയുള്ള കയറ്റം അത്ര എളുപ്പമല്ലായിരുന്നു. പ്രകൃതി ഭംഗിയുടെ നിറക്കാഴ്ച ക്ഷീണത്തെ അകറ്റി.
പാറക്കൂട്ടങ്ങളിൽ അവിടവിടെയായി വെളുത്ത ആരോ മാർക്കുകൾ മുകളിലേക്കുള്ള വഴി തെറ്റിയില്ല എന്നോർമ്മപ്പെടുത്തുന്നു. സൂര്യ വെളിച്ചം പ്രഭ ചൊരിഞ്ഞു മുന്നിലേക്കെത്തി. ഉയരം കൂടും തോറും തെളിമയുള്ള വെളിച്ചം കണ്ണിലേക്ക്. ഒരു കുന്നിൻമുകളിൽ എത്തിയപ്പോഴുള്ള കാഴ്ച ഏതോ യൂറോപ്യൻ സ്ഥലങ്ങളെ ഓർമപ്പെടുത്തുന്ന പോലെ തോന്നി. അത്രയേറെ മനോഹരമായിരുന്നു. ഒരു ഭാഗം ചെങ്കുത്തായ പ്രദേശം. വീശിയടിക്കുന്ന കാറ്റിൽ ചിലപ്പോൾ പരിസരം പോലും മറന്നുപോകുന്ന അവസ്ഥ. മനസ്സു നിറയുകയാണ്. കുന്നിൻ മുകളിലെ കാണാ കാഴ്ചകൾ പകർന്നു തരുന്ന ആനന്ദത്തിനു അതിരുകളില്ല എന്ന് വിളിച്ചു പറയുക തന്നെ വേണം. അത്ര മനോഹരമായ അനുഭവം തന്നെയാണ്. ഞങ്ങൾ മുകളിലേക്ക് നടത്തം തുടർന്നു. അപൂർവ പച്ച മരുന്നുകൾ നിറഞ്ഞ കാട് പകരുന്ന ഊർജം ഒന്നുകൊണ്ടായിരിക്കാം മലകയറുമ്പോൾ ക്ഷീണം അറിയാതെ പോകുന്നത്. പല വിധ ഓർക്കിഡ് വിഭാഗത്തിലുള്ള ചെടികളും വഴികളിലുടനീളം ഉണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ ആരോഗ്യക്ഷമത പരീക്ഷിക്കുന്ന ഒന്നായി തോന്നി. അങ്ങനെ പൊങ്കാലപ്പാറയിലെത്തി. മുൻകാലങ്ങളിൽ ആദ്യമായി മലകയറുന്നവർ പൊങ്കാലയിടുന്ന ഏർപ്പാട് ഉണ്ടായിരുന്നെത്രെ. അതിനാലാണ് പൊങ്കാലപ്പാറ എന്ന പേര് വീണത്.
കരടികൾ വിഹരിക്കുന്ന സ്ഥലം കൂടിയാണത് എന്ന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്. ധാരാളം തുമ്പികളെ വഴികളിൽ കാണാൻ സാധിച്ചു. സൂര്യ വെളിച്ചം അതിന്റെ തീവ്രത പ്രാപിക്കുന്നപോലെ തോന്നി. സമയം ഏകദേശം ഒമ്പത് മണി കഴിഞ്ഞു. യാത്രയിൽ ഒരു ഋഷി വര്യനും കൂടെയുണ്ടായിരുന്നു. എത്രയോ തവണ മലകയറിയ അനുഭവം അദ്ദേഹത്തിന്റെ മുഖത്തു വ്യക്തമായി ദർശിക്കാം. നടത്തത്തിനു വേഗത കുറയാതെ ശ്രദ്ധിച്ചു. കാരണം എത്രയും നേരത്തെ മലമുകളിൽ എത്താമോ കൂടുതൽ സമയം നമുക്കവിടെ ചെലവിടാൻ പറ്റും. ഒരു മലകൂടി കയറി. അൽപം അകലെയായി ചെങ്കുത്തായ കയറ്റം. അതുപോലെ മൂന്ന് മലകൾ തുടർച്ചയായി കയറണം എന്നുള്ള കാര്യം അറിഞ്ഞപ്പോൾ മനസ്സ് സ്വയം ശക്തി നേടി. പാറകൾക്കിടയിലൂടെ കയർ പിടിച്ചു മുകളിലേക്ക് കയറണം. ഇറങ്ങി വരുന്നതും അതുവഴി തന്നെയാണ്. ഇറക്കം കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നു ആദ്യം തന്നെ ബോധ്യമായി. ഉയരം കൂടുതലെങ്കിലും കയറു പിടിച്ചു കയറാം. പിന്നീട് കുറച്ചു നടത്തം. അവിടെ ഒരു തമിഴ് സുഹൃത്ത് ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അടുത്ത കയറ്റം കയറാൻ അദ്ദേഹത്തിന്റെ മനസ്സും ശരീരവും അനുവദിക്കുന്നില്ല. ഒരു ചെറിയ ഭയം അതിനാൽ കൂടെയുള്ള സുഹൃത്തുക്കൾ തിരിച്ചു വരുന്നത് വരെ ഇരിക്കാൻ തീരുമാനിച്ചു. അതാ തൊട്ടടുത്ത കയറ്റം. ചെങ്കുത്തായ കരിമ്പാറ. ഉയരം കുറവെങ്കിലും അൽപം ബുദ്ധിമുട്ടാണ് കയറാൻ. അവിടെ ഗൈഡ് നിൽക്കുന്നുണ്ട്. കയറിൽ പിടിച്ച് എങ്ങിനെ കയറണമെന്നും കാറ്റിനെ പ്രധിരോധിച്ചുകൊണ്ട് കയറാനും നിർദ്ദേശിച്ചു. അതനുസരിച്ച് കയറിപ്പോകുമ്പോൾ തന്നെ ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കയാണ്. വീണുകാൽ തെറ്റിയാൽ മറിഞ്ഞു വീഴാനും അപകടം പറ്റാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഏകദേശം എഴുപതോ എൺപതോ ഡിഗ്രി ചരിഞ്ഞാണ് ആ പാറ നിൽക്കുന്നത്. വീഴ്ച ചരിഞ്ഞോ മറ്റോ ആണെങ്കിൽ ചെങ്കുത്തായ കൊക്കയിലേക്ക് ആയിരിക്കും. അതുവഴിയല്ലാതെ മുകളിലേക്കു കയറാൻ പറ്റില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. മുപ്പതോ നാല്‍പതോ സ്റ്റെപ്പുകൾ കയറിയാണ് മുകളിലെത്തിയത്. ഇനി ഒരു കയറ്റം കൂടി ഉണ്ട്. അത് കൂടി കീഴടക്കിയാൽ മുകളിലെത്തും. കൂട്ടത്തിൽ പ്രായം കൂടിയവർ ഓടി കയറുന്ന കാഴ്ചകൾ കാണാം. എത്രയോ തവണ മലകയറിയവർ ആണ്. അവരെ കാണുമ്പോൾ നമ്മുടെ എനർജി അറിയാതെ കൂടി വരും. വീശിയടിക്കുന്ന കാറ്റിൽ മൂന്നാമത്തെ പാറയും കയറി മുകളിലെത്തി. സമയം പത്തുമണി കഴിഞ് നാൽപത് മിനിട്ട്. അഗസ്ത്യ മലയുടെ നെറുകയിൽ ആ സന്തോഷം, നിർവൃതി, ആശ്വാസം എന്നിവ ചേർന്ന് സമ്മിശ്ര വികാരം. അൽപമെങ്കിലും പേടി കൂടാതെ മല കയറൽ എളുപ്പമല്ല. അപ്പോൾ, കയറിയെത്തിയാൽ, ദീർഘ നിശ്വാസവും സമ്മിശ്ര വികാരവും ഒരാളിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല.
കുളിരുന്ന കാഴ്ചകളുടെ ഒരു ക്യാൻവാസ് ഞങ്ങളുടെ മുന്നിൽ പ്രകൃതി തുറന്നു തന്നിരിക്കയാണ്. കൺകുളിർക്കെ കണ്ടോളൂ ശുദ്ധമായ വായു ആവോളം ശ്വസിച്ചുകൊണ്ട് സ്വയം മറന്ന് കാറ്റിൽ അലിഞ്ഞു ചേരൂ എന്ന് ഓരോരുത്തരോടും പറയാതെ പറയുകയാണ് അവിടുത്തെ കാറ്റും മേഘങ്ങളും. ഏകദേശം മുപ്പതോളം പേർ അവിടെയുണ്ടായിരുന്നു. കുറച്ചുപേർ മുകളിലെത്തിയ ഉടനെ തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. അന്ന് വൈകിട്ട് തന്നെ ബോണക്കാട് എത്താനുള്ള വ്യഗ്രതയിലാണ് അവർ. താഴെ അകലെയായി പേപ്പാറ ഡാം കാണാം. ഇടതു വശത്ത് പാണ്ഡവൻ പാറ. പാണ്ഡവൻ പാറയെ നോക്കിയാണ് മൂന്നടിയോളം മാത്രം ഉയരമുള്ള അഗസ്ത്യമുനിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടിന്റെ ടൈഗർ റിസർവ് ഫോറസ്റ്റാണ് ആ കാണുന്നതെന്ന് ദൂരേക്ക് കൈ ചൂണ്ടി ഗൈഡ് പറഞ്ഞു. ഒരു ചെറിയ ഉൾഭയം അത് കേട്ടപ്പോൾ തോന്നി. കേരളം ട്രെക്കിങ്ങിനു അനുമതി കൊടുത്തു പക്ഷേ തമിഴ്നാട്ടിലൂടെ അനുമതിയില്ല. അത് കൊണ്ട് തന്നെ കേരളത്തിലൂടെ മാത്രമേ തമിഴ് യാത്രികർക്ക് എത്തിച്ചേരാൻ പറ്റൂ. കുറച്ചുനാൾ മുന്നേ എല്ലാവര്‍ക്കും പൂജ നടത്താൻ പറ്റുമായിരുന്നു. ഈയിടെയായി ആ കാടുകളിൽ വസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് മാത്രമേ പൂജയ്ക്കുള്ള അനുമതിയുള്ളൂ. കുറച്ചു പേർ മലമുകളിൽ മലർന്നു കിടക്കുന്നു. കുറേപ്പേർ വട്ടം കൂടി പാട്ടുപാടലിലും കളികളിലും മുഴുകിയിരിക്കുന്നു. മറ്റു ചിലർ ഭക്ഷണം കഴിക്കുന്നൂ. ഞാൻ ഷൂസൊക്കെ അഴിച്ചു മാറ്റി ആകാശത്തക്കു നോക്കി കുറെ നേരം കിടന്നു. കാറ്റിന്റെ വേഗം കൂടി വരികയാണ്. ഉച്ചയ്ക്ക് ഒന്നരമണിയോടെ എല്ലാവരും തിരിച്ചിറങ്ങണം. അതാണ് നിബന്ധന. ഓരോരുത്തരായി അപ്പോഴും കയറി വന്നു കൊണ്ടിരിക്കുകയാണ്. നിർവൃതിയുടെ നെറുകയിൽ ഇരിക്കുമ്പോൾ മനസ്സ് ശാന്തം, ഒരു അപ്പൂപ്പൻ താടിപോലെ, മേഘങ്ങൾക്ക് മുകളിലൂടെ പറന്നു നടക്കാൻ ആരും കൊതിച്ചുപോകും. സമയം പോയത് അറിഞ്ഞേയില്ല. മലകയറിയെത്തിയിട്ട് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഉച്ചസമയമെങ്കിലും വീശിയടിക്കുന്ന കാറ്റിൽ ചൂട് അശേഷം പോലും അറിയുന്നില്ല. കാറ്റിന് വേഗത കൂടിവരുന്നു. ഇനി അവിടെ നിൽക്കാൻ പറ്റില്ല. വനപാലകർ ഞങ്ങളെ ഓരോരുത്തരോടും പെട്ടന്ന് തന്നെ ഇറങ്ങാൻ നിർദ്ദേശം തന്നു. അങ്ങനെ കുറേക്കാലമായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹ പൂർത്തീകരണം സാധ്യമായി. മലയിറങ്ങാൻ തയാറായി. ഒരിക്കൽ കൂടി വിഹഗ വീക്ഷണം നടത്തി. അപ്പോൾ ഇറങ്ങിയെങ്കിലേ അതിരുമല ബേസ് ക്യാംപിൽ ഇരുട്ടുന്നതിനു മുമ്പ് എത്തൂ. ഓരോരുത്തരും വളരെ ശ്രദ്ധയോടെ കയറിൽ പിടിച്ച് തിരിച്ചിറക്കം തുടങ്ങി. കയറ്റത്തിനേക്കാൾ ബുദ്ധിമുട്ടാണ് ഇറക്കം എന്നുള്ളതു കൊണ്ട് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഹൈക്കിങ് സ്റ്റിക്കിന്റെ ഉപയോഗം കുത്തനെയുള്ള ഇറക്കത്തിൽ വളരെയധികം പ്രയോജനം ചെയ്യും. തിരിച്ചിറങ്ങി വരുമ്പോഴേക്കും കയ്യിൽ കരുതിയിരുന്ന വെള്ളം തീർന്നു. വഴിയിൽ, കുന്നിനുമുകളിൽ നിന്ന് കുറേശ്ശേയായി ഒഴുകി വരുന്ന വെള്ളം ആവശ്യത്തിന് കുടിക്കുകയും ബോട്ടിലിൽ നിറച്ചെടുക്കുകയും ചെയ്തു. കിണർ വെള്ളത്തിലില്ലാത്ത ഒരു പ്രത്യേക രുചിയാണ് അവിടെ അനുഭവപ്പെട്ടത് എന്ന് പറയാതെ വയ്യ. വഴിയിൽ സൗകര്യം തോന്നിയ പാറപ്പുറത്ത് ഇരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അൽപനേരം വിശ്രമിച്ചു വീണ്ടും യാത്ര തുടർന്നു. അതുവരെ കാണാത്ത മരങ്ങളും കാട്ടു ചെടികളും യാത്രയിലുടനീളം സുഹൃത്തുക്കളായി നമ്മുടെ കൂടെ കൂടി. നേരം വൈകിത്തുടങ്ങി. ഇളം വെയിലിൻ രശ്മികൾ കാട്ടുമരങ്ങൾക്കിടയിലൂടെ ദേഹത്തേക്ക് ഊർന്നിറങ്ങി. നടത്തത്തിനൊടുവിൽ ബേസ് ക്യാംപിന് അടുത്തെത്തിയപ്പോൾ കാട്ടിനകത്ത് നിന്ന് രണ്ടോ മൂന്നോ വെടിയൊച്ച കേട്ടു. ഞങ്ങളൊക്കെ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അത് കരടിയെയോ ആനയെയോ ഓടിക്കാൻ വേണ്ടിയാണെന്ന് മനസ്സിലായി. കണ്‍മുന്നിൽ കാണാൻ പറ്റിയില്ല. അല്‍പനേരത്തെ നടത്തത്തിനൊടുവിൽ അതിരുമല ബേസ് ക്യാംപിൽ കാൽ വച്ചപ്പോൾ സമയം അഞ്ചു മണിയോടടുത്തു. ഒരു കാപ്പി കുടിച്ചതിനു ശേഷം നേരെ അരുവിയിലേക്ക് കുളിക്കാൻ പോയി. അപ്പോഴേക്കും അടുത്ത ദിവസം മലകയറുവാനായി അന്ന് ബേസ് ക്യാംപിലെത്തിയ പ്രിയ സുഹൃത്തുക്കളെയും കണ്ടുമുട്ടി. അൽപ നേരം കാട്ടരുവിയുടെ തണുപ്പും കുളിരും നുകർന്ന് ക്ഷീണം മാറ്റി. വീണ്ടും വനപാലകർ തോക്കുമായി ആ പരിസരത്തു വന്നു. സമയം കളയാതെ എല്ലാവരോടുമായി ബേസ് ക്യാംപിലേക്ക് പോകാൻ നിർദേശിച്ചു. കരടികളും ആനയും ആ പരിസരത്തു തന്നെ ഉണ്ടായിരുന്നു. ക്യാംപിൽ തിരിച്ചെത്തി. മുറ്റത്തെ ബെഞ്ചിൽ ഇരുന്നുകൊണ്ട് കുറച്ചുപേർ വിശേഷങ്ങളും മറ്റും പങ്കുവച്ചു. കന്യാകുമാരി മുതൽ ലഡാക്ക് വരെയുള്ള വിവിധ യാത്രാ അനുഭവങ്ങളും ചുരുങ്ങിയ സമയത്തിൽ മനസ്സിൽ ഇടം പിടിച്ചു. യാത്രകളുടെ അനുഭൂതി വിവരണത്തെക്കാൾ എത്രയോ മടങ്ങ് അധികമാണ്. അന്ന് വെകിട്ട് ക്യാംപ് മെസ്സിലെ കഞ്ഞിയും പയറും ഉള്ളിലെ ക്ഷീണത്തെ അകറ്റി നിർത്തി. രാവിലെ തിരിച്ചുള്ള യാത്ര. വീണ്ടും സ്ലീപ്പിങ് ബാഗിലെ ചെറു ചൂടിലേക്ക് നുഴഞ്ഞു കയറി. വീശിയടിക്കുന്ന കാറ്റ് പതിവുപോലെ എത്തി. ഓർമകളും അനുഭവങ്ങളും ഒത്തുചേർന്നുള്ള ചിന്തയ്‌ക്കൊടുവിൽ കൺപോളകൾ പതിയെ അടഞ്ഞു.
ഇനി മടക്കയാത്ര
ഉണർന്നെണീറ്റപ്പോൾ നല്ല തണുപ്പും കോടമഞ്ഞ് മൂടിയ അഗസ്ത്യാർ മലയും കണ്ടു. പ്രഭാത കർമങ്ങൾക്കൊടുവിൽ ബ്രേക്ക് ഫാസ്റ്റിനു ശേഷം പാസ്സ് കൈപ്പറ്റി. നല്ല ഓർമകൾക്ക് കൂട്ടു നിന്ന എല്ലാവരോടും യാത്ര പറഞ്ഞു. തിരികെയാത്രയ്ക്കായി മനസ്സ് തയാറായി. കാടും കാട്ടാറും പുൽമേടുകളും മുന്നിലെത്തി. ഒരുപാട് നല്ല ക്യാൻവാസുകൾ പ്രകൃതി നമുക്ക് വേണ്ടി മുന്നിലൊരുക്കി. ഉൽക്കാടുകളിലെയും പുൽമേടുകളിലെയും മനോഹരമായ കാഴ്ചകൾ കൂടുതലും തിരിച്ചു വരുമ്പോൾ ആണ് നമ്മിലേക്ക് ഇഴുകി ചേരുന്നത്. വഴിയിൽ ആ ദിവസത്തെ യാത്രികരെ പലയിടത്തും കണ്ടുമുട്ടി. ഉച്ചയോടെ കയ്യിൽ കരുതിയ ഭക്ഷണപ്പൊതി കാലിയാക്കി, അരുവിയിലെ വെള്ളവും കോരിക്കുടിച്ച് അട്ടയാർ, വാഴപ്പൈന്തിയാർ, കരമനയാർ എല്ലാം പിന്നിലാക്കി ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും സമയം നാലിനോടടുത്തു. പാസ്സ് കാണിച്ച് ബുക്കിൽ രേഖപ്പെടുത്തിയശേഷം, പോകുമ്പോൾ ഡെപ്പോസിറ്റ് ചെയ്ത തുകയും തിരികെ കൈപ്പറ്റി. ഒരിക്കൽ കൂടി കാട്ടിലേക്ക് തിരിഞ്ഞു നോക്കി. ഓർമയിൽ ആ വാക്കുകൾ വീണ്ടും നിറഞ്ഞു...“Take only memories and leave only footprints.” Chief Seattle.