വരുന്നു, യുപിഐ ലൈറ്റില്‍ നിന്നും പണം തിരിച്ചെടുക്കാന്നുള്ള സൗകര്യം

Mail This Article
പിന്‍ അടിക്കാതെ യുപിഐ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നതിനുള്ള യുപിഐ ലൈറ്റ് ആപ്പുകളില്‍ നിന്നും ഇനി മുതല്‍ പണം തിരിച്ചെടുക്കാം. ലൈറ്റ് ആപ്പുകളുടെ വാലറ്റുകളിലേക്ക് പണം മാറ്റിയാല്‍, ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പണം തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം മാര്‍ച്ച് 31 ന് മുമ്പ് നടപ്പാക്കണമെന്ന് എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) പറഞ്ഞിട്ടുണ്ട്.
ട്രാന്‍സ്ഫര്‍ ഔട്ട് ഫീച്ചര്‍
ചെറിയ തുകകളുടെ ഇടപാടുകള്‍ എളുപ്പമാക്കുന്ന യുപിഐ ലൈറ്റില്‍ (UPI Lite) 'ട്രാന്‍സ്ഫര്‍ ഔട്ട്' (Transfer Out) എന്ന പുതിയ ഫീച്ചറാണ് എന്‍പിസിഐ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്നും ഉപഭോക്താക്കള്‍ക്ക്, പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ മാറ്റാന്‍ സാധിക്കും. യുപിഐ ലൈറ്റ് പ്രവര്‍ത്തന രഹിതമാക്കാതെ തന്നെ പണം തിരികെ എടുക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025 ഫെബ്രുവരി 21-ലെ സര്‍ക്കുലര്‍ പ്രകാരം, എല്ലാ ബാങ്കുകളും യുപിഐ ആപ്പുകളും 2025 മാര്‍ച്ച് 31 ന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈറ്റ് ആപ്പിലെ പണം പാഴാവില്ല
ഉപഭോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്ന് പണം നിക്ഷേപിച്ച അതേ ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ ലൈറ്റ് വാലറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ പിന്‍വലിക്കാന്‍ സാധിക്കും. ചെറിയ തുകകളുടെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനും പുതിയ സംവിധാനം സഹായിക്കും. യുപിഐ ലൈറ്റ് വാലറ്റ് നല്‍കുന്ന ബാങ്കുകള്‍ ലൈറ്റ് റഫറന്‍സ് നമ്പര്‍ (LRN) തലത്തില്‍ ബാലന്‍സുകള്‍ ട്രാക്ക് ചെയ്യുകയും എന്‍പിസിഐ ഡാറ്റയുമായി ദിവസവും അപ്‌ഡേറ്റു ചെയ്യുകയും വേണം.
സുരക്ഷ വര്‍ധിപ്പിക്കും
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഐ ലൈറ്റ് വാലറ്റുള്ള യുപിഐ ആപ്പുകള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌കോഡ്, ബയോമെട്രിക് പരിശോധന അല്ലെങ്കില്‍ പാറ്റേണ്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക് എന്നിവയിലൂടെ സ്ഥിരീകരിക്കേണ്ടി വരും. ഇതിന് ആവശ്യമായ മാറ്റങ്ങളെല്ലാം മാര്‍ച്ച് 31 നകം നടപ്പാക്കേണ്ടി വരും. പുതിയ മാറ്റങ്ങള്‍ക്ക് പുറമേ, നിലവിലുള്ള എല്ലാ യുപിഐ ലൈറ്റ് വാലറ്റുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അതേപടി തുടരും.
എന്താണ് യുപിഐ ലൈറ്റ്?
500 രൂപയില്‍ താഴെയുള്ള ചെറിയ തുകകളുടെ പിന്‍ രഹിത ഇടപാടുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു പേയ്മെന്റ് വാലറ്റാണ് യുപിഐ ലൈറ്റ്. വേഗത്തിലുള്ള പേയ്മെന്റുകള്‍ ഉറപ്പാക്കാന്‍ യുപിഐ ആപ്പിനുള്ളില്‍ തന്നെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. യുപിഐ ലൈറ്റിന്റെ വാലറ്റ് പരിധി 2000 രൂപയില്‍ നിന്ന് 5000 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ, ഓരോ ഇടപാടിന്റെയും പരിധി നേരത്തെയുണ്ടായിരുന്ന 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ സംവിധാനം യുപിഐ ലൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.