പെട്ടെന്ന് കണ്ടു തീര്‍ക്കാം, പോക്കറ്റും കാലിയാവില്ല; യാത്ര പോകാന്‍ ഈ കുഞ്ഞന്‍ രാജ്യങ്ങള്‍!
Mail This Article
ഇന്ത്യയിലെ ഒരു ജില്ലയുടെ വലിപ്പം പോലുമില്ലാത്ത രാജ്യങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവയില്‍ പലതും കാണാന്‍ അതിമനോഹരമാണ്. അധികം ചെലവില്ലാതെ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാവുന്ന അത്തരം ചില കുഞ്ഞുരാജ്യങ്ങള്‍ പരിചയപ്പെടാം.
∙ സമോവ
ദക്ഷിണ ശാന്ത സമുദ്രത്തിലെ ഉഷ്ണമേഖലാ പറുദീസയാണ് സമോവ. പോളിനേഷ്യൻ മേഖലയിൽ ഹവായിക്കും ന്യൂസിലൻഡിനും ഇടയിലായാണ് ഇതിന്‍റെ സ്ഥാനം. തിരക്കേറിയ മാർക്കറ്റുകൾക്കും റോബർട്ട് ലൂയിസ് സ്റ്റീവൻസൺ മ്യൂസിയത്തിനും പേരുകേട്ടതാണ് ഇതിന്‍റെ തലസ്ഥാനമായ അപിയ. സമോവയിലെ ഏറ്റവും വലിയ ദ്വീപായ സവായി, സ്‌നോർക്കെലിങ്, ഹൈക്കിങ്, ബീച്ച് ലോഞ്ചിങ് തുടങ്ങിയ ഒട്ടേറെ ഔട്ട്‌ഡോർ ആക്ടിവിറ്റികൾക്കു പേരുകേട്ടതാണ്. ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസം വരെ വീസയില്ലാതെ സമോവ സന്ദർശിക്കാം, ബജറ്റ് താമസം, ഭക്ഷണം, പ്രാദേശിക ഗതാഗതം എന്നിവയുൾപ്പെടെ ഇവിടെ ഒരു ദിവസത്തെ ശരാശരി ചെലവ് ഏകദേശം 3,500-5,000 രൂപയാണ് കണക്കാക്കുന്നത്.
∙ സീഷെൽസ്
മനോഹരമായ നിരവധി ബീച്ചുകളും പ്രകൃതിദത്ത റിസർവുകളും കൊണ്ട് നിറഞ്ഞ സീഷെൽസ് ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും സന്ദർശിക്കേണ്ട സ്ഥലമാണ്. ഇവിടുത്തെ മാഹി, പ്രസ്ലിൻ, ലാ ഡിഗ്യു ദ്വീപുകളും മോൺ സെയ്ഷെല്ലോയിസ് നാഷണൽ പാർക്കും ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച ആൻസ് ലാസിയോയുമെല്ലാം വളരെ ജനപ്രിയമായ ഇടങ്ങളാണ്. അപൂർവമായ കൊക്കോ ഡി മെർ ഈന്തപ്പന വളരുന്ന യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ വല്ലീ ഡി മായ്ക്ക് പേരുകേട്ടതാണ് പ്രസ്ലിൻ. ഇന്ത്യൻ യാത്രക്കാർക്കു സീഷെൽസിൽ 30 ദിവസം വരെ വീസയില്ലാതെ തങ്ങാം. ബജറ്റ് താമസം, ഭക്ഷണം, പ്രാദേശിക ഗതാഗതം എന്നിവയുൾപ്പെടെ സീഷെൽസിലെ ഒരു ദിവസത്തെ ശരാശരി ചെലവ് 5,000 മുതൽ 8,000 രൂപ വരെയാണ്.
∙ മൗറീഷ്യസ്
ലോകത്തിലെ ഏറ്റവും പ്രകൃതിരമണീയമായ രാജ്യങ്ങളിലൊന്നാണ് മൗറീഷ്യസ്. പഞ്ചാരമണൽ നിറഞ്ഞു വെട്ടിത്തിളങ്ങുന്ന കടൽത്തീരങ്ങളും ഹൈക്കിങ് നടത്താന്‍ പറ്റിയ പാതകളും മനോഹരമായ മഴക്കാടുകളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുമെല്ലാം കൊണ്ട് അനുഗ്രഹീതമായ രാജ്യമാണിത്. പ്രസിദ്ധമായ ട്രൗ ഓക്‌സ് ബിച്ചസ്, മോണ്ട് ചോയ്‌സി ബീച്ചുകൾ, ജൈവവൈവിധ്യത്തിന് പേരുകേട്ട ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്ക് മുതലായവയും, തലസ്ഥാനമായ പോർട്ട് ലൂയിസുമെല്ലാം ആയിരക്കണക്കിന് സഞ്ചാരികളെ വരവേല്‍ക്കുന്നു. ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ മൗറീഷ്യസ് വീസ ലഭിക്കും. സാധുവായ വീസ ഉള്ള ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം. ബജറ്റ് താമസം, ഭക്ഷണം, പ്രാദേശിക ഗതാഗതം എന്നിവയുൾപ്പെടെ മൗറീഷ്യസിൽ ഒരു ദിവസത്തെ ശരാശരി ചെലവ് 4,000 മുതൽ 7,000 രൂപ വരെയാണ്
∙ കിരിബാത്തി
ശാന്തസമുദ്രത്തില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് കിരിബാത്തി. 2000 ജനുവരി 1-ന് പുതിയ സഹസ്രാബ്ദത്തെ വരവേറ്റ ലോകത്തിലെ ആദ്യത്തെ സ്ഥലമെന്ന നിലയിൽ ജനശ്രദ്ധ നേടിയ ക്രിസ്മസ് ദ്വീപ് കിരിബാത്തിയുടെ ഭാഗവും ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാണ്. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷിത പ്രദേശമായ ഫീനിക്സ് ദ്വീപ് പക്ഷി നിരീക്ഷകരുടെ പറുദീസയാണ്. നിരവധി മനോഹരമായ ബീച്ചുകള്‍ കിരിബാത്തിയില്‍ ഉണ്ട്. കൂടാതെ, ബോട്ടിംഗ്, യാറ്റിംഗ്, സ്നോര്‍ക്കലിങ്, ഡൈവിങ് സർഫിങ് മുതലായ ജലവിനോദങ്ങളും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച തരാവ, ബുട്ടാരിതാരി , അബെമാമ , ബനാബ ദ്വീപുകളിലെ ടാങ്കുകൾ, കപ്പൽ അവശിഷ്ടങ്ങൾ, ആംട്രാക്കുകൾ, വിമാന അവശിഷ്ടങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങള്‍ കാണാനും ചരിത്രം മനസ്സിലാക്കാനുമായി ഗൈഡഡ് ടൂറുകളും ലഭ്യമാണ്. ഇന്ത്യൻ യാത്രക്കാർക്ക് കിരിബാത്തിയിൽ തൊണ്ണൂറു ദിവസം വരെ വീസയില്ലാതെ തങ്ങാം. ഇവിടുത്തെ ഒരു ദിവസത്തെ ശരാശരി ചെലവ് വരുന്നത് ഏകദേശം 3,500 മുതൽ 6,000 രൂപ വരെയാണ്.
∙ ആന്‍ഡോറ
സ്പെയിനിന്‍റെയും ഫ്രാന്‍സിന്റേയും അതിര്‍ത്തി പങ്കിടുന്ന മനോഹരമായ യൂറോപ്യന്‍ രാജ്യമാണ് ആന്‍ഡോറ. പ്രകൃതിസൗന്ദര്യത്തിന് ഏറെ പേരുകേട്ടതാണ് ഈ രാജ്യം. യൂറോപ്പിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമായ വെല്ല ഇവിടെയാണ്. ബജറ്റ് താമസം, ഭക്ഷണം, പ്രാദേശിക ഗതാഗതം എന്നിവയുൾപ്പെടെ അൻഡോറയിലെ ഒരു ദിവസത്തെ ശരാശരി ചെലവ് സാധാരണയായി 4,000 മുതൽ 7,000 രൂപ വരെയാണ്.
∙ ഡൊമനിക്ക
കരീബിയൻ കരീബിയൻ ദ്വീപിന്റെ "നേചർ ഐലൻഡ്" എന്നറിയപ്പെടുന്ന ഒരു ദ്വീപ് രാജ്യമാണ് ഡൊമനിക്ക. "ഞായറാഴ്ച" എന്നാണ് ഡൊമനിക്ക എന്ന ലാറ്റിൻ വാക്കിന്‍റെ അർഥം. സഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലുകുത്തിയത് ഒരു ഞായറാഴ്ചയിലായിരുന്നത്രേ. ലെസ്സർ ആന്റില്ലെസിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളിലൊന്നായ ഡൊമനിക്ക പ്രകൃതിരമണീയമാണ്. ഡൊമിനിക്കയില്‍ 365 ലധികം നദികളും എണ്ണമറ്റ ഹൈക്കിങ് പാതകളുമുണ്ട്. ബോയിലിങ് ലേക്ക് എന്ന് വിളിക്കപ്പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ ചൂടുനീരുറവ ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ്. കൂടാതെ ഡൈവിങ്, സ്കൂബ ഡൈവിങ് മുതലായ വിനോദങ്ങളും ജനപ്രിയമാണ്. ഇന്ത്യൻ യാത്രക്കാർക്ക് 6 മാസം വരെ വീസയില്ലാതെ ഡൊമിനിക്കയിൽ തങ്ങാം. ഡൊമിനിക്കയിലെ ഒരു ദിവസത്തെ ശരാശരി ചെലവ് 4,500 മുതൽ 7,000 രൂപ വരെയാണ്.