ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ നാളെ; എന്താണ് സാമ്പത്തിക സർവേ? പ്രാധാന്യമെന്ത്?

Mail This Article
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് (budget 2025), ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. നിർമലയുടെ തുടർച്ചയായ 8-ാം ബജറ്റ് അവതരണമാണിത്. തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോർഡ് കഴിഞ്ഞ ജൂലൈയിൽ നിർമല സ്വന്തമാക്കിയിരുന്നു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി, നാളെ സാമ്പത്തിക സർവേ-2025 (Economic Survey 2025) റിപ്പോർട്ട് കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്റെ (V. Anantha Negeswaran) നേതൃത്വത്തിലാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവർഷക്കാലത്തെ പ്രകടനത്തിന്റെ അവലോകന റിപ്പോർട്ടാണിത്; ഒപ്പം കേന്ദ്രസർക്കാരിന്റെ മുന്നോട്ടുള്ള സാമ്പത്തിക നയങ്ങളുടെ ദിശാസൂചികയും.
എന്താണ് സാമ്പത്തിക സർവേ?
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (Chief Economic Advisor/CEA) വി. അനന്തനാഗേശ്വരന്റെ നേതൃത്വത്തിൽ, ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കുന്നത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നാളെ ധനമന്ത്രി നിർമല സീതാരാമൻ ഈ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. ബജറ്റ് അവതരണത്തിന്റെ തലേന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവിടുന്നത് കീഴ്‍വഴക്കമാണ്.

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലെ ഓരോ മേഖലയെയും കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം, പ്രത്യേക ശ്രദ്ധ അനിവാര്യമായ മേഖലകൾ, വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, ജിഡിപി വളർച്ചാ അനുമാനം തുടങ്ങിയ വിവരങ്ങൾ പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ തയാറാക്കുന്ന റിപ്പോർട്ടിലുണ്ടാകും. പണപ്പെരുപ്പം, ധനക്കമ്മി, തൊഴിലില്ലായ്മനിരക്ക് എന്നിവയെക്കുറിച്ചും വിശകലനങ്ങളുണ്ടാകും.
അടുത്ത സാമ്പത്തിക വർഷം സർക്കാരിന്റെ പ്രവർത്തനം, ബജറ്റ് എന്നിവയുടെ ദിശാബോധം എന്താകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടും. എന്നാൽ, സർവേ റിപ്പോർട്ട് അതേപടി കേന്ദ്രം അംഗീകരിക്കണമെന്ന് നിർബന്ധമില്ല. 1950-51ലാണ് ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക സർവേ സംഘടിപ്പിച്ചത്. 1964വരെ ബജറ്റിനൊപ്പമാണ് ഇതും പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്. 1965 മുതലാണ് ബജറ്റവതരണത്തിന് തലേന്ന് സമർപ്പിക്കുന്ന രീതി സ്വീകരിച്ചത്.
ഉറ്റുനോട്ടം ജിഡിപി അനുമാനത്തിലേക്ക്
ഇന്ത്യ നടപ്പുവർഷം (2024-25) 6.4% വളരുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈമാസാദ്യം പുറത്തുവിട്ട ആദ്യ അനുമാനത്തിലുള്ളത്. കഴിഞ്ഞ 4 വർഷത്തെ ഏറ്റവും താഴ്ന്ന വളർച്ചനിരക്കായിരിക്കും അത്. 6.5നും 7 ശതമാനത്തിനും ഇടയിൽ വളരുമെന്നായിരുന്നു കഴിഞ്ഞ സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 2022-23ൽ 7 ശതമാനവും 2023-24ൽ 8.2 ശതമാനവുമായിരുന്നു വളർച്ച. ഇക്കുറി സാമ്പത്തിക സർവേയിൽ അനുമാനം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business