തത്വവിചാരത്തിലൂടെ സമചിത്തത
Mail This Article
ഭഗവാൻ പുണർന്നതോടെ സുഗ്രീവൻ കൽമഷങ്ങളെല്ലാം അറ്റവനായി. പാപമുക്തനെങ്കിലും ലക്ഷ്യപൂർത്തീകരണത്തിന് അയാളെ വീണ്ടും മോഹവലയത്തിലാക്കേണ്ടതുണ്ട്. ഇനി കാലംകളയാതെ ബാലിയെ യുദ്ധത്തിനു വിളിക്കാനാണ് ഭഗവാന്റെ നിർദേശം. അനുജൻ പുറപ്പടുവിക്കുന്ന മഹാസിംഹനാദം ബാലിയെ വിസ്മയപ്പെടുത്തുന്നുണ്ട്. എങ്കിലും യുദ്ധത്തിനു തയാർ. സുഗ്രീവന് ഇത്ര ധൈര്യം വരണമെങ്കിൽ അതിശക്തനായ ഒരു മിത്രമുണ്ടായിരിക്കുന്നു എന്നാണ് അർഥമെന്ന് പത്നി താര ബാലിയെ ഓർമിപ്പിക്കുന്നു.യഥാർഥത്തിൽ താര സുഗ്രീവപത്നിയാണ്. എന്തുകൊണ്ടും ബാലി വധിക്കപ്പെടാനുള്ള കാരണമായി പിന്നീടു ശ്രീരാമചന്ദ്രൻ പറയുന്നത് അയാളുടെ സോദരഭാര്യാപഹരണ പാപമാണ്.
വനത്തിൽ നായാട്ടിനു പോയ പുത്രൻ അംഗദനിൽനിന്ന് ശ്രീരാമന്റെ ആഗമനവൃത്താന്തം അറിഞ്ഞ കാര്യം താര സൂചിപ്പിക്കുന്നു. യുദ്ധത്തിനിറങ്ങേണ്ടെന്ന് അവർ കാലുപിടിക്കുന്നു. ഒരുവൻ വന്നു വെല്ലുവിളിക്കുമ്പോൾ അതു സ്വീകരിക്കാതിരുന്നാൽ പിന്നെ താനെന്തു ശക്തനെന്നാണ് ബാലിയുടെ ചോദ്യം. ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു ബാലിക്കറിയാം. എന്നോളം സ്നേഹം രാമനോടു മറ്റാർക്കുമില്ലെന്നാണ് വാനരരാജന്റെ പക്ഷം. കാലനും കാലകാലനും ഏറ്റുമുട്ടിയാലും ഈ യുദ്ധത്തിനു തുല്യമാകില്ല; രണ്ടു സമുദ്രങ്ങൾ തമ്മിലെന്നപോലെ, രണ്ടു ശൈലങ്ങൾ തമ്മിലെന്നപോലെ. താഡനമേറ്റു സുഗ്രീവൻ വലഞ്ഞുതളർന്നെന്നായപ്പോഴാണ് ബാലിയുടെ വക്ഷസ്സിലേക്കു രാമൻ മരത്തിന്റെ മറവിൽനിന്ന് അമ്പയയ്ക്കുന്നത്.
ഭഗവാൻ എന്തിനിങ്ങനെ ചെയ്തു എന്നാണ് മോഹാലസ്യത്തിൽനിന്നുണർന്ന ബാലിയുടെ ചോദ്യം. സീതയെ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ തന്നെപ്പോലൊരു ബലവാൻ മതിയാകുമായിരുന്നില്ലേ മിത്രമായി? രോഷവും സങ്കടവും കൊണ്ട് ബാലിയുടെ വാക്കുകൾ കടുക്കുന്നു. ചതിച്ചുകൊല്ലുന്നത് എന്തു ധർമമാണ്? വാനരമാംസം ഭക്ഷിക്കാമെന്ന് അങ്ങേയ്ക്കു തോന്നിയോ? ധർമരക്ഷയാണു തന്റെ ലക്ഷ്യമെന്ന് രാമൻ മറുപടി പറയുന്നു. മോഹവലയത്തിലായതിനാൽ ബാലി താൻ ചെയ്ത പാപം മനസ്സിലാക്കിയിട്ടില്ല. പുത്രി, ഭഗിനി, സഹോദരഭാര്യ, പുത്രകളത്രം, മാതാവ് എന്നിവർ തമ്മിൽ ഭേദമില്ല. അവരെ പരിഗ്രഹിക്കുന്നവൻ പാപികളിലും പാപിയാണ്.ഭഗവൽവാക്യങ്ങളുടെ പൊരുളറിയാനുള്ള മനസ്സുണ്ട് ബാലിക്ക്. ഭഗവാന്റെ തലോടലേറ്റ് സ്വർലോകം പൂകുമ്പോൾ ബാലിയുടെ പ്രാർഥന തന്റെ പുത്രൻ അംഗദനെ കരുതണമെന്നും ഭഗവാനൊപ്പം കൂട്ടണമെന്നുമാണ്.
ഭർത്താവിനൊപ്പം മൃത്യുലോകത്തിലേക്കെന്നാണ് വൃത്താന്തമറിഞ്ഞ താരയുടെ വിലാപം. ബാണമെയ്ത് എന്നെയും വധിച്ചാൽ കന്യകാദാനഫലം ലഭിക്കുമെന്നാണ് താരയ്ക്കു ഭഗവാനോടു പറയാനുള്ളത്. തത്വവിചാരത്തിലൂടെ താരയെ സമചിത്തതയിലേക്കുയർത്തുന്നു ഭഗവാൻ. ആത്മാവിനെ സംബന്ധിക്കുന്ന രഹസ്യമാണ് ദേവൻ വെളിവാക്കുന്നത്. കാൽക്ഷണത്തെ ദേവസംഗമം കൊണ്ട് ചിത്തശുദ്ധി പ്രാപിച്ച് താര മോഹബന്ധങ്ങളിൽനിന്നു മോചിതയാകുന്നു. വിജ്ഞാനം നേടി സുഗ്രീവനും സ്വസ്ഥനാകുന്നു.