നോമ്പിന്റെ പൂർണത ആത്മനിയന്ത്രണത്തിൽ

Mail This Article
റമസാൻ ഉപവാസത്തിലൂടെ അനാവശ്യ സംസാരങ്ങൾ വെടിഞ്ഞ് നാവിന്റെ വിനകളിൽ നിന്ന് സുരക്ഷിതരാകാൻ വിശ്വാസി ബാധ്യസ്ഥനാണ്. വിശുദ്ധ ഖുർആൻ പറയുന്നു, ‘വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്യുക. എന്നാൽ അല്ലാഹു നിങ്ങളുടെ കർമങ്ങളെ നന്നാക്കുകയും പാപങ്ങൾ പൊറുത്തു തരുകയും ചെയ്യും.’ നാവിനെ കരുതലോടെ ഉപയോഗിച്ചാൽ മനുഷ്യന്റെ സർവ കർമങ്ങളും നന്നാവു മെന്നാണ് ഈ വചനം പഠിപ്പിക്കുന്നത്.
മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുന്നതിനെ സ്വന്തം സഹോദരന്റെ പച്ചമാംസം ഭക്ഷിക്കുന്നതിനോടാണ് ഖുർആൻ ഉപമിക്കുന്നത്. അബൂഹുറൈറ(റ) ഒരിക്കൽ പ്രവാചകനോട് ചോദിച്ചു. പ്രവാചകരേ, ആരാണ് ഉത്തമനായ വിശ്വാസി?. ‘ഒരാളുടെ നാവിൽ നിന്നും കരങ്ങളിൽ നിന്നും പൊതുജനം സുരക്ഷിതനാണെങ്കിൽ അയാളാണ് ഉത്തമ വിശ്വാസി’ എന്നായിരുന്നു മറുപടി.
ശിഷ്യരിൽ പ്രധാനിയായ കഅബ്(റ) രോഗബാധിതനായപ്പോൾ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നു. ‘കഅബേ, നീ സന്തോഷിക്കുക’. അവിടുന്ന് പറഞ്ഞു. പ്രവാചകരുടെ ആശീർവാദം കേട്ട കഅബിന്റെ ഉമ്മ ഇങ്ങനെ പറഞ്ഞു, ‘സന്തോഷിക്കുക, നിനക്ക് സ്വർഗമുണ്ട്’. ഇത് കേട്ട പ്രവാചകർ പറഞ്ഞു. ‘നിനക്കെന്തറിയാം, അവൻ ആവശ്യമില്ലാത്തത് സംസാരിക്കുകയും ആവശ്യമുള്ളത് തടയുകയും ചെയ്തിട്ടുണ്ടെങ്കിലോ’?. വിചാരണയ്ക്കു വിധേയരല്ലാത്തവരെയാണ് സ്വർഗസ്ഥരെന്നു വിധിയെഴുതാൻ സാധിക്കുക.
ആവശ്യമില്ലാത്തത് വല്ലതും സംസാരിച്ചാൽ അത് കുറ്റകരമല്ലെങ്കിൽ കൂടിയും അതിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുമെന്നാണ് പ്രവാചക വചനം പഠിപ്പിക്കുന്നത്. ഉണങ്ങിയ വസ്തുവിനെ തീ നശിപ്പിക്കുന്നതുപോലെ പരദൂഷണം മനുഷ്യന്റെ നന്മകളെ നശിപ്പിക്കുമെന്ന് പ്രവാചകർ പറയുന്നു. സ്വന്തം കുറവുകളെ സംബന്ധിച്ചു ബോധ്യമില്ലാത്തവരാണ് മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു നടക്കുക. സ്വന്തം ന്യൂനതകൾ പരിഹരിക്കാൻ ശ്രമിക്കുന്നവർ മറ്റുള്ളവരുടെ പിന്നാലെ പോയി സമയം കളയില്ല.
അനാവശ്യമായ തർക്കങ്ങളെയും പരിധിവിട്ട ഫലിതങ്ങളെയും അസഭ്യ,അശ്ലീല സംസാരങ്ങളെയും മതം വിലക്കിയിട്ടുണ്ട്. അനാവശ്യ സംസാരങ്ങളെ വിരോധിക്കുമ്പോൾ തന്നെ നല്ല സംസാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പ്രവാചകർ പറയുന്നു, ‘ഒരു കാരക്ക ചീന്തുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക. അത് കിട്ടിയിട്ടില്ലെങ്കിൽ നല്ല വാക്കുകൊണ്ടെങ്കിലും’. നല്ല സംസാരവും അന്നദാനവും സ്വർഗപ്രവേശനത്തിന്റെ വഴികൾ എളുപ്പമാക്കുമെന്നു പ്രവാചകർ പഠിപ്പിക്കുന്നു.
വിശപ്പും ദാഹവും ശാരീരിക വികാരങ്ങളും നിയന്ത്രിച്ച് റമസാനിൽ നോമ്പനുഷ്ടിക്കുന്നവർ പലരും നാവിനെ നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. അനാവശ്യവും കുറ്റകരവുമായ സംസാരങ്ങൾ നോമ്പിന്റെ പവിത്രതയെ നഷ്ടപ്പെടുത്തും. വിശപ്പിന്റെ വിലയറിയുന്നതോടൊപ്പം സംസാരം നിയന്ത്രിക്കുമ്പോൾ മാത്രമേ ഉപവാസം പൂർണമാവൂ. പറയുന്ന വാക്കുകൾ ഓരോന്നും സത്യമാണെന്ന് ബോധ്യമുണ്ടാകണം.വാക്കുകൾ തീർക്കുന്ന മുറിവുകൾക്ക് തീവ്രത കൂടുതലാണ്. അത് കാലങ്ങളോളം നിലനിൽക്കും. ഒരു വാക്യാംശം കൊണ്ടുപോലും മറ്റുള്ളവരുടെ ഹൃദയത്തിന് മുറിവേൽപ്പിക്കാതിരിക്കാൻ ശ്രമിക്കണം. അതിനുള്ള അവസരമായി റമസാൻ ഉപവാസത്തെ ഉപയോഗപ്പെടുത്താം.