കയ്യിൽ പണം നിലനിൽക്കുന്നില്ലേ? കടബാധ്യതകൾ വേട്ടയാടുന്നുണ്ടോ? പരിഹാരങ്ങൾ ഇങ്ങനെ
Mail This Article
ജീവിതത്തിൽ കടം വാങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് ആവശ്യത്തിനും അനാവശ്യത്തിനും ആകാം. അത് ജീവിതവിജയത്തിനും നാശത്തിനും കാരണമായി മാറാറുണ്ട്. കടക്കെണിയിൽ അകപ്പെടാതെ ജീവിക്കുവാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്. കടബാധ്യതകൾ നമ്മെ വേട്ടയാടുമോ എന്ന് ഗ്രഹനിലയിലൂടെ മനസ്സിലാക്കുവാൻ സാധിക്കും.
ആറാം ഭാവം കൊണ്ടും ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെ കൊണ്ടും കടബാധ്യതകളെ ചിന്തിക്കാം. ധനാധിപൻ ആറാം ഭാവത്തിൽ നില്ക്കുന്നതും പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുന്നതും സാമ്പത്തിക നഷ്ടങ്ങളെ സൂചിപ്പിക്കുന്നു. വ്യയ സ്ഥാനാധിപൻ ധന സ്ഥാനത്ത് നിൽക്കുന്നതും ലാഭാധിപൻ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നതും കടബാധ്യതയിലേക്ക് ജാതകനെ കൊണ്ടെത്തിക്കും. ധനഭാവത്തിനും ധനാധിപനും ലാഭാധിപനും പാപഗ്രഹ യോഗം വരുന്നതും സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നതിന്റെ സൂചനകളാണ്. ധനകാരകനായ വ്യാഴത്തിന്റെ 2, 4, 5 ഭാവങ്ങളിൽ പാപഗ്രഹങ്ങൾ നിൽക്കുന്നതും കടബാധ്യതകളിലേക്ക് തള്ളിവിടും.
സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ കഴിഞ്ഞാൽ കടബാധ്യതകളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടുവാൻ കഴിയും. വരവ് അറിഞ്ഞ് ചെലവാക്കുവാനും വരവും ചെലവും പൊരുത്തപ്പെടുത്തി കൊണ്ടു പോകുവാനും കഴിയാതെ, കിട്ടുന്നിടത്തു നിന്നെല്ലാം കടം വാങ്ങി മുന്നോട്ടു പോകുമ്പോഴാണ് പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നത് എന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണം.
ധനം അധികമാകുന്നതും ധനം അശേഷം ഇല്ലാതാകുന്നതും ഒരുപോലെ ശാപമാണെന്നാണ് അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളത്. ഋണ മോചനമംഗല സ്തോത്രം, ശ്രീ മഹാലക്ഷ്മി അഷ്ടകം, കനകധാരാ സ്തോത്രം എന്നിവ ജപിക്കുന്നതും തിരുപ്പതി വെങ്കിടാചലപതി ഭഗവാനെയും മഹാലക്ഷ്മിയെയും പ്രാർഥിക്കുന്നതും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും കടബാധ്യതകളിൽ നിന്ന് കരകയറുവാനും സാമ്പത്തികാഭിവൃദ്ധിക്കും ഉത്തമം ആണ്.