പ്രശാന്തസുന്ദര പർണശാലകൾ
Mail This Article
ഋതുഭേദമില്ലാതെ പുഷ്പഫലങ്ങളാൽ സമ്പന്നവും വൃക്ഷലതാദികളാൽ സുന്ദരവുമാണ് ഈ വനപ്രദേശം. വിവിധതരം പക്ഷിമൃഗാദികളുടെ ശബ്ദസഞ്ചാരം സുന്ദരാന്തരീക്ഷത്തിനു മാറ്റുകൂട്ടുന്നു. ബ്രഹ്മലോകം പോലും പിന്നിലാകുന്നത്ര പ്രശാന്തി. സുതീക്ഷ്ണനെത്തി ദണ്ഡനമസ്കാരം ചെയ്യുന്ന വേളയിൽ അഗസ്ത്യമുനി ശിഷ്യർക്ക് രാമമന്ത്രത്തിന്റെ അർഥം വിശദീകരിച്ചു നൽകുകയായിരുന്നു. എന്റെ ഹൃദയത്തിൽ വസിക്കുന്ന രഘുനാഥനെ വേഗം കൂട്ടിക്കൊണ്ടുവരൂ എന്നാണ് അഗസ്ത്യൻ ശിഷ്യനോടാവശ്യപ്പെടുന്നത്. എന്റെ ഭാഗ്യം, എനിക്കു തപസ്സാഫല്യം എന്നെല്ലാമാണ് ശിഷ്യസഞ്ചയത്തിനൊപ്പം ഭഗവാനെ വരവേൽക്കാനെത്തുന്ന അഗസ്ത്യന്റെ വചനങ്ങൾ. സ്വീകരിക്കാൻ നേരിട്ടെത്തിയ അദ്ദേഹത്തെ കണ്ട് ആശ്ചര്യപ്പെടുന്നു ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും.
ഘോരരാവണ നിഗ്രഹാർഥം ഭഗവാൻ വരുന്നതറിഞ്ഞ് ഏറെക്കാലമായി ഞാനിവിടെക്കഴിയുകയാണെന്നറിയിച്ച് ദേവനെ സ്തുതിക്കുകയാണ് മഹർഷി. അവതാരതത്വങ്ങൾ വിശദമാക്കുകയാണ് ഇതിലൂടെ അദ്ദേഹം. രണ്ടു കർത്തവ്യങ്ങൾകൂടി നിറവേറ്റാനുണ്ട് അദ്ദേഹത്തിന്. ദേവേന്ദ്രൻ ഏൽപിച്ച ചാപം ശ്രീരാമചന്ദ്രനെ ഏൽപിക്കുക എന്നതാണ് ആദ്യത്തേത്. രാക്ഷസനിഗ്രഹത്തിന് സമയമാകുന്നു എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു അദ്ദേഹം. ഗൗതമീതീരത്ത് പഞ്ചവടിയിൽ നല്ലൊരാശ്രമം ചമച്ച് അവിടെ വസിക്കാൻ നിർദേശിക്കുക എന്നതാണ് മഹർഷിയുടെ മറ്റൊരു കർത്തവ്യം.
യാത്രപറഞ്ഞു നീങ്ങുമ്പോൾ പർവതാകാരനായ പക്ഷിയെക്കണ്ട് ഇവൻ മുനിഭക്ഷകനെന്നു കരുതുന്നു രാമൻ. വില്ലു തരൂ എന്ന് അനുജനോടു പറയുന്നതുകേട്ട് ഭയചകിതനായിപ്പോകുന്ന പക്ഷിശ്രേഷ്ഠൻ വേഗം താനാരെന്നു വെളിപ്പെടുത്തുന്നു. ‘‘അങ്ങയുടെ പിതാവിന്റെ മിത്രമായ ജടായുവാണ് ഞാൻ. വധ്യനല്ല, അങ്ങയുടെ ഭക്തനാണ്.’’ സ്നേഹത്തോടെ ആശ്ലേഷിച്ച് ദേവൻ പറയുന്നത് തന്റെ സമീപത്തെവിടെയെങ്കിലും വസിക്കണമെന്നാണ്. ഗംഗാനദിയുടെ വടക്കേക്കരയിലെ പഞ്ചവടിയിൽ സുന്ദരമായ പർണശാലയാണ് ലക്ഷ്മണൻ ഒരുക്കുന്നത്. വാഴ, പ്ലാവ്, മാവ് തുടങ്ങി ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ് ആ പ്രദേശം. ആൾത്തിരക്കില്ലാത്ത ദിക്ക്. ആരുടെയും ഉപദ്രവവും ഇല്ല. ശാന്തസുന്ദരമായ ഈ അന്തരീക്ഷത്തിൽ ഭഗവാനോട് മുക്തിമാർഗോപദേശം തേടുന്നു ലക്ഷ്മണൻ. പറയാൻ ശ്രീരാമദേവനു സന്തോഷം.