ഇന്ത്യയുടെ ജിഡിപി വളർച്ച 4 വർഷത്തെ താഴ്ചയിലേക്ക്; ഈ വർഷം പ്രതീക്ഷ 6.4% മാത്രം, ബജറ്റിന് മുമ്പേ നിർമലയ്ക്ക് വെല്ലുവിളി
Mail This Article
ഇന്ത്യയുടെ സമ്പദ്‍രംഗത്ത് നിന്ന് പ്രതിസന്ധികൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി, നടപ്പുവർഷത്തെ (2024-25) ജിഡിപി (GDP) വളർച്ചനിരക്ക് സംബന്ധിച്ച ആദ്യ അനുമാനക്കണക്കുകൾ (First Advance Estimate) കേന്ദ്രം പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ (Ministry of Statistics & Programme Implementation) റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യ 6.4 ശതമാനമേ വളരൂ. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കാണിത്. കഴിഞ്ഞവർഷം (2023-24) ഇന്ത്യ 8.2% വളർന്നിരുന്നു. 4 വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യൻ ജിഡിപി വളർച്ചനിരക്ക് 7 ശതമാനത്തിനും താഴെയാകുന്നുവെന്ന തിരിച്ചടിയുമുണ്ട്.
നടപ്പുവർഷത്തെ ആദ്യപാതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതും ഗ്രാമീണ ഉപഭോഗത്തിലെ തളർച്ചയുമാണ് ജിഡിപിയെ പിന്നോട്ടടിച്ചത്. എന്നാൽ, രണ്ടാംപാതിയിൽ (ഒക്ടോബർ-മാർച്ച്) കാർഷിക, വ്യാവസായിക മേഖലകളും ഗ്രാമീണ ഉപഭോഗവും മെച്ചപ്പെട്ടത് ജിഡിപിയെ 6.4 ശതമാനം നിലവാരത്തിലേക്ക് ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ജിഡിപി നടപ്പുവർഷം 6.5നും 7 ശതമാനത്തിനും മധ്യേ വളരുമെന്നായിരുന്നു കേന്ദ്രം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. റിസർവ് ബാങ്കും ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 7.2ൽ നിന്ന് 6.6 ശതമാനമായി അടുത്തിടെ വെട്ടിക്കുറച്ചിരുന്നു.
പ്രവചനങ്ങളെ തകർത്ത വീഴ്ച
ഇന്ത്യയുടെ ജിഡിപി വളർച്ച ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർപാദത്തിൽ 7 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 8.1 ശതമാനത്തിൽ നിന്നായിരുന്നു വീഴ്ച. 6.7 ശതമാനമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദ വളർച്ച.
നഗരങ്ങളിൽ ഉപഭോക്തൃച്ചെലവഴിക്കലുകൾ (urban consumer spending) ഇടിഞ്ഞതും മധ്യവർഗ കുടുംബങ്ങൾ (middle-class families) നേരിട്ട സാമ്പത്തിക ഞെരുക്കവും സെപ്റ്റംബർ പാദത്തിൽ ജിഡിപി വളർച്ചയെ താഴ്ത്തിയെന്നാണ് വിലയിരുത്തലുകൾ. റിസർവ് ബാങ്കിന്റേതടക്കം പ്രവചനങ്ങൾ അമ്പേ പാളുന്ന കാഴ്ചയും ആ പാദത്തിൽ കണ്ടു. ഇന്ത്യ 7% വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. നേരത്തേ 7.2% വളരുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടത് 7 ശതമാനത്തിലേക്ക് താഴ്ത്തുകയായിരുന്നു.
പിടിച്ചുനിൽക്കുക കൃഷി
നടപ്പുവർഷം പോസിറ്റിവ് വളർച്ചയുമായി ജിഡിപിക്ക് കരുത്തായി നിൽക്കുക കാർഷിക മേഖലയായിരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷത്തെ 1.4ൽ നിന്ന് 3.8 ശതമാനത്തിലേക്ക് കാർഷിക മേഖലയുടെ വളർച്ച മെച്ചപ്പെടും. പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന വിഭാഗങ്ങളുടെ വളർച്ച 7.8ൽ നിന്ന് 9.1 ശതമാനവുമാകും. മറ്റെല്ലാ മേഖലകളും തളരുമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഖനന, ക്വാറി മേഖല 7.1ൽ നിന്ന് 2.9 ശതമാനത്തിലേക്ക് ഇടിയും. സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ മാനുഫാക്ചറിങ് മേഖലയുടെ വളർച്ച 9.9ൽ നിന്ന് ഇക്കുറി 5.3 ശതമാനത്തിലൊതുങ്ങും. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയടങ്ങിയ വിഭാഗത്തിന്റെ വളർച്ച 7.5ൽ നിന്ന് 6.8 ശതമാനമാകും.
നിർമാണ (കൺസ്ട്രക്ഷൻ) മേഖലയുടെ വളർച്ച 9.9ൽ നിന്ന് 8.6 ശതമാനത്തിലേക്കും വ്യാപാരം, ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് എന്നിവയടങ്ങിയ മേഖലയുടെ വളർച്ച 6.4ൽ നിന്ന് 5.8 ശതമാനത്തിലേക്കും കുറയുന്നതും ജിഡിപി വളർച്ചയെ ബാധിക്കും. ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയടങ്ങിയ മേഖല ഈവർഷം 7.3% വളരും; കഴിഞ്ഞവർഷം 8.4 ശതമാനം വളർന്നിരുന്നു.
പ്രതിശീർഷ വരുമാനം ഉയരും
നടപ്പുവർഷം (2024-25) അറ്റ പ്രതിശീർഷ വരുമാനം (Net per capita national income/per capita NNI) 2,00,162 രൂപയാകുമെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം 1.84 ലക്ഷം രൂപയും 2022-23ൽ 1.69 ലക്ഷം രൂപയുമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 8.7 ശതമാനമായിരിക്കും ഈ വർഷത്തെ വളർച്ച. കഴിഞ്ഞവർഷവും വളർച്ചനിരക്ക് 8.7 ശതമാനമായിരുന്നു.
നിർമലയ്ക്ക് വൻ വെല്ലുവിളി
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തളർച്ചയുടെ ട്രാക്കിലാണെന്നത്, മൂന്നാം മോദി സർക്കാരിന്റെ അടുത്ത സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ധനമന്ത്രി നിർമല സീതാരാമന് കനത്ത വെല്ലുവിളിയാകും. ജിഡിപി വളർച്ചയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം ബജറ്റിലൂടെ നിർവഹിക്കാൻ നിർമല ശ്രമിക്കേണ്ടിവരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business