വിശ്വാസത്തിരയിൽ കപ്പൽ പ്രദക്ഷിണം; അതിവിശിഷ്ടം കുറവിലങ്ങാട് പള്ളി

Mail This Article
അനന്തമായ കടൽ പോലെ വിശ്വാസികൾ, അതിൽ ഒഴുകിനീങ്ങുന്ന കപ്പൽ; കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ ഇന്നു ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.
കുറവില്ലാ നാട് കുറവിലങ്ങാട്
ഇടവകയിൽ മൂവായിരത്തിലധികം കുടുംബങ്ങൾ. പതിനാറായിരത്തിലേറെ വിശ്വാസികൾ. 4 മുതൽ 17–ാം നൂറ്റാണ്ട് വരെ ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ നേതൃത്വം വഹിച്ച അർക്കദിയാക്കോന്മാരുടെ തറവാടും ഭരണകേന്ദ്രവും കുറവിലങ്ങാടായിരുന്നു. പ്രഥമ തദ്ദേശീയ മെത്രാൻ പറമ്പിൽ ചാണ്ടിയുടെ ആസ്ഥാന ദേവാലയം, പൊന്തിഫിക്കൽ അധികാരങ്ങളോടു കൂടിയ വികാരി ജനറൽ നിധീരിക്കൽ മാണിക്കത്തനാർ ജനിച്ചതും വികാരിയായിരുന്നതുമായ ഇടവക, പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ ഇടവക... കുറവിലങ്ങാട് പള്ളിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല.
മാതാവ് പ്രത്യക്ഷപ്പെട്ട ഇടം
പരിശുദ്ധ ദൈവമാതാവ് നേരിട്ടു പ്രത്യക്ഷപ്പെട്ടാണു ദേവാലയത്തിനു സ്ഥാനനിർണയം നടത്തിയതെന്നാണു വിശ്വാസം. വിശന്നും ദാഹിച്ചും വലഞ്ഞ കുട്ടികൾക്ക് മാതാവ്, കല്ല് അപ്പമാക്കി നൽകിയെന്നും നീരുറവ തെളിച്ചു കുടിക്കാൻ ജലം നൽകിയെന്നും വിശ്വസിക്കപ്പെടുന്നു. അത്ഭുതഉറവ പള്ളിയുടെ കിഴക്കുഭാഗത്ത് ഇപ്പോഴുമുണ്ട്. കന്യാമറിയത്തെ കുറവിലങ്ങാട് മുത്തിയമ്മ എന്നാണു ഭക്തിപൂർവം വിളിക്കുന്നത്.

ദേവാലയ ചരിത്രം
എഡി 105ൽ ദേവാലയം നിർമിച്ചു. പിന്നീടു വിവിധ കാലഘട്ടങ്ങളിൽ ദേവാലയം പുതുക്കി നിർമിച്ചു. 2018 ജനുവരി 21നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുറവിലങ്ങാട് പള്ളിയെ സിറോ മലബാർ സഭയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ തീർഥാടന ദേവാലയമായി പ്രഖ്യാപിച്ചു. കുറവിലങ്ങാട് പള്ളി വികാരി ആർച്ച് പ്രീസ്റ്റായി മാറി. ദേവാലയത്തിൽ വാർഷിക സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച് ബിഷപ്പിന് സ്ഥാനിക ഇരിപ്പിടമുണ്ട്.
അതിവിശിഷ്ടം കുറവിലങ്ങാട് പള്ളി
ചെറിയ പള്ളി
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള ചെറിയ പള്ളി പ്രധാന പള്ളിയുടെ പിൻവശത്തുണ്ട്.
തിരുശേഷിപ്പ്
റോമിൽനിന്നു കൊണ്ടുവന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് അൾത്താരയിലെ മാർത്തോമ്മാശ്ലീഹ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
വൈദികമന്ദിരം
നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിലാണു മന്ദിരം നിർമിച്ചത്. 1902ൽ ആശീർവാദം നടന്നു.
ഒറ്റക്കൽക്കുരിശ്
16–ാം നൂറ്റാണ്ടിലാണു കൽക്കുരിശിന്റെ സ്ഥാപനം. പരിശുദ്ധ ദൈവമാതാവ് മുത്തശ്ശിയുടെ രൂപത്തിലെത്തി കുരിശ് ഉയർത്താൻ സഹായിച്ചെന്നു വിശ്വാസം.
വാദ്യപ്പുര
അതിപുരാതനമായ വാദ്യപ്പുരയും പള്ളിയോടു ചേർന്നുണ്ട്. ആദ്യകാലത്ത് മേളം നടത്തിയിരുന്നത് ഇവിടെയാണ്.
മണിമാളിക
ചെറിയപള്ളിയോടു ചേർന്നാണു മണിമാളിക. ഭാരക്കൂടുതൽ മൂലം ചവിട്ടിയാണു മണി മുഴക്കുന്നത്.

ചരിത്രപ്രസിദ്ധം കപ്പൽ പ്രദക്ഷിണം
യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണു കപ്പൽ പ്രദക്ഷിണം. പ്രത്യേക പ്രാർഥനകൾക്കു ശേഷം കടപ്പൂര് നിവാസികളുടെ നേതൃത്വത്തിൽ വലിയ പള്ളിയിൽനിന്നു കപ്പൽ മുറ്റത്തെത്തിക്കും. തുടർന്നു തിരുസ്വരൂപങ്ങൾക്കു മുന്നിലായി പ്രദക്ഷിണത്തിനു തുടക്കം. വലിയ പള്ളിയുടെ മുറ്റത്ത് കപ്പൽ ആടിയുലയുമ്പോൾ ചെറിയ പള്ളിയിൽനിന്നു തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണം ആരംഭിക്കും. പള്ളിമുറ്റത്തെ വിശ്വാസസാഗരത്തിൽ ആടിയുലഞ്ഞ ശേഷം പടവുകൾ ഇറങ്ങി കപ്പൽ കുരിശിൻതൊട്ടിയിൽ എത്തും. തുടർന്നു കപ്പലിൽനിന്നു യോനാ പ്രവാചകന്റെ രൂപം പുറത്തേക്ക് എറിയും. ഇതോടെ കടൽ ശാന്തമാകുമെന്നാണു വിശ്വാസം. പിന്നീടു കപ്പൽ പ്രദക്ഷിണമായി പള്ളിയിലേക്കു കൊണ്ടുപോകും.
കടപ്പൂരും കപ്പലും
നൂറ്റാണ്ടുകൾക്കു മുൻപു കടൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന കടപ്പൂര് നിവാസികളുടെ കപ്പലുകളിൽ ഒരെണ്ണം പുറംകടലിൽ കാറ്റിലും കോളിലുംപെട്ടു. അവർ മുത്തിയമ്മയോടു പ്രാർഥിച്ചു. കുറവിലങ്ങാട് പള്ളിത്തിരുനാളിന് എഴുന്നള്ളിക്കാൻ കപ്പൽ സമർപ്പിക്കാമെന്നു നേർച്ച നേർന്നു. യോനാ പ്രവാചകനോടും പ്രാർഥിച്ചു. പ്രാർഥനകൾ ഫലം കണ്ടു. കടൽ ശാന്തമായി. അങ്ങനെ കടപ്പൂര് നിവാസികൾ നേർച്ചയായി സമർപ്പിച്ചതാണു കപ്പൽ എന്നാണു ഐതിഹ്യം. കടൽകടപ്പുകാരുടെ ഊരാണ് കടപ്പൂരായി മാറിയതെന്നും വിശ്വസിക്കപ്പെടുന്നു.
ആനയും തീവെട്ടിയും
കപ്പൽ പ്രദക്ഷിണത്തിനു ഗജവീരന്മാർ അകമ്പടി സേവിക്കും. തിരുനാൾ ദിനങ്ങളിൽ വൈകിട്ടു നടക്കുന്ന പ്രദക്ഷിണത്തിനു തീവെട്ടിയും അകമ്പടിയാകും.