ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷയുടെ മുനമ്പിലേക്ക്... കേപ് ഓഫ് ഗുഡ് ഹോപ്പ്
Mail This Article
ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നായ, ദക്ഷിണാഫ്രിക്കയിലെ മദർ സിറ്റി എന്നറിയപ്പെടുന്ന കേപ്ടൗണിലേക്കാണ് ഇത്തവണത്തെ യാത്ര. ദോഹയില്‍നിന്ന് സുഹൃത്തുക്കളായ ബിനോയി, ഗോപാല്‍ എന്നിവരോടൊപ്പം ഒരാഴ്ചത്തെ ദക്ഷിണാഫ്രിക്കൻ യാത്രയുടെ ഭാഗമായി ജൊഹാനസ്ബര്‍ഗില്‍ ആണ് ആദ്യം എത്തിയത്.
അവിടുത്തെ കാഴ്ചകള്‍ക്കു ശേഷമാണ് കേപ്ടൗണിലേക്കു യാത്രയായത്. ചങ്ങനാശേരി സ്വദേശിയായ ഗോപാലിന്റെ ബാല്യകാലസുഹൃത്തായ ജിപുവിന്റെ വീട്ടിലായിരുന്നു അവിടെ താമസം, കുടുംബമായി അവിടെ ജോലി ചെയ്യുന്ന ജിബുവായിരുന്നു ഞങ്ങളുടെ അവിടുത്തെ സാരഥി. മറക്കാനാകാത്ത ആഥിത്യം ആയിരുന്നു അദ്ദേഹത്തിന്റേത്. അവിടുത്തെ എല്ലാ വിനോദ സഞ്ചാരപ്രദേശങ്ങളെ പറ്റിയും, ഒരു ടൂര്‍ ഗൈഡിനെപ്പോലെ നിശ്ചയമുള്ള അദ്ദേഹം ഞങ്ങളുടെ കേപ്ടൗൺ ദിനങ്ങള്‍ അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റി.
വർണവിവേചനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച നാട്. 1992 ന് ശേഷം, ഇരുളടഞ്ഞ ഭൂതകാലത്തെ മായിച്ചുകളയാൻ ഇന്നും ശ്രമം തുടർന്നുകൊണ്ടിരിക്കുന്ന കേപ്ടൗണിന്റെ എഴുതപ്പെട്ട ചരിത്രം 1488 ൽ പോർച്ച്ഗീസുകാരനായ ബർത്തലോമിയോ ഡയസിന്റെ വരവോടെ ആരംഭിക്കുന്നു. പിന്നീട് 1497 ൽ ഇന്ത്യ തേടിയുള്ള യാത്രയിൽ വാസ്കോഡ ഗാമയും കേപ്ടൗണിൽ എത്തിച്ചേരുകയുണ്ടായി. യൂറോപ്പിൽനിന്ന് ഏഷ്യൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കാനായി ഡച്ചുകാരാണ് പതിനാറാം നൂറ്റാണ്ടിൽ ഇവിടെ താവളം ആരംഭിക്കുന്നത്.
കേപ്ടൗൺ പിന്നീട് ബ്രിട്ടിഷ് കോളനി ആയതു ചരിത്രം. ജൊഹാനസ്ബര്‍ഗിന് ശേഷം ദക്ഷിണാഫ്രിക്കയിലെ രണ്ടാമത്തെ വലിയ സിറ്റിയാണ് കേപ്ടൗൺ. രണ്ടു ദിവസമാണ് കേപ്ടൗണിൽ ഞങ്ങള്‍ പ്ലാൻ ചെയ്തിരിക്കുന്നത്. സമയം വളരെ കുറവായതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലായിടത്തും ഞങ്ങളെ എത്തിക്കാം എന്ന് ജിബു വാക്കുതന്നു.
പർവതങ്ങളും താഴ്‌വരകളും മനോഹരമായ കടൽത്തീരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ കേപ്ടൗൺ നഗരത്തിന്റെ ഒട്ടു മുക്കാൽ ഭാഗവും യുനെസ്കോ അംഗീകൃതമായി സംരക്ഷിക്കപ്പെടുന്ന ടേബിൾ മൗണ്ടൻ നാഷനൽ പാർക്കിന്റെ കീഴിലാണുള്ളത്. ഇന്നത്തെ യാത്ര കേപ് ഓഫ് ഗുഡ് ഹോപ്പ് നാച്ചുറല്‍ റിസര്‍വിൽ (Cape Of Good Hope Nature Reserve) കൂടി ‘പ്രതീക്ഷയുടെ മുനമ്പി’ലേക്കാണ് (Cape Of Good Hope). ആഫ്രിക്കൻ വൻകരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പുകളിലൊന്നാണിത്. ഈജിപ്തിനു സമീപത്തുകൂടി സൂയസ് കനാൽ നിർമ്മിക്കുന്നതിന് മുമ്പ് യൂറോപ്യന്‍ വന്‍കരയില്‍ നിന്ന് ഏഷ്യൻ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ വന്ന് ആഫ്രിക്ക വഴിയായിരുന്നു. തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു. ഇവിടത്തെ ശക്തമായ കാറ്റിലും തിരയിലുംപെട്ട് കപ്പലുകൾ തകർന്നുപോകുന്നതും സാധാരണമായിരുന്നു.
1488ൽ പോർച്ചുഗീസ് നാവികനായ ബർത്തലോമിയോ ഡയസ് ആണ് ആദ്യമായി ഈ മുനമ്പിൽ എത്തിയത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് അദ്ദേഹം ഈ പ്രദേശത്തിന് നാമകരണം ചെയ്തത്. ഇന്ത്യയിലേക്കും കിഴക്കൻ രാജ്യങ്ങളിലേക്കും എത്തിച്ചേരാൻ ഈ കടൽപാത വഴി സാധിക്കുമെന്ന ശുഭപ്രതീക്ഷ കൊണ്ട് മറ്റൊരു പോർച്ചുഗീസ് നാവികനായ ജോൺ രണ്ടാമൻ ആണ് ഇതിനെ പ്രതീക്ഷാ മുനമ്പ് അഥവാ 'Cape of Good Hope' എന്ന് വിളിച്ചത്. അറ്റ്ലാന്റിക് ഓഷ്യനും ഇന്ത്യൻ ഓഷ്യനും ഒന്നിക്കുന്നത് അവിടെവച്ചാണ് എന്നാണ് പണ്ടു കരുതപ്പെട്ടിരുന്നത്. എന്നാൽ അത് കേപ് അഗൾഹസ് (Cape Agulhas) എന്ന സ്ഥലത്തുവച്ചാണെന്നു ശാസ്ത്രീയമായി പിന്നീടു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
കേപ്ടൗണിൽ നിന്നു ബിനോയി, ഗോപാൽ, മനോജ്, ജിബു എന്നിവരൊന്നിച്ചു തമാശകളൊക്കെ പറഞ്ഞു പുറംകാഴ്ചകള്‍ കണ്ട് ഒന്നര മണിക്കൂർ എടുത്തു കേപ് ഓഫ് ഗുഡ് ഹോപ്പ് എൻട്രൻസ് ഗേറ്റില്‍ എത്താൻ. അവിടെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു, കാത്തു നിന്നു ജിബു ഞങ്ങള്‍ക്കായി ടിക്കറ്റ് വാങ്ങി വന്നു, ഒരാൾക്ക് 125 ദക്ഷിണാഫ്രിക്കൻ റാന്‍ഡ്സ് ആണ് എൻട്രി ഫീ. സമുദ്ര നിരപ്പിൽനിന്ന് 200 ൽ പരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേപ് മുനമ്പിന്റെ നെറുകയിലേക്ക് ആദ്യം കയറാന്‍ തീരുമാനിച്ചു. അവിടേക്ക് പോകുന്ന വഴി മറ്റൊരു വ്യൂ പോയിന്റ് ആയ ഫാള്‍സ് ബേയില്‍ ഇറങ്ങി, മനോഹരമായ ദൃശ്യം, ദൂരെ കടല്‍ നീലിമ മലഞ്ചെരിവുകളിലേക്കു തൊട്ടു നിൽക്കുന്ന സുന്ദര കാഴ്ചകൾ കണ്ടു യാത്ര തുടർന്നു.
കേപ് പോയിന്റിന്റെ അടിവാരം വരെ മാത്രമേ വാഹനങ്ങൾ അനുവദിച്ചിട്ടുള്ളു. കുത്തനെ മുകളിലേക്ക് എത്തിക്കുന്ന ഫണിക്കുലർ റെയിലില്‍ ആണ് അവിടെനിന്ന് ഞങ്ങള്‍ മുകളിലേക്ക് പോയത്, ചരിത്രസ്മൃതികളുമായി നിൽക്കുന്ന പഴയ ലൈറ്റ് ഹൗസിലേക്കു ട്രെയിന്‍ നീങ്ങി. മുകളില്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്ന് കുത്തനെയുള്ള കൽപടവുകളിലൂടെ മുകളിലേക്കു വിളക്കുമാടത്തിന്റെ അരികിലേക്കു നടന്നു. പ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യന്റെ ആവേശത്തിന്റെ പ്രതീകമായി കടൽപ്പരപ്പിൽ നിന്നും 262 മീറ്റർ പൊക്കത്തിൽ തലയുയർത്തി നിൽക്കുന്ന വിളക്കുമാടം. ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രകൃതി വിഭവങ്ങളെയും മനുഷ്യരെയും കടത്തിയിരുന്ന കൊളോണിയൽ ശക്തികള്‍ക്ക് കപ്പൽ യാത്രകള്‍ വ്യാപാരത്തിന്റെ പ്രധാന കണ്ണിയായിരുന്നു. മിക്കപ്പോഴും മഞ്ഞും മേഘങ്ങളും മൂടിക്കിടന്നിരുന്നതിനാൽ കപ്പിത്താന്മാർക്ക് കേപ്പിലൂടെയുള്ള യാത്രകൾ വളരെ കഠിനമായിരുന്നു. പിന്നീട് അവിടെ ലുസിറ്റാനിയ എന്ന കപ്പൽ തകരുകയും ചെയ്തതോടെ കേപ്പ് പോയിന്റിന് മുകളില്‍ 87 മീറ്റർ ഉയരത്തിൽ ലൈറ്റ് ഹൗസ് പണിയുകയായിരുന്നു.
ശക്തമായ കാറ്റ്, അങ്ങ് താഴെ കടലില്‍ വന്യമായ തിരകള്‍ ആഞ്ഞടിച്ചു പാല്‍ പോലെ പതഞ്ഞ തീരങ്ങള്‍, മനം മയക്കുന്ന സുന്ദരകാഴ്ച ആയിരുന്നു അത്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ അനന്തനീലിമ ആകാശനീലിമയിൽ ലയിച്ചു ചേർന്നിരിക്കുന്നു. കുറച്ചു സമയത്തിനു ശേഷം നടപ്പാതയിലൂടെ വ്യൂ പോയിന്റുകൾ കണ്ട് ഞങ്ങള്‍ തിരിച്ചിറങ്ങി. കേപ്പ് പോയിന്റിൽ ഉള്ള ലൈറ്റ് ഹൗസും ഫണിക്കുലർ റെയിൽവേയിലൂടെയുള്ള യാത്രയും വേറിട്ടൊരു അനുഭവം ആയിരുന്നു. ഇനി കേപ് ഓഫ് ഗുഡ് ഹോപ്പിലേക്ക്, ക്ലിഫിന്റെ അരികിലൂടെ ഒരു മണിക്കൂർ സമയമെടുക്കുന്ന നടവഴി ഒരുക്കിയിട്ടുണ്ടെങ്കിലും സമയം വൈകിയതിനാൽ ജിബു കടൽക്കരയിലൂടെയുള്ള പാതയിലൂടെ ഞങ്ങളുമായി മുനമ്പിലേക്ക് കാറിൽതന്നെ യാത്ര തിരിച്ചു. അതെ, നമ്മൾ സ്കൂളിൽ ഓക്കെ പഠിച്ചിട്ടുള്ള, വാസ്കോഡ ഗാമ എത്തിച്ചേർന്ന അതേ കേപ് ഓഫ് ഗുഡ് ഹോപ്പ്.
അലക്സാണ്ടര്‍ സാര്‍ സ്കൂളിലെ ഹിസ്റ്ററി ക്ലാസ്സില്‍ ഇതേപ്പറ്റി പഠിപ്പിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. അവിടെയെത്തി കടല്‍ക്കാറ്റേറ്റ് നിന്നു, വന്യമായ തിരമാലകള്‍ ആഞ്ഞടിച്ചു തീരത്തെ കല്ലുകള്‍ ഉരുളന്‍ ആയിരിക്കുന്നു. കേപ്പിൽ ആദ്യമായി എത്തിച്ചേർന്ന കപ്പിത്താന്മാരായ വാസ്കോ ഡ ഗാമയുടെയും ബാർത്തലോമിയോ ഡയസിന്റെയും മറ്റനേകം നാവികരുടെയും ഇച്ഛാശക്തി ഓര്‍ത്തുപോയി. സൂര്യന്‍ ചക്രവാളസീമയിലെക്ക് മറയുന്നു. വശ്യസുന്ദരമായ കാഴ്ചകള്‍ കണ്ട് കേപ് ഓഫ് ഗുഡ് ഹോപ്‌നോട് യാത്രപറഞ്ഞു.
ലോക ടൂറിസ്റ്റ് ഭൂപടത്തിൽ കേപ്ടൗണിന്റെ സ്‌ഥാനം വളരെ മുൻപിൽ ആണ്. സുന്ദരമായ പ്രദേശം, ഒരു സഞ്ചാരിയെ ആകർഷിക്കുന്ന എല്ലാം ഇവിടെ ഉണ്ടെന്നു നിസ്സംശയം പറയാം. ജിബുവിനോപ്പം ഞങ്ങള്‍ ദക്ഷിണാഫ്രിക്കൻ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു.
Content Summary : Cape Town is a beautiful city in South Africa, situated on a peninsula at the southern tip of Africa.